മേടച്ചൂടിനെ കൊട്ടിത്തോല്‍പ്പിച്ച് ചെമ്പട

#കെ.ആര്‍. ബാബു
തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കുള്ള എഴുന്നളളിപ്പ്
തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കുള്ള എഴുന്നളളിപ്പ്

തൃശ്ശൂര്‍: മേടസൂര്യന്‍ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ പാറമേക്കാവിലമ്മയ്ക്കു മുന്നില്‍ ജനം കാത്തുനിന്നു. പൂരപ്രേമികള്‍ക്കിടയിലേക്ക് മേളക്കാര്‍ നിരന്നു. നെറ്റിപ്പട്ടം കെട്ടി അണിഞ്ഞൊരുങ്ങി ആനകള്‍ നിരന്നു. ചെമ്പടയുടെ താപത്തിലേക്കമരാന്‍ കണ്ണും കാതും കൂര്‍പ്പിച്ചുനില്‍ക്കുന്ന നാട്ടുകാര്‍ക്കിടയിലേക്ക് ഗുരുവായൂര്‍ നന്ദന്റെ മസ്തകത്തിലേറി പാറമേക്കാവിലമ്മയെത്തി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ കലാകാരന്മാരുണര്‍ന്നു. തൃശ്ശൂര്‍ പൂരത്തില്‍ ഏറെ പ്രാധാന്യമുള്ള ചെമ്പടമേളത്തിന്റെ വിസ്തരിച്ച താളത്തില്‍ വെയിലും ചൂടുമെല്ലാം നാട്ടുകാര്‍ മറന്നു.

ഘടകപൂരങ്ങളില്‍ ചൂരക്കോട്ടുകാവിലമ്മയാണ് പാറമേക്കാവ് ക്ഷേത്രത്തിലെത്തുന്നത്. ചൂരക്കോട്ടുകാവിലമ്മയെ കാവലേല്‍പ്പിച്ചാണ് പാറമേക്കാവിലമ്മ പൂരത്തിനിറങ്ങുന്നതെന്നാണ് വിശ്വാസം. ആടയാഭരണങ്ങളണിഞ്ഞ് ദേവിയിറങ്ങിയപ്പോള്‍ ആള്‍ക്കൂട്ടം തൊഴുതുനിന്നു. ഇലഞ്ഞിത്തറയ്ക്കു മുന്നില്‍ പെയ്യുന്ന പാണ്ടിമേളത്തിന്റെ മുന്നോടിയായുള്ള ചെമ്പട മുറുകാന്‍ തുടങ്ങി.

കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം പഴുവില്‍ രഘു, ചേറൂര്‍ രാജപ്പന്‍, പരിയാരത്ത് രാജന്‍, ചൊവ്വല്ലൂര്‍ മോഹനന്‍, കുറുങ്കുഴലില്‍ വെളപ്പായ നന്ദനന്‍, പാഴൂര്‍ ശിവന്‍, കൊമ്പില്‍ മച്ചാട് രാമചന്ദ്രന്‍, മച്ചാട് കാശു, ഇലത്താളത്തില്‍ കുമ്മത്ത് നന്ദനന്‍, തോന്നൂര്‍ക്കര ശിവന്‍, പരയ്ക്കാട് ബാബു തുടങ്ങിയവര്‍ ചെമ്പടയുടെ സിംഫണിയില്‍ അണിനിരന്നപ്പോള്‍ പൂരാസ്വാദകര്‍ക്ക് ലഭിച്ചത് അവിസ്മരണീയമായ മേളാവേശം.

ഉച്ചവെയില്‍ കത്തിനില്‍ക്കേ ചെമ്പടയ്ക്ക് സമാപ്തി. മേളം കഴിഞ്ഞതോടെ ചുറ്റുവട്ടത്തെ മരങ്ങളില്‍നിന്നുള്ള ചെറിയൊരു ഇളംകാറ്റ്. വിയര്‍പ്പില്‍ കുളിച്ചുനില്‍ക്കുന്ന മേളക്കാര്‍ക്കും ആസ്വാദകര്‍ക്കും കുളിര്‍മ. ചെമ്പടയുടെ പെരുമഴയില്‍നിന്ന് പാണ്ടിയുടെ പതികാലത്തേക്കുള്ള തുടക്കം. ഒന്നേമുക്കാലിന് ആളുകളെ മുന്നോട്ടുനയിച്ച് നടപ്പാണ്ടിയുടെ അകമ്പടിയില്‍ പാറമേക്കാവിലമ്മ വടക്കുന്നാഥനിലേക്ക്... ഇലഞ്ഞിത്തറയിലേക്ക്...

Content Highlights: thrissur pooram chembada