കുറുംകുഴലില്‍ വരവറിയിക്കാന്‍ ശ്രീപ്രിയയും ഹൃദ്യയും

ശ്രീപ്രിയ, ഹൃദ്യ
ശ്രീപ്രിയ, ഹൃദ്യ

തൃശ്ശൂര്‍ പൂരത്തിന്റെ ഘടകപൂരങ്ങളിലൊന്നിലെ വാദ്യസംഘത്തില്‍ കുറുംകുഴല്‍വാദ്യമൊരുക്കി പെണ്‍കുട്ടികളും. മുളങ്കുന്നത്തുകാവ് സ്വദേശി ശ്രീപ്രിയയും താണിക്കുടം സ്വദേശി ഹൃദ്യയുമാണ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. ആദ്യമായാണ് ഇവര്‍ മേളത്തിന്റെ കണ്ണിയാകുന്നത്. പനമുക്കുംപിള്ളിപ്പൂരത്തിന് ഇവര്‍ കുഴല്‍ത്താളമൊരുക്കും. വാദ്യരംഗത്തെ മികച്ച പാരമ്പര്യവുമായാണ് വരവ്. ഹൃദ്യയുടെ അച്ഛന്‍ സുധീഷും കുറുംകുഴലുമായി സംഘത്തിലുണ്ട്. നിധിന്‍ മംഗലത്തിന്റെ പ്രമാണ്യത്തിലാണ് ഒരുമിക്കുന്നത്.

കുസാറ്റില്‍ എം.ബി.എ. അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ശ്രീപ്രിയ കുഴല്‍പ്പെരുമയ്ക്കിറങ്ങുന്നത്. ശ്രീപ്രിയയുടെ കലാപാരമ്പര്യത്തില്‍ ചെറുതു മാത്രമാണ് കുഴല്‍വഴി. അഞ്ചാം വയസ്സുമുതല്‍ ചെണ്ടയില്‍ പഠനം തുടങ്ങിയ ശ്രീപ്രിയ മേളത്തിലും തായമ്പകയിലും അരങ്ങേറ്റം നടത്തി. ഇപ്പോള്‍ ഇത് പഠിപ്പിക്കുന്നുമുണ്ട്. വയലിനും ശാസ്ത്രീയസംഗീതവും ശ്രീപ്രിയ പഠിച്ചിട്ടുണ്ട്.

കല്ലാറ്റ് ശിവശങ്കരന്റെയും ശ്രീകല മണക്കുളത്തിന്റെയും മകളാണ് ശ്രീപ്രിയ. മുത്തച്ഛന്‍ കല്ലാറ്റ് ബാലകൃഷ്ണക്കുറുപ്പ് പാറമേക്കാവ് കോമരമായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണയ്ക്ക് കല്ലാറ്റ് ബാലകൃഷ്ണക്കുറുപ്പ് സ്മാരക വാദ്യസംഗീത പഠനകേന്ദ്രം സ്ഥാപിച്ചു. ഇവിടെ കുട്ടികളെ പഠിപ്പിക്കാനാണ് കുഴല്‍ പഠിച്ചത്. ഒരു വര്‍ഷമായി കുഴല്‍ പഠിക്കുന്നുണ്ട്. മറ്റു പല പൂരങ്ങളുടെയും വാദ്യസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും തൃശ്ശൂര്‍ പൂരത്തിന് ഇതാദ്യമായാണ്.

താണിക്കുടം കുറിച്ചിക്കര കോഴിപ്പറമ്പില്‍ കെ.എസ്. സുധീഷിന്റെയും സിന്ധുവിന്റെയും മകളാണ് ഹൃദ്യ. മൂന്നുവര്‍ഷമായി കുഴല്‍ പരിശീലിക്കുന്നുണ്ട്. ഗിത്താറും ശാസ്ത്രീയസംഗീതവും അഭ്യസിച്ചിരുന്നു. സെയ്ന്റ് തോമസ് കോളേജില്‍ പി.ജി. പൂര്‍ത്തിയാക്കിയശേഷം എം.ബി.എ. പഠനത്തിലാണ് ഇവര്‍.


 

Content Highlights: sreepriya and hridhya in pooram vadhyasangam