"ആകാശമേലാപ്പിലെ വെടിക്കെട്ടില്‍ എത്ര വമ്പന്‍മാരും ചെവി പൊത്തുമെന്ന് എനിക്കന്ന് മനസ്സിലായി"

''വടക്കുന്നാഥനു ചുറ്റും ലോകോത്സവ മായാജാലമൊരുക്കുന്ന വിസ്മയത്തിന്റെ പേരുകൂടിയാണ് തൃശ്ശൂര്‍ പൂരം. ആളും ആനയും ആരവവും, കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്, കാതിനിമ്പം തരുന്ന വാദ്യവിസ്മയം, മനോഹരമായ വര്‍ണങ്ങളാല്‍ തങ്കനൂലിഴതീര്‍ത്ത കുടമാറ്റവും ആനച്ചമയങ്ങളും. ശക്തന്റെ തട്ടകത്തിലെ വിസ്മയങ്ങള്‍ ഒരു ചെപ്പിലിട്ടുതന്നിരിക്കുകയാണ്.'' പറഞ്ഞാലും കേട്ടാലും കണ്ടാലും മതിവരാത്ത പൂരവിസ്മയത്തെക്കുറിച്ച് എ.ബി.എന്‍.കോര്‍പറേഷന്‍ ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ജെ.കെ. മേനോന്‍ പറയുന്ന ആമുഖമിതാണ്.
''തലയെടുപ്പോടെ നില്‍ക്കുന്ന വടക്കുന്നാഥന്‍ എല്ലാറ്റിനും സാക്ഷിയാണിവിടെ. പൂരം പിറന്നാല്‍ വടക്കുന്നാഥനു ചുറ്റും പൂരക്കാഴ്ചകളുടെ വസന്തകാലമാണ്. വടക്കുന്നാഥനു ചുറ്റും എന്നും ആള്‍ക്കൂട്ടങ്ങളുണ്ടാകാറുണ്ട്. എത്രയെത്ര മനുഷ്യരാണ് തേക്കിന്‍കാട്ടിലെ വൃക്ഷച്ചുവടുകള്‍ക്കു കീഴെ ദിവസവും വിശ്രമിച്ച് മടങ്ങിപ്പോകുന്നത്. ആലിന്‍ചുവട്ടിലിരിക്കുന്ന ബുദ്ധനെപ്പോലെ നിരവധി മനുഷ്യരെ നമുക്കവിടെ കാണാനാകും. ഈ കാഴ്ചകള്‍ക്കൊപ്പമാണ് പൂരക്കാലം കടന്നെത്തുന്നത്. നാമം ജപിക്കുന്ന ആലിലകള്‍ താളമേളവാദ്യത്തിന് താളംപിടിക്കും. പൂരപ്രേമികളുടെ ആരവങ്ങള്‍ക്കനുസരിച്ച് ആവേശത്തില്‍ ആടിത്തിമര്‍ക്കും. മനുഷ്യനും വൃക്ഷലതാദികളും അങ്ങനെ വടക്കുന്നാഥനു ചുറ്റുമുള്ള മുഴുവന്‍ പ്രപഞ്ചവും പൂരത്തില്‍ ആവേശം തീര്‍ക്കും. ഒടുവില്‍ ഉപചാരംചൊല്ലി പിരിയുന്നതോടെ അലിഞ്ഞലിഞ്ഞ്, ഒഴുകിയൊഴുകി പോയ്മറയും, വീണ്ടും അടുത്ത പൂരക്കാലത്ത് കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ.''
''പൂരം കൊടിയേറുന്ന നാള്‍മുതല്‍ ഞാനുള്‍പ്പെടെയുള്ള തൃശ്ശൂരുകാര്‍ക്ക് തിരക്കാണ്. പൂരത്തിന് അതിഥികളെ സത്കരിക്കാനുള്ള തിരക്ക്, പൂരം കാണാനുള്ള ഒരുക്കം. എത്ര ടെന്‍ഷനുണ്ടെങ്കിലും പൂരത്തിരക്കില്‍ അതെല്ലാം അലിഞ്ഞില്ലാതാകും. 200 വര്‍ഷത്തിലധികം പഴക്കമുള്ള പൂരത്തിന്റെ ചരിത്രം തൃശ്ശൂര്‍ക്കാര്‍ക്ക് മനഃപാഠമാണ്. പാട്ടുരായ്ക്കലിലെ എന്റെ തറവാടും അച്ഛന്‍ പറഞ്ഞുതന്ന പൂരക്കഥകളുമാണ് തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് ലോകത്തോടു പറയാന്‍ എന്നെ പ്രാപ്തനാക്കിയത്. എത്ര സന്തോഷിക്കുമ്പോഴും മനുഷ്യര്‍ തമ്മില്‍ പരസ്പരം സ്നേഹിക്കാനും, ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ലോകത്തിനു മാതൃകയാകുന്ന വിധത്തില്‍, പ്രശസ്തിയേറുന്ന വിധത്തില്‍ മുന്നേറാനുമാകുമെന്ന സന്ദേശംകൂടിയുണ്ട് തൃശ്ശൂര്‍ പൂരത്തിന്.''
''അദ്ഭുതങ്ങളൊളിപ്പിച്ച പൂരത്തില്‍ എന്താണിഷ്ടമെന്ന് ചോദിച്ചാല്‍ ഒരുത്തരമുണ്ടാകില്ല. എത്ര മനോഹരമാണിവിടത്തെ ഓരോ ചടങ്ങുകളുമെന്നത് അത്രമേല്‍ പ്രധാനമാണ്. തിരുവമ്പാടിയില്‍നിന്ന് ഭഗവതി നടുവില്‍മഠത്തിലേക്ക് പുറപ്പെടുന്ന കാഴ്ചപോലും മനോഹരമാണ്. മഠത്തിലെ ഇറക്കിപ്പൂജയില്‍ വേദമന്ത്രങ്ങളുണരുമ്പോള്‍ പ്രകൃതിപോലും ആത്മീയമായ മനഃശാന്തി സൃഷ്ടിക്കും. മഠത്തില്‍നിന്നുള്ള വരവിന്റെ പഞ്ചവാദ്യത്തില്‍ ഇടയ്ക്കയുടെ നാദം കാതിനിമ്പം നല്‍കും. പഞ്ചവാദ്യത്തിലെ ശാസ്ത്രീയവഴികളിലൂടെ സംഗീതത്തിന്റെ മറ്റൊരു ലോകം സൃഷ്ടിക്കുന്നതുകാണാം. ഇപ്പുറത്ത് വടക്കുന്നാഥനുള്ളില്‍ ഇലഞ്ഞിമരച്ചുവട്ടില്‍ മേടത്തിലെ ചൂടിനെ വകഞ്ഞുമാറ്റി ആയിരങ്ങള്‍ പാണ്ടിമേളത്തിന് താളംപിടിക്കുന്നത് കാണാന്‍തന്നെ വല്ലാത്തൊരു ചന്തമാണ്. ഇരുനൂറിലേറെ കലാകാരന്മാര്‍ കുറുംകുഴലിന്റെ സ്വരസാഗരത്തിനൊപ്പം പാണ്ടികൊട്ടി ആവേശം തീര്‍ക്കുന്നു.
ആയിരം സാഗരങ്ങള്‍ സംഗമിക്കാനെത്തുന്ന ഭൂമികയാണ് വടക്കുന്നാഥന്‍. വടക്കുന്നാഥന്റെ തിരുനടയില്‍ ചെറുപൂരങ്ങളില്‍ തുടങ്ങുന്ന മനുഷ്യസാഗരത്തിന്റെ തിരമാല അലയടിച്ചുകൊണ്ടേയിരിക്കുന്നത് കാണാം. തെക്കോട്ടിറക്കവും കുടമാറ്റവും കഴിഞ്ഞാലും വടക്കുന്നാഥനു ചുറ്റും ആയിരക്കണക്കിന് മനുഷ്യരുണ്ടാകും, വെടിക്കെട്ടിന്റെ വര്‍ണക്കാഴ്ചകളാസ്വദിക്കാന്‍. അത് തീര്‍ന്നാല്‍ അടുത്ത സാഗരം വടക്കുന്നാഥനിലേക്ക് ഒഴുകിയെത്തും- ചെറുപൂരങ്ങളുടെ തനിയാവര്‍ത്തനം, ഉപചാരം ചൊല്ലലിന് മുന്‍പുള്ള പകല്‍പ്പൂരം. ഒടുവില്‍ വടക്കുന്നാഥനെ സാക്ഷിയാക്കി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ ഉപചാരംചൊല്ലല്‍, പകല്‍ വെടിക്കെട്ട്. കാഴ്ചകളുടെ പൂരപ്പറമ്പിലേക്ക് സാഗരം കണക്കെ ഒഴുകിയെത്തുന്ന മനുഷ്യര്‍. എല്ലാവരെയും സ്വീകരിക്കുന്ന വടക്കുന്നാഥന്‍. വടക്കുന്നാഥനെപ്പോലെ എല്ലാവരെയും സ്വീകരിക്കാനും എല്ലാവര്‍ക്കും സന്തോഷം നല്‍കാനും കഴിയുന്ന പൂരമോര്‍മകളില്‍ ഞാനും നിങ്ങളൊടൊപ്പം പങ്കുചേരുന്നു.''
അച്ഛന്റെ കൈപടിച്ച്...
അച്ഛന്റെ ( പദ്മശ്രീ അഡ്വേക്കറ്റ് സി. കെ. മേനോന്‍) കൈയും പിടിച്ച് അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യം പൂരക്കാഴ്ചകള്‍ കാണുന്നത്. വീടിനോടും കുടുംബത്തോടുമുള്ള സ്നേഹം പോലെയാണ് അച്ഛന് തൃശ്ശൂരിനോടും തൃശ്ശൂര്‍പൂരത്തോടും. അതുകൊണ്ടുതന്നെ പൂരമാകുന്നതിനുമുന്‍പേഒരുക്കങ്ങള്‍ പാട്ടുരായ്ക്കലിലെ വീട്ടില്‍ തുടങ്ങും. പൂരത്തിന്റെ പല കാര്യങ്ങളിലും ഉപദേശങ്ങള്‍ ചോദിച്ചും പലവിധ ആവശ്യങ്ങള്‍ക്കായും പൂരക്കമ്മിറ്റിയിലെ ചുമതലപ്പെട്ടവര്‍ വീട്ടിലെത്തുക പതിവാണ്. അതുകൊണ്ടുതന്നെ പൂരക്കഥകളും ഒരുക്കങ്ങളും വീട്ടിലിരുന്നേ ഞങ്ങള്‍ അറിയാറുണ്ട്. പാട്ടുരായ്ക്കലിലെ വീട്ടില്‍നിന്ന് ആദ്യം തിരുവമ്പാടിയിലേക്കുള്ള യാത്രതന്നെ അത്രമേല്‍ കൗതുകമുള്ളതാണ്. തിരുവമ്പാടി ഭഗവതിയുടെ കോലവുമേന്തി നില്‍ക്കുന്ന ആനയെ കാണാന്‍തന്നെ വല്ലാത്തൊരു ചന്തമാണ്. ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ആനയെ വലിയ ഇഷ്ടമാക്കി മാറ്റിയതും തൃശ്ശൂര്‍ പൂരം തന്നെയാണ്. കുളിച്ച് കുറിതൊട്ട കൊമ്പന്മാരെ നെറ്റിപ്പട്ടവും വെണ്‍ചാമരവും ആലവട്ടവും കുടയുമൊക്കെ ചേര്‍ത്തുവെച്ചുകാണുമ്പോള്‍ത്തന്നെ വല്ലാത്തൊരു അഴകാണ്. ലക്ഷണമൊത്ത ഗജവീരന്‍മാരെ കാണാനും പറയൊരുക്കി സ്വീകരിക്കാനും എല്ലാ വഴികളിലും തിരക്കാണ്. പൂരത്തിനൊടും ആനകളോടുമുള്ള ഇഷ്ടം കൂടിയപ്പോള്‍ ഒരു കുട്ടിയാനയെ അച്ഛന്‍ വാങ്ങിയിരുന്നു. നീലകണ്ഠനെന്ന ലക്ഷണമൊത്ത കുട്ടിക്കൊമ്പന്‍ വീട്ടിലെത്തുന്നത് ഞാന്‍ ഒന്‍പതാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട നീലകണ്ഠനെ പൂരമെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നുണ്ട്.
അമ്മയോടൊപ്പം...
ഉപചാരം ചൊല്ലല്‍ ചടങ്ങും ക്ഷേത്രത്തിനകത്തെ കതിനവെടികളുടെ മുഴക്കവും കാലമിത്ര പിന്നിടുമ്പോഴും ഇപ്പോഴും മനസ്സിലുണ്ട്. പൂരത്തില്‍ അദ്ഭുതത്തോടെ, തികഞ്ഞ ധൈര്യത്തോടെ കാണാന്‍ മത്സരിച്ചിട്ടുള്ളത് വെടിക്കെട്ട് കാണാനും കേള്‍ക്കാനുമാണ്. ആകാശത്ത് തീഗോളങ്ങള്‍ വര്‍ണങ്ങളില്‍ ആറാടുന്നത് വല്ലാത്തൊരനുഭൂതിയാണ്. വെടിക്കെട്ടിന്റെ ശബ്ദം എട്ടുദിക്കിനെയും പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ചെവിപൊത്താന്‍ തോന്നാറുണ്ട്.
പക്ഷേ, ധൈര്യത്തോടെ ഇരിക്കുന്നവനാണ്, പേടിയില്ലെന്നൊക്കെ പ്രഖ്യാപിച്ച് വെടിക്കെട്ട് കാണാന്‍ അമ്മയോടൊപ്പം പോയത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും. വെടിക്കെട്ടില്‍ അടുത്ത് നിന്നിരുന്ന പലരും ചെവി പൊത്തി ആകാശത്തെ വര്‍ണക്കാഴചകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഏറ്റവും ഒടുവിലെ കൂട്ടപ്പൊരിച്ചിലില്‍ വെടിക്കെട്ട് അത്രമേല്‍ തീവ്രമായപ്പോള്‍ അതുവരെ ചെവിപൊത്താതിരുന്ന ഞാന്‍ അമ്മയുടെ കൈ പിടിച്ച് എന്റെ ചെവി പൊത്തിപോയി. തൃശ്ശൂരിന്റെ ആകാശമേലാപ്പിലെ വെടിക്കെട്ടില്‍ എത്ര വമ്പന്‍മാരും ചെവി പൊത്തുമെന്ന് എനിക്കന്ന് മനസ്സിലായി. ലോകത്തെ ഏറ്റവും വലിയ ഈവന്റ്, കലാപരിപാടി ഏതാണെന്ന് ചോദിച്ചാല്‍ എനിക്കുള്ള മറുപടി നമ്മുടെ തൃശ്ശൂര്‍ പൂരമാണെന്നതാണ്. കാരണം നിരവധി രാജ്യങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്, നിരവധി ആഘോഷങ്ങള്‍, കലാപരിപാടികള്‍ കണ്ടിട്ടുണ്ട്. പക്ഷേ, തൃശ്ശൂര്‍ പൂരം പോലെ അതിശയിപ്പിച്ച, അദ്ഭുതപ്പെടുത്തിയ ആഘോഷം, ചടങ്ങ്, ഓര്‍ക്കസ്ട്രേഷന്‍ മറ്റെവിടെയും കാണാന്‍ സാധിച്ചിട്ടില്ല. മനസ്സിനെ സന്തോഷിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ആഘോഷംകൂടിയാണ് തൃശ്ശൂര്‍ പൂരം.
Content Highlights: pooram experiences by jk menon