തൃശ്ശൂരിന് മുഖവുര ആവശ്യമില്ലാത്ത മൊണാലിസ ജനാര്ദനന്

മൊണാലിസ എന്നാല്‍ തൃശ്ശൂര്‍ നഗരം ഓര്‍ക്കുന്നത് ഗൂഢസ്മിതമോ ലിയനാര്‍ഡോ ഡാവിഞ്ചിയെയോ ഒന്നുമല്ല. മറിച്ച് ഇപ്പോഴും നഗരത്തിലെ പൊതുപരിപാടികള്‍ക്ക് മോഡേണ്‍ ഡിജിറ്റല്‍ ക്യാമറയുമായെത്തുന്ന എഴുപതുകാരനെയാണ്. മൊണാലിസ ജനാര്‍ദനന്‍ എന്നു പറഞ്ഞാല്‍ തൃശ്ശൂരിന് മുഖവുരയുടെ ആവശ്യമില്ല. ഫോട്ടോഗ്രഫി വലിയ ചെലവേറിയ ഹോബിയായിരുന്ന കാലത്ത് സമ്മാനമായി കിട്ടിയ ക്യാമറയില്‍ പൂരദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ഒരു പതിനാറുകാരനുണ്ടായിരുന്നു. തൃശ്ശൂര്‍ നഗരത്തിന് സുപരിചിതനായിരുന്നു, ജനാര്‍ദനന്‍ എന്ന കൊച്ചുപയ്യന്‍.
1968-ല്‍ ആണ് ജനാര്‍ദനന്‍ ആദ്യമായി തൃശ്ശൂര്‍ പൂരം ക്യാമറയില്‍ പകര്‍ത്തിയത്. പിന്നെപ്പിന്നെ കൊടിയേറ്റം മുതല്‍ വെടിക്കെട്ടുവരെയുള്ള പൂരത്തിന്റെ ചടങ്ങുകളുടെ ചിത്രമെടുക്കുകയും പത്രങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. അക്കാലത്ത് പ്രധാന ദിനപത്രങ്ങളിലെല്ലാം താനെടുത്ത ചിത്രങ്ങള്‍ നിറഞ്ഞുനിന്നിരുന്നുവെന്ന് ജനാര്‍ദനന്‍ ഓര്‍ക്കുന്നു. 1978 മുതല്‍ തൃശ്ശൂര്‍ കുറുപ്പം റോഡില്‍ മൊണാലിസ സ്റ്റുഡിയോയുണ്ട്. ഒപ്പം ജനാര്‍ദനനും. അതിനെക്കാള്‍ എത്രയോമുന്‍പേ ജനാര്‍ദനന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇവിടത്തുകാര്‍ക്ക് സുപരിചിതമായിരുന്നു.
1960-ല്‍ ആണ് ജനാര്‍ദനന്‍ ഫോട്ടോഗ്രഫി ആരംഭിക്കുന്നത്. ഹിന്ദുസ്ഥാന്‍ ലിവര്‍, ലിപ്ടന്‍ കമ്പനിയില്‍ സെയില്‍സ് മാനേജരായിരുന്ന സഹോദരനാണ് ജനാര്‍ദനന് ഒരു ക്യാമറ സമ്മാനിച്ചത്. മാഗസിനുകളില്‍ വരുന്ന ചിത്രങ്ങള്‍ വെട്ടിയെടുത്ത് ആല്‍ബമുണ്ടാക്കിയിരുന്ന ജനാര്‍ദനന്റെ താത്പര്യം മനസ്സിലാക്കിയാണ് കൊല്‍ക്കത്തയില്‍ ജോലിചെയ്തിരുന്ന സഹോദരന്‍ ക്യാമറ നല്‍കിയത്.
1968-ല്‍ 12 ഫിലിമുള്ള യാഷിക-120 ക്യാമറയിലാണ് തൃശ്ശൂര്‍ പൂരം പകര്‍ത്തിയത്. തെക്കോട്ടിറക്കമായിരുന്നു അന്ന് ജനാര്‍ദനന്‍ ക്യാമറയിലാക്കിയത്. പുത്തന്‍പള്ളിക്ക് സമീപത്തെ ഭാരത് സ്റ്റുഡിയോയില്‍നിന്ന് കാലാവധി കഴിഞ്ഞ ഫിലിം കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്നു. അക്കാലത്ത് പടത്തിന്റെ പ്രിന്റെടുക്കാന്‍ ഒന്നിന് 50 പൈസ വേണം. ഫോട്ടോ എടുത്താലും പ്രിന്റിനുള്ള തുകയാകുന്നതുവരെ കാത്തിരിക്കണം -ജനാര്‍ദനന്‍ പറഞ്ഞു. 1975-ല്‍ മാരാര്‍ റോഡില്‍ എലൈറ്റ് സ്റ്റുഡിയോ തുടങ്ങി. പിന്നെയും മൂന്നുവര്‍ഷത്തിനുശേഷമാണ് കുറുപ്പം റോഡില്‍ മൊണാലിസ തുടങ്ങുന്നത്.
രാത്രിയില്‍ ചിത്രങ്ങളെടുക്കുന്നത് ചിന്തിക്കാന്‍ കഴിയാത്ത കാലത്തായിരുന്നു 1979-ലെ വെടിക്കെട്ടപകടം. സി.എം.എസ്. സ്‌കൂളില്‍ വെടിക്കെട്ട് കണ്ടുനിന്നവരാണ് അന്ന് അപകടത്തിനിരയായത്. കത്തിയമര്‍ന്ന വെടിക്കെട്ടുപുരയും ചിതറിയ ചോരപ്പാടുകളുമെല്ലാമായി ജനാര്‍ദനന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പിറ്റേന്ന് പ്രധാന പത്രങ്ങളിലെല്ലാം വന്നത്. പിന്നീട് പൂരത്തിനിടെ ആന ഇടഞ്ഞോടിയതുള്‍പ്പെടെ എണ്‍പതുകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ജനാര്‍ദനന്റേതായിരുന്നു. കേരളവര്‍മ കോളേജില്‍ ബി.എ. യ്ക്ക് പഠിക്കുന്ന സമയത്ത് ജനാര്‍ദനന്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫിയില്‍ അഖിലേന്ത്യാമത്സരത്തില്‍ സമ്മാനം നേടിയിരുന്നു.
മുംബൈയില്‍നിന്നിറങ്ങിയിരുന്ന ബ്ലിറ്റ്‌സ് മാഗസിനില്‍ ചിത്രങ്ങള്‍ വരുന്നതും അക്കാലത്ത് വലിയ അംഗീകാരമായിരുന്നു. കോളേജിലെ എന്‍.എസ്.എസ്. ക്യാമ്പിലെ ശ്രമദാനത്തിന്റെ ജനാര്‍ദനന്‍ എടുത്ത പടം ബ്ലിറ്റ്‌സ് മാഗസിന്റെ കവര്‍ച്ചിത്രമായാണ് വന്നത്. മാതൃഭൂമി നല്‍കിയിരുന്ന കാര്‍ഷിക ഫോട്ടോഗ്രഫിക്കുള്ള സമ്മാനവും ജനാര്‍ദനനെത്തേടിയെത്തിയിട്ടുണ്ട്.
അക്കാലത്ത് അഗ്ഫ കമ്പനിയുടെ ക്ലിക്ക് ത്രീ എന്ന ക്യാമറ സ്വന്തമായുണ്ടായിരുന്നു. ആര്‍ക്കും എളുപ്പം കൈകാര്യം ചെയ്യാമെന്നതായിരുന്നു ക്ലിക്ക് ത്രീയുടെ സവിശേഷത. കോടാലി സ്വദേശിയായ ജനാര്‍ദനന് പാലപ്പിള്ളി, ചിമ്മിനി, ചൊക്കന തുടങ്ങിയ സമീപപ്രദേശങ്ങളുടെ മനോഹാരിത പകര്‍ത്തുന്നത് പ്രധാന വിനോദമായിരുന്നു.
അരനൂറ്റാണ്ട് പിന്നിട്ട ഫോട്ടോഗ്രാഫറായുള്ള ജീവിതത്തില്‍ മറക്കാനാകാത്തതും ദുഃഖകരവുമായ അനുഭവം സ്വന്തം സഹോദരന്റെ അപകടമരണമായിരുന്നു. 1983-ലെ പൂരദിവസമായിരുന്നു സംഭവം. വൈകീട്ട് ഏഴരയോടെ കുടമാറ്റത്തിന്റെ ചിത്രങ്ങളെടുത്ത് പത്രങ്ങള്‍ക്ക് കൊടുത്തശേഷം, തൊട്ടടുത്ത പബ്ലിക് ഫോണിലേക്ക് ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്റെ വിളിയെത്തി. കേരളവര്‍മ കോളേജിന് സമീപം ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു, മരിച്ചയാള്‍ ജനാര്‍ദനന്റെ സഹോദരന്‍ അഭിഭാഷകനായ വി.കെ. രാമചന്ദ്രനാണെന്ന് സംശയം. മൃതദേഹം തിരിച്ചറിയാനാണ് വിളിച്ചത്.
ഫോട്ടോഷോപ്പിന്റെയും ഡിജിറ്റല്‍ ക്യാമറയുടെയും വരവോടെ ഫോട്ടോഗ്രഫി എന്ന കലയുടെ സ്വഭാവംതന്നെ മാറി. മൊബൈല്‍ ഫോട്ടോഗ്രഫി തുടങ്ങിയതോടെ എല്ലാവരും ഫോട്ടോഗ്രാഫര്‍മാരായി. മൂന്നോ നാലോ ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമാണ് അന്ന് തൃശ്ശൂരിലുണ്ടായിരുന്നത്. അക്കാലത്ത് ഫോട്ടോ എടുത്താല്‍ പ്രിന്റ് കിട്ടുന്നതുവരെ ഫോട്ടോഗ്രാഫര്‍ക്ക് നെഞ്ചിടിപ്പാണ്. എടുത്ത പടം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാനാകില്ല. കളര്‍ ടോണ്‍, വെളിച്ചം, കോണ്‍ട്രാസ്റ്റ് ഒന്നും മാറ്റാനാകില്ല, പ്രിന്റ് കൈയില്‍ കിട്ടിയാല്‍ മാത്രമേ സമാധാനമാകൂ.
രാത്രിയില്‍ പടമെടുക്കുന്നത് അസാധ്യമായിരുന്ന കാലം. രാത്രി വെടിക്കെട്ട് മാത്രമാണ് ഫോട്ടോ എടുത്തിരുന്നത്. രാത്രിയിലെ പൂരച്ചിത്രമെടുക്കാന്‍ തുടങ്ങിയത് ഏറെക്കാലത്തിനുശേഷമാണ്. ഇപ്പോള്‍ രാപകല്‍ഭേദമില്ലാതെ ആര്‍ക്കും പടമെടുക്കാനും സോഷ്യല്‍ മീഡിയ വഴി ലോകം മുഴുവനും എത്തിക്കാനും സാധിക്കുന്നുണ്ട്. പെരിങ്ങാവിലെ വീട്ടില്‍ 25 വര്‍ഷമായി കുടുംബത്തോടൊപ്പം കഴിയുകയാണ് ജനാര്‍ദനന്‍. ഭാര്യ: വൈജയന്തി. ക്യാമറയോടും ഫോട്ടോഗ്രഫിയോടുമുള്ള ഇഷ്ടംമൂലം മക്കള്‍ക്കിട്ട പേരുകളും വ്യത്യസ്തമായിരുന്നു. മകള്‍: യാഷിക. മകന് ആദ്യമിട്ട പേര് കാനന്‍ എന്നായിരുന്നു. പിന്നീട് ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ കണ്ണന്‍ എന്നാക്കി.
Content Highlights: photographer janardhanan in thrissur