ഭഗവതിമാര്‍ ഉപചാരംചൊല്ലിപ്പിരിഞ്ഞു; അടുത്ത പൂരം മേയ് ആറിന്

തൃശ്ശൂര്‍: തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ തൃശ്ശൂര്‍ പൂരം പൂര്‍ണമായി. അടുത്ത പൂരം മേയ് ആറിന് എന്ന വിളംബരവുമുണ്ടായി. പകല്‍പ്പൂരത്തിന് കിഴക്കൂട്ട് അനിയന്‍ മാരാരുടെയും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും മേളം ഇരുവശത്തുനിന്നും അലയടിച്ചെത്തി. കുടമാറ്റവും നടന്നു. 12.45-ഓടെയാണ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിയത്.
9.10-ന് മണികണ്ഠനാലില്‍ പാറമേക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി ഇറങ്ങി. കിഴക്കൂട്ടിന്റെ നേതൃത്വത്തില്‍ മേളവും തുടങ്ങി. 9.15-ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തേറിയെത്തിയ തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍നിന്ന് പ്രയാണം ആരംഭിച്ചു. മേളവും തുടങ്ങി. പത്തരയോടെ പാറമേക്കാവ് ശ്രീമൂലസ്ഥാനത്തിനടുത്തുള്ള പന്തലിലെത്തി. 11.10-ന് തിരുവമ്പാടിയും. ഇരുവശത്തെയും പന്തലില്‍നിന്ന് പാണ്ടിമേളങ്ങള്‍ ശ്രീമൂലസ്ഥാനത്തേക്ക് അലയടിച്ചു. ഇത് 50 മിനിറ്റോളം നീണ്ടു.
12-ന് പാറമേക്കാവിന്റെ മേളം കലാശിച്ചു. 12.15-ന് തിരുവമ്പാടിയുടെ മേളവും അവസാനിച്ചു. തുടര്‍ന്ന് 12.45-നായിരുന്നു ഉപചാരം. വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തിന് ഇരുവശവും നിന്നുകൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി. പ്രതീകാത്മകമായി മൂന്നുതവണ തുമ്പിക്കൈ ഉയര്‍ത്തി. ആരവങ്ങള്‍ക്കിടെ പൂരം പൂര്‍ണമായി.
Content Highlights: next pooram to be conducted in may 6