ഞെരിഞ്ഞമര്‍ന്നൊരു 'ക്ലിക്ക്' ; പൂരക്കാഴ്ചകള്‍ പകര്‍ത്തുന്നതും അനുഭവമാണ്

പൂരമെന്നാല്‍ ആള്‍ക്കടലാണ്. ആള്‍ക്കൂട്ടമില്ലാതെന്ത് 'പൂര ഫോട്ടോ'. അതിനാല്‍ പരമാവധി ആള് പെടണം. ഒപ്പം ആനയും മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരവും ഒക്കെ വിരിഞ്ഞിറങ്ങണം. അതാണ് ഒരു പൂരച്ചിത്രം. 'അതാണ് ഓരോ ഫോട്ടോഗ്രാഫറുടെയും പ്രതീക്ഷ. ഓരോ ചിത്രത്തിനും ഇതൊക്കെ ഒറ്റ ഫ്രെയിമിലാക്കാന്‍ ഹൈ ആംഗിള്‍ വേണം. ഉയര്‍ന്ന ഏതെങ്കിലും സ്ഥലം. തൃശ്ശൂര്‍ പൂരത്തിന്റെ തേക്കിന്‍കാട്ടില്‍ ചുറ്റും തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മരങ്ങളായതിനാല്‍ മറ ഇല്ലാതെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മൂന്ന് ആംഗിളുകള്‍ മാത്രമേ റിസ്‌കില്ലാതുള്ളു. അതിലൊന്നാണ് തെക്കേഗോപുരനടയിലെ ഗോപുരം. മികച്ച ഒരു ചിത്രം കിട്ടാന്‍ നാലു മണിക്കൂറോളം നീളുന്ന കാത്തിരിപ്പും കാത്തുനില്‍പ്പും കാത്തു കിടപ്പും.
ആള്‍ക്കടലായി മാറുന്ന പൂരപ്പറമ്പിലൂടെയുള്ള പൂര ദിവസത്തെ യാത്ര ഒട്ടും എളുപ്പമല്ല. അതു കൊണ്ട് അന്നേ ദിവസത്തെ ജോലിഭാരം കുറയ്ക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ചില അനുഷ്ഠാനങ്ങളുണ്ട്. ആചാരമല്ലെങ്കിലും 'അതില്‍ പ്രധാനമാണ് ഗോപുരത്തില്‍ കയറുന്ന ഫോട്ടോഗ്രാഫര്‍ തന്നെ ഇലഞ്ഞിത്തറമേളം എടുക്കുക എന്നതും. അതിനായി 12 മണിക്കേ ഇലഞ്ഞിത്തറയിലെത്തും. കയറി നില്‍ക്കും. ഒരു മണി ഒന്നരയാകും മേളം തുടങ്ങാന്‍. ആദ്യ മുറുക്കലിനു ശേഷം കുഴല്‍ മുഴങ്ങിത്തുടങ്ങിയാല്‍ ഒറ്റ ഓട്ടമാണ് ഗോപുരത്തിലേക്ക്.
ഗോപുരത്തിന്റെ അധികാരം പുരാവസ്തു വകുപ്പിന് കൂടിയാണ്. അവരുടെ പ്രത്യേക അനുമതിയും കൂടാതെ ക്ഷേത്രാധികാരികളുടെ അനുമതിയും പാസും ഒക്കെ അവശ്യമാണ്. തലേ ദിവസമേ തന്നെ ഇതൊക്കെ ഉറപ്പിച്ചിട്ടുണ്ടായിരിക്കുമെങ്കിലും ആ സമയത്ത് അവരെ കാണില്ല. ഫോണില്‍ വിളിച്ചാല്‍ കിട്ടുകയുമില്ല. പിന്നെ ഞങ്ങള്‍ പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുമുണ്ടാവുമല്ലോ. നാനാ വഴി തിരഞ്ഞുനടന്ന് തട്ടിക്കൂട്ടിക്കൊണ്ടു നടന്ന് കതക് തുറപ്പിച്ചാല്‍ പിന്നെ ഒറ്റ ഓട്ടമാണ്. നഴ്‌സറി സ്‌കൂളില്‍ സീറ്റ് പിടിക്കാനോടുന്ന കുട്ടികളെപ്പോലെ 'ആദ്യമെത്തുന്നവന്‍ മധ്യഭാഗത്തെ മരപ്പഴുതില്‍ ഇടം പിടിക്കും. ശേഷം വരുന്നവര്‍ ബാക്കിയുള്ളതും ആംഗിള്‍ റിസ്‌കില്ലെങ്കിലും പടമെടുപ്പ് റിസ്‌കാണ്. ലെന്‍സിന്റെ വായ വട്ടം മാത്രം കടക്കുന്ന പലകകള്‍ക്കിടയിലൂടെ പട്ടാളക്കാര്‍ യുദ്ധഭൂമിയില്‍ കിടക്കുന്നതു പോലെ നിരന്നു കിടന്നു വേണം ആ ചിത്രമെടുക്കാന്‍.
രണ്ട് മണിക്കെങ്കിലും ആദ്യപന്തിയില്‍ കടന്നുകൂടിയാലെ ആദ്യം തന്നെ വെളിച്ചം മങ്ങും മുന്‍പേയുള്ള ചിത്രങ്ങള്‍ എടുക്കാം. ആ കാത്തിരിപ്പ് ഒരു ജാതി കാത്തിരിപ്പാണിഷ് ട്ടോ. പൊടിയും മാറാലയും നിറഞ്ഞതൊക്കെ തുടച്ചും പേപ്പര്‍ വിരിച്ചും ഇലഞ്ഞിത്തറമേളം കഴിഞ്ഞ് വടക്കുന്നാഥനെ വലം വെച്ച് പാറമേക്കാവിലമ്മ, തെക്കേ ഗോപുരനടവഴി തെക്കോട്ടിറങ്ങുമ്പോ ആരവമുയരും. അപ്പോ ഞങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ ബങ്കറില്‍ കിടക്കുന്ന പട്ടാളക്കാരെപ്പോലെ ഒറ്റ കിടപ്പാണ്. കൈകളില്‍ തോക്കല്ലന്നതു മാത്രം. രാജാവിനെ വലംവെച്ച് പാറമേക്കാവ് വരുന്നതോടെ തിരുവമ്പാടിയുമിറങ്ങിത്തുടങ്ങും. ആരവം ഉച്ചസ്ഥായിയിലാവും. അതോടെ ക്യാമറ ഷട്ടറുകള്‍ തുരുതുരാ തുറന്നടയും. ക്യാമറ മുഴക്കം മാത്രമാവും. ഇരു വിഭാഗവും മൂന്ന് നാല് സെറ്റ് കുടകള്‍ മാറ്റിക്കഴിയുന്നതോടെ പിന്‍വിളിക്കാരുടെ ഊഴമാവും.
എടാ, എനിക്ക്, ഒരു രണ്ട് സെറ്റ് പ്ലീസ്
നിവര്‍ത്തിയ കുടകള്‍ പിന്നിലിങ്ങനെ നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഓരോ സെറ്റും ബുക്ക് ചെയ്യും.
ആ നീലക്കുടയേറ്റുമ്പോള്‍ മാറണെ
മഞ്ഞക്കുട ഞാനെടുക്കുമേ തുടങ്ങി, അഭ്യര്‍ഥനകളും അഡ്ജസ്റ്റുമെന്റുകളുമായി അതങ്ങ് നീളും.
താഴെ ആവേശത്തോടെ വാശിക്ക് ഇരുവിഭാഗങ്ങളും കുടമാറ്റുമ്പോള്‍ മുകളില്‍ ജാഗ്രതയോടെ നടക്കുന്ന ഒരു ലെന്‍സ് മാറ്റമുണ്ട്.'
പതിനഞ്ചാനകള്‍ നിരന്നു നില്‍ക്കുന്നത് ഒരുമിച്ച് കിട്ടാന്‍ നല്ല വൈഡുള്ള ലെന്‍സ് വേണം. ആനകള്‍ അകന്നു നിന്നു കഴിഞ്ഞാല്‍ പിന്നെയും പാടുപെടും. പൂരം പ്രമാണിച്ച് ചിലര്‍ പത്തും പന്ത്രണ്ടും വൈഡ് ലെന്‍സും ഫിഷ് ഐ യുമൊക്കെ ആയിട്ട് വരും.
എടാ ഒന്നിങ്ങു തന്നേ, ചേട്ടാ രണ്ടു പടം നോക്കിത്തരാം എന്നൊക്കെ ഇരക്കും. കടം വാങ്ങും. ചിത്രമെടുക്കും. ഇടയ്ക്കാര്‍ക്കെങ്കിലും ക്യാമറയോ ലെന്‍സോ, തകരാറു വന്നാല്‍ ആ മെമ്മറി കാര്‍ഡ് വാങ്ങി ക്യാമറയിലിട്ട് പടുപടാ പടമടിച്ച് ഊരിക്കൈയില്‍ കൊടുക്കും.
താഴെ ലക്ഷങ്ങള്‍ വരുന്ന പുരുഷാരം തോളില്‍ കൈയിട്ടും ആര്‍പ്പുവിളിച്ചും തളര്‍ന്നുവീഴുന്നവനെ താങ്ങി നിര്‍ത്തിയും വെള്ളം കൊടുത്തും സാന്ത്വനിപ്പിക്കുന്നതും കണ്ടു നില്‍ക്കുന്ന ഞങ്ങള്‍ക്ക് പത്തിരുപത്താഞ്ചാള് വരുന്ന ഞങ്ങളില്‍പ്പെട്ട ഒരു വന് ഒരാപത്തു വന്നാല്‍ സഹായിക്കാതിരിക്കാനാവുമോ. അത്രമേല്‍ സ്‌നേഹക്കാഴ്ചകളെ ഞങ്ങള്‍ ആ പലക വിടവിലൂടെ ഗോപുരത്തിലിരുന്ന് കണ്ട് തീര്‍ത്തിട്ടുണ്ട്.
ഒന്നുറപ്പിക്കാം. പാരീസിലെ ഈഫല്‍ ടവറിനെപ്പോലെ ക്വാലാലംപൂരിലെ ട്വിന്‍ ടവറിനെപ്പോലെ ബുര്‍ജ് ഖലീഫയെന്ന പോലെ കേരളത്തില്‍ ഏറ്റവുമധികം ക്യാമറകളിലും ചിത്രങ്ങളിലും പതിഞ്ഞു പോയിട്ടുള്ളത് തെക്കേ ഗോപുരമാവും. ഉറപ്പാണ്, ആര് ഈ വഴീക്കൂടി കടന്നു പോയാലും ജാതിമതഭേദമൊന്നുമില്ലാതെ ഗോപുരത്തിനുമുന്നില്‍ നിന്നൊരു ക്ലിക്ക്.' ഇപ്പോ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ എത്തിത്തുടങ്ങിയതോടെ ഒരേ സമയം പതിനായിരക്കണക്കിന് ക്യാമറകളില്‍ പതിയപ്പെടുന്ന ഒന്നായി തെക്കേ ഗോപുരം. തെക്കോട്ടിറക്കം മുതല്‍ എത്ര ചിത്രങ്ങളില്‍ എത്ര ക്യാമറകളിലാണീ ഗോപുരം പതിയുന്നത്. ആരെങ്കിലും അങ്ങനൊരു റെക്കോഡിനിറങ്ങിത്തിരിച്ചാല്‍ വടക്കുന്നാഥനാവുമെന്ന് ഉറപ്പ്.
Content Highlights: j philip on capturing pooram