എണ്‍പതിലധികം കരിവീരന്‍മാര്‍...എങ്ങും ആനച്ചങ്ങലക്കിലുക്കവും ആനക്കഥകളും

തൃശ്ശൂര്‍: എണ്‍പതിലധികം കരിവീരന്‍മാര്‍... തൃശ്ശൂര്‍ പൂരത്തിന്റെ ആനകള്‍ ഓരോന്നായി എത്തിയതോടെ തേക്കിന്‍കാട് ആനക്കാടായി. എങ്ങും ആനച്ചങ്ങലക്കിലുക്കവും ആനക്കഥകളും. വിസ്മയമായിരുന്നു ആനക്കാടിന്റെ സ്ഥായീഭാവം. ആനവിസ്മയങ്ങള്‍ക്കുമുന്നില്‍ എല്ലാവര്‍ക്കും കുട്ടിമനസ്സായി. ഓരോന്നിന്റെയും അഴകുകള്‍ കണ്ണുകൊണ്ടളന്ന് ആരാധകര്‍ ചുറ്റുംകൂടി. നാലരയോടെയാണ് ആനകള്‍ തേക്കിന്‍കാട്ടില്‍ എത്തിത്തുടങ്ങിയത്. ആളുകള്‍ അതിനും മുന്‍പേ എത്തിയിരുന്നു.
കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആനയൊഴുക്കായിരുന്നു തേക്കിന്‍കാട്ടിലേക്ക്. ഇതു കാണാനുള്ള ആളൊഴുക്കും. ആനകള്‍ ഒന്നിനുപിറകെ ഒന്നായാണ് ഇവിടേക്ക് എത്തിയത്. ഓരോ ആനവരവും ആസ്വാദകമനസ്സില്‍ ആരവങ്ങള്‍ സൃഷ്ടിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയപ്പോള്‍ ആവേശം ആകാശം മുട്ടി. അഞ്ചേമുക്കാലോടെയാണ് രാമന്‍ പൂരപ്പറമ്പില്‍ എത്തിയത്. രാമനെ സ്വീകരിക്കാന്‍ ആള്‍ക്കൂട്ടവുമെത്തി. പരിശോധന തുടങ്ങുംമുന്‍പുതന്നെ രാമന്‍ ഹാജരായിരുന്നു.
ഓരോ ആനവരവും ഒരുകൂട ആനക്കഥകള്‍കൂടി കൊണ്ടുവന്നു. ഓരോ ആനയുടെയും പ്രത്യേകതകളും സ്വഭാവങ്ങളുമെല്ലാം ചര്‍ച്ചചെയ്തുകൊണ്ടായിരുന്നു ആനപ്രേമികളുടെ ഈ ആനയാഘോഷം. പങ്കെടുത്ത പൂരവിശേഷങ്ങളും ഇവര്‍ പങ്കുവെച്ചുകൊണ്ടിരുന്നു. ആടയാഭരണങ്ങളില്ലാതെ, വാദ്യ അകമ്പടിയില്ലാതെയുള്ള കരിസൗന്ദര്യമാണ് തൊട്ടുമുന്‍പില്‍ നിറഞ്ഞത്. കടലുപോലെ ഈ കരിസൗന്ദര്യവും മടുക്കാത്തതായി. ആനക്കുളിയും ഭക്ഷണവും എന്നുവേണ്ട ചലനങ്ങള്‍പോലും ആസ്വാദ്യമായി.
തിരുവമ്പാടി വിഭാഗത്തിന് 44 ആനകളാണുള്ളത്. പാറമേക്കാവില്‍ നാല്പതും. എണ്ണംപറഞ്ഞ തലപ്പൊക്കങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് ഈ പട്ടിക. അഞ്ച് ആനകളാണ് ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്ന് എത്തിയത്. ഇത്തവണ ആനപരിശോധന കൂടുതല്‍ കര്‍ശനമായിരുന്നു. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും പരിശോധനയ്‌ക്കെത്തി. രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ആളുകള്‍ അനകളുടെ അധികം അടുത്തെത്താതിരിക്കാനുള്ള ക്രമീകരണവും ഉണ്ടായിരുന്നു. കവുങ്ങുകൊണ്ടുള്ള വേലിക്കുപുറമേ, ഇരുമ്പുവേലികൂടി ഇതിനായി ഏര്‍പ്പെടുത്തി. രണ്ടടി വ്യത്യാസമാണ് ഈ വേലികള്‍ തമ്മിലുണ്ടായിരുന്നത്.
രാത്രി വൈകിയാണ് ആനപരിശോധന പൂര്‍ത്തിയായത്. അതുവരെ ആരവവുമായി തേക്കിന്‍കാട് നിറഞ്ഞ് ആള്‍ക്കൂട്ടം. പൂരാവേശം ഒരു പടികൂടി ഉയര്‍ത്തുന്നതായി ഇത്.
Content Highlights: elephants in thrissur pooram