വെറെെറ്റി ഗെറ്റപ്പിൽ വിനായകനും സുരാജും; 'തെക്ക് വടക്ക്' ക്യാരക്ടർ റിവീൽ ടീസർ പുറത്ത്

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന 'തെക്ക് വടക്ക്' എന്ന സിനിമയിലെ ക്യാരക്ടർ റിവീൽ ടീസർ പുറത്തുവിട്ടു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും എത്തുന്നത്. ഒരു കോമഡി ചിത്രമായിരിക്കുമിതെന്ന സൂചനയും ടീസറിലുണ്ട്.
അൻജന ഫിലിപ്പും വി.എ ശ്രീകുമാറും അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിൽ ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. എസ് ഹരീഷാണ് രചന.
ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
'ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനായി. തെക്ക് വടക്ക് സിനിമിയിലെ ഗാനങ്ങൾ ഉടൻ ആസ്വാദകരിലെത്തും',-നിർമാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.
'വിനായകന്റെയും സുരാജിന്റെയും ഗംഭീരമായ പ്രകടനമാണ് ചിത്രീകരണത്തിൽ ദൃശ്യമായത്. നൂറോളം വരുന്ന കലാകാരന്മാർ വിവിധ വേഷങ്ങളിൽ സിനിമയിലുണ്ട്. ഓണത്തോട് അനുബന്ധിച്ച് സിനിമ ലോകമെമ്പാടും തിയേറ്ററുകളിലെത്തും', നിർമാതാവ് വി. എ ശ്രീകുമാർ പറഞ്ഞു.
ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.