ടീച്ചർ ഞങ്ങടെ ക്ലാസിലേക്ക് ആദ്യം വര്വോ? ഒരു ഹൈസ്‌കൂളുകാരിയുടെ മനസിലെ വെളിച്ചമായ വത്സമ്മ ടീച്ചര്‍

സ്കൂൾ കാലഘട്ടം ഓർത്തെടുത്താൽ രണ്ടേ രണ്ട് അധ്യാപകർക്ക് വേണ്ടി മാത്രമാണ് അവർ ക്ലാസിൽ വരാൻ കൊതിയോടെ, ഭയമില്ലാതെ, ഇഷ്ടത്തോടെ കാത്തിരുന്നിട്ടുള്ളത്. ഒന്ന് മഞ്ചേരി ഗവ ഗേൾസ് ഹൈസ്ക്കൂളിൽ വെച്ച് പഠിപ്പിച്ച വത്സമ്മടീച്ചർ.മറ്റേത് മലപ്പുറം സെന്റ് ജമ്മാസ് ഗേൾസ് ഹൈസ്കൂളിലെ യമുനടീച്ചർ.രണ്ടുപേരും മലയാളം അധ്യാപകർ. പ്രത്യേകിച്ച് മമതയോ വിദ്വേഷമോ ഇല്ലാതെ മറ്റ് അധ്യാപകരുടെ ക്ലാസുകൾ സാധാരണ മട്ടിൽ കേട്ടിരിക്കും.. പഠനം എന്നത് മാത്രമായിരുന്നു അവരുടെ ക്ലാസുകളിലെ ആദ്യത്തേയും അവസാനത്തേയും ഒരേ ഒരു ലക്ഷ്യം. പാഠഭാഗങ്ങൾ ഞങ്ങളെ ആത്മാർത്ഥമായി പഠിപ്പിക്കുക എന്നതിനപ്പുറം സിലബസ്സിന് ഒരിഞ്ച് അപ്പുറത്തേയ്ക്കോ ഇപ്പുറത്തേയ്ക്കോ നീങ്ങാൻ വിമുഖതയുള്ളവർ .
പഠിക്കുന്നതിൽ ഞങ്ങൾ അത്രകണ്ട് ആത്മാർത്ഥരായിരുന്നില്ലെങ്കിലും പഠിപ്പിക്കുന്നതിൽ അവർ പൂർണ്ണ ആത്മാർത്ഥരായിരുന്നു.അതിന്റെ സ്വൈര്യക്കേടോടെ അവരുടെ ക്ലാസിൽ അച്ചടക്കത്തോടെ പഠനവിധേയരായി ഞങ്ങൾ ഇരിക്കും. "ഞങ്ങൾക്കും നിങ്ങളീ പറയുന്ന പഠിപ്പ് ".. എന്ന ഒറ്റചിന്തയേ ഉള്ളൂ എന്ന മട്ടിൽ. ഒരു നാടകത്തിൽ അഭിനയിക്കുംപോലെ.
അപ്പോഴാണ് മലയാളം അധ്യാപികയായി വത്സമ്മ ടീച്ചർ വരുന്നത്. അത് ഒരു പുതിയ അനുഭവമായിരുന്നു. ഇങ്ങനേയും ഒരു ടീച്ചറോ എന്ന അത്ഭുതവും ആഹ്ളാദവും ഞങ്ങൾക്ക് ചില്ലറയായിരുന്നില്ല.ടീച്ചർ ക്ലാസിലേയ്ക്ക് വരുമ്പോൾ ഒരു ടീച്ചർ കടന്നു വരുന്നു എന്ന പോലെയേ അല്ല , മറിച്ച് എന്തും ഏതും പറയാനും സംസാരിക്കാനും പറ്റുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഒരു പൊതുസുഹൃത്ത് ക്ലാസിലേക്ക് വരുന്ന ആനന്ദം നിറയും . ആദ്യമായാണ് ഗുരുനാഥന്മാരോട് ഭയഭക്തി ബഹുമാനം എന്ന സ്ഥിരം അളവുകോൽ വലിച്ചെറിഞ്ഞ് സൗഹൃദ പൂർവ്വം സംസാരിക്കുന്നത്. ഇങ്ങനേയും മനോഹരമായ അധ്യാപക വിദ്യാർത്ഥി ബന്ധം ഉണ്ടാകുമെന്ന് അനുഭവിക്കുന്നത്. ടീച്ചർ ക്ലാസിലേക്ക് വന്നാൽ മറ്റ് അധ്യാപകരെപ്പോലെ പാഠഭാഗത്തേയ്ക്ക് നേരിട്ട് കടക്കാതെ ആദ്യം ഞങ്ങളോട് ധാരാളം സംസാരിക്കും. ഞങ്ങൾ ഓരോരുത്തരേയും പേരുവിളിച്ച് തന്നെ വിശേഷങ്ങൾ ചോദിക്കും . മറ്റദ്ധ്യാപകർ പൊതുവെ ചെയ്യാത്ത ഒന്ന്. ഞങ്ങൾക്കും ഭയമേതുമില്ലാതെ ഒരുപാടു കാര്യങ്ങൾ പറയാനുണ്ടാകും. സ്വയം അനുഭവിക്കുന്ന പ്രശ്നങ്ങൾ, മറ്റു കുട്ടികളുടെ പ്രശ്നങ്ങൾ അങ്ങനെയൊക്കെ..
അന്നേരം ക്ലാസ് ഒരമ്മയും ഒരുപാട് മക്കളും എന്ന പോലെ ഒരൊറ്റ യൂണിറ്റാകും. ഞങ്ങൾ കുട്ടികൾക്കിടയിലും ആ പരസ്പര ഐക്യം വരും. എല്ലാവരും ഒരമ്മയുടെ മക്കൾ. ക്ലാസ് മൊത്തം ഒരു സ്നേഹക്കൂടാരം പോലെയാക്കി മാറ്റാൻ ടീച്ചറുടെ തുറന്ന പെരുമാറ്റത്തിനും ആഹ്ലാദകരമായ സം സാരത്തിനും കഴിഞ്ഞിരുന്നു.കൗമാരപ്രായക്കാർക്ക് പലപ്പോഴും വീടുകളിൽ നിന്നു പോലും കിട്ടാത്ത ജീവവായു ആയിരുന്നു ഇത്തരം തുറന്ന വർത്തമാനങ്ങൾ തരുന്ന ആശ്വാസം.
വിഷയം മലയാളമാണെങ്കിലും ഇത്തിരി നേരം ലോകകാര്യങ്ങളുടെ ചർച്ചയ്ക്കും , പൊതുകാര്യങ്ങൾ പറഞ്ഞു തരാനും ടീച്ചർ ഉപയോഗിക്കും. ഓരോ പെൺകുട്ടിയിലും അവളുടെ ഭാവി ജീവിതത്തിലേക്ക് വേണ്ട ആന്തരികമായ അഭിമാനവും വ്യക്തിത്വബോധവും പുലർത്താനുള്ള അഗ്‌നി കൊളുത്തുംവിധമുള്ളതായിരുന്നു ടീച്ചറുടെ ചർച്ചകൾ. ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കാൻ ഉതകും വിധം പൊതു വിജ്ഞാനവും ലോകരാഷ്ട്രീയവും ടീച്ചർ ചർച്ച ചെയ്യും. മലയാളം പഠിപ്പിക്കുന്നതൊക്കെ തികച്ചും ആകർഷകമായാണ്. ഞങ്ങളെ പഠിപ്പിക്കുന്നതിന് പകരം ടീച്ചർ ആസ്വദിച്ച മലയാള സാഹിത്യഭംഗികൾ ഞങ്ങളോട് കൂടെ പങ്കു വെക്കും പോലുള്ള മനോഹരമായ പഠനരീതി.തമാശകൾ നിറഞ്ഞ , സാഹിത്യം നിറഞ്ഞൊഴുകുന്ന രസകരമായ മലയാളം പിരിയേഡുകൾ അവസാനിക്കുമ്പോൾ "ഇത്രവേഗം ക്ലാസ് തീർന്നോ , ഒരു മിനുട്ടല്ലേ ടീച്ചർ വന്നിട്ട് ആയുള്ളൂ"' എന്ന സങ്കടം വരും. അത്രയും ചലനാത്മകമായിരുന്നു ടീച്ചറുടെ ക്ലാസുകൾ,
മറ്റു ടീച്ചർമാർ അവധിയെടുക്കുന്ന നേരത്ത് ആ ഒഴിവ് പിരിയേഡുകളിൽ വത്സമ്മ ടീച്ചറെ വിളിച്ചു കൊണ്ടു വരാൻ ഞങ്ങൾ സ്റ്റാഫ് റൂമിലേയ്ക്ക് ഓടും, പലപ്പോഴും അവിടെ ഞങ്ങൾക്ക് മുന്നെ എത്തിയ ഏതെങ്കിലും ഫ്രീ ഡിവിഷൻകാർ വത്സമ്മ ടീച്ചറെ മുൻകൂട്ടി സ്വന്തമാക്കിക്കാണും. പിന്നെ "ടീച്ചർ ഞങ്ങടെ ക്ലാസില്ക്ക് ആദ്യം വര്വോ? "എന്ന പിടിവലി ആകും. എട്ടാം ക്ലാസ് പാതിയിൽ വെച്ച് എനിക്ക് സ്കൂൾ മാറി മറ്റൊരു സ്കൂളിലേയ്ക്ക് പോകേണ്ടി വന്നപ്പോൾ കൂട്ടുകാരെ പിരിയുന്നതിലും വലിയ സങ്കടം വത്സമ്മ ടീച്ചറെ നഷ്ടപ്പെടുന്നതായിരുന്നു.
ഏതൊരു കുട്ടിയുടേയും ആദി കൗമാര ദശയിൽ ഇത്തരം അധ്യാപർക്ക് ആശ്വാസകരമായ വലിയ പങ്ക് വഹിക്കാനാവും.. ചില കുട്ടികൾ തങ്ങൾക്ക് മറ്റാരോടും പങ്കു വെക്കാനാവാത്ത തങ്ങളുടെ കൗമാര പ്രണയ കഥകൾ ടീച്ചറോട് പറയുകയും ടീച്ചറതിനെ വാൽസല്യം നിറഞ്ഞ ഇഷ്ടത്തോടെ കേൾക്കുകയും, അതിൻ്റെ രഹസ്യ സ്വഭാവത്തിന് ഒട്ടും ഭംഗം വരുത്താതെ ഇരുകൂട്ടരെയും പതിയെ പ്രണയ ലോകത്തിൽ നിന്ന് പരുക്കുകൾ ഇല്ലാതെ തിരിച്ചിറക്കി പഠന ലോകത്തേയ്ക്ക് കയറ്റി വിടുകയും ചെയ്തിരുന്നു..ഇന്ന്. , ഈ പുരോഗമന സമൂഹത്തിലെ അധ്യാപകർ പോലും പലപ്പോഴും ഇത്തരം പ്രണയ കാര്യങ്ങൾ അങ്ങേയറ്റം വഷളായി കൈകാര്യം ചെയ്യുമ്പോഴാണ് പത്ത് മുപ്പത് വർഷങ്ങൾക്ക് മുന്നെ തന്നെ ഒരധ്യാപിക കുട്ടികളോട് ഇങ്ങനെ പെരുമാറിയിരുന്നത്. പിന്നീട് ഞാൻ അധ്യാപിക ആയപ്പോൾ എൻ്റെ സ്കൂളിൽ വത്സമ്മ ടീച്ചർ BRC ട്രയിനി ആയി ക്ലാസെടുക്കാൻ വന്നു. എന്റെ ക്ലാസിൽ ടീച്ചറും ഞാനും ഒരുമിച്ച് കുട്ടികളെ പഠിപ്പിച്ചു. അപൂർവ്വമായ ഭാഗ്യം,
ഹൈസ്ക്കൂൾ കുട്ടികളെ പഠിപ്പിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടും എന്നാൽ ഏറ്റവും രസകരവും ആണ് എൽ.പി. ക്ലാസുകൾ എന്ന് പറയുമായിരുന്നു ടീച്ചർ. ഒരു മാസം നീണ്ടു നിന്ന ആ ട്രയിനിംഗ് പിരിയേഡിൽ കുട്ടികൾക്ക് വേണ്ടി നിറയെ പഠന ഉപകരണങ്ങൾ നിർമ്മിച്ചും രസകരമായി ക്ലാസ് എടുത്ത് കാണിച്ചുതന്നും തുടക്കക്കാരിയായ എന്നിലെ അധ്യാപികയെ പരിവർത്തനപ്പെടുത്തുന്നതിൽ ടീച്ചർ വഹിച്ച പങ്ക് വളരെ വലുതാണ്.പണ്ട് ഞങ്ങളോട് ചെയ്തിരുന്ന പോലെ തന്നെ ഒന്നാം ക്ലാസിലെ കുട്ടികളുടെ വ്യക്തിത്വത്തെ ബഹുമാനിച്ച് അവരിൽ നിന്ന് അൽപം മുതിർന്ന മറ്റൊരു കുട്ടിയായി മാറിയാണ് ടീച്ചർ അവർക്കൊപ്പം നിന്നിരുന്നത്. എൻ്റെ കുഞ്ഞു കുട്ടികൾ ടീച്ചറെ സ്‌നേഹിച്ച് മതിയാവാതെ പരവശപ്പെടുന്നത് കണ്ട് ഞാൻ അത്ഭുതപെട്ടിട്ടില്ല. ഞങ്ങളും ടീച്ചറോട് അങ്ങനെ തന്നെ ആയിരുന്നതിനാൽ.
വത്സമ്മ ടീച്ചർ ഇന്നില്ല. അർബുദമായിരുന്നു.അസുഖം അറിഞ്ഞപ്പോൾ ടീച്ചർ അതിനെയൊക്കെ എങ്ങനേലും മറികടക്കും എന്നേ തോന്നിയുള്ളൂ. അത് ശരിയുമായിരുന്നു പക്ഷേ നമുക്ക് ഭൂമിയിൽ അനുവദിച്ച സമയം - എന്നൊന്ന് ടീച്ചർക്കും ബാധകമായതിനാൽ ടീച്ചർക്ക് ആ സമയത്ത് ഭൂമി വിട്ട് മറ്റൊരിടത്തേയ്ക്ക് പോവേണ്ടി വന്നു എന്ന് മാത്രം.ടീച്ചറുടെ ഭർത്താവ് തോമസ് മാഷ് ടീച്ചറില്ലാത്ത ലോകത്തെ ഏകാന്തതയെ കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ എഴുതുമ്പോൾ അവരെ അറിയുന്ന എല്ലാവർക്കും അത് ഉൾക്കൊള്ളാനാവും. സദാസമയവും അവരിരുവരെയും ഒരുമിച്ചേ കണ്ടിട്ടുള്ളൂ.
അന്നത്തെ കാലത്ത് ആ കാഴ്ചയും മറ്റൊരു അത്ഭുതമായിരുന്നു. എപ്പോഴും ഒരുമിച്ച് സംസാരിച്ചങ്ങനെ നടന്നു പോകുന്ന ഒരു ഭാര്യയും ഭർത്താവും.. ഇടതുപക്ഷത്തിന്റെ സജീവപ്രവർത്തകർ , ഒരേ വേദികളിൽ ഒരുമിച്ചിരുന്ന് പ്രസംഗിക്കുന്നവർ, ജാഥകളിൽ ഒരുമിച്ച് മുദ്രാവാക്യം വിളിക്കുന്നവർ.. കല്യാണമായാലും, മര ണമായാലും വിരുന്നായാലും ഷോപ്പിംഗ് ആയാലും എന്തിനും ഏതിനും അവരെ ഒരുമിച്ചേ കണ്ടിട്ടുള്ളൂ..പരസ്പര ബഹുമാനവും വ്യക്തിതുല്ല്യതയും പുലർത്തുന്ന രണ്ട് വ്യക്തികളുടെ ആഹ്ളാദം നിറഞ്ഞ ജീവിത വിജയത്തിൻ്റെ വലിയൊരു നേർകാഴ്ച കൂടി ആയിരുന്നു അത്. ജീവിതം കൊണ്ട് അവർ പകർന്ന ശക്തമായ സന്ദേശം..
ഒരു മികച്ച വ്യക്തിയും, അധ്യാപികയും ഇതായിരിക്കണം എന്ന് ഭൂമിയിൽ ഓർമ്മകളാൽ അവശേഷിപ്പിച്ചു ടീച്ചർ ജീവിതത്തിൽ നിന്ന് കടന്നു പോയി...തങ്ങളെ പഠിപ്പിച്ച ഒരധ്യാപികയെ പറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാതെ വിദ്യാർഥികൾ ഉള്ളു നിറഞ്ഞ് തുളുമ്പി നിൽക്കുന്നു എങ്കിൽ അതാണ് അധ്യാപിക.
നിറയെ നിറയെ സ്നേഹത്തോടെ ഓർമ്മിക്കപ്പെടുന്നതാണ് കൊഴിഞ്ഞു പോവുന്ന ഏതൊരു ജീവിതത്തിന്റെയും ഭംഗി....അതായിരുന്നു ഞങ്ങളുടെ പ്രിയ വത്സമ്മടീച്ചർ എന്ന ബഹുമാനത്തോടെ ടീച്ചറിൽ നിന്ന് കണ്ടു പഠിച്ച മനുഷ്യത്വത്തിൻ്റേയും സൗഹൃദത്തിൻ്റെയും അദ്ധാപനരീതികളുടേയും മികച്ച പാഠങ്ങൾ അധ്യാപിക എന്ന നിലയിൽ ഞാനുമെൻ്റെ കുഞ്ഞുങ്ങൾക്ക് നൽകാൻ ശ്രമിക്കുന്നു. എനിക്ക് തോന്നുന്നു, സ്വർഗവും ടീച്ചർ ചെന്നതോടെ വേറെ ലവലായിക്കാണുമെന്ന്. അത്രയും എനർജിയും സ്നേഹവുമാണ് ടീച്ചർ. ഈ അധ്യാപക ദിനത്തിൽ ഏറ്റവും സ്നേഹത്തോടെയും ആദരവോടെയും വത്സമ്മടീച്ചറെ ഓർക്കുന്നു. അധ്യാപനത്തിൻ്റെ മഹത്തായ ആ മാതൃകയെ പകർത്താനും അനുകരിക്കാനും ശ്രമിക്കുന്നു.ഏത് സ്വർഗ്ഗത്തിലിരുന്നാലും ഭൂമിയിൽ ഇരുന്ന് ടീച്ചറുടെ വിദ്യാർഥി എഴുതിയ ഈ കുറിപ്പു വായിച്ച് ടീച്ചറുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് മനസ്സിൽ കാണുന്നു ...
അധ്യാപക ദിനാശംസകൾ ടീച്ചർ
Content Highlights: teachers day 2024