കുഞ്ഞിപ്പാത്തുമ്മയുടെ ടീച്ചർക്ക്, ഒരു നാലാം ക്ലാസുകാരിയുടെ സ്നേഹം

'കുഞ്ഞിപ്പാത്തുമ്മേ... സുഖാണോ?'
'പിറന്നാളാശംസകൾ കുഞ്ഞിപ്പാത്തു...'
ശരിക്കുമുള്ളതും അല്ലാത്തതുമായി പേരുകൾ പലതുണ്ടെങ്കിലും എന്നെ കുഞ്ഞിപ്പാത്തുമ്മേ...ന്ന് വിളിക്കുന്ന ഒരാളെയുള്ളൂ. അതെന്റെ റോസമ്മ ടീച്ചറാണ്. എന്റെ വിവരമൊന്നും ഇല്ലാത്തപ്പോൾ അങ്ങനെയൊരു വിളി എന്നെ തേടിയെത്താറുണ്ട്. ഓരോ തവണ എന്നെ അങ്ങനെ വിളിക്കുമ്പോഴും ഞാൻ ടീച്ചറുടെ ക്ലാസിലിരിക്കുന്ന ആ പഴയ നാലാം ക്ലാസുകാരിയാവും. ടീച്ചറുടെ സ്നേഹമെല്ലാം ആ വിളിയിലൂടെ അറിയും.
സത്യം പറഞ്ഞാൽ ഈ പേരിന്റെ അവകാശി ഞാനോ ടീച്ചറോ അല്ലട്ടോ. അത് വൈക്കം മുഹമ്മദ് ബഷീറിന്റെ കുഞ്ഞിപ്പാത്തുമ്മയാണ്. പാത്തുമ്മയുടെ ആടിലെ കുഞ്ഞിപ്പാത്തുമ്മ. നാലാം ക്ലാസിലെ മലയാളം പുസ്തകത്തിൽ ഞങ്ങൾക്കും നോവലിന്റെ ചെറിയൊരു ഭാഗം പഠിക്കാനുണ്ടായിരുന്നു.
റോസമ്മ ടീച്ചറുടെ മലയാളം ക്ലാസിനു ഒരു പ്രത്യേകതയുണ്ട്. ഏത് പാഠം പഠിച്ചാലും അതിലെ പ്രധാന കഥാപാത്രങ്ങളെ കുട്ടികളിൽ ചിലർ ക്ലാസിൽ അവതരിപ്പിക്കണം. ആ കഥാപാത്രം പറയണത് പോലെ വർത്താനം പറയുകയും പെരുമാറുകയും എന്തേലും ചോദിച്ചാൽ മറുപടി പറയുകയും ഒക്കെവേണം. നമ്മുടെ ഭാവനയ്ക്ക് അനുസരിച്ച് എത്ര മനോഹരമാക്കാമോ അത്രത്തോളം മനോഹരമാക്കാം. നന്നായി ചെയ്താൽ ടീച്ചറുടെയും പിള്ളേരുടെയും വക കൈയ്യടിയും ചിലപ്പോൾ മിഠായിയുമെല്ലാം കിട്ടും. ഈ പരകായപ്രവേശം ചെയ്യുന്നതിന് ടീച്ചർക്ക് ലക്ഷ്യങ്ങളുണ്ടെങ്കിലും ഞങ്ങൾക്കിത് വിനോദത്തിന് വേണ്ടി മാത്രമായിരുന്നു. എന്തായാലും ഞാനും ഏതൊക്കെയോ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.
അതിലൊന്ന് മാത്രമായിരുന്നു ബഷീറിന്റെ പാത്തുമ്മയിൽ നിന്ന് ഞാൻ മനസിലാക്കി അവതരിപ്പിച്ച എന്റെ പാത്തുമ്മ. മറവി പണ്ടേയുള്ളതിനാൽ എങ്ങനെയാ ഞാൻ അത് ചെയ്തേന്ന് എനിക്കിപ്പം ഓർമ്മയില്ല. പക്ഷേ ടീച്ചർക്കത് ഓർമ്മയുണ്ട്. അന്ന് മുതൽ ടീച്ചറെന്നെ കുഞ്ഞിപ്പാത്തുമ്മയെന്നേ വിളിച്ചിട്ടുള്ളൂ.
നാലാം ക്ലാസ് കഴിഞ്ഞ് തൊട്ടടുത്തുള്ള സ്കൂളിലേക്ക് മാറിയെങ്കിലും ടീച്ചറെ കാണാൻ ഇടയ്ക്ക് പോവും. ചിലപ്പോൾ ഒറ്റയ്ക്ക് അല്ലെങ്കിൽ ഞങ്ങൾ മൂന്നുനാല് പേർ. അപ്പോഴൊക്കെ എന്റെ പിള്ളേരാന്ന് പറഞ്ഞ് അഭിമാനത്തോടെ പുതിയ കുട്ടികൾക്കും ടീച്ചർമാർക്കും ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കും. വിശേഷങ്ങളെല്ലാം ചോദിക്കും. ടീച്ചറെ കാണാൻ വന്നല്ലോ സന്തോഷമായെന്ന് പറയും. മിഠായിയോ പേനയോ ആയി കൈയ്യിലുള്ളതെന്തെങ്കിലും സമ്മാനമായി തരും. സ്ക്കൂൾ കഴിഞ്ഞെങ്കിലും എല്ലാ വർഷവും ഒരിക്കല്ലെങ്കിലും ടീച്ചറെ പോയി കണ്ട് സംസാരിക്കുന്നത് ശീലമായി. സ്വന്തമായി ഫോണൊക്കെയായപ്പോൾ അതിനൊപ്പം വിളികളുമായി.
നാടകം, മോണോആക്ട് എന്നൊക്കെ പറഞ്ഞ് പിന്നീട് കുറേ നടന്നതിന്റെ തുടക്കം ടീച്ചറാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ കുറേ ഭ്രാന്തുകൾക്ക് ആദ്യത്തെ വേദിയൊരുക്കിയതും പ്രോത്സാഹനം തന്നതും ഇതിന്റെയെല്ലാം രസം അറിയിച്ച് തന്നതുമെല്ലാം ടീച്ചറും ആ ക്ലാസ് മുറിയുമാണ്.
ജീവിതത്തിൽ ചേർത്തുനിർത്താൻ ഒരുപാട് നല്ല അധ്യാപകരെ തന്നിട്ടുണ്ടെങ്കിലും റോസമ്മ ടീച്ചർ എനിക്ക് അല്പം കൂടുതൽ പ്രിയപ്പെട്ടൊരാളാണ്. നമ്മളെക്കാൾ അധികം നമ്മളിൽ വിശ്വാസമുള്ള, ആഗ്രഹിച്ചതൊക്കെ നടക്കും ഞാൻ പ്രാർഥിക്കാമെന്ന് പറയുന്ന, എന്റെ കുട്ടിയല്ലേ എന്ന് അമ്മ പറയുംപോലെ പറഞ്ഞ് ചേർത്തുനിർത്തുന്ന ടീച്ചർ ഈ കുഞ്ഞുപ്പാത്തുവിന് പ്രിയപ്പെട്ടതാവാതിരിക്കുമോ....
Content Highlights: Teachers day 2024