ഓള് ഇന്നലെ എവട്യാ കെടന്നൊറങ്ങ്യേതെന്ന് സാറിനറിയോ? ഒരു കഞ്ഞ്യമ്മയും കുറെ സെമീറമാരും

#ഗോപാലൻ.കെ
Photo: Mathrubhumi
Photo: Mathrubhumi

സെമീറയെക്കുറിച്ച് ഓർത്തു പോയി....സരോജിനി അമ്മയേയും.....എന്റെ സ്കൂൾ ഓർമ്മകൾ ചികഞ്ഞാൽ ഈ ഒരു സെമീറമാത്രമല്ല.കുറെയേറെ സെമീറമാർ ഇങ്ങനെ നിരനിരയായി വന്നു പോകും. അവർക്ക് ഒരമ്മയായി സരോജിനി അമ്മയും.......ഞങ്ങളുടെ സ്കൂൾകുട്ടികളുടെ "കഞ്ഞ്യമ്മ". ദാരിദ്ര്യത്തെ കുറിച്ചു ചിന്തിച്ചപ്പോൾ ഞാൻ സെമീറയെയാണ് ഓർത്തത്. സാന്ത്വനത്തെക്കുറിച്ച് ഓർത്തപ്പോൾ സരോജിനിയമ്മയേയും. ദാരിദ്ര്യത്തിന് സമീറയുടെ കണ്ണുകൾ ആയിരുന്നു. സെമീറയുടെ എല്ലൊട്ടിയ ദേഹപ്രകൃതിയും. കവിളൊട്ടിയ മുഖഛായയും എന്റെ മനസ്സിൽ ആകുലത സൃഷ്ടിച്ചിരുന്നു.അവളുടെ നിരാശ്രയത്വമാർന്ന മുഖഭാവം ഈ ലോകത്തിന്റെ മുഖത്തുനോക്കി പരിഹസിക്കുന്നത് ഞാൻ കണ്ടിരുന്നു.അവൾക്കധികം വൃത്തിയും വെടിപ്പുമുണ്ടായിരുന്നില്ല. അത്തറിന്റേയും പുത്തനുടുപ്പിന്റേയും ഗന്ധമായിരുന്നില്ല . ആഗന്ധം വിയർപ്പിന്റേയോ അഴുക്കിന്റേയോ ആയിരുന്നു. അവൾക്ക് ആകെയുണ്ടായിരുന്ന പ്രത്യേകത വിശപ്പുകൊണ്ടുള്ള തുളഞ്ഞു കയറുന്ന ആ  ഒരു നോട്ടം മാത്രമായിരുന്നു. അലൂമിനിയത്തിന്റെ അടപ്പില്ലാത്ത ചളുങ്ങിയ  ഒരു തൂക്കുപാത്രവും.

രാവിലെ മദ്രസ്സ കഴിഞ്ഞാണ് സ്കൂൾ തുടങ്ങുന്നത്. ഞാൻ മദ്രസ്സ വിടുന്നതിന് മുൻപേ അവിടെയെത്തും.പ്യൂണും.പലപ്പോഴും   ക്ലാസ് കഴിഞ്ഞു ഭക്ഷണം കഴിക്കുന്ന ഉസ്താദ്മാരുടെ ഭക്ഷണപാത്രങ്ങളിൽ  വലിയസ്കൂൾ ഹാളിലെ ചെറിയ ക്ലാസ് മുറികളുടെ മരമറകൾക്കപ്പുറത്തുനിന്നും സമീറയുടെ വിശന്നുഴറുന്ന കണ്ണുകൾ  സുസൂക്ഷ്മം വീക്ഷിക്കുന്നതു കണ്ടിരുന്നു. ഉസ്താദ് ബാക്കി വെക്കുന്ന പ്രാതലിലേക്കായിരുന്നു ആ നോട്ടം!

ചില ഉസ്താദുമാർ ആ നോട്ടത്തിന്റെ തിക്ഷ്ണത തിരിച്ചറിഞ്ഞു കുറച്ചു ഭക്ഷണം എച്ചിലാക്കാതെ മാറ്റി വെച്ച് എഴന്നേൽക്കാൻ നേരം "എടീ.."എന്ന് വിളിക്കാറുണ്ട്. അവർ എഴുന്നേറ്റു പോകുമ്പോൾ ആ പാത്രങ്ങൾ അവൾ എടുത്ത് എങ്ങോട്ടാണ് മറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ അതു കാണാത്ത ഭാവത്തിൽ ഇരിക്കാറാണ്.അവളെന്നും സ്കൂളിൽ വരും.സ്കൂളാണ് അവളുടെ നോട്ടത്തിന്റെ ശാപതീക്ഷ്ണത അൽപ്പമെങ്കിലും കുറച്ചിരുന്നത്.

ഉച്ചക്കഞ്ഞിവെച്ചിരുന്ന സരോജിനിയമ്മ ആയിരുന്നു സ്കൂളിൽ അവളുടെ അമ്മ. എന്റെ അമ്മയെ പോലെ എനിക്ക്  സരോജിനി അമ്മയെ  ഇഷ്ടമായിരുന്നു. അന്ന് സ്കൂൾ ഉച്ചഭക്ഷണം ഇന്നത്തെ പോലെ സുഭിക്ഷമായിരുന്നില്ല. പാവം സരോജിനിയമ്മ ഞാൻ അവിടെ നിയമിതനാവുന്നതിന് എത്രയോ മുൻപേ അവർ അവിടെ കഞ്ഞ്യമ്മയായിട്ടുണ്ടായിരുന്നു സത്യത്തിൽ അവരായിരുന്നു എന്റെ സ്കൂളിലെ അന്നപൂർണ്ണേശ്വരി. നഗരപ്രാന്തത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഇത്തരം കുട്ടികൾക്ക് വേണ്ടിയും ഞങ്ങളാൽ ചിലരുടെ അദ്ധ്യാപകവൃത്തിക്കും വേണ്ടി മാത്രമാണ് എന്ന് തന്നെ പറയാം.അന്ന് മുസ്ലിം സമുദായത്തിലെ വളരെ പാവപ്പെട്ടവരുടെ മക്കൾക്ക് ദർസും സ്കൂളുമായിരുന്നു അവിടം.

അത്യാവശ്യം ജീവിതനിലവാരമുള്ള കുട്ടികൾ വിരളമായിരുന്നു.അതുകൊണ്ട് തന്നെ പി.ടി.എ യോഗത്തിൽ അങ്ങേ അറ്റം നിർബന്ധിച്ചാൽ മാത്രം കുറച്ചു രക്ഷിതാക്കൾ പങ്കെടുത്തുവെന്ന് വരും.യോഗത്തിൽ സന്നിഹിതരായിരുന്ന ആരെങ്കിലും ഒരാൾ പ്രസിഡന്റ് ആവും.പിന്നീട് ആ പ്രസിഡന്റിന്റെയും ഹെഡ്മാസ്റ്ററുടേയും മാത്രം ഉത്തരവാദിത്തമായി ഉച്ചഭക്ഷണ വിതരണം.  അരിയും പയറും സിവിൽ സർവ്വീസ് ഗോഡൗണുകളിൽ നിന്നും സ്കൂളിൽ എത്തിക്കണം,വിറകു വാങ്ങണം അത്യാവശ്യം മുളക്,ഉപ്പ്,കടുക് വറവിട്ട് ഈ ഉച്ചഭക്ഷണം വിതരണം ചെയ്യണം. അതിന്റെ ചെലവ് ഇനത്തിൽ സർക്കാർ ഫണ്ട് പാസായിവരുന്നതു വരെ -അത് പലപ്പോഴും കൊല്ലാവസാനങ്ങളിലായിരിക്കു കിട്ടുക-പി.ടി.എ വഹിക്കണം.

പി.ടി.എ ഇങ്ങനെ തട്ടിക്കൂട്ടുന്നിടത്ത് ഫണ്ടിന്റെ കാര്യം എങ്ങനെയാവാമെന്ന് ഊഹിക്കാമല്ലോ. എന്റെ ശമ്പളത്തിൽ ഒരു ഭാഗം സരോജിനിയമ്മയുടെ മാസ ശമ്പളമായിപോകും.അതു തന്നെ അവർക്ക് ഒരുദിവസം കൊടുക്കേണ്ട കൂലിയുടെ പകുതിയേ ആവൂ .ബാക്കി പകുതി എപ്പോൾ സർക്കാർ വിഹിതം പാസായി കിട്ടുന്നുവോ അന്ന് കൊടുത്തു തീർക്കും.അന്ന് സരോജിനയമ്മ മനസ്സറിഞ്ഞു ചിരിക്കും. ആ ചിരി കാണാൻ എന്തു രസമാണെന്നോ.കഞ്ഞിനടത്തിപ്പിന്റെ ചെലവിനത്തിൽ ബാക്കിയുള്ളതുക  ടീച്ചേർസ് ഫണ്ടിൽ നിന്നും കണ്ടെത്തുംഎന്നാലും ഒരു ദിവസവും കഞ്ഞി മുടങ്ങാതെ കൊണ്ടു പോയിരുന്നു.

സരോജിനിയമ്മ രാവിലെ നേരത്തെ തന്നെ അവിടെയെത്തും.എന്നോട് പരാതി പറയാൻ.സരോജിനി അമ്മയുടെ ഓരോ ദിവസത്തെ  ആവശ്യങ്ങളും എന്നോട് രാവിലെ തന്നെ ബോധിപ്പിച്ചു കൊണ്ടിരിക്കും.

"സാറെ,പൈപ്പിൽ വെള്ളംല്യാ..."

"സാറെ നാളേക്ക് വെറകില്ല്യാ.."

"സാറേ...അരി തീരാറായ്"

"സാറേ കഞ്ഞിക്കലം ഓട്ട്യായീ"

അവരുടെ സകല പരാതികളും തീർത്തുകൊടുക്കണം.

കുട്ടികളെ അദ്ധ്യാപകരേക്കാൾ ആധികാരികമായി അവർക്ക് ഗുണദോഷിക്കാൻ അർഹതയുണ്ടെന്ന് അവർ വഴക്കു പറഞ്ഞാലും പ്രതിഷേധിക്കാത്ത കുട്ടികൾ എന്നെ ബോധ്യപ്പെടുത്തിയിരുന്നു .ഒരുദിവസം രാവിലെ സരോജിനിയമ്മ സമീറയെ മടിയിലിരുത്തി പേനെടുത്തു കൊണ്ടിരിക്കുമ്പോളാണ് ഞാൻ സ്കൂളിൽ എത്തിയത്.രണ്ടു കൈകൊണ്ടും തലമാന്തി നടക്കുന്നതാണ് സമീറയുടെ മുഖമുദ്ര.കുളി വല്ലപ്പോഴും പഴകിയ ഉടുപ്പുകളായിരുന്നു അവളിട്ടിരുന്നത് ഒട്ടും വൃത്തിയായി നടക്കാൻ കഴിയാത്ത ആ ആറു വയസുകാരിയുടെ മുടിചീകി ഒതുക്കിയ അവർ എന്നെ നോക്കി ഒന്നു ദയനീയമായി ചിരിച്ചു.അന്ന് സ്വകാര്യമായി സരോജനിയമ്മ പറഞ്ഞു

"സാറേ...ഓള് ഇന്നലെ എവട്യാ..കെടന്നൊറങ്ങ്യേതെന്ന് സാറിനറിയോ..?"

"എവിട്യാ.. "

"കല്ലുവെട്ട് കുഴീല്..."

ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

"ബാപ്പ രണ്ടാം കെട്ടു കെട്ടീതാ..,ഉമ്മല്ലാത്ത കുട്ട്യാ.എളോമ്മ തല്ല്യോലോ..."

അച്ചടക്കമോ അടച്ചുറപ്പോ ഇല്ലാത്ത കുടുംബബന്ധങ്ങളിൽ ഇളയമ്മമാരും എളോപ്പമാരും  കുട്ടികളെ എത്രത്തോളം ശ്രദ്ധിക്കുമെന്ന് ഈ സ്കൂൾ കാലഘട്ടത്തിൽ ഞാൻ പഠിച്ചിരുന്നു.കാരണം അത്തരം പല കുട്ടികളും ഉണ്ടായിരുന്നു. ഇത്തരം കുട്ടികളെ സരോജിനയമ്മ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. കഞ്ഞി വിളമ്പുമ്പോൾ പ്രത്യേകിച്ചും.സ്കൂൾ വിട്ടു പോയ ശേഷം അവളെ പിന്നെ കണ്ടിട്ടില്ല. പുതിയ പുതിയ സമീറമാർ അവിടം കയ്യടക്കുമായിരുന്നു.ഞാൻ പെൻഷൻ പറ്റിയ ശേഷവും വളരെക്കാലം സരോജിനിയമ്മ സ്കൂളിൽ കഞ്ഞ്യമ്മയായി തുടർന്നു. ഇപ്പോൾ അവരുടെ മകളുടെ മകളാണ് സ്കൂൾ കുട്ടികളുടെ പുതിയ കഞ്ഞ്യമ്മ!

സരോജിനിയമ്മക്ക് കൈ വിറവന്ന് പാത്രം പൊക്കാൻ കഴിയാതാവുന്നത് വരെ അവർ സ്കൂളിൽ ഉണ്ടായിരുന്നു. തീരെ അവശയായി കിടപ്പിലാണെന്ന് കേട്ടറിഞ്ഞപ്പോൾ പലപ്പോഴും അവരെ ഒന്നു പോയി കാണണമെന്ന് കരുതിയിരുന്നു.നാട്ടിൽ ഇല്ലാത്തതു കൊണ്ട് സാധിച്ചിരുന്നില്ല.രണ്ടു വർഷം മുൻപാണ് അവർ സേവനം മതിയാക്കിയത് അവരുടെ യാത്രയയപ്പ് യോഗത്തിലേക്ക് എന്നെ അപ്പോളത്തെ ഹെഡ് മാസ്റ്റർ ക്ഷണിച്ചിരുന്നു. ഞങ്ങൾ വളരെ കുറച്ചു അദ്ധ്യാപകരെ ഉണ്ടായിരുന്നു.അന്നാണ് അവരെ ഞാൻ അവസാനമായി നല്ല നിലയിൽ കണ്ടത്. പിന്നീട് അവർക്ക് സുഖക്കെട് വർദ്ധിച്ചു.

ഒരുദിവസം അവരെ പോയി കാണണമെന്ന് വല്ലാതെ ഒരു തോന്നലുണ്ടായി, ഞാൻ ആ വീട് തെരഞ്ഞു പോയി.എനിക്ക് സത്യത്തിൽ ആ വീടിന്റെ ചുറ്റുപാടുകൾ അറിയില്ലായിരുന്നു. പലരോടും ചോദിച്ചറിഞ്ഞ് അവിടെ ചെന്നു കണ്ടു.പണ്ടെങ്ങാണ്ടോ പോയതാണ് ആ വീട്ടിൽ. ബൈപാസ് റോഡു വന്ന ശേഷം അതെവിടെയാണെന്ന് തിരിച്ചറിയാൻ പോലും പ്രയാസമായിരുന്നു.

"സാറു ..വന്നോ...?"

അവർ എന്റെ വിളികേട്ട് പ്രതികരിച്ചു.ഒരേ കിടപ്പിലായിരുന്നു. ഒരു കൊച്ചു വീട്ടിൽ. ഒരുകട്ടിലിൽ ചുരുണ്ടുകിടക്കുന്ന അവരെ ശുശ്രൂഷിക്കാൻ അടുത്ത് ആരുമില്ലായിരുന്നു. അവർ കുറെ പ്രാരാബ്ധങ്ങൾ പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു . മകൾ എവിടെയോ വീട്ടു വേലക്കു പോയിരിക്കയാണ്. വൈകിട്ട് തിരിച്ചു വരും.മകളുടെ മകൾ വിവാഹിതയായി ഭർത്താവിന്റെ വീട്ടിലാണ്.വല്ലാത്ത ഒരവസ്ഥയായിരുന്നൂ അത്.

എത്രയോ സ്കൂൾ കുട്ടികളെ ഊട്ടിവളർത്തിയ അവർക്കു ഈ വാർദ്ധക്യകാലത്ത് പെൻഷൻ പോലുള്ള ഒരുആനുകൂല്യങ്ങളും ഇല്ലല്ലോ. മകൾ തിരിച്ചെത്തുന്നതിനിടയിൽ അയൽവീട്ടിലെ ഒരു സ്ത്രീ ഇടക്കിടെ ഒന്നു വന്നു നോക്കും .എഴുന്നേറ്റു നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ !ഞാൻ പെൻഷൻ പറ്റിയ ശേഷവും അവരെ പലപ്പോഴും സ്കൂളിൽ വെച്ചു കണ്ടിരുന്നു .തീരെ കിടപ്പിലായശേഷം ഇത്രയും കാലം കാണാൻ പോവാഞ്ഞത് ശരിയായില്ല എന്ന തോന്നൽ എന്നെ വീർപ്പുമുട്ടിച്ചിരുന്നു.

തിരിച്ചു പോരാൻ നേരം കൈയിൽ കരുതിയ ഒരു ചെറിയ തുക അവരെ ഏൽപ്പിച്ചപ്പോൾ അവർക്ക് അതു കൈനീട്ടി വാങ്ങാൻ കഴിയില്ലെന്ന് അറിഞ്ഞു. അത് തലയിണക്കടിയിൽ വെച്ചോളാൻ അവർ പറഞ്ഞത് വല്ലാതെ വേദനിപ്പിച്ചു.അവരുടെ കാൽ തൊട്ടൊന്ന് തലയിൽ വെക്കുമ്പോൾ എന്റെ സ്പർശനം തിരിച്ചറിഞ്ഞിട്ടായിരിക്കാം ആ പാദങ്ങൾ ഒന്ന്  ഞെട്ടിയതായോർക്കുന്നു.

ഞാൻ മുൻപ് സ്കൂളിൽ ഉണ്ടായിരുന്ന എന്റെ സഹപ്രവർത്തകരോട് അവരുടെ ദയനീയ അവസ്ഥ പറഞ്ഞിരുന്നു. കൊറോണക്കാലം തുടങ്ങുന്നതിന് മുൻപായതുകൊണ്ട് എനിക്ക് ഒന്നു ചെന്നു കാണാനായി.കുറച്ചു കഴിഞ്ഞ് അവർ മരിച്ചു പോയി എന്ന വിവരം അറിഞ്ഞു.പക്ഷെ  ഒന്നു പോയി കാണാൻ പോലും കഴിയാത്ത സമയമായി കഴിഞ്ഞിരുന്നു നാട്ടിൽ. എന്താണ് ഞാൻ ഈ അദ്ധ്യാപകദിനത്തിൽ അവരെ ഓർത്തത് എന്നല്ലേ..?സെമീറയും സരോജിനി അമ്മയും സത്യത്തിൽ എന്റെ ജീവിതത്തിൽ വളരെ ആഴത്തിൽ സ്പർശിച്ച അദ്ധ്യാപകർ തന്നെയാണ്. അവരിലൂടെ വിശപ്പിന്റയും സാന്ത്വനത്തിന്റയും പാഠങ്ങൾ ഞാൻ പഠിക്കുകയായിരുന്നു.വിശപ്പും വായുവും ദാഹവുമാണ് ലോകജിവിതത്തിന്റെ അടിസ്ഥാനഘടകങ്ങൾ എന്ന സത്യം മറന്നു പോയ ഒരവസ്ഥയിലാവുകയാണീ ലോകജനത. ഇന്ന് ഭ്രാന്തമായ ചില മതവിശ്വാസങ്ങളെ മുറുകെ പിടിച്ചു സന്തുഷ്ടജീവിതത്തിന്റ സന്തുലിതാവസ്ഥ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകത്താണല്ലോ നമ്മൾ. സമ്പന്നതയും മതവും മനുഷ്യരെ അടിക്കടി അന്ധരാക്കുന്ന ഈ ലോകത്ത് ഇത്തിരി ഇല്ലായ്മയും വല്ലായ്മയും നിലനിൽക്കുന്നത് ഒരു കണക്കിന് നല്ലതാണെന്നു തോന്നിപ്പോകുന്നു. അപ്പോൾ സരോജിനി അമ്മയോടും സമീറയോടുമൊപ്പം മനുഷ്യത്വം എന്ന മൃദുലഭാവം കൂടി നിലനിൽക്കില്ലേഅവർ അങ്ങനെ പഠിപ്പിച്ചപോലെ തോന്നുന്നു…

റിട്ട: അധ്യാപകനാണ് ലേഖകന്‍
 

Content Highlights: teachers day 2024