ചേർത്തുപിടിച്ചും മുന്നോട്ട് നയിച്ചും വെളിച്ചമേകിയ അധ്യാപകർ, പുതിയ പാഠങ്ങൾ പകർന്ന് തരുന്ന വിദ്യാർഥികൾ

#അമൃത പാലത്തിങ്കൽ സന്തോഷ്
AI Image
AI Image

മ്മയില്‍ നിന്ന് ആദ്യാക്ഷരം പഠിച്ചുതുങ്ങുന്ന നമ്മളെല്ലാവരും പിന്നീട് മറ്റ് പലരില്‍നിന്നുമാണ് ജീവിതത്തിലെ പാഠങ്ങള്‍ പഠിക്കുന്നത്. അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക എന്നുകേള്‍ക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്ന ഒരുപാട് മുഖങ്ങളുണ്ടാകും നമുക്കെല്ലാവര്‍ക്കും. ഇപ്പോള്‍ അധ്യാപികയായി ജോലി ചെയ്യുന്ന എനിക്കുമുണ്ട് ഒരുപിടി ഓര്‍മ്മകള്‍. എല്‍.കെ.ജിയില്‍ ഡിക്‌റ്റേഷനില്‍ പൂജ്യം കിട്ടിയ എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് എല്ലാ വാക്കുകളും പഠിപ്പിച്ച്, പരീക്ഷ ഇട്ട് 'വെരി ഗുഡ്' പറഞ്ഞ് അഭിനന്ദിച്ച ഗ്രേസി ടീച്ചര്‍, വേദികളില്‍ കയറാന്‍ പേടിയായിരുന്ന എനിക്ക് അതിന് ധൈര്യം തന്ന എന്റെ നൃത്തധ്യാപകന്‍ നാട്യരത്‌ന മനോജ് മാസ്റ്റര്‍ അങ്ങനെ ഒരുപാട് പേര്‍. 

ജീവിതത്തില്‍ എന്താകണം എന്ന് ഒരു ലക്ഷ്യബോധവുമില്ലാതിരുന്ന എന്റെ മനസില്‍ അധ്യാപനത്തിന്റെ ചെറുവിത്ത് പാകിയത് ഹൈസ്‌കൂളിലെ എന്റെ ഇംഗ്ലീഷ് അധ്യാപകന്‍ ആണ്. പഠനത്തില്‍ ശരാശരിയായിരുന്ന എന്നെ വേദിയില്‍ പ്രസംഗിക്കാനും ഇംഗ്ലീഷ്  കവിത ചൊല്ലാനുമൊക്കെ മുന്നോട്ടുനയിച്ചത് ഹയര്‍ സെക്കന്‍ഡറി ക്ലാസിലെ എന്റെ ഇംഗ്ലീഷ് അധ്യാപകനാണ്. 

അന്നൊക്കെ അധ്യാപകരെ കാണുമ്പോള്‍ മനസില്‍ വിചാരിച്ചിട്ടുണ്ട്, അവരെ പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. പിന്നീട് ബി.എ. ഇംഗ്ലീഷ് കഴിഞ്ഞ് പി.ജി. പഠനം പൂര്‍ത്തിയാക്കിയത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ്. ബി.എ. പഠനത്തിനിടെ ഒരിക്കല്‍ ഒരു അധ്യാപിക ക്ലാസില്‍ പറയുകയുണ്ടായി, ഇംഗ്ലീഷ് സാഹിത്യമൊക്കെ ആസ്വദിക്കണം ജീവിതത്തിലെ കാഴ്ചപ്പാടൊക്കെ മാറണമെങ്കില്‍ വല്ല യൂണിവേഴ്‌സിറ്റിയിലും പഠിക്കണമെന്ന്. പഠനത്തില്‍ ശരാശരിയായ ഞാന്‍ ആദ്യമായി 90 ശതമാനത്തിലേറെ മാര്‍ക്കോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തി.

അവിടെ പഠിക്കുന്ന സമയം, കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെ.എല്‍.എഫ്) കാണാന്‍ വലിയ ആഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. ഹോസ്റ്റലിലെ സമയനിയന്ത്രണം കാരണം രാത്രി വൈകും വരെ ഇരുന്ന് കെ.എല്‍.എഫിലെ പരിപാടികള്‍ കാണുക അസാധ്യമായിരുന്നു. അന്ന് ഷെരീഫ് മാഷ് പറഞ്ഞു, 'നിങ്ങള്‍ പോയിട്ട് വാ ഞാന്‍ പെര്‍മിഷന്‍ എടുത്തു തരാം' എന്ന്. മാഷ് ജീവിതത്തില്‍ എനിക്ക് പകര്‍ന്നുതന്ന ധൈര്യം ചെറുതൊന്നുമല്ല. അതുപോലെ, സിനിമ എങ്ങനെ കാണണം എന്ന് പഠിപ്പിച്ചത് ജാനകി ടീച്ചറാണ്. അങ്ങനെ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ എന്റെ കാഴ്ചപ്പാട് അടിമുടി മാറ്റി. അതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്.  

'പെണ്‍കുട്ടികള്‍ക്ക് ടീച്ചര്‍ ജോലി ആണ് നല്ലത്. രാവിലെ പോയി വൈകുന്നേരം വീടെത്താം. അത് എളുപ്പവുമാണ്.' 

പി.ജിക്ക് ശേഷം ബി.എഡ്. പ്രവേശനം നേടുന്നതിന് മുമ്പായി എല്ലാവരും പറഞ്ഞ കാര്യമാണിത്. പൊതുബോധം. പക്ഷേ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറിയിലും പഠിച്ചപ്പോള്‍ സ്വപ്‌നം കണ്ടതുപോലെ എളുപ്പമല്ല അധ്യാപകരുടെ ജോലിയെന്നത് അധ്യാപികയാകാനുള്ള പരിശീലനത്തിന്റെ കാലത്ത് തന്നെ ഞാനും എന്റെ വീട്ടുകാരും തിരിച്ചറിഞ്ഞു. പിന്നീട് കോഴ്‌സ് പൂര്‍ത്തിയാക്കി താത്കാലിക ജോലിക്ക് കയറി. ബി.എഡ്ഡിന് ചേരുന്നതിന് മുമ്പ് പലരില്‍ നിന്ന് കേട്ട ആ പൊതുബോധം തെറ്റാണെന്നും അധ്യാപനമെന്നാല്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറുമുള്ള ജോലിയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. 

കോവിഡ് കാലഘട്ടത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയതായിരുന്നു അടുത്ത വെല്ലുവിളി. ഓണ്‍ലൈന്‍ കാലത്തെ ജോലി ഒറ്റയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതായപ്പോള്‍, ക്ലാസ് ടെസ്റ്റിന് ചോദ്യപ്പേപ്പര്‍ തയ്യാറാക്കാനും ഓണ്‍ലൈന്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താനും എന്നെ സഹായിച്ച പ്രിയസുഹൃത്തിനെയും ഈ അധ്യാപകദിനത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്. അതൊക്കെ കടന്ന് കാലം മുന്നോട്ട് പോയി. കേരളത്തിലേയും കര്‍ണാടകയിലേയുമൊക്കെ സ്‌കൂളുകളില്‍ ഞാന്‍ പഠിപ്പിച്ചു. ഇപ്പോള്‍ യു.എ.ഇയില്‍ എത്തിനില്‍ക്കുന്നു എന്റെ അധ്യാപന ജീവിതം. 

ഒരു കൊല്ലത്തിലെ പകുതിമുക്കലോളം കുട്ടികളുടെ കൂടെ ചിലവഴിക്കുന്ന എനിക്ക്, അവരെപ്പോലെ തന്നെ ചെറുപ്പമായി നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. ഞാന്‍ അവരുടെ അധ്യാപിക എന്നതുപോലെ, അവര്‍ എന്റെയും അധ്യാപകരവാറുണ്ട് പലപ്പോഴും. എവിടെയാണെങ്കിലും 'ടീച്ചറേ' എന്നോ 'മാം' എന്നോ വിളിച്ച് ഫോണിലും മെസേജിലുമെല്ലാമായി അവരുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന കുട്ടികള്‍. നമ്മുടെ മുഖമൊന്ന് വാടിയാല്‍,  ഒന്ന് വയ്യാണ്ടായാല്‍ ഓക്കേ അല്ലെ എന്ന് ചോദിച്ച് എനിക്കായി സങ്കടപ്പെടുന്ന കുട്ടികള്‍. ഒരു ദിവസം സ്‌കൂളില്‍ പോവണ്ടായാല്‍ അച്ഛനമ്മമാരെ കൊണ്ട് വിളിപ്പിക്കുന്ന കുട്ടികള്‍. വെറുതേ ഒപ്പമിരിക്കുമ്പോള്‍ 'ടീച്ചര്‍ക്ക് ഈ കളി ഞങ്ങള്‍ പഠിപ്പിച്ചുതരാം' എന്ന് പറഞ്ഞ് അവരുടെ പുതിയ കുട്ടിക്കളികള്‍ എന്നെ പഠിപ്പിക്കുന്ന എന്റെ മക്കള്‍. സ്‌നേഹം കൂടുമ്പോള്‍ അവരുടുതായ രീതിയില്‍ ചെറുസന്ദേശം കൊണ്ട് മൂടുന്നവര്‍... അങ്ങനെ ഓരോ നിമിഷവും വലുതായിക്കൊണ്ടിരിക്കുകയാണ് കുട്ടികളുടെ കൂടെയുള്ള എന്റെ ലോകം. 

സന്തോഷവും സങ്കടവും കലര്‍ന്ന ജീവിതം. കുട്ടികളുടെ കാര്യങ്ങളോര്‍ത്ത് വേവലാതിപ്പെട്ട് ഉറങ്ങാത്ത രാത്രികള്‍ വരെ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അവരാണ് അധ്യാപകരെ അധ്യാപകരാക്കി മാറ്റുന്നത്. പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും തീരുന്നില്ല അധ്യാപകരുടെ ജോലി. കാലം മാറുംതോറും പഠനരീതികളും മാറുകയാണ്. ഒരു ഫോണിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ എന്നപോലെ നമ്മളും അപ്‌ഡേറ്റഡ് ആയിക്കൊണ്ടിരിക്കുകയാണ്. 

ഉരുള്‍പൊട്ടല്‍ ദുരന്തം നാമാവശേഷമാക്കിയ ചൂരല്‍മലയും മുണ്ടക്കൈയും എന്റെ വയനാട്ടിലാണ്. അവിടെയുണ്ടായിരുന്ന വെള്ളര്‍മല സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പറഞ്ഞ വാചകമുണ്ട്, നാടിനെ തിരിച്ചുപിടിക്കാന്‍ സ്‌കൂളിനേ സാധിക്കൂ എന്ന്. ആ വാക്കുകളെ പലരീതിയില്‍ നമുക്ക് നോക്കിക്കാണാം. ദുരന്തമുഖത്ത് മാത്രമല്ല, എല്ലായിടത്തും ഭാവിയിലേക്കുള്ള തലമുറയെ രൂപകല്‍പ്പന ചെയ്യുന്ന ഇടമാണ് വിദ്യാലയങ്ങള്‍. അവിടെ അവരെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍. അതുകൊണ്ടുതന്നെ, വൈവിധ്യമാര്‍ന്ന കഴിവുകളും അതോടൊപ്പം മനുഷ്യത്വവുമുള്ള ഭാവിതലമുറയെ വളര്‍ത്താന്‍ ഞാനുള്‍പ്പെടെയുള്ള അധ്യാപകര്‍ ഓരോരുത്തരും പ്രാപ്തരാവേണ്ടതുണ്ട് എന്നാണ് അധ്യാപകദിനത്തില്‍ എന്റെ അഭിപ്രായമായി പറയാനുള്ളത്. 

(യു.എ.ഇയിലെ സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക. ഇ-മെയിൽ വിലാസം: amruthapalathingal93@gmail.com)

Content Highlights: Teachers' day special: Memoir by Amrutha Palathinkal Santhosh