അന്യം ഗുരുകടാക്ഷാത്.. | കവിത

വൃശ്ചികോത്സവം
രണ്ടാം ദിവസം.
പേരുകേട്ട ഗജവീരന്മാരെല്ലാം
അണിനിരന്നിരിക്കുന്നു.
പൂര്‍ണത്രയീശന്റെ തിരുമുറ്റം
മേളം, മന്ദം മന്ദം നടപ്പുരയിലേക്കു
നീങ്ങിക്കൊണ്ടിരിക്കുന്നു.
മുകളില്‍ ഊട്ടുപുരയുടെ
മാളികയുടെ അഴികള്‍ക്കിടയിലൂടെ
എഴുന്നള്ളിക്കുന്ന ഭഗവാനെ
നോക്കി പ്രാര്‍ഥിക്കുന്ന
അസംഖ്യം ഭക്തജനങ്ങള്‍.
മേളത്തിന്റെ ആരോഹണക്രമത്തിനനുസൃതമായ്
താളത്തിലലിഞ്ഞു മനസ്സും ശരീരവും ഒന്നാകുമ്പോള്‍
സഹൃദയരിലുളവാകുന്ന ആനന്ദം സഹസ്രദളപുഷ്പം പോലെ..
ആകാശത്തില്‍ നൃത്തം വെക്കുന്ന
അസംഖ്യം കൈകള്‍..
ഊട്ടുപുര മാളികയില്‍ നിന്നും
കുചേലവൃത്തത്തിലെ ലളിതപദങ്ങള്‍
അലയൊലിയായി ഒഴുകി
ക്ഷേത്രപരിസരത്തെ
ഭക്തിസാന്ദ്രമാക്കിയിരിക്കുന്നു.
കുചേലനായി, പ്രശസ്തനായ
നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും
ശ്രീകൃഷ്ണനായി കലാമണ്ഡലം ബാലസുബ്രഹ്‌മണ്യനും.
അതിഥിപൂജയെല്ലാം കഴിഞ്ഞ്
ഭഗവാനും കുചേലനും ബാല്യം അനുസ്മരിക്കുന്ന
വിശേഷതയാര്‍ന്ന മുഹൂര്‍ത്തം.
സാന്ദീപനിയുടെ ആശ്രമത്തിലെ
ഗുരുകുലവാസത്തിനിടയില്‍
മഹര്‍ഷിയുടെ നിര്‍ദേശപ്രകാരം
ഇന്ധനസമ്പാദനത്തിനായി
വനത്തില്‍ പോയതും
അതിനിടയില്‍ സന്ധ്യ വന്നതും
അതിനെത്തുടര്‍ന്നു വന്ന ഘോരമായ മഴ
വിഷമത്തിലാക്കിയതുമെല്ലാം സവിസ്തരം,
അഭിനയചാതുരിയോടെ അവതരിപ്പിച്ചു.
രാത്രിയേറെ ചെന്നിട്ടും പ്രിയബാലകരെ കാണാതെ
മഹര്‍ഷി തെരഞ്ഞെത്തിയതും
ആംഗിക-വാചികാഭിനയങ്ങളിലൂടെ ഹൃദ്യമായി പ്രകടിപ്പിച്ചു.
സദസ്സ് വിസ്മയ പ്രപഞ്ചത്തിലെത്തിയ സന്ദര്‍ഭത്തിലാണ്
കോട്ടക്കല്‍ മധുവിന്റെ കണ്ഠത്തില്‍ നിന്നും
ആ പദം ഒഴുകി വന്നത്.
'..അന്യം ഗുരുകടാക്ഷാല്‍ ഒന്നു വേണമെന്നുണ്ടോ..'?
ഇരുവരും പോയ്പോയ കാലത്തിന്റെ
മധുരസ്മൃതികളില്‍ ഊളിയിട്ടിറങ്ങി.
ആ ആശ്രമജീവിതം അനുസ്മരിക്കും വിധം
വിദൂരതകളില്‍ കണ്ണും നട്ട് ഏറെ നേരം..
ആ കണ്ണുകള്‍ അഭിനയത്തിനുമപ്പുറം ഈറനണിഞ്ഞത് ദൃശ്യമായി.
ആ സുവര്‍ണ നിമിഷങ്ങള്‍ ആസ്വാദകരിലുണ്ടാക്കിയ
വിശേഷമായ ആനന്ദം പറഞ്ഞറിയിക്കാനാവില്ല..
ഗുരുസ്മരണയിലൂടെ വളര്‍ന്നു വന്ന
പഴയ കാലങ്ങളിലെ ഇളം തലമുറകള്‍ക്കെല്ലാം
ആ സൗഭാഗ്യം സിദ്ധിക്കാനായി.
ഇന്നോ? കേവലമായ യാന്ത്രികതയില്‍ ജീവിക്കുന്ന
ആധുനിക മനുഷ്യന് ഇതെല്ലാം അന്യമാണ്. അപ്രാപ്യമാണ്.
Laurence Durrel പറഞ്ഞതു പോലെ We are dying without being properly lived...
Content Highlights: poem by Jishnu R Pisharadi