കേരള സൂപ്പര്‍ലീഗ്; കൊമ്പന്‍സ് 2.0 ഒരുങ്ങുന്നു

കേരള സൂപ്പർ ലീഗിന്റെ രണ്ടാംസീസണിനു മുന്നോടിയായി തിരുവനന്തപുരം കൊമ്പൻസിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചശേഷം രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിഭായി ടീമിനൊപ്പം
കേരള സൂപ്പർ ലീഗിന്റെ രണ്ടാംസീസണിനു മുന്നോടിയായി തിരുവനന്തപുരം കൊമ്പൻസിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചശേഷം രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിഭായി ടീമിനൊപ്പം

തിരുവനന്തപുരം : തലസ്ഥാനത്തെ ഫുട്ബോള്‍ പാരമ്പര്യം പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടെടുത്ത് തിരുവനന്തപുരം കൊമ്പന്‍സ് കേരള സൂപ്പര്‍ലീഗിന്റെ രണ്ടാം സീസണിനായി ഒരുങ്ങുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കാല്‍പ്പന്തിന്റെ ആരവങ്ങള്‍ വീണ്ടുമുയര്‍ത്തി ഒക്ടോബര്‍ ആദ്യവാരം സൂപ്പര്‍ലീഗില്‍ കൊമ്പന്‍സിന്റെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ആദ്യ സീസണില്‍ ടൂര്‍ണമെന്റില്‍ സെമിഫൈനല്‍ വരെയെത്തി നാലാംസ്ഥാനക്കാരായാണ് കൊമ്പന്‍സ് വരവറിയിച്ചത്.

ഇത്തവണ കിരീടം ലക്ഷ്യമിട്ട് ആറ് ബ്രസീലുകാരുള്‍പ്പെടെ വമ്പന്‍ ടീമിനെയാണ് അവതരിപ്പിക്കുന്നത്. ഐറിഷുകാരനായ ജെയിംസ് മക്ലൂണാണ് പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം കാളി അലാവുദ്ദീനാണ് ഇത്തവണയും സഹപരിശീലകന്‍. ഐഎസ്എലിലും ഐ ലീഗിലുമായി പ്രതിഭ തെളിയിച്ച മികവുറ്റ ഒരുപിടി താരങ്ങളാണ് കൊമ്പന്‍സിന്റെ ജഴ്സിയില്‍ ഇറങ്ങുന്നത്. കേരളത്തിന്റെ സ്വന്തം കളിക്കാരും ഇവരോടൊപ്പം ചേരുന്നുണ്ട്. ടൂര്‍ണമെന്റിനായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗ്രൗണ്ട് ഉള്‍പ്പെടെ പുനര്‍നിര്‍മിക്കുന്നുണ്ട്.

ഐറിഷ് പരിശീലകന്‍; ആറ് ബ്രസീലുകാരും

വിയറ്റ്നാം ക്ലബ്ബായ റൈസിങ് സ്റ്റാറിന്റെ പരിശീലകനായ അയര്‍ലന്‍ഡുകാരനായ ജെയിംസ് മക്ലൂണാണ് കൊമ്പന്‍സ് ടീമിന്റെ ആശാന്‍. ബ്രസീലുകാരനായ സെര്‍ജിയോ അലക്സാന്ദ്രേയ്ക്ക് പകരക്കാരനായാണ് ജെയിംസ് മക്ലൂണിന്റെ വരവ്. റൈസിങ് സ്റ്റാര്‍ ക്ലബ്ബിനെ വിയറ്റ്നാം അമെച്ചര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയ പരിശീലകനാണ് ജെയിംസ് മക്ലൂണ്‍. കഴിഞ്ഞ തവണത്തെപ്പോലെ ആറ്് ബ്രസീലിയന്‍ കളിക്കാര്‍ ഇത്തവണയും കൊമ്പന്‍സിനൊപ്പമുണ്ടാകും. ക്യാപ്റ്റന്‍ പാട്രിക് മോത്ത, കഴിഞ്ഞ തവണത്തെ ഗോള്‍ വേട്ടക്കാരന്‍ ഔതമര്‍ ബിസ്പോ എന്നിവര്‍ ഇത്തവണയും ബ്രസീലില്‍നിന്ന് ടീമിനൊപ്പം ചേരും.

ഇവര്‍ക്കുപുറമേ പ്രതിരോധനിരക്കാരായ യൂറി കാര്‍വാലോ, ഫിലിപ്പെ ആല്‍വെസ്, വിങ്ങര്‍ റൊണാള്‍ഡ് മക്ലിസ്റ്റ്, മുന്നേറ്റനിരക്കാരന്‍ പൗലോ വിക്ടര്‍ എന്നീ ബ്രസീലിയന്‍ കളിക്കാരും കൊമ്പന്‍സിനൊപ്പം ചേര്‍ന്നുകഴിഞ്ഞു.

Content Highlights: Thiruvananthapuram Kombans ready for Kerala Premier League Season 2. Aiming for the title with a new coach, Brazilian players, and top talent.