കൊമ്പന്‍മാര്‍ക്ക് ഇത്തവണയും ബ്രസീലിയന്‍ കരുത്ത്; സൂപ്പര്‍ ലീഗ് കേരളയ്‌ക്കൊരുങ്ങി തിരുവനന്തപുരം കൊമ്പന്‍സ്

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന്റെ ആദ്യസീസണില്‍ ബ്രസീലിയന്‍ കരുത്തില്‍ സെമിഫൈനല്‍വരെയെത്തിയ തിരുവനന്തപുരം കൊമ്പന്‍സ് ഇത്തവണ കൂടുതല്‍ കരുത്തരാണ്. ക്യാപ്റ്റന്‍ പാട്രിക് മോത്ത, ഗോള്‍വേട്ടക്കാരില്‍ ടീമില്‍ ഒന്നാമതായിരുന്ന ഔതമര്‍ ബിസ്‌പോ എന്നിവരുള്‍പ്പെടെ ഇത്തവണയും ആറ് ബ്രസീലുകാരുണ്ട്.
ഐറിഷുകാരനായ ജെയിംസ് മക്ലൂണാണ് പരിശീലകന്‍. സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം കാളി അലാവുദ്ദീനുണ്ട്. ജിവി രാജാ സ്‌കൂളിന്റെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ടീം തീവ്രപരിശീലനത്തിലാണ്. ആദ്യ സീസണില്‍ മൂന്നു ജയവും നാലു സമനിലയും മൂന്ന് പരാജയവുമായി നാലാംസ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യസീസണില്‍ കോഴിക്കോട് കഴിഞ്ഞാല്‍ കൂടുതല്‍ കാണികളെത്തിയത് കൊമ്പന്‍സിന്റെ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ്. വ്യവസായപ്രമുഖരുള്‍പ്പെട്ട തിരുവിതാംകൂര്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് ടീം ഉടമകള്‍.
ബ്രസീല്‍ കരുത്ത്
മധ്യനിരയില്‍ കളംനിറഞ്ഞുകളിച്ച ക്യാപ്റ്റന്‍ പാട്രിക് മോത്തയും മുന്നേറ്റങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ബിസ്‌പോയുമായിരുന്നു ആദ്യസീസണില്‍ കൊമ്പന്റെ ശക്തി. ഇവര്‍ക്കുപുറമേ പ്രതിരോധത്തില്‍ യൂറി കാര്‍വാലോ, ഫിലിപ്പെ ആല്‍വെസ്, മുന്നേറ്റനിരയില്‍ റൊണാള്‍ഡ് മക്ലിസ്റ്റ്, പൗലോ വിക്ടര്‍ എന്നീ ബ്രസീലിയന്‍ കളിക്കാരും കൊമ്പന്‍സിനൊപ്പം ചേര്‍ന്നുകഴിഞ്ഞു.
ഐഎസ്എല്‍ താരങ്ങള്‍ അണിനിരക്കും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് എന്നിവയില്‍ തിളങ്ങിയിട്ടുള്ള മറുനാടന്‍ താരങ്ങളും മലയാളികളും ടീമിന് കരുത്താകും. അണ്ടര്‍ 23 ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ താരവുമായിരുന്ന മണിപ്പുര്‍ സ്വദേശി സലാം രഞ്ജന്‍സിങ്ങാണ് പ്രതിരോധനിരയെ നയിക്കുക. മണിപ്പുരുകാരായ പ്രതിരോധതാരം സാരിഫ്ഖാന്‍, മിഡ്ഫീല്‍ഡര്‍ രോഹന്‍സിങ് എന്നിവരും ടീമിലുണ്ട്. അസം സ്വദേശിയും ഐ ലീഗ് താരവുമായ സത്യജിത്, ഐഎസ്എല്‍ താരമായ ന്യൂഡല്‍ഹി സ്വദേശി ആര്യന്‍ സറോഹ എന്നിവര്‍ ഗോള്‍കീപ്പര്‍മാരാകും.
മിഡ്ഫീല്‍ഡില്‍ ജമ്മു താരം രാഘവ് ഗുപ്തയും ഇറങ്ങും. സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റന്‍ വിഘ്‌നേഷ്, ഷിഹാദ് നെല്ലിപ്പറമ്പന്‍, മുഹമ്മദ് അഷര്‍, മുഹമ്മദ് ഷാഫി, ഖാലിദ് റോഷന്‍ എന്നിവരാണ് മുന്നേറ്റത്തിലെ മലയാളി സാന്നിധ്യം.
ഗോകുലം കേരള ക്യാപ്റ്റനായിരുന്ന ബിപിന്‍ ബോബനും കോവളം എഫ്‌സിയുടെ എം. മനോജ്, പി.എം. അക്ഷയ്, തമിഴ്‌നാട്ടുകാരനായ ഷാരോണ്‍ എന്നിവരും മധ്യനിരയില്‍ ഇറങ്ങും. ഷാനിദ് വാലന്‍, അഖില്‍ ജെ. ചന്ദ്രന്‍, അബ്ദുള്‍ ബാദിഷ്, ആര്‍. ഷിനു, മുഹമ്മദ് സനൂദ് എന്നിവരാണ് പ്രതിരോധത്തിലെ കേരള സാന്നിധ്യം. നട്വര്‍ലാലാണ് ടീം മാനേജര്‍.
ഐറിഷ് കോച്ച്
വിയറ്റ്‌നാം, ദക്ഷിണകൊറിയ, ബംഗ്ലാദേശ് ലീഗുകളില്‍ മികച്ച റെക്കോഡുള്ള അയര്‍ലന്‍ഡുകാരനായ ജെയിംസ് മക്ലൂണാണ് കൊമ്പന്‍സ് ടീമിന്റെ ആശാന്‍. ബ്രസീലുകാരനായ സെര്‍ജിയോ അലക്‌സാന്ദ്രേക്ക് പകരക്കാരനായാണ് ജെയിംസ് മക്ലൂണിന്റെ വരവ്. വിയറ്റ്‌നാമിലെ സ്‌പോര്‍ട്ടിങ് സായഗോണ്‍ ടീമിനെ തുടര്‍ച്ചയായി ലീഗ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്.
Content Highlights: Thiruvananthapuram Kombans gear up for Super League Kerala season 2 with strong Brazilian contingent, ISL/I-League stars, and promising local talent. A fierce contender!