കേരള സൂപ്പർലീഗ് ഫുട്‌ബോൾ: കൊമ്പൻസ് നാളെ ഇറങ്ങുന്നു

തിരുവനന്തപുരം: അന്താരാഷ്ട നിലവാരമുള്ള ഫുട്‌ബോൾ മത്സരങ്ങൾക്കൊരുങ്ങി തലസ്ഥാനം. കേരള സൂപ്പർലീഗിന്റെ രണ്ടാം സീസണിൽ തലസ്ഥാനത്തിന്റെ സ്വന്തം ടീം തിരുവനന്തപുരം കൊമ്പൻസ് ഞായറാഴ്ച കളത്തിലിറങ്ങും. വൈകീട്ട് 7.30-ന് കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുമായാണ് ആദ്യ മത്സരം. ഒക്‌ടോബർ 10-ന് മലപ്പുറം എഫ്‌സി, 30-ന് കാലിക്കറ്റ് എഫ്‌സി, നവംബർ 13-ന് ഫോഴ്‌സ് കൊച്ചി എഫ്‌സി, 21-ന് തൃശ്ശൂർ മാജിക് എഫ്‌സി എന്നിവരുമായാണ് ടൂർണമെന്റിലെ മറ്റ് മത്സരങ്ങൾ. കഴിഞ്ഞ തവണത്തെ ടീമിൽ രണ്ട് ബ്രസീലിയൻ താരങ്ങളുൾപ്പെടെ 11 പേരെ നിലനിർത്തിയാണ് രണ്ടാം സീസണിൽ കൊമ്പൻസ് കളത്തിലിറങ്ങുന്നത്.
പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളും ഇന്ത്യൻ പ്രതിഭകളും ഉൾപ്പെടുന്ന ശക്തമായ ടീമിനെയാണ് ക്ലബ്ബ് ഈ സീസണിൽ അവതരിപ്പിക്കുന്നത്. കോവളം എഫ്‌സിയിലുൾപ്പെടെ പ്രതിഭ തെളിയിച്ച തലസ്ഥാനത്തിന്റെ താരങ്ങളും കൊമ്പൻസിന്റെ ഭാഗമാണ്. കഴിഞ്ഞ തവണത്തെ ക്യാപ്റ്റൻ ബ്രസീലിയൻ മധ്യനിരതാരം പാട്രിക് സിൽവ മോട്ട നായകനായി തുടരും. ബ്രസീലിയൻ സ്ട്രൈക്കർ ഔതമർ ബിസ്‌പോ, മലയാളി താരം ബിബിൻ ബോബൻ, പ്രതിരോധത്തിലെ കരുത്തൻ സലാം രഞ്ജൻ സിങ് എന്നിവരാണ് ഉപനായകന്മാർ. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ഏറ്റവും കൂടുതൽ കാണികളെത്തിയ ഇടങ്ങളിലൊന്നാണ് ചന്ദ്രശേഖരൻ നായർ സ്‌േറ്റഡിയം. മത്സരങ്ങൾ സോണി ടെൻ, ഡിഡി മലയാളം ചാനലുകളിൽ ലൈവായി കാണാം.
ഇത്തവണത്തെ കൊമ്പൻമാർ
മുന്നേറ്റനിരയിൽ കഴിഞ്ഞ സീസണിൽ അഞ്ച് ഗോളടിച്ച് ടീമിന്റെ ടോപ് സ്‌കോറർ ആയിരുന്ന ഔതമർ ബിസ്‌പോയാണ് ടീമിന്റെ കുന്തമുന. നിർണായക നിമിഷങ്ങളിൽ ഗോളടിക്കാൻ കഴിവുള്ള ബ്രസീലിയൻ താരമാണ് ഔതമർ ബിസ്‌പോ. ഈസ്റ്റ് ബംഗാളിന് കളിച്ച 19-കാരനായ ഇന്ത്യൻ സ്ട്രൈക്കർ ഖാലിദ് റോഷൻ, കോവളം എഫ്സി താരം മുഹമ്മദ് ഷാഫി, ബ്രസീലിലും യൂറോപ്പിലും കളിച്ചിട്ടുള്ള ബ്രസീലിയൻ സ്ട്രൈക്കർ പോളോ വിക്ടർ ലിമ സിൽവ, ബ്രസീലിയൻ സെന്റർ ഫോർവേഡ് റൊണാൾഡ് മക്കലിസ്റ്റൻ, കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങളായ ഷിഹാദ് നെല്ലിപ്പറമ്പൻ, വിഘ്നേഷ് മരിയ എന്നിവരാണ് മറ്റ് മുന്നേറ്റനിര താരങ്ങൾ.
കളിയുടെ ഗതി നിയന്ത്രിക്കുന്നതിൽ മിടുക്കുള്ള നായകൻ പാട്രിക് സിൽവ മോട്ടയാണ് മധ്യനിരയുടെ നെടുംതൂൺ. ഇന്ത്യൻ താരം അബ്ദുൾ ബാദിഷ്, കോവളം എഫ്സി താരം പി.എം.അക്ഷയ്, ഗോകുലം കേരളയിൽ കളിച്ചിട്ടുള്ള ബിബിൻ ബോബൻ, ഇന്ത്യൻ താരം മുഹമ്മദ് അഷർ, റിയൽ കശ്മീർ താരങ്ങളായിരുന്ന രാഘവ് ഗുപ്ത, റോഹൻ സിങ് എന്നിവരാണ് മധ്യനിരയിലെ മറ്റ് താരങ്ങൾ.
കേരളത്തിന്റെ കരുത്തനായ സെന്റർബാക്ക് അഖിൽ ജെ. ചന്ദ്രൻ, ബ്രസീലിയൻ താരങ്ങളായ ഫിലിപ്പെ ആൽവ്‌സ്, ലൂറി ഡി കാർവാലോ ലിമ, മലയാളി താരം എം.മനോജ്, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായിരുന്ന എം. മനോജ്, മുഹമ്മദ് സനൂത്ത്, ഐഎസ്എൽ താരം മുഹമ്മദ് ഷെരീഫ് ഖാൻ, ഇന്ത്യൻ സീനിയർ, അണ്ടർ-23 ടീമുകളിൽ കളിച്ച സലാം രഞ്ജൻ സിങ്, മലയാളി താരം ഷാനിദ് വലൻ, ആർ.ഷിനു എന്നിവരാണ് പ്രതിരോധ ഭടൻമാർ.
ആര്യൻ സരോഹ, സത്യജിത് ബോർഡോലോയ്, ശ്രീരാജ് രാജീവ് എന്നിവരാണ് വല കാക്കുന്നത്.
ഐറിഷുകാരനായ ജയിംസ് മക്‌ലൂണാണ് പരിശീലകൻ. മുൻ ഇന്ത്യൻ താരം കാളി അലാവുദ്ദീനാണ് ഇത്തവണയും സഹപരിശീലകൻ. ബാലാജി നരസിംഹനാണ് ഗോൾകീപ്പിങ് കോച്ച്. ഓസ്ട്രേലിയക്കാരനായ ഫിൻഡൻ ലെയ്‌നാണ് സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച്.
ടീം ജഴ്‌സി പ്രകാശനം ചെയ്തു
വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കൊമ്പൻസിന്റെ രണ്ടാം സീസണിന്റെ ടീമിനെ മുൻ ഡിജിപി ജേക്കബ് പുന്നൂസ് പരിചയപ്പെടുത്തി. കൊമ്പൻസ് എഫ്‌സി മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ, ടീം ഡയറക്ടർമാരായ ടി.ജെ.മാത്യു, ആർ. അനിൽകുമാർ, എൻ.എസ്.അഭയകുമാർ, ടെറൻസ് അലക്‌സ് എന്നിവർ ചേർന്ന് ജഴ്‌സി പ്രകാശനം ചെയ്തു. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, വ്യവസായികളായ ബേബി മാത്യു സോമതീരം, കെ.ശ്രീകാന്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്‌റ്റേഡിയം നവീകരിച്ചു
ചാമ്പ്യൻഷിപ്പിനായി ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം കൊമ്പൻസ് ടീം നവീകരിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ രണ്ട് ഡ്രസിങ് റൂം നിർമിച്ചിട്ടുണ്ട്. കൂടാതെ ഗാലറിയിലും നിർമാണപ്രവൃത്തികൾ നടത്തി. മൈതാനം പുതിയ പുല്ല് വച്ച് പുതുക്കി. കഴിഞ്ഞ മൂന്നുമാസമായി മൈതാനം മത്സരത്തിനായി ഒരുക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഫ്ളഡ്‌ലൈറ്റ് സ്റ്റാൻഡും പുതുതായി നിർമിച്ചിട്ടുണ്ട്.
Content Highlights: kombans fc squad slk