കണക്കുപഠിപ്പിക്കാനെത്തി, കലോത്സവത്തിന് സംഘനൃത്തം പഠിപ്പിച്ചു; കണക്കുകൂട്ടലുകള്‍ തെറ്റാതെ എ ഗ്രേഡ്

സബ്ജില്ലയില്‍ മത്സരം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ എന്റെ കൈകളില്‍ കിട്ടുന്നത്. ഇന്ന് എന്റെ കുട്ടികള്‍ സംസ്ഥാന കലോത്സവ വേദിയില്‍ എത്തിനില്‍ക്കുന്നു. വിശ്വസിക്കാനാവുന്നില്ലെനിക്ക്- പറയുന്നത് പത്തനംതിട്ട കോന്നിയിലെ റിപബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ സംഘനൃത്തം പരിശീലിപ്പിച്ച ഭാഗ്യ ടീച്ചര്‍.
വര്‍ഷങ്ങള്‍ നീണ്ട പ്രവൃത്തിപരിചയമുള്ള അധ്യാപകരുടെ കീഴില്‍ മാസങ്ങളോളം പരിശീലനം സിദ്ധിച്ച സംഘനൃത്ത ടീമുകള്‍ വേദിയിലെത്തുമ്പോള്‍ 24 കാരിയായ ഭാഗ്യ ടീച്ചര്‍ക്കും ടീച്ചറുടെ കുട്ടികള്‍ക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവം ആദ്യ അനുഭവമാണ്, കന്നിയങ്കവും.
പത്തനംതിട്ട കോന്നിയിലെ റിപബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് ബി എഡ് ട്രെയിനിങ്ങിനെത്തിയതാണ്
നര്‍ത്തകി കൂടിയായ ഭാഗ്യ ടീച്ചര്‍.
സബ് ജില്ലാതല മത്സരത്തിന് കുട്ടികളെ സംഘനൃത്തം പഠിപ്പിക്കാന്‍ ആരെ വിളിക്കും എന്നാലോചിരിക്കുമ്പോഴാണ് ടീച്ചറിന്റെ വരവെന്ന് സ്‌കൂളിലെ അധ്യാപികയായ ശ്രീജ ടീച്ചര്‍ പറയുന്നു. കണക്കിനു പകരം ടീച്ചര്‍ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സംഘനൃത്തത്തിന് ഒന്നാം സ്ഥാനം ലഭിച്ച കണ്ണകി കോമ്പോസിഷനാണ് ടീച്ചര്‍ കൊറിയോഗ്രഫി ഒരുക്കിയത്.
വെറും രണ്ടര ആഴ്ചയ്ക്കുള്ളിലാണ് സബ്ജില്ലക്കുവേണ്ടി തയ്യാറെടുത്തത്. ഡാന്‍സിനായി ഉപയോഗിച്ച പ്രോപ്പര്‍ട്ടിയില്‍ ചെറിയ പിശക് വന്നതിനെത്തുടര്‍ന്ന അപ്പീല്‍ വഴിയാണ് ജില്ലാതല മത്സരത്തിനെത്തിയത്.
പക്ഷേ മധുരപ്രതികാരമെന്നോണം അവിടെ നിന്നും ഫസ്റ്റ് ലഭിച്ചാണ് സംസ്ഥാന തലത്തിലേക്കെത്തുന്നത്. ഇവിടെ മത്സരിക്കാനായതു തന്നെ ഭാഗ്യമെന്ന് കരുതുന്ന ഞങ്ങള്‍ മടങ്ങുന്നത് എ ഗ്രേഡുമായാണ്. ഇതില്‍പ്പരം സന്തോഷം മറ്റൊന്നുമില്ല, ഭാഗ്യ പറയുന്നു.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന ഭാഗ്യടീച്ചര്‍ക്ക് നൃത്തം പാഷനും അധ്യാപനം പ്രൊഫഷനുമാണ്. ഭരതനാട്യവും നാടോടി നൃത്തവുമാണ് ടീച്ചര്‍ക്ക് ഏറ്റവുമിഷ്ടം.
Content Highlights: kerala school kalolsavam group dance