രണ്ടാം വരവിലും തിളങ്ങി ആടുതോമ; രണ്ടാം വാരവും നിറഞ്ഞ സദസ്സില്‍ 'സ്ഫടികം' പ്രദര്‍ശനം തുടരുന്നു

28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തിയ സ്ഫടികം രണ്ടാം വാരവും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. 'സ്ഫടിക'ത്തിന്റെ 4K പതിപ്പ് ഫെബ്രുവരി ഒന്‍പതിനാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് റീറിലീസ് ചെയ്തത്.
റീറിലീസ് ചെയ്ത സിനിമകളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി 'സ്ഫടികം' മാറിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 1995 മാര്‍ച്ച് 30-നാണ് സ്ഫടികം ആദ്യം റിലീസ് ചെയ്തത്. ചിത്രം 4k മികവോടെ തിയേറ്ററില്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും സ്ഫടികത്തിന്റെ തിയേറ്റര്‍ അനുഭവം പകരം വയ്ക്കാനാകാത്തതാണെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ഒരു പാരന്റിംഗ് പാഠം കൂടിയാണ് ചിത്രമെന്നും ആളുകള്‍ പറയുന്നു.
അതേസമയം, ചില പുതിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതിനാല്‍ എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യം കൂടിയതാണ് പുതിയ പതിപ്പ്. റീറിലീസ് ചെയ്ത കോപ്പി മൂന്ന് വര്‍ഷത്തേയ്ക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറക്കില്ലെന്ന് സംവിധായകന്‍ ഭദ്രന്‍ അറിയിച്ചിട്ടുണ്ട്. ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ് സാധ്യമാക്കിയത്. ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ 'ഏഴിമലപൂഞ്ചോല' എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.
Content Highlights: mohanlal bhadran movie spadikam housefull shows in second week