സര്‍വീസസിന്റെ മലയാളി പ്രതിരോധം

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ മലയാളി പ്രതിരോധനിരയുമായി കളിക്കുന്ന ടീം കേരളം മാത്രമാണെന്നു കരുതിയാല്‍ തെറ്റി. മറ്റൊരു ടീംകൂടിയുണ്ട്, പട്ടാള ടീമായ സര്‍വീസസ്. മുന്‍ചാമ്പ്യന്മാരായ സര്‍വീസസിന്റെ പ്രതിരോധം കാക്കുന്നത് കേരളത്തില്‍നിന്നുള്ള കളിക്കാരാണ്.
സെന്‍ട്രല്‍ ഡിഫന്‍സില്‍ ബി. സുനിലും പി.പി. ഷഫീലും ഇടതുവിങ് ബാക്കായി അമല്‍ദാസ്, വലതുവിങ്ബാക്കായി ജിജോ ജെറോണ്‍. ഇവര്‍ക്കുപുറമേ പകരക്കാരനായി ഇറങ്ങാന്‍ മലയാളി വേരുകളുള്ള സൗഭാഗ്യനും. ഫൈനല്‍റൗണ്ടില്‍ സര്‍വീസസ് കളിച്ച മൂന്നു മത്സരങ്ങളിലും മലയാളി പ്രതിരോധനിരയായിരുന്നു ടീമിന്. മൂന്നു കളികളില്‍ രണ്ടുഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്. ഇവര്‍ക്കുപുറമേ മധ്യനിരയില്‍ മലയാളി താരം എം. ആദര്‍ശും കളിക്കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയായ സുനിലിന് രണ്ടാം സന്തോഷ് ട്രോഫിയാണ്. കഴിഞ്ഞതവണ മഞ്ചേരിയിലും കളിച്ചിരുന്നു. ദേശീയ ഗെയിംസില്‍ വെങ്കലംനേടിയ ടീമില്‍ അംഗമായിരുന്നു. ഇത്തവണ മേഘാലയക്കെതിരേ ഗോളുംനേടി. കരസേനയിലാണ് ജോലിചെയ്യുന്നത്.
2018-ല്‍ സര്‍വീസസ് കിരീടം നേടിയപ്പോള്‍ തിരുവനന്തപുരത്തുകാരന്‍ ജിജോ ടീമിലുണ്ടായിരുന്നു. ടീമിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍കൂടിയാണ്. വ്യോമസേനയിലാണ്. കോഴിക്കോട് സ്വദേശിയായ ഷെഫീലിന്റെ ആദ്യ സന്തോഷ് ട്രോഫിയാണിത്. കരസേനയിലാണ് ജോലി. തൃശ്ശൂര്‍ സ്വദേശിയാണ് അമല്‍ദാസ്. കഴിഞ്ഞതവണത്തെ സന്തോഷ് ട്രോഫിയിലും ദേശീയ ഗെയിംസിലും ടീമിനായി കളിച്ചു. വ്യോമസേനയിലാണ് ജോലി.
കാസര്‍കോടുകാരനായ മധ്യനിരതാരം ആദര്‍ശ് കഴിഞ്ഞതവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി പ്രാഥമികറൗണ്ടില്‍ കളിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നേവിയില്‍ ജോലിലഭിച്ചതോടെ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ കഴിഞ്ഞില്ല. സര്‍വീസസിനായി ആദ്യ സന്തോഷ് ട്രോഫിയാണ്. ഡ്യൂറന്‍ഡ് കപ്പിലും കളിച്ചു. സൗഭാഗ്യന്റെ മാതാപിതാക്കല്‍ കൊല്ലം സ്വദേശികളാണ്. ഇപ്പോള്‍ ഇന്ദോറിലാണ് താമസം. കരസേനയിലാണ്. ആദ്യ സന്തോഷ് ട്രോഫിയാണ്.
Content Highlights: santosh trophy 2023 kerala players in Services defence