മഹാരാഷ്ട്രക്കെതിരേ ജയിക്കാതെ വയ്യ; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിര്‍ണായക മത്സരം

ഭുവനേശ്വര്‍: മികച്ച കളി പുറത്തെടുക്കുക, ജയിക്കുക. മറ്റൊന്നും ചിന്തിക്കാനില്ല. പരിശീലനത്തിനുശേഷം പരിശീലകന്‍ പി.ബി. രമേഷ് പറഞ്ഞതിലുണ്ട് എല്ലാം. സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ നിര്‍ണായക പോരാട്ടത്തിനാണ് കേരളം ചൊവ്വാഴ്ച ബൂട്ടുകെട്ടുന്നത്. ഉച്ചയ്ക്ക് മൂന്നുമണിക്ക് കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയാണ് എതിരാളി.
ഫോര്‍മേഷന്‍ മാറും
ആദ്യകളിയില്‍ ഗോവയെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ കര്‍ണാടകയോട് തോറ്റു. ഇതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. മൂന്ന് പോയന്റുള്ള കേരളം എ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ഇനിയുള്ള മൂന്നു കളികളും ജയിച്ചാല്‍ ടീമിന് സെമി ഉറപ്പാക്കാം. മഹാരാഷ്ട്രയ്ക്ക് ഒരു പോയന്റാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ അവര്‍ മികച്ച കളി പുറത്തെടുത്തെങ്കിലും പഞ്ചാബിനോട് 4-3ന് കീഴടങ്ങി.
കേരളത്തിന്റെ ഇലവനിലും ഫോര്‍മേഷനിലും മാറ്റമുണ്ടാകും. 4-2-3-1 ശൈലിയില്‍നിന്ന് 4-4-2 ശൈലിയിലേക്ക് ടീം മാറും. റിസ്വാന്‍ അലിക്കൊപ്പം വൈശാഖ് മോഹനും മുന്നേറ്റനിരയിലെത്തും. മധ്യനിരയില്‍ ഋഷിദത്തിനൊപ്പം റാഷിദ് കളിക്കും. വിങ്ങുകളില്‍ നിജോ ഗില്‍ബര്‍ട്ടും അബ്ദുറഹീമും തുടരും. വിങ്ബാക്കായ സഞ്ജുവിന് പകരം ഷിനു ഇറങ്ങും. ജീവന്മരണ പോരാട്ടമായതിനാല്‍ അറ്റാക്കിങ് ഗെയിമാണ് പരിശീലകന്‍ ലക്ഷ്യമിടുന്നത്. മധ്യനിരയില്‍ റാഷിദ് വരുന്നതോടെ മുന്നേറ്റത്തിലേക്ക് കൂടുതല്‍ പന്തെത്തിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് സ്ട്രൈക്കര്‍മാരെ കളിപ്പിക്കുന്നതോടെ അത്ര ശക്തമല്ലാത്ത മഹാരാഷ്ട്ര പ്രതിരോധം തകര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അവസാന രണ്ടു മത്സരങ്ങളില്‍ കേരളത്തിന് ഒഡിഷയെയും പഞ്ചാബിനെയുമാണ് നേരിടാനുള്ളത്. ഇരുടീമുകളും മികച്ചഫോമിലാണ്. മഹാരാഷ്ട്രയ്ക്കും മത്സരം നിര്‍ണായകമാണ്. തോറ്റാല്‍ ടീമിന്റെ സെമിസാധ്യത അവസാനിക്കും.
കിക്കോഫ് സമയം മാറ്റി
മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരം രാത്രി ഏഴുമണിക്കാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മത്സരത്തിന് തലേദിവസം സമയം മാറ്റിയതായുള്ള അറിയിപ്പ് കേരള ടീം മാനേജ്മെന്റിന് ലഭിച്ചു. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് പുതിയ കിക്കോഫ് സമയം.
കലിംഗ സ്റ്റേഡിയത്തില്‍ ഫ്‌ളെഡ്ലിറ്റിലാണ് മത്സരം നേരത്തേ നടത്താന്‍ തീരുമാനിച്ചിരുന്നത്. കേരളത്തിന്റെ ആദ്യരണ്ടു കളികള്‍ രാവിലെ ഒമ്പതുമണിക്കായിരുന്നു. ഇനിയുള്ള മൂന്നു മത്സരങ്ങളും ഉച്ചയ്ക്ക് മൂന്നുമണിക്കാണ്.
ബംഗാളിനെ കീഴടക്കി സര്‍വീസസ്
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ ബി ഗ്രൂപ്പില്‍ സര്‍വീസസിന് രണ്ടാംജയം. കരുത്തരായ ബംഗാളിനെ 2-1 ന് തോല്‍പ്പിച്ചു. സര്‍വീസസിനായി ക്രിസ്റ്റഫര്‍ കാമേയ് (41), ബികാസ് ഥാപ്പ (82) എന്നിവര്‍ ഗോള്‍ നേടി. ബംഗാളിന്റെ ഗോള്‍ നായകന്‍ നാരോ ഹരി ശ്രേഷ്ഠയുടെ (14) വകയായിരുന്നു. ടൂര്‍ണമെന്റില്‍ ഹരിശ്രേഷ്ഠയ്ക്ക് ഇതോടെ ഒമ്പത് ഗോളായി.
ആദ്യകളിയില്‍ മേഘാലയയെ തോല്‍പ്പിച്ച സര്‍വീസസിന് ആറ് പോയന്റായി. ഡല്‍ഹിക്കെതിരേ സമനില വഴങ്ങിയിരുന്ന ബംഗാളിന് രണ്ട് കളികളിലായി ഒരു പോയന്റേയുള്ളൂ. മറ്റ് മത്സരങ്ങളില്‍ മേഘാലയ 1-0ന് മണിപ്പുരിനെയും റെയില്‍വേസ് ഇതേ സ്‌കോറില്‍ ഡല്‍ഹിയെയും തോല്‍പ്പിച്ചു.
Content Highlights: Crucial match for Kerala in Santosh Trophy