പയ്യനാട്ടേക്കെത്തുമോ ഐ.എസ്.എല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാകുമെന്നാണ് സൂചനകള്‍. ഇതിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സ് പ്രതിനിധിസംഘം വ്യാഴാഴ്ച സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അവര്‍ സംതൃപ്തരാണെന്നാണ് സൂചന. ചില പോരായ്മകളുണ്ടെങ്കിലും മത്സരങ്ങള്‍ക്ക് മുമ്പ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.
ഗ്രൗണ്ടും ചുറ്റുപാടും
പുല്‍മൈതാനത്തിന്റെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് സംഘം സംതൃപ്തരാണ്. ചെറിയ പണികള്‍ മാത്രമാണ് ആവശ്യം. 25,000 പേര്‍ക്ക് ഒരേസമയം കളി കാണാനുള്ള സൗകര്യം ഗാലറിയിലുണ്ട്. ഇതു കൂട്ടുമെന്ന് കായികമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. എത്ര വലിയ ഗാലറിയായാലും അത് മലപ്പുറത്തെ ആരാധകര്‍ നിറയ്ക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഗ്രൗണ്ടിനു ചുറ്റും ആവശ്യത്തിന് പാര്‍ക്കിങ്ങുണ്ട്. എത്ര വണ്ടി വേണമെങ്കിലും പ്രശ്നങ്ങളില്ലാതെ പാര്‍ക്ക് ചെയ്യാന്‍ പയ്യനാട്ട് സാധിക്കും.
ലൈറ്റിന്റെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വേണ്ടിവരും. 1600 ലെഗുകളാണ് ഇപ്പോഴുള്ളത്. എച്ച്.ഡി. ക്ലാരിറ്റിയില്‍ തത്സമയ സംപ്രേഷണത്തിന് ചുരുങ്ങിയത് 2000 ലെഗുകളെങ്കിലും വേണ്ടിവരും. ഇതും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ട്രെയിനിങ് ഗ്രൗണ്ടും ഹോട്ടലും
താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും താമസിക്കാന്‍ സ്റ്റേഡിയത്തിന്റെ അടുത്ത് മികച്ച ഹോട്ടലില്ലെന്നത് പ്രശ്നമാണ്. എന്നാല്‍ കോഴിക്കോട് നഗരത്തില്‍ താരങ്ങളെ താമസിപ്പിച്ച് ഇതിനു പരിഹാരം കണ്ടെത്താനാവും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ദേവഗിരി കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവ പരിശീലന ഗ്രൗണ്ടുകളായും അനുവദിക്കും. മത്സരത്തിന്റെ അന്നുമാത്രം മഞ്ചേരിയിലേക്ക് വരുന്ന രീതിയിലേക്ക് ക്രമീകരിക്കും. ഏകദേശം ഒന്നരമണിക്കൂര്‍ യാത്രയാവും ഇത്. കഴിഞ്ഞ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ താമസം ഗോവയിലെ പനാജിയിലായിരുന്നു. ഹോം ഗ്രൗണ്ട് വാസ്‌കോയിലും. ഹോട്ടലില്‍നിന്ന് ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചായിരുന്നു ടീം ഗ്രൗണ്ടിലെത്തിയിരുന്നത്.
ഇനി വേണ്ടത് അംഗീകാരം
പത്തു ഹോം മത്സരങ്ങളാവും ഇത്തവണ ബ്ലാസ്റ്റേഴ്സ് കളിക്കുക. ഇതില്‍ മൂന്നു മത്സരങ്ങള്‍ക്ക് മഞ്ചേരിയെ വേദിയാക്കാനാണ് ആലോചന. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മാത്രം വിചാരിച്ചാല്‍പോരാ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് പയ്യനാടിന് അംഗീകാരം നല്‍കണം.
മുമ്പ് നടന്ന ഫെഡറേഷന്‍ കപ്പിലെയും ഇപ്പോള്‍ നടക്കുന്ന സന്തോഷ് ട്രോഫിയിലെയും ജനക്കൂട്ടം സംഘാടകരെ അംഗീകാരം നല്‍കാന്‍ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പയ്യനാട്ട് എക്സിബിഷന്‍ മത്സരം സംഘടിപ്പിക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏതെങ്കിലും ടീമായിരിക്കും ബ്ലാസ്റ്റേഴ്സിന് എതിരാളിയായി മഞ്ചേരിയിലെത്തുക.
സഹായം നല്‍കും
മഞ്ചേരിയില്‍ ഐ.എസ്.എല്‍. മത്സരം നടത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചാല്‍, അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും
വി. അബ്ദുറഹ്മാന്‍, കായികമന്ത്രി
Content Highlights: Manjeri Payyanad Stadium may become venue for the Kerala Blasters isl matches