മലയിറങ്ങാതെ പ്ലാസ്റ്റിക്; ശബരിമലയില്‍ പ്രതിദിനം നീക്കുന്നത് 35 ലോഡ് മാലിന്യം

#സി.സാന്ദീപനി
ശബരിമല സന്നിധാനത്തെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ഇന്‍സിനറേറ്ററില്‍ കത്തിക്കുന്നതിന്റെ പുക വനമേഖലയിലേക്ക് നീങ്ങുന്നു
ശബരിമല സന്നിധാനത്തെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ഇന്‍സിനറേറ്ററില്‍ കത്തിക്കുന്നതിന്റെ പുക വനമേഖലയിലേക്ക് നീങ്ങുന്നു

ശബരിമല: ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുമെന്ന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പ്രഖ്യാപനങ്ങള്‍ ഫലംകാണുന്നില്ല. പ്രതിദിനം 35 ലോഡ് മാലിന്യമാണ് വിശുദ്ധിസേനാംഗങ്ങളും പവിത്രം ശബരിമല പദ്ധതിയുടെ വൊളന്റിയര്‍മാരും ചേര്‍ന്ന് സന്നിധാനത്തുനിന്ന് നീക്കുന്നത്. ഇതില്‍ പകുതിയിലേറെയും പ്ലാസ്റ്റിക്.

പാണ്ടിത്താവളത്തുള്ള ദേവസ്വം ബോര്‍ഡിന്റെ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ ഇതിന്റെ യഥാര്‍ഥകാഴ്ച കാണാം. പ്ലാസ്റ്റിക് അടങ്ങിയ 15,400 കിലോ മാലിന്യമാണ് ഇവിടെ പ്രതിദിനം ഇന്‍സിനറേറ്ററുകളില്‍ കത്തിക്കുന്നത്. ഇവയില്‍ പകുതിയിലേറെയും പ്ലാസ്റ്റിക്.

മറ്റുമാലിന്യങ്ങള്‍ക്കൊപ്പം വേര്‍തിരിക്കാതെയെത്തുന്നതിനാല്‍, പ്ലാസ്റ്റിക്കിന്റെ കൃത്യമായ അളവ് ഇല്ലെന്നുമാത്രം. മൂന്ന് ഇന്‍സിനറേറ്ററിലായി മണിക്കൂറില്‍ 700 കിലോ മാലിന്യം ഇവിടെ സംസ്‌കരിക്കുന്നു. ഇവ പ്രതിദിനം 22 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു.

അതനുസരിച്ചാണെങ്കില്‍, രണ്ടുമാസംവരുന്ന മണ്ഡലകാലത്ത് ഇവിടെ 9.24 ലക്ഷം കിലോ മാലിന്യം സംസ്‌കരിക്കും. സംസ്‌കരിക്കാനെത്തുന്ന മാലിന്യത്തില്‍ പ്രതിദിനം 3500 കിലോയെങ്കിലും പ്ലാസ്റ്റിക് ഉണ്ടാകുമെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നുണ്ട്. ഇതിന്റെ പുകപോകുന്നതാകട്ടെ, കാനനാന്തരീക്ഷത്തിലേക്കും. എന്നാല്‍, രണ്ട് ചേംബറുള്ള ഇന്‍സിനറേറ്ററില്‍നിന്ന് പരമാവധി ശുദ്ധീകരണം കഴിഞ്ഞാണ് പുക പുറത്തേക്കുപോകുന്നതെന്നും, അതിനാല്‍ കാര്യമായ അന്തരീക്ഷമലിനീകരണമില്ലെന്നുമാണ് സന്നിധാനത്തെ എന്‍വയണ്‍മെന്റല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അനൂപ് പറഞ്ഞത്.

പനിനീര്‍, കര്‍പ്പൂരം എന്നിവയുടെ പ്ലാസ്റ്റിക് കുപ്പികളും ഭസ്മം, സിന്ദൂരം തുടങ്ങിയവയുടെ കവറുകളും ഇപ്പോഴും വലിയ അളവില്‍ എത്തുന്നുണ്ടെന്ന് മാലിന്യസംസ്‌കരണകേന്ദ്രത്തിലെ സൂപ്പര്‍വൈസര്‍ ജി.ഉമാശങ്കര്‍ പറഞ്ഞു. പ്ലാസ്റ്റിക്കും മറ്റുമാലിന്യവും കുറയ്ക്കാന്‍ ഭക്തര്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് കുറയ്ക്കാന്‍ നടപടികള്‍ പോരാ

ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രശസ്തരെ ഉള്‍പ്പെടുത്തി വലിയ പരസ്യപ്രചാരണം നടത്താന്‍ മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഈ സീസണ്‍ ആരംഭത്തില്‍ ആവിഷ്‌കരിച്ച ആക്ഷന്‍ പ്ലാനില്‍ പ്രധാനമായ ഒന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനനടപടികള്‍തന്നെയായിരുന്നു. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കുപകരം സ്റ്റീല്‍ക്കുപ്പികള്‍ ലഭ്യമാക്കി.

ഈ നടപടികളല്ലാതെ, പ്ലാസ്റ്റിക് മലയിലെത്തുന്നത് വലിയ അളവില്‍ കുറയ്ക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. ഓരോ സീസണ്‍ കഴിയുമ്പോഴും ഇതേക്കുറിച്ചുള്ള ആലോചനകളും അവസാനിക്കും.
 

Content Highlights: sabarimala pilgrimage plastic waste issue