ശബരിമല: അടിയന്തര സഹായത്തിന് സജ്ജമായി 108

ഫോട്ടോ: ശ്രീകേഷ്‌
ഫോട്ടോ: ശ്രീകേഷ്‌

ശബരിമല: തീർഥാടകർക്ക് സേവനത്തിനായി 108 ആംബുലൻസ് സർവീസും. നിലയ്ക്കൽ, പമ്പ, എരുമേലി, കണമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് 108 ആംബുലൻസ് സേവനത്തിന് തയ്യാറാക്കിയിരിക്കുന്നത്.

ഇതുകൂടാതെ പമ്പയിൽ ഐ.സി.യു. സംവിധാനമുള്ള ആംബുലൻസും അടിയന്തര ഘട്ടങ്ങളിലേക്കായി ബൈക്ക് ആംബുലൻസും ഉണ്ട്. ഐ.സി.യു. സംവിധാനങ്ങളുള്ള ആംബുലൻസിൽ ഒരു നഴ്‌സും ജീവനക്കാരനും 24 മണിക്കൂറും സേവന സന്നദ്ധരാണ്. കൂടാതെ ആധുനിക ചികിത്സാ സംവിധാനവും ജീവൻരക്ഷാ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്. പമ്പമുതൽ നിലയ്ക്കൽ വരെ ഇതിന്റെ സേവനം ലഭ്യമാണ്. വലിയ വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത സ്ഥലങ്ങളിലേക്ക്‌ സേവനത്തിനാണ് ബൈക്ക് ആംബുലൻസ്. ഒരു നഴ്‌സിന്റെ നിയന്ത്രണത്തിലാണ് ബൈക്ക് ആംബുലൻസ് പ്രവർത്തിക്കുന്നത്. പമ്പ ഗണപതികോവിലിന്റെ താഴെ നിർത്തിയിട്ടിരിക്കുന്ന ഇത് 24 മണിക്കൂറും പ്രവർത്തിക്കും.

നിലയ്ക്കൽ, എരുമേലി, കണമല എന്നിവിടങ്ങളിലുള്ള ആംബുലൻസുകളിലും രണ്ട് ജീവനക്കാർ പ്രവർത്തനസജ്ജരാണ്. ഇതിന് പുറമേയാണ് കനിവ് 108 ആംബുലൻസ് കഴിഞ്ഞദിവസം അപ്പാച്ചിമേട്ടിൽ എത്തിച്ചത്. കനിവ് 108 ആംബുലൻസിന്റെ റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പമുതൽ സന്നിധാനംവരെ സേവനം നടത്തുന്നതിന് കഴിഞ്ഞദിവസം ഹൈക്കോടതി അനുമതിനൽകിയിരുന്നു. പമ്പയിൽ സേവനം നടത്തിയിരുന്ന വാഹനമാണ് അപ്പാച്ചിമേട്ടിലെത്തിച്ചത്.

ദുർഘടപാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4X4വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കുമെന്ന്, വാഹനം എത്തിക്കാൻ നിർദേശം നൽകിയശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ ആരോഗ്യ വകുപ്പിന്റേയും കനിവ് 108-ന്റെയും ആംബുലൻസുകൾക്ക് പുറമേ കനിവ് 108-ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളുമുണ്ടെന്ന് 108 ആംബുലൻസ് സ്‌റ്റേറ്റ് ഓപ്പറേഷൻ ഹെഡ് ശരവണൻ അരുണാചലം പറഞ്ഞു.

Content Highlights: sabarimala 2023