കുത്തിനിറച്ച ബസിൽ മണിക്കൂറുകൾ ഇരിക്കണം; 'നിലയ്ക്കല്‍ കടക്കല്‍ കഠിനമയ്യപ്പാ'

നിലയ്ക്കൽ: രണ്ടു ദിവസമായി മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയിൽ പലയിടത്തും തീർഥാടക വാഹനങ്ങൾ തടഞ്ഞിടുന്നതും നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള യാത്രാക്ലേശവും കാരണം ഭക്തർ വലയുകയാണ്. നിലയ്ക്കലിൽ തീർഥാടകർ നേരിട്ട അതികഠിനമായ ബുദ്ധിമുട്ടുകൾ പലതവണ റോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധത്തിൽ വരെ എത്തി.
തിരക്ക് അൽപം നിയന്ത്രണവിധേയമായെങ്കിലും എരുമേലി- ഇലവുങ്കൽ-നിലയ്ക്കൽ റോഡിൽ ഗതാഗതക്കുരുക്കും യാത്രാക്ലേശവും തുടരുന്നു. എരുമേലി മുതൽ നിലയ്ക്കൽ വരെ 28 കിലോമീറ്ററോളം ഭാഗത്താണ് ഗതാഗതക്കുരുക്ക് തുടരുന്നത്. തീർഥാടകർ നാല് മുതൽ 10 മണിക്കൂർ കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിക്കുന്നത്. നിലയ്ക്കലിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞിട്ടില്ല. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞതോടെ ആ സമ്മർദം പാതകളിലേക്കും വ്യാപിച്ചു.
തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച ഉച്ചവരെ പൊൻകുന്നം മുതൽ എരുമേലിവരെ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊരട്ടി മുതൽ എരുമേലി ടൗൺവരെ മണിക്കൂറുകളോളമാണ് ഒരു വശത്തെ ഗതാഗതം സ്തംഭിച്ചത്.
‘ശബരിമല ദർശനത്തിന് ഇതേപോലെ ദുരിതം ഒരിക്കലും അനുഭവിച്ചിട്ടില്ല’ രണ്ടുദിവസമായി ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ഒരേസ്വരത്തിൽ പറയുന്നു. മണിക്കൂറുകൾ വഴിയിൽ തടഞ്ഞിട്ട് ഏതെങ്കിലും സമയത്താണ് നിലയ്ക്കലെത്തുന്നത്. അവിടെനിന്നും കെ.എസ്.ആർ.ടി.സി.ബസിൽ പമ്പയിലെത്തുക വലിയൊരു കടമ്പയാണ്. മണിക്കൂറുകൾക്കിടയിൽ നാലോ അഞ്ചോ ബസുകളെത്തും. ബസിനൊപ്പം ഓടി ജനൽവഴി വലിഞ്ഞുകയറാൻ കഴിയുന്നവർക്ക് മാത്രം കയറാം. 50 പേർ കയറാവുന്ന ബസിൽ നൂറ്റമ്പതോളം പേർ. മണിക്കൂറിൽ 90 ബസുകൾ വരെ ഓടിയ സ്ഥാനത്ത് ഇപ്പോൾ പലപ്പോഴും 10-ൽ താഴെ ബസുകൾ മാത്രമാണ് ഓടുന്നത്. നിലയ്ക്കലിൽനിന്ന് ബസുകൾ പമ്പയ്ക്ക് അയയ്ക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പലതവണ ഭക്തർ ബസുകൾക്ക് മുമ്പിൽ കുത്തിയിരുന്നു. ഇവരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസ് നിലയ്ക്കലിൽ ഇല്ല.
കുത്തിനിറച്ച ബസിൽ മണിക്കൂറുകൾ കഴിഞ്ഞശേഷം പമ്പയിലെത്തും. മണൽപ്പുറത്തിറങ്ങുമ്പോൾ തുടങ്ങുകയാണ് നീണ്ട ക്യൂ. പുലർച്ചെവരെ കാത്തിരുന്നിട്ടും വീണ്ടും നീണ്ട ക്യൂ കണ്ട് മടങ്ങി പന്തളത്തേക്ക് പോയ ഭക്തരും ഉണ്ട്.
തിങ്കളാഴ്ച മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിൽ വഴി നീളെ വാഹനങ്ങൾ തടഞ്ഞിട്ടു. രാത്രി എട്ടുമണിയോടെ പെരുനാട് കൂനംകരയിൽ വരെ വാഹനങ്ങൾ തടഞ്ഞു. കൂടാതെ ളാഹ, പ്ലാപ്പള്ളി, ഇലവുങ്കൽ എന്നിവിടങ്ങളിലും നാല് മണിക്കൂറോളം തടഞ്ഞിട്ടശേഷമാണ് വാഹനങ്ങൾ ഇലവുങ്കൽ നിന്നും നിലയ്ക്കലിലേക്ക് കടത്തിവിട്ടത്. എരുമേലി-പമ്പ റോഡിൽ തിരക്ക് വർധിക്കുമ്പോൾ ഈ പാത വഴി വലിയ വാഹനങ്ങൾ തിരിച്ചുവിടുന്നതോടെ വലിയ തിരക്കില്ലാത്ത ഈ പാതയിലും യാത്രദുരിതമാവുന്നു.
തയ്യാറാക്കിയത് : ജി. രാജേഷ് കുമാർ, സുനിൽ വൃന്ദാവനം, ആദർശ് ആനന്ദ്
Content Highlights: sabarimala 2023