തെലങ്കാന വോട്ടെടുപ്പ്, ചെന്നൈ പ്രളയം..; ശബരിമലയിലെ തിരക്കിന് കാരണങ്ങളേറെ

പോലീസ് ബാരിക്കേഡ് പിൻവലിച്ചപ്പോൾ ശബരിമല സന്നിധാനത്തേക്ക് ഓടി പോകുന്ന അയ്യപ്പന്മാർ | Photo: Mathrubhumi
പോലീസ് ബാരിക്കേഡ് പിൻവലിച്ചപ്പോൾ ശബരിമല സന്നിധാനത്തേക്ക് ഓടി പോകുന്ന അയ്യപ്പന്മാർ | Photo: Mathrubhumi

പത്തനംതിട്ട: ഡിസംബർ എട്ടിന് രാവിലെ തുടങ്ങിയ തിരക്ക് നാലുദിവസമാണ് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളെ ബാധിച്ചത്. തീർഥാടനത്തിന്റെ ആദ്യ രണ്ടാഴ്ചകളിൽ തീർഥാടകവരവ് ദിവസം ശരാശരി അരലക്ഷമായിരുന്നു. ഡിസംബർ ഏഴിനുശേഷമാണ് വലിയതോതിലുള്ള ഭക്തജനപ്രവാഹം തുടങ്ങിയത്.

ചെന്നൈ പ്രളയം
ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോൾ കേരളത്തിലേക്കുള്ള ഒട്ടേറെ തീവണ്ടികൾ റദ്ദാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പന്മാരിൽ ഒട്ടേറെപ്പേരുടെ യാത്രയും അങ്ങനെ മുടങ്ങി. ഈ അയ്യപ്പന്മാർ പിന്നീട് ബുക്കുചെയ്ത് സന്നിധാനത്തേക്ക് ഒന്നിച്ചെത്തി.

തെലങ്കാന വോട്ടെടുപ്പ്
തെലങ്കാനയിൽ തിരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞശേഷവും തീർഥാടകരുടെ എണ്ണം വൻതോതിൽ കൂടി.

ആസൂത്രണത്തിലെ പാളിച്ച

സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലെയും പോലീസ് സംവിധാനങ്ങൾ ഒരു കണ്ണിയായി പ്രവർത്തിക്കാൻ കഴിയാതെപോയതും പാളിച്ചയായി. സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പന്മാരെ നിയന്ത്രിക്കുന്നതുപോലെ പ്രധാനമാണ് ദർശനം കഴിഞ്ഞിറങ്ങിയവരെ തിരിച്ച് നിലയ്ക്കൽ എത്തിക്കുകയെന്നതും. ഒരുദിവസം എത്രപേർ ദർശനത്തിന് എത്തുമെന്ന കണക്ക് പോലീസിനും ദേവസ്വത്തിനും അറിയാവുന്ന സ്ഥിതിക്ക് അതിനൊത്ത ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പാളിച്ചയുണ്ടായി. ബുക്ക് ചെയ്തവരെക്കൂടാതെ വഴിയിൽ വൈകിയവർകൂടി ചേർന്നതോടെയാണ് അഭൂതപൂർവമായ നിലയിലേക്ക് കാര്യങ്ങൾ മാറിയത്.

പതിനെട്ടാംപടിയിലെ മെല്ലെപ്പോക്ക്

ഒരു മിനിറ്റിൽ പതിനെട്ടാംപടി ചവിട്ടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതും മൊത്തം നിയന്ത്രണത്തെ ബാധിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിൽ മുൻവർഷത്തെക്കാൾ 20 ശതമാനം വർധനയും ഉണ്ടായി. മിനിറ്റിൽ ശരാശരി 80 പേരെവരെ പടികയറ്റിക്കൊണ്ടിരുന്ന വർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ എത്ര ശ്രമിച്ചിട്ടും അത് പരമാവധി 70-ൽ നിൽക്കുകയാണ്.

ലക്ഷംപേർക്ക് 1850 പോലീസുകാർ

പോലീസിന്റെ അംഗബലം ശബരിമല പോലുള്ള ഒരു തീർഥാടനകേന്ദ്രത്തിൽ ദുർബലമാണ്. 1850 പേരാണ് ഒരു ലക്ഷത്തോളം തീർഥാടകരെ നിയന്ത്രിക്കാൻ സന്നിധാനത്തുള്ളത്.13 ഡിവിഷനുകളായി തിരിച്ച് 13 ഡിവൈ.എസ്.പി.മാരുടെ കീഴിലാണ് പ്രവർത്തനം. വലിയ ആൾക്കൂട്ടത്തെ ഒന്നോ രണ്ടോ പോലീസുകാർ ചേർന്ന് വടംകെട്ടി തടയുകയും തുറന്നുവിടുകയും ചെയ്യുന്ന രീതിയാണ് പലപ്പോഴും. വരിയിൽ നിൽക്കുന്നവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽപ്പോലും പോലീസിന് അടുത്തേക്ക് എത്താൻപറ്റാത്ത സാഹചര്യവുമുണ്ട്.

മുന്‍കരുതലുകളെടുത്തുവോ

പത്തനംതിട്ട: കഴിഞ്ഞ ഡിസംബർ ഒമ്പതിനായിരുന്നു അക്കൊല്ലത്തെ ഏറ്റവും വലിയ തിരക്കുണ്ടായത്. ഇൗ ഡിസംബർ ഒമ്പതിനായിരുന്നു ഇക്കൊല്ലത്തെ ഏറ്റവും വലിയ തിരക്കുണ്ടായതും ഇപ്പോഴും തുടരുന്നതും. കഴിഞ്ഞവർഷത്തേതിന്റെ തനിയാവർത്തനം ഉണ്ടാവാതെ നോക്കാനോ ഉണ്ടായാൽ നേരിടേണ്ട അടിയന്തര കർമപദ്ധതിയെക്കുറിച്ച് ചിന്തിക്കാനോ തയ്യാറാവാത്തതാണ് വലിയ പാളിച്ചയായി മാറിയത്.

12 മണിക്കൂർ നീണ്ട ക്യൂവും നിലയ്ക്കലെ പാർക്കിങ് ഗ്രൗണ്ട് നിറയലും അന്നുണ്ടായപ്പോൾ പ്രത്യേക അവലോകനയോഗങ്ങളും പ്രഖ്യാപനങ്ങളും നടന്നിരുന്നു. നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞിരുന്നു. നടപടികളൊന്നുമുണ്ടായില്ലെങ്കിലും അന്ന് തിരക്കിന് സ്വാഭാവിക ശമനമുണ്ടായി.

കഴിഞ്ഞവർഷം ഡിസംബർ 10-നും സന്നിധാനത്തേക്ക് ഒരുലക്ഷം തീർഥാടകരാണ് എത്തിയത്. എല്ലാ നിയന്ത്രണങ്ങളും അന്നും പാളിപ്പോയിരുന്നു. നിലയ്ക്കലെ പാർക്കിങ് ഗ്രൗണ്ട് അന്നും നിറഞ്ഞു. ഇലവുങ്കൽ മുതൽ ളാഹവരെയും ഇലവുങ്കൽനിന്ന് തുലാപ്പള്ളിവരെയും വാഹനങ്ങൾ പിടിച്ചിട്ടിരുന്നു. പ്രശ്നം ഗുരുതരമാകുമെന്ന ഘട്ടംവന്നപ്പോൾ മുഖ്യമന്ത്രി യോഗംവിളിച്ചു. അന്ന് വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി ഒരു ലക്ഷത്തിൽനിന്ന് 90,000-ലേക്ക് പരിമിതപ്പെടുത്തി. ദർശന സമയം ഒരുമണിക്കൂർ കൂട്ടി.

ദേവസ്വംമന്ത്രി പങ്കെടുക്കുന്ന യോഗം ആഴ്ചതോറും ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി അന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും തുടർന്നില്ല. ഈ വിഷയത്തിൽ ഇത്തവണ പ്രതിപക്ഷ പാർട്ടികളിൽനിന്ന് സമരങ്ങളും അനുബന്ധ പരിപാടികളുമുണ്ടായി. ശബരിമലയിലെ വിഷയം തിരിച്ചടിയാകാതിരിക്കാൻ കഴിഞ്ഞകൊല്ലത്തെക്കാൾ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് ബോധ്യപ്പെടുത്താൻ സർക്കാരും ശ്രമിക്കുന്നു.

വിവിധ സർക്കാർ വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കുന്ന ശബരിമലയിൽ എല്ലാറ്റിനെയും ഒന്നിച്ച് ഏകോപിപ്പിക്കുന്ന, മലയിൽ ക്യാന്പ്ചെയ്ത് പ്രവർത്തിക്കുന്ന ഒരു സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അഭാവം പല കോണുകളിൽനിന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

തയ്യാറാക്കിയത് : ജി. രാജേഷ് കുമാർ, സുനിൽ വൃന്ദാവനം, ആദർശ് ആനന്ദ്

Content Highlights: Reasons for Crowding at Sabarimala