പമ്പ ഗണപതികോവിൽ ദർശനത്തിന് ആളുകുറഞ്ഞു, പ്രസാദവിൽപ്പനയും പ്രതിസന്ധിയിൽ

ഫോട്ടോ: ശ്രീകേഷ്‌
ഫോട്ടോ: ശ്രീകേഷ്‌

ശബരിമല: പമ്പയിൽ ഭക്തജനങ്ങളെ മണിക്കൂറുകളോളം ക്യൂനിർത്തുന്നത് തുടരുന്നതോടെ ഗണപതികോവിലിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവ്. ഏറെ സമയം പമ്പ മണപ്പുറത്ത് വരിനിൽക്കുന്നവരിൽ ഭൂരിഭാഗവും ഗണപതികോവിലിൽ കയറാതെയാണ് സന്നിധാനത്തേക്ക്‌ യാത്രതുടങ്ങുന്നത്.

ക്ഷേത്രദർശനത്തിനു നിന്നാൽ വീണ്ടും മണിക്കൂറുകളോളം പിന്നിലാകുമോയെന്ന ആശങ്കയും ഭക്തരെ അലട്ടുന്നുണ്ട്. ഇവിടെ രേഖകളുടെ പരിശോധനയ്ക്കും വലിയ സമയമെടുക്കുന്നതിനാൽ ഭക്തർ, ക്ഷേത്രദർശനത്തിന് നിൽക്കുന്നില്ല. കൂടാതെ പോലീസ് ഭക്തരെ പെട്ടെന്ന് കടത്തിവിടുകയാണെന്നും ആരോപണമുണ്ട്. സന്നിധാനത്തുനിന്ന് ദർശനം കഴിഞ്ഞ് മടങ്ങിവരുന്നവരെ ഇപ്പോൾ പമ്പ ഗണപതി കോവിലിലേക്ക്‌ പ്രവേശിപ്പിക്കുന്നില്ല.

ഇവരെ ഗണപതികോവിലിന്റെ പിന്നിലൂടെ നേരേ പമ്പയിലേക്കാണ് മടക്കി അയയ്ക്കുന്നത്. തിരികെപ്പോകുന്നവരും ക്ഷേത്രത്തിലെത്താത്തത് വരുമാനത്തേയും ബാധിക്കുന്നുണ്ട്. ശബരിമലയിലെ അപ്പവും അരവണയുംപോലെ ഭക്തർക്ക് പ്രിയപ്പെട്ടതാണ് പമ്പ ഗണപതി കോവിലിലെ മോദകപ്രസാദം.

നേരത്തേ ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നവർ മോദകപ്രസാദവും വാങ്ങിയാണ് വീടുകളിലേക്ക്‌ മടങ്ങുന്നത്. ഇപ്പോൾ ക്ഷേത്രത്തിലേക്ക്‌ പ്രസാദം വാങ്ങാനെത്തണമെങ്കിൽ വീണ്ടും മണിക്കൂറുകളോളം ചെലവഴിക്കേണ്ടിവരും. ഇതോടെ ഈ ഭാഗത്തേക്ക്‌ തിരികെ വരാതെ ഭക്തർ മടങ്ങുകയാണ്.

Content Highlights: sabarimala 2023