നൂറാം വയസില്‍ കന്നിമാളികപ്പുറം, മനം നിറഞ്ഞ് അയ്യനെ തൊഴുത് പാറുക്കുട്ടിയമ്മ

#ജി. രാജേഷ് കുമാര്‍
പടി പതിനെട്ടും താണ്ടി ...നൂറു വയസ്സു പിന്നിട്ട വയനാട് പുല്‍പള്ളി മൂന്നാനക്കുഴിയിലെ പാറുകുട്ടിയമ്മ അയ്യപ്പനെ കാണാന്‍ പതിനെട്ടാം പടി കയറി മുകളിലെത്തിയപ്പോള്‍ | ഫോട്ടോ: സി സുനില്‍ കുമാര്‍
പടി പതിനെട്ടും താണ്ടി ...നൂറു വയസ്സു പിന്നിട്ട വയനാട് പുല്‍പള്ളി മൂന്നാനക്കുഴിയിലെ പാറുകുട്ടിയമ്മ അയ്യപ്പനെ കാണാന്‍ പതിനെട്ടാം പടി കയറി മുകളിലെത്തിയപ്പോള്‍ | ഫോട്ടോ: സി സുനില്‍ കുമാര്‍

ശബരിമല: നൂറുവയസ്സിലെത്തിയ വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ ആദ്യമായി പതിനെട്ടാംപടി ചവിട്ടിയപ്പോള്‍ സ്വാമിമാര്‍ സ്വയംമാറിനിന്നു. ഓരോ പടിയും സാവധാനം പിടിച്ചുകയറ്റിയ പോലീസ് അയ്യപ്പന്മാര്‍ക്ക് ശബരിമല സേവനത്തിനിടെ ഓര്‍ത്തുവെക്കാന്‍ ഒരുനിമിഷം. കൊച്ചുമകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം 41 ദിവസത്തെ വ്രതമെടുത്താണ്  എത്തിയത്.

ശനിയാഴ്ച കെട്ടുനിറച്ച് പുറപ്പെട്ടു. കാടാമ്പുഴയും ഗുരുവായൂരും വൈക്കവും ഏറ്റുമാനൂരും അടക്കമുള്ള ക്ഷേത്രങ്ങളില്‍ തൊഴുത് ഞായറാഴ്ച ഉച്ചയോടെ പമ്പയിലെത്തി. വൈകീട്ട് ആറിന് മലകയറാന്‍ ഉദ്ദേശിച്ചാണ് എത്തിയതെങ്കിലും മഴകാരണം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡോളിയിലാണ് സന്നിധാനത്ത് എത്തിയത്. വരവിനെക്കുറിച്ച് അറിയിപ്പ് കിട്ടിയതോടെ പതിനെട്ടാംപടിക്കുതാഴെവെച്ച് പൊന്നാടയണിയിച്ച് ദേവസ്വം വരവേറ്റു.

അയ്യപ്പനെ തൊഴുതശേഷം പാറുക്കുട്ടിയമ്മ പറഞ്ഞു: ''പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസ്സുനിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടൂ. ഞാന്‍ എന്റെ ഭഗവാനെ കണ്ണുനിറച്ചുകണ്ടു. അതിന് ഞാന്‍ വരുംവഴി ഒരുപാടുപേര്‍ സഹായിച്ചു. അവരെയും ഭഗവാന്‍ രക്ഷിക്കും.''
 

Content Highlights: Parukutty Amma, Sabarimala, mandala moholsavam, Mandala Puja 2023, Sabarimala Temple