മകരവിളക്ക് ഉത്സവത്തിന് ശബരിമലനട ശനിയാഴ്ച തുറക്കും

ശബരിമല: മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നിപകരും. അതിനുശേഷം തീർഥാടകർക്ക് പതിനെട്ടാംപടി ചവിട്ടി ദർശനം നടത്താം. ശനിയാഴ്ച വെർച്വൽ ക്യൂ ബുക്കിങ് 26,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. 19 വരെ മാത്രമേ നെയ്യഭിഷേകം ചെയ്യാൻ കഴിയൂ. 20 വരെ ദർശനം നടത്താം. 21-ന് തിരുവാഭരണപേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയശേഷം നട അടയ്ക്കും.
മകരജ്യോതി തൊഴാൻ പോലീസും ദേവസ്വവും പ്രത്യേകം സ്ഥലങ്ങൾ തയ്യാറാക്കിയിട്ടുണ്ട്
മകരവിളക്ക് കാണാവുന്ന സ്ഥലങ്ങള്‍
• പാണ്ടിത്താവളത്ത് ഇൻസിനറേറ്ററിന് കിഴക്ക് ഹോട്ടലുകൾക്ക് പിന്നിലുള്ള മൂന്നേക്കർ
• പാണ്ടിത്താവളം വാച്ച് ടവർ പരിസരം
• സന്നിധാനം, മാളികപ്പുറം ക്ഷേത്രങ്ങളുടെ തിരുമുറ്റങ്ങൾ
• പാണ്ടിത്താവളത്തുനിന്ന് ഉരക്കുഴിയിലേക്ക് പോകുന്ന വഴി
• താഴെ തിരുമുറ്റത്തുനിന്ന് 108 പടിയുടെ തുടക്കംമുതൽ പാണ്ടിത്താവളം വരെയുള്ള പടികളുടെ ഇരുവശവും
• നീലിമല ടോപ്പ് (നിയന്ത്രിതമായരീതിയിൽ)
• അട്ടത്തോട് (പ്രധാന റോഡരികിൽ-ചില പോയിന്റുകളിൽ)
• പുല്ലുമേട്
• പരുന്തുംപാറ.
• പാഞ്ചാലിമേട്
മാളികപ്പുറങ്ങള്‍ക്ക് അപ്പം, അരവണ വാങ്ങാന്‍ പ്രത്യേക കൗണ്ടര്‍
ശബരിമല: മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുന്ന ശനിയാഴ്ച മുതൽ അപ്പം, അരവണ കൗണ്ടറുകളിൽ ഒരെണ്ണം മാളികപ്പുറങ്ങൾക്കായി മാറ്റിവെക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് പറഞ്ഞു. മുമ്പ് തിരക്ക് വർധിച്ചപ്പോൾ ഇങ്ങനെയൊരു ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. മകരവിളക്ക് ഉത്സവകാലം അവസാനിക്കുന്നതുവരെ പ്രത്യേക കൗണ്ടർ ഉണ്ടാകും.
Content Highlights: makaravilakau festival sabarimala 2023