ഏഴുഭാഷ, ഒറ്റശബ്ദം; അയ്യപ്പൻമാർക്ക് വഴികാട്ടി കർണാടക ജനപ്രതിനിധി

ശബരിമല: സന്നിധാനത്ത് എപ്പോഴും മുഴങ്ങിക്കേൾക്കുന്ന മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, തുളു, ഇംഗ്ലീഷ് അറിയിപ്പുകൾക്ക് പിന്നിൽ കർണാടക ചിക്കമംഗളൂരുവിലെ പഞ്ചായത്തംഗം. ചിക്കമംഗളൂരു മല്ലന്തൂർ ബൈറവള്ളി ഗ്രാമപ്പഞ്ചായത്തംഗമായ എം.എം.കുമാർ 24 വർഷമായി പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി അയ്യപ്പൻമാർക്ക് വഴികാട്ടുകയാണ്.
കൂട്ടംതെറ്റിപ്പോകുന്നവരെ കണ്ടെത്താനും മറ്റ് ആവശ്യങ്ങൾക്കുമായി സമീപിക്കുന്ന മറുനാട്ടുകാരായ ഭക്തർക്ക് കൈത്താങ്ങായി വലിയ നടപ്പന്തലിനുസമീപം കുമാറുണ്ടാകും. നാലുവർഷം നിലയ്ക്കലും 19 വർഷം പമ്പയിലും ദേവസ്വം ബോർഡിന്റെ അനൗൺസറായിരുന്നു. ആദ്യമായാണ് സന്നിധാനത്ത് എത്തുന്നത്.
ശബരിമലയിലെ രണ്ടുമാസത്തെ സേവനം കുമാറിന് ആത്മസമർപ്പണമാണ്. ദേവസ്വം ബോർഡിൽനിന്ന് ലഭിക്കുന്ന പ്രതിഫലം, അന്നദാന നിധിയിലേക്ക് സമർപ്പിച്ച് വെറും കൈയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. കുഞ്ഞുനാളിൽ കുമാറും അയ്യപ്പനെ കാണാനാഗ്രഹിച്ചിരുന്നു. ദാരിദ്ര്യംകാരണം അന്നത് നടന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടടുത്തുള്ള കടയിൽ ജോലിക്ക്പോയി പൈസ കൂട്ടിവെച്ച് 14-ാം വയസ്സിൽ ശബരിമലയിലെത്തി. ഇപ്പോൾ 49 വയസ്സുള്ള കുമാർ പിന്നീടൊരിക്കലും ശബരിമലയാത്ര മുടക്കിയിട്ടില്ല. ഓരോ തവണയും ഒരാഴ്ചയോളം ഇവിടെ തങ്ങി എന്തെങ്കിലും സേവനം ചെയ്തശേഷമായിരുന്നു മടക്കം. ശബരിമലയിലേക്ക് യാത്രയ്ക്കിടെ പരിചയപ്പെട്ട മഞ്ജുനാഥസ്വാമിയാണ് കുമാറിനെ ദേവസ്വം ബോർഡ് ഓഫീസിലെത്തിക്കുന്നത്. തുടർന്ന് പമ്പയിൽ ഒരാഴ്ച അനൗൺസറായി. തമിഴ്, മലയാളം, കന്നട, തുളു ഭാഷകൾ അറിയാമായിരുന്ന കുമാർ പിന്നീട് ഇംഗ്ളീഷ്, ഹിന്ദി, തെലുങ്ക് എന്നിവ പഠിച്ചെടുത്തു. അടുത്ത വർഷങ്ങളിൽ സീസൺ മുഴുവൻ പമ്പയിൽ അനൗൺസറായി. നിത്യേന 250 രൂപയായിരുന്നു ശമ്പളം. ഇപ്പോഴത് 750 രൂപയാണ്.
ഭാര്യ ജയന്തി കഴിഞ്ഞതവണ ജെ.ഡി.എസ്. പ്രതിനിധിയായി ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു. കുമാർ കോൺഗ്രസിനുവേണ്ടിയാണ് മത്സരിച്ച് ജയിച്ചത്. പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. സ്വന്തമായി ട്രാവൽ ഏജൻസിയുണ്ട്. വിദ്യാർഥികളായ കാവ്യശ്രീയും ദീക്ഷിത് കുമാറുമാണ് മക്കൾ. മലയാളത്തിൽമാത്രം അനൗൺമെന്റ് നടത്താൻ കോഴഞ്ചേരി സ്വദേശിയായ ഗോപാലകൃഷ്ണൻനായരും ഇൻഫർമേഷൻ സെന്ററിലുണ്ട്.
Content Highlights: karnataka resident helping ayyapan devotees in sabarimala