മലകയറിയെത്തുമ്പോള്‍ ക്ഷീണമോ അസുഖമോ ബാധിച്ചാല്‍ സൗജന്യ സേവനവുമായി ഡോ മീനാക്ഷിയുണ്ട്

ശബരിമല: 18 വര്‍ഷമായി സന്നിധാനത്തെ ഭക്തര്‍ക്ക് ആതുരസേവനം ഉറപ്പാക്കി ഡോ. മീനാക്ഷിയും ഭര്‍ത്താവ് ചന്ദ്രമൗലിയും ശബരിമലയിലുണ്ട്. മലകയറിയെത്തുമ്പോള്‍ ക്ഷീണമോ തളര്‍ച്ചയോ അസുഖമോ ബാധിച്ചാല്‍ മരുന്ന് നല്കി ആശ്വാസമേകാന്‍ 24 മണിക്കൂറും ഇവര്‍ ഉണര്‍ന്നിരിക്കുന്നു. ഈ സൗജന്യസേവനം ഇവര്‍ക്ക് അയ്യപ്പസവിധത്തിലെ പ്രാര്‍ഥനയാണ്.
ചെന്നൈ സ്വദേശിയായ 72-കാരിയായ ഡോ. കെ.എ. മീനാക്ഷി തമിഴ്നാട് സര്‍ക്കാരില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. ചെന്നൈ ജയിന് കോളേജ് പ്രിന്‍സിപ്പലായിരുന്നു ഭര്‍ത്താവ് 76-വയസ്സുള്ള ചന്ദ്രമൗലി. ഇരുവരും കടുത്ത അയ്യപ്പഭക്തരും ചെന്നൈയിലെ അയ്യപ്പക്ഷേത്രത്തിലെ നിത്യസന്ദര്‍ശകരുമാണ്. എല്ലാ കൊല്ലവും ശബരിമലയില്‍ എത്തുന്ന ചന്ദ്രമൗലിയില്നിന്ന് മണ്ഡലകാല വിശേഷങ്ങള്‍കൂടി കേട്ടതോടെ, ശബരിമലയിലേക്ക് എത്തണമെന്നത് മീനാക്ഷിക്ക് വലിയ ആഗ്രഹമായിമാറി. 50 വയസ്സ് കഴിഞ്ഞതോടെ ശബരീശ സന്നിധിയിലെത്തി. ശബരിമലയിലെത്തി നടപ്പന്തലില്‍ വിരിവച്ച് അയ്യപ്പനെ പ്രാര്‍ഥിച്ച് മടങ്ങും. ഒരിക്കല്‍ സന്നിധാനത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതായി. അയ്യപ്പസേവാസംഘം ഓഫീസില്‍ ചെന്ന് മരുന്നുവാങ്ങി. പക്ഷേ അവിടെ ഡോക്ടറുടെ സേവനമുണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിനെപ്പോലെ തന്നെ ശബരിമലയിലെത്തുന്ന ധാരാളം ഭക്തര്‍ക്ക് ഇത്തരത്തില്‍ അസുഖം ബാധിച്ചാല്‍ ചികിത്സവേണ്ടിവരുമെന്ന തിരിച്ചറിവിലാണ് അവിടെ സൗജന്യസേവനം നല്കാന് തീരുമാനിച്ചത്. ഇപ്പോള്‍ 18 വര്‍ഷമായി ഇവിടെ ഭക്തരെ പരിശോധിച്ച് മരുന്ന് നല്‍കുന്നുണ്ട്.
മാസപൂജ സമയത്തും കൃത്യമായി അഞ്ചുദിവസവും ഇവര്‍ സന്നിധാനത്ത് എത്തി വൈദ്യസഹായം ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കസമയത്ത് ഇവരും ദുരിതമനുഭവിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് എല്ലാ തടസ്സങ്ങളെയും മറികടന്നാണ് ഡിസംബര്‍ ഏഴാം തീയതി ഇവര്‍ സന്നിധാനത്ത് എത്തിയത്. കെട്ടുനിറച്ചാണ് അയ്യനെ കാണാന്‍ എത്തുന്നത്. മകരവിളക്ക് സമയത്ത് അഴുതയിലെ അയ്യപ്പസേവാസംഘം ക്യാമ്പിലാണ് ഡോ. മീനാക്ഷി സേവനം നല്‍കുന്നത്. ചുമ, പനി, ജലദോഷം, അലര്‍ജി, ശരീരവേദന തുടങ്ങിയ നിരവധി അസുഖങ്ങളുമായി നൂറുകണക്കിന് ഭക്തരാണ് ഇവരുടെ സേവനം തേടിയെത്തുന്നത്. മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ ശബരിമലയിലേക്ക് എത്തുമ്പോള്‍ മരുന്നുകള്‍കൂടി കൈയില്‍ കരുതാന്‍ മറക്കരുതെന്ന് ഡോ. മീനാക്ഷി പറയുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ശരിയായി വിശ്രമിച്ചുവേണം മലകയറാനെന്നും അസ്വസ്ഥതകള്‍ തോന്നുന്നവര്‍ തീര്‍ഥാടന പാതയിലെ മെഡിക്കല്‍ കേന്ദ്രങ്ങളില്‍ ഡോക്ടറെ കാണണമെന്നും അവര്‍ പറയുന്നു.
ഡോ.മീനാക്ഷിയുടെ അമ്മ രാജമ്മ തൃപ്പൂണിത്തുറ സ്വദേശിയും അച്ഛന് അനന്തനാരായണന്‍ കൊല്ലങ്കോട് സ്വദേശിയുമാണ്. ഇന്ത്യവിഭജനത്തിന് മുന്‍പ് കറാച്ചിയിലെ ബ്രട്ടീഷ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിഭജനകാലത്ത് ജോലിയും സമ്പാദ്യവും നഷ്ടപ്പെട്ട് വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. തുടര്‍ന്നാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്. പ്രശസ്ത തിരക്കഥാകൃത്ത് എസ്.എന്‍.സാമി, ഡോ. മീനാക്ഷിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ്.
Content Highlights: Dr. Meenakshi provides free medical services at Sabarimala