വട്ടപ്പേരിട്ട് തട്ടിക്കളയും, തമിഴ്പേച്ചിൽ മലയാളത്തിലെ തെറി; ‘ഉക്രി’യാക്കുന്ന പോക്രികൾ

നടൻ: നമ്മുടെ തൊഴിലവസരം, തൊഴിലിടം ഇതൊക്കെയാണ് നശിപ്പിക്കുന്നത്. കുറെവർഷങ്ങളായി സിനിമയിൽ സ്ട്രഗിൾ ചെയ്തുപോയിക്കൊണ്ടിരിക്കുന്നയാളാണ് ഞാൻ. റിവ്യൂ പറഞ്ഞോട്ടെ. പക്ഷേ, അധ്വാനത്തെ കുറച്ചുകാണരുത്. എന്തുമോശം സിനിമയായിക്കൊള്ളട്ടെ. കണ്ടിരിക്കാൻ പറ്റില്ലെങ്കിൽ എഴുന്നേറ്റ് പോയ്ക്കൂടേ...
യൂട്യൂബർ: ഈ പറഞ്ഞവന്റെ തന്തമാര് എനിക്ക് ടിക്കറ്റ് എടുത്തുതന്നിട്ട് ഞാൻ സിനിമകാണാൻ പോയിട്ടുണ്ടെങ്കിൽ ഇവൻ പറയുന്നതുപോലെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങിപ്പൊയ്ക്കോളാം. ഞാൻ 150 രൂപകൊടുത്ത് ഒരു സിനിമ കാണാൻ കേറിയിട്ടുണ്ടെങ്കിൽ ഞാൻ എപ്പോ ഇറങ്ങണം, ഇറങ്ങാതിരിക്കണം, മുഴുവൻ കാണണോ, കണ്ടിട്ട് അഭിപ്രായം പറയണോ, അതെങ്ങനെ പറയണം എന്നൊക്കെ എനിക്കനുവദിച്ചുതന്നിട്ടുള്ള സ്വാതന്ത്ര്യമാണ്. അതുപയോഗിച്ച് ഞാൻ പറയും.
സമീപകാലത്ത് ശ്രദ്ധേയനായ ഒരു യുവനടൻ ഒരു സിനിമയുടെ പ്രചാരണപരിപാടിക്കിടെ പറഞ്ഞ അഭിപ്രായവും അതിന് ‘അണ്ണൻ’ പരിവേഷത്തോടെ നവമാധ്യമലോകം കൊണ്ടാടുന്ന യൂട്യൂബറുടെ മറുപടിയുമാണിത്. വാക്കുകൾകൊണ്ടുള്ള യുദ്ധം ഇവിടെ തീരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള പോർവിളികൾ നിറഞ്ഞ ട്രോൾ വീഡിയോകളായും റീലുകളായും അത് ഹിറ്റായി ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു.
നവമാധ്യമങ്ങളിലെ റിവ്യൂകൾക്ക് എതിരല്ല എന്ന് ആവർത്തിച്ചുപറയുന്ന സിനിമാലോകം ഉയർത്തിക്കാട്ടുന്ന പ്രധാന പരാതിയിതാണ്. റിവ്യൂവിന്റെ തലംവിട്ട് പലപ്പോഴും അധിക്ഷേപമായിക്കഴിഞ്ഞു, വീഡിയോകൾ. അഭിനേതാക്കളുടെ ശബ്ദം വികൃതമായി അനുകരിച്ചുള്ള മിമിക്സ് പരേഡുമുതൽ ദ്വയാർഥപ്രയോഗങ്ങൾനിറഞ്ഞ പൂരപ്പാട്ടുവരെയായിക്കഴിഞ്ഞു അവ.
തമിഴ്പേച്ചിൽ മലയാളത്തിലെ തെറി
മേൽപ്പറഞ്ഞ യുട്യൂബർക്ക് ഏറ്റവും ഇഷ്ടം മലയാളത്തിൽ പച്ചത്തെറിയും തമിഴിൽ സാമാന്യമായി ഉപയോഗിക്കുന്നതുമായ ഒരു വാക്കാണ്. വീഡിയോകൾക്കിടെ ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കും. ആരെയെങ്കിലും പരിഹസിച്ചുവിടുന്നതിന് ഇദ്ദേഹവും ഫോളോവേഴ്സും ഉപയോഗിക്കുന്ന വാക്കും തികഞ്ഞ അശ്ലീലംതന്നെ.
‘‘ഈ പറയുന്ന യുട്യൂബർ ഒരു ഹൈസ്കൂൾ അധ്യാപകനാണ് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഗതി. ഇദ്ദേഹം പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥയെന്താകും?’’ -പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മലയാളത്തിലെ ഒരു മുൻനിരസംവിധായകൻ ചോദിക്കുന്നു. ‘‘എന്റെ പേര് പറയുന്നതിൽ പ്രശ്നമുണ്ടായിട്ടല്ല. പക്ഷേ, അടുത്തതവണ ഞാൻ സംവിധാനംചെയ്യുന്ന പടം ഇറങ്ങുമ്പോൾ ഈ തെറിവിളി മുഴുവൻ കേൾക്കേണ്ടിവരും. അതിലും കുഴപ്പമില്ല. പക്ഷേ, ഞാൻ പറഞ്ഞ അഭിപ്രായത്തിന്റെപേരിൽ എന്റെ നിർമാതാവ് നഷ്ടം സഹിക്കേണ്ടിവരരുതല്ലോ.’’ പേരുമറച്ചുവെക്കുന്നതിന് സംവിധായകൻ പറഞ്ഞ കാരണം ഇങ്ങനെ. അത്രത്തോളമെത്തിയിരിക്കുന്നു യൂട്യൂബർമാരോടുള്ള പേടി.
‘‘കോഴിക്കോടനും സിനിക്കും അശ്വതിയുമൊക്കെയായിരുന്നു ഒരുകാലത്ത് മലയാളസിനിമാനിരൂപണത്തിന്റെ പര്യായങ്ങൾ. അവരും സിനിമയെ കീറിമുറിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെയും സഭ്യമായ ഭാഷയിലായിരുന്നു. സംവിധായകനെയോ തിരക്കഥാകൃത്തിനെയോ അഭിനേതാക്കളെയോ ചീത്തവിളിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടുമായിരുന്നില്ല. ആ നിരൂപണങ്ങളെ തികഞ്ഞ സ്പോർട്സ്മാൻസ്പിരിറ്റിലാണ് സിനിമയിലുള്ളവർ എടുത്തിരുന്നത്. അവിടെനിന്ന് ഇപ്പോൾ ഇത്തരം അസഭ്യവർഷത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. സിനിമയിൽ തെറിവാക്ക് മ്യൂട്ട് ചെയ്യാൻ സെൻസർബോർഡുണ്ട്. യൂട്യൂബിൽ ആരു സെൻസർ ചെയ്യും?’’ -അദ്ദേഹം വീണ്ടും ചോദിക്കുന്നു.
വട്ടപ്പേരിട്ട് തട്ടിക്കളയും
ക്രൂരകൃത്യങ്ങളുടെ കഥ ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. മലയാളത്തിലെ സംവിധായകരിൽ അക്കാദമിക മികവുകൊണ്ടും ചലച്ചിത്രപരിജ്ഞാനംകൊണ്ടും വേറിട്ടുനിൽക്കുന്നയാളും സിനിമാമേഖലയിലെ പ്രബലസംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന് ഇതേ യുട്യൂബർ ഇട്ട വിളിപ്പേര് ‘ഉക്രി’ എന്നാണ്. ഉണ്ണികൃഷ്ണന്റെ സിനിമകളെക്കുറിച്ച് പറയുമ്പോഴൊക്കെ ഈ പദമാണ് ഉപയോഗിക്കുന്നത്. ഇടവേള ബാബുവിനെ കളിയാക്കുന്നത് ‘ഇന്റർവെൽ ബാബു’ എന്നുവിളിച്ചാണ്. ഉദയ് കൃഷ്ണ തിരക്കഥയെഴുതിയ ബി. ഉണ്ണികൃഷ്ണൻ പടങ്ങളുടെ റിവ്യൂവിൽ ഇരട്ടപ്പേര് ‘ഡബിൾ ഉക്രി’ എന്നായി. പരാതിയുയർന്നപ്പോൾ ഈ പേരുകൾ പിൻവലിക്കുന്നതായി പറഞ്ഞുകൊണ്ട് ഒരു വീഡിയോചെയ്തു. പക്ഷേ, അതിലും ഒരുതരം വിനോദമെന്നോണം പലകുറി ഇരട്ടപ്പേര് ആവർത്തിച്ചു.
അഭിനയം മോശമാകുമ്പോൾ ഈ യുട്യൂബർ ഉപയോഗിക്കുന്ന വാക്ക് ‘വയ്യ’ എന്നാണ്. തങ്ങളെക്കുറിച്ച് ഈ വാക്ക് പറഞ്ഞപ്പോഴൊക്കെ അശ്ലീലച്ചുവ ധ്വനിച്ചിരുന്നതായി ചില അഭിനേത്രിമാർതന്നെ പരാതിപറയുന്നു. പഴയകാല സംവിധായകർക്കും അഭിനേതാക്കൾക്കും ഇട്ടിരിക്കുന്ന പേര് വസന്തങ്ങൾ. മമ്മൂട്ടിയെക്കുറിച്ചുള്ള പരാമർശത്തിലെ പരിഹാസം ‘വാട്സാപ്പ് അമ്മാവൻ’. മോഹൻലാലിന്റെ ഒരു കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ‘മന്ദപ്പൻ’ എന്നായി ആക്ഷേപം. കൾട്ടും അമേധ്യവും കൂട്ടിക്കുഴച്ചുണ്ടാക്കിയ ‘മലങ്കൾട്ട്’ എന്ന വാക്കാണ് മറ്റൊരു സംഭാവന.
ഫെയ്സ്ബുക്കിലെ ഫാൻ ഫൈറ്റ് ക്ലബ്ബ് (എഫ്.എഫ്.സി.) എന്ന ഗ്രൂപ്പിലൂടെയാണ് ഇദ്ദേഹം സാമൂഹികമാധ്യമലോകത്ത് ‘കുപ്രസിദ്ധ’നായത്. അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെയും വയനാട്ടിലെ ആദിവാസി സമൂഹത്തെയുമൊക്കെ പരിഹസിക്കുന്ന ട്രോളുകൾകൊണ്ടും സ്പർധവളർത്തുന്നതരത്തിലുള്ള കമന്റ് യുദ്ധങ്ങൾകൊണ്ടും നിറഞ്ഞതോടെ എഫ്.എഫ്.സി.യുടെ പേരിൽ പരാതിയുയർന്നു. ഒ.എം.കെ.വി.പോലുള്ള വൈറൽത്തെറികളുടെ തുടക്കവും ഇവിടെനിന്നായിരുന്നു. പോലീസും നിരീക്ഷിച്ചുതുടങ്ങിയപ്പോൾ 65,000 അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പ് പൂട്ടി. അധികംവൈകാതെ രഹസ്യമായി മറ്റൊരുപേരിൽ പ്രത്യക്ഷപ്പെട്ടു. അതും വാർത്തയായതോടെ എഫ്.എഫ്.സി.യുടെ നായകൻ സിനിമാറിവ്യൂവിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
‘എന്നെ അയാൾക്ക് കണ്ടുകൂടാ’
റിവ്യൂ ചെയ്യുന്ന മറ്റൊരു യുട്യൂബർക്ക് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിലൊരാളുടെ സിനിമകൾ ‘കണ്ണെടുത്താൽ കണ്ടുകൂടാ’. ഇദ്ദേഹത്തെക്കുറിച്ച് നടിതന്നെ സിനിമാമേഖലയിലെ അടുത്തപലസുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. മികച്ച അഭിപ്രായം കിട്ടിയ സിനിമകളിൽപ്പോലും നടിയെക്കുറിച്ച് മാത്രമാകും മൺസൂൺപോലെ വിമർശനം. ‘‘എന്തോ എന്റെ സിനിമകൾ അദ്ദേഹത്തിനിഷ്ടമല്ല. എന്താണ് കാരണമെന്നറിയില്ല. എനിക്കദ്ദേഹത്തെ അറിയുകപോലുമില്ല. അപ്പോൾപ്പിന്നെ വ്യക്തിപരമായ പ്രശ്നങ്ങൾകൊണ്ടാണെന്ന് പറയാനാകില്ലല്ലോ. എന്തിനാണ് എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.’’ -നടി നിസ്സഹായത വെളിപ്പെടുത്തുന്നു. ഇവിടെയും പേരുനൽകാൻ നടി സമ്മതിക്കാത്തത് ഭാവിയിലെ ഇരട്ടിആക്രമണം പ്രതീക്ഷിച്ചുതന്നെ.
ഓണത്തിന് പുട്ടുകച്ചവടംപോലെ റിവ്യൂവിനിടയ്ക്ക് ബുക്കുകച്ചവടം നടത്തുന്നയാൾ എന്നുപേരുള്ള വേറൊരു യുട്യൂബറുടെ നയം ‘പണം മുഖ്യം ബിഗിലേ’ എന്നാണെന്ന് നിർമാതാക്കൾ പറയുന്നു. ഡിജിറ്റൽ പ്രമോഷൻ നടത്തുന്നവരാണ് ഇദ്ദേഹത്തിനും നിർമാതാക്കൾക്കുമിടയിലെ കണ്ണി.
ഇത് ‘ഡിസ് ഇൻഹിബിഷൻ സിൻഡ്രോം’ - ഡോ. സി.ജെ. ജോൺ, മനഃശാസ്ത്രജ്ഞൻ
ഇവർ കൊള്ളസംഘം- ജി. സുരേഷ്കുമാർ, മുൻ പ്രസിഡന്റ്, കേരള ഫിലിം ചേംബർ
(തുടരും)
Content Highlights: Review bombing series part 2 malayalam movie reviews