സാമൂഹിക മാധ്യമത്തിൽ സിനിമയ്ക്ക് മോശം റിവ്യൂ: 9 പേർക്കെതിരേ കേസ്, ഫെയ്സ്ബുക്കും യൂട്യൂബും പ്രതികൾ

#സ്വന്തം ലേഖിക
സംവിധായകൻ ഉബൈനി, റാഹേൽ മകൻ കോര സിനിമയുടെ പോസ്റ്ററിൽ നിന്ന് | ഫോട്ടോ: www.facebook.com/ubaini
സംവിധായകൻ ഉബൈനി, റാഹേൽ മകൻ കോര സിനിമയുടെ പോസ്റ്ററിൽ നിന്ന് | ഫോട്ടോ: www.facebook.com/ubaini

കൊച്ചി: സിനിമയെ നിരൂപണത്തിലൂടെ മോശമാക്കാൻ ശ്രമിക്കുന്നു(റിവ്യൂ ബോംബിങ്)വെന്ന ആരോപണം ചൂടുപിടിച്ചിരിക്കെ, ഇൗ വിഷയത്തിൽ ആദ്യകേസ് രജിസ്റ്റർചെയ്ത് കൊച്ചി സിറ്റി പോലീസ്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ ഒമ്പതുപേരെ പ്രതിയാക്കി സെൻട്രൽ പോലീസ് കേസെടുത്തു.

സ്‌നേക് പ്ലാന്റ് സിനിമ പ്രൊമോഷൻ കമ്പനി ഉടമ ഹെയ്ൻസ് ആണ് ഒന്നാം പ്രതി. മോശം റിവ്യൂ നൽകിയ അനൂപ് അനു 6165 എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട്, യൂട്യൂബർമാരായ അരുൺ തരംഗ, അശ്വന്ത് കോക്, യൂട്യൂബ് ചാനലുകളായ എൻവി ഫോക്കസ്, ട്രെൻഡ് സെറ്റർ 24*7, ട്രാവലിങ് സോൾമേറ്റ്‌സ് എന്നിവർ രണ്ടുമുതൽ ഏഴുവരെ പ്രതികളാണ്. യൂട്യൂബ് ചാനലും ഫെയ്‌സ്ബുക്കുമാണ് എട്ടും ഒമ്പതും പ്രതികൾ.

മനഃപൂർവം അപകീർത്തിപ്പെടുത്തിയതിനും ഭീഷണിമുഴക്കിയതിനുമാണ് കേസ്. പരാതിയെക്കുറിച്ച്‌ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ ഡി.ജി.പി. ഷെയ്ഖ് ദർവേഷ് സാഹബ് ചുമതലപ്പെടുത്തി.

സിനിമയെക്കുറിച്ച് മോശമായി പ്രചരിപ്പിച്ച് പണം തട്ടുന്നതിനായി സിനിമ റിലീസ് ചെയ്ത 13-ാം തീയതിമുതൽ യൂട്യൂബർമാർ സിനിമയ്ക്കെതിരേ അസഭ്യവാക്കുകളും നെഗറ്റീവ് വീഡിയോകളും പുറത്തുവിട്ടു. കേസിനുപോകുന്നത് വീണ്ടും ദോഷംചെയ്യുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഹെയ്‌ൻസ് ഭീഷണിപ്പെടുത്തി തുടങ്ങിയകാര്യങ്ങളാണ് ഉനൈബിന്റെ പരാതിയിലുള്ളത്. നിരൂപണങ്ങളുടെ മറവിൽ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് ഈയിടെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ സ്റ്റേഷൻ എസ്.എച്ച്.ഒ. അനീഷ് ജോയ് അറിയിച്ചു.

Content Highlights: case against negative review makers, rahel makan kora director ubaini complaint