ജനാധിപത്യമെന്നാൽ തിരഞ്ഞെടുപ്പുമാത്രമായി മാറുന്ന പ്രതിഭാസം, നാം വ്യതിചലിച്ചോ

#ജി. പ്രമോദ് കുമാർ
ഇന്ത്യന്‍ ഭരണഘടന (പ്രതീകാത്മകചിത്രം) | Photo : PTI
ഇന്ത്യന്‍ ഭരണഘടന (പ്രതീകാത്മകചിത്രം) | Photo : PTI

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ‘ആസാദി കാ അമൃത് മഹോത്സവ’മായി രേഖപ്പെടുത്തിയ ഇന്ത്യ ഈ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് വികസനത്തെയും ജനാധിപത്യത്തെയും പരിപോഷിപ്പിക്കുന്ന ഒരു രാജ്യമായിട്ടാണ്.

നാം വ്യതിചലിച്ചോ

പക്ഷേ, ഈ ശുഭാപ്തിവിശ്വാസത്തിലും നമ്മുടെ ഭരണഘടന വിഭാവനംചെയ്ത ഇന്ത്യയുടെ  ബഹുസ്വര, ജനാധിപത്യ, ഫെഡറൽ സ്വഭാവങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന രൂഢമായ മാറ്റങ്ങൾ ഉത്‌കണ്ഠ ജനിപ്പിക്കുന്നതാണ്. ഭരണഘടന എല്ലാ ജനങ്ങൾക്കും ഒരുപോലെ നീതിയും സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും വാഗ്ദാനംചെയ്യുന്ന ഒരു രാജ്യത്ത് ജനാധിപത്യമെന്ന ആശയം ഭൂരിപക്ഷാഭിനിവേശത്തിന്റെ സാക്ഷാത്കാരവും ആധിപത്യവും മാത്രമായി  മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ. ജനാധിപത്യമെന്നാൽ തിരഞ്ഞെടുപ്പു മാത്രമായി മാറുന്ന പ്രതിഭാസം.  ഈ മാറ്റത്തിന്റെ അലയൊലികൾ സമഗ്രമേഖലകളിലേക്കും വ്യാപിക്കുമ്പോൾ ഒരുപക്ഷേ, തിരിച്ചുപോകാനാവാത്ത രീതിയിലുള്ള സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ ജനിതകരൂപാന്തരം സംഭവിച്ച ഒരു സമൂഹമായി നാം മാറുന്നതിനുള്ള സാധ്യത വളരെ വലുതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്നറിയപ്പെടുന്ന ഒരിടത്താണ് ഇത് സംഭവിക്കുന്നതെന്നത് ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ ജനാധിപത്യ പ്രക്രിയകൾ നടക്കുന്ന ഈ വർഷത്തിൽ (ഇന്ത്യ ഉൾപ്പെടെ നാല്പത്തിയാറു  രാജ്യങ്ങളിൽ ഈവർഷം  പൊതു തിരഞ്ഞെടുപ്പുകൾ നടക്കുകയാണ്) നമ്മെ ചിന്തിപ്പിക്കണം.

ബഹുസ്വരതയിലെ അപചയം

കഴിഞ്ഞ ചില വർഷങ്ങളിലെയും ഈയടുത്ത കാലത്തെയും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി അതിന്റെ ബഹുസ്വരതയിലുണ്ടായ ക്രമാനുഗതമായ അപചയമാണ്. പല പ്രതികൂലമായ സാഹചര്യങ്ങൾ നേരിടേണ്ടിവന്നിട്ടും എൺപതു ശതമാനം ജനങ്ങളും, ചിലയിടങ്ങളിൽ എൺപത്തഞ്ചും തൊണ്ണൂറും ശതമാനം വരെ,  ഒരു മതത്തിൽ വിശ്വസിക്കുന്ന ഈ സമൂഹത്തിൽ അറുപതുകൊല്ലത്തിലേറെ ബഹുസ്വരത വലിയ കോട്ടമില്ലാതെ നിലനിന്നിരുന്നു എന്നത് അഭിമാനാർഹമാണ്. സമാനസാഹചര്യങ്ങളുള്ള മറ്റുപല രാജ്യങ്ങളും തിയോക്രാറ്റിക് അല്ലെങ്കിൽ ഏകാധിപത്യ / അരാജക സമൂഹങ്ങളായി അധഃപതിച്ചപ്പോഴും സഹിഷ്ണുതയുടെയും പരസ്പരസാഹോദര്യത്തിന്റെയും സംസ്കാരവും ജനാധിപത്യവിശ്വാസവും അഭിമാനമായി കൊണ്ടുനടന്ന ഒരു ജനതയും അവർക്കു നേതൃത്വംനൽകിയ രാഷ്ട്രശില്പികളും ഭരണഘടനയും ഇന്ത്യയെ ഒരു വേറിട്ട അനുഭവമായി നിലനിർത്തി. ദരിദ്ര രാഷ്ട്രമായിരുന്നിട്ടുപോലും ഇന്ത്യ എന്ന ഭൂമിക ലോകരാഷ്ട്രങ്ങളുടെ ബഹുമാനം നേടിയെടുത്തത് ഇതുകൊണ്ടു മാത്രമായിരുന്നു. അതേസമൂഹം, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, ഇന്ത്യയെന്നാൽ ഭൂരിപക്ഷ മതവിശ്വാസികളുടെ നാടാണെന്നും അവരുടെ മതപരമായ ആചാരവിചാരങ്ങളാണ്  രാജ്യത്തിന്റെ സംസ്കാരത്തിന്റെ അടിസ്ഥാനമെന്നും വളരെ പെട്ടെന്നുതന്നെ  വിശ്വസിക്കാൻ തുടങ്ങുമ്പോൾ ഭരണഘടന വിഭാവനംചെയ്ത ഇന്ത്യ എന്ന ആശയംതന്നെ ഇല്ലാതാവുകയാണ്. എത്ര പെട്ടെന്നാണ് ഒരു സമൂഹം ഇത്തരം രൂപാന്തരത്തിനു വിധേയമാവുന്നത് എന്നത് അദ്‌ഭുതാവഹവും.

പരിതാപകരമായ ഗതികേടുകൾ

ബഹുസ്വരത ഭൂരിപക്ഷ മതവിശ്വാസത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ പോലുമാവാതെ ഊർധശ്വാസം വലിക്കുന്ന ഇതേ അവസരത്തിലാണ് രാജ്യത്തിന്റെ ഭാവിയിലെ ഏറ്റവും നിർണായകമെന്നു കരുതാവുന്ന പൊതുതിരഞ്ഞെടുപ്പും വരുന്നത്. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലെ ദുരനുഭവത്തിൽനിന്ന്‌ ഇനിയും കരകയറാനാവാത്ത പ്രതിപക്ഷപ്പാർട്ടികളെ അത് കൊണ്ടെത്തിച്ചിരിക്കുന്നതോ ഇനിയൊരു ‘മതേതര’സാഹസത്തിനുകൂടി മുതിരാനാവാത്ത അവസ്ഥയിലും.  അതുകൊണ്ട് തങ്ങളും ഭൂരിപക്ഷവിശ്വാസികളുടെ കൂടെയാണെന്നും തങ്ങളുടെ ഭൂരിപക്ഷവിശ്വാസമാണ് യഥാർഥ ഭൂരിപക്ഷവിശ്വാസമെന്നും എതിരാളികളുടേത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമുള്ളതാണ് എന്നും പറയേണ്ടുന്ന ദുരവസ്ഥയിൽ എത്തിനിൽക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പല പ്രതിപക്ഷപാർട്ടികളും. ഭൂരിപക്ഷസമൂഹത്തെ പ്രീണിപ്പിക്കാതെ രാഷ്ട്രീയമായി നിലനിൽക്കാനാവില്ല എന്ന പരിതാപകരമായ അവസ്ഥയിൽ ന്യായം, നീതി, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാപരമായ ഉറപ്പുകൾ അപഹാസ്യമാവുകയല്ലേ?   

അംബേദ്കർ നിയമനിർമാണസഭയിലെ തന്റെ അവസാന പ്രസംഗത്തിൽ ജനങ്ങളുടെ പരസ്പരസാഹോദര്യമാണ് എല്ലാ ഇന്ത്യക്കാരെയും ഒറ്റജനതയായി നിലനിർത്തുക എന്നു പറയുന്നുണ്ട്. അതാണ് സാമൂഹിക ജീവിതത്തിന് ഐക്യത്തിന്റെ ദൃഢത പകരുക എന്നും. അധികാരത്തിനും ആധിപത്യത്തിനും വേണ്ടി അതേ സാഹോദര്യത്തെ തകർക്കുക എന്നത് രാഷ്ട്രീയ അടവുനയമാവുന്നത് എത്ര വൈരുധ്യമാണ് എന്നോർത്തുനോക്കുക. 

സങ്കീർണമായ സമസ്യ

വളരെ സങ്കീർണമായ ഒരു രാഷ്ട്രീയസമസ്യയാണിത്. ഭൂരിപക്ഷ മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമ്പോൾ സംഭവിക്കുന്നത് നീണ്ടകാലത്തെ പരിശ്രമത്താൽ വിജയകരമായി നിലനിർത്തിയിരുന്ന സർഗാത്മകമായ ജനാധിപത്യപ്രക്രിയയുടെ പെട്ടെന്നുള്ള തകർച്ചയാണ്. ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിലൂടെയും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാവപ്പെട്ടവർക്കുവേണ്ടി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന കുതന്ത്രത്തിലൂടെയും സംസ്ഥാനങ്ങളിൽ അധികാരംപിടിക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നതും ഇതുതന്നെ. 

സാമൂഹികവും സാമ്പത്തികവുമായി വികസിച്ച സമൂഹങ്ങളിൽ ജനങ്ങളുടെ ജീവിതനിലവാരവും രാജ്യത്തിന്റെ ബഹുമുഖ പുരോഗതിയും പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങളാവുമ്പോൾ ഭൂരിപക്ഷ മതവിശ്വാസ ചൂഷണത്തിലൂടെ (പ്രാദേശികമായി ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിലൂടെ) അധികാരം പിടിച്ചെടുക്കാനാവും എന്ന സാധ്യത ജനാധിപത്യത്തെത്തന്നെ അപ്രസക്തമാക്കുകയാണ്. സർഗശക്തി നഷ്ടപ്പെട്ട ജനാധിപത്യപ്രക്രിയ ജനാധിപത്യത്തിന് പകരം അധിനിവേശത്തിന്റെ ഉപകരണം മാത്രമായി മാറുന്ന അത്യന്തം ശോചനീയമായ അവസ്ഥ.  

നിയമനിർമാണസഭയിലെ തന്റെ അവസാന പ്രസംഗത്തിൽ അംബേദ്കർ പറഞ്ഞ മറ്റു ചില കാര്യങ്ങളും ഇത്തരുണത്തിൽ പ്രസക്തമാണ്. ‘‘കാലം മാറുകയാണ്’’, അദ്ദേഹം പറഞ്ഞു, ‘‘പുതിയ ആദർശങ്ങളിൽ ആകൃഷ്ടരായവർ ജനങ്ങൾ നയിക്കുന്ന സർക്കാരിനു(government by the people)പകരം ജനങ്ങൾക്കു വേണ്ട സർക്കാരുകൾക്ക് (governments for the people) സന്നദ്ധരാണ്. ഭരണഘടന വിഭാവനംചെയ്ത ‘government of the people, for the people and by the people’ എന്ന ആശയത്തെ നിലനിർത്തണമെങ്കിൽ നമ്മൾ അതിന്റെ പാതയിലുള്ള എല്ലാ തടസ്സങ്ങളെയും മാറ്റിയേ മതിയാവൂ. മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല.’’ 
 

( യു.എൻ.ഡി.പി. (ഏഷ്യ പസഫിക്)യുടെ മുൻ സീനിയർ ഉപദേശകനും മുൻ പത്രപ്രവർത്തകനുമാണ്‌ ലേഖകൻ )

Content Highlights: republic day 2024, republic day india, republic day parade, indian republic, indian constitution,