ഇരുമ്പുകൈ മായാവി, സിഐഡി മൂസ, റിവോള്‍വര്‍ റിങ്കോ; വായനയുടെ ലോകത്തേക്ക് നയിച്ച വീരശൂരപരാക്രമികള്‍

ഇരുമ്പുകൈ മായാവിയെ അനുകരിച്ച് പ്ലഗ് പോയിന്റില്‍ വിരലിട്ടു നോക്കിയിട്ടുണ്ട് ഒരിക്കല്‍; ഞൊടിയിടയില്‍ അപ്രത്യക്ഷനാകാന്‍ വേണ്ടി. ഭാഗ്യത്തിന് ഷോക്കടിച്ചില്ല. അപ്രത്യക്ഷനായതുമില്ല. വലിയൊരു ലക്ഷ്യമുണ്ടായിരുന്നു ഏഴാം ക്ലാസ്സുകാരന്റെ ആ ഭയങ്കരമാന സാഹസത്തിന് പിന്നില്‍; ചുണ്ടേല്‍ അങ്ങാടിയിലെ മമ്മുക്കയുടെ സ്റ്റേഷനറിക്കടയില്‍ നിന്ന് ഫിലിം തുണ്ടുകള്‍ ഇട്ടു കാണാനുള്ള കുട്ടിബയോസ്‌കോപ്പ് അടിച്ചുമാറ്റുക.
അന്നത്തെ ഏറ്റവും വലിയ ആകര്‍ഷണം ആ മാന്ത്രികക്കാഴ്ച്ചയാണ്. നസീറിന്റെയും ഷീലയുടെയും ഉമ്മറിന്റെയും ജയശങ്കറിന്റെയും ഒക്കെ മുഖങ്ങള്‍ തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് കാണുന്ന പോലെ സൂത്രപ്പെട്ടിയുടെ കിളിവാതിലിലൂടെ കണ്ട് നിര്‍വൃതിയടയാം. ജ്യോതിലക്ഷ്മിയുടെ ഡാന്‍സും വിന്‍സന്റിന്റെ സ്റ്റണ്ടും കാണാം. മോഷ്ടാവ് അദൃശ്യനായതുകൊണ്ട് മോഷണം ആരും കാണുമെന്ന പേടിവേണ്ട. പിറ്റേന്ന് രാവിലെ, സ്‌കൂളില്‍ പോകുമ്പോള്‍, ബയോസ്‌കോപ്പ് നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ തലകുനിച്ചിരിക്കുന്ന മമ്മുക്കയെ സഹതാപത്തോടെ നോക്കി ചിരിക്കാം.
എന്തു ചെയ്യാം? പദ്ധതി മുഴുവന്‍ പാളിപ്പോയില്ലേ? ഇരുമ്പുകൈ മായാവിയേയും അച്യുതന്‍ ബുക്ക് ഹൗസിനേയും കണ്ണടച്ച് വിശ്വസിച്ചതിന് കിട്ടിയ ശിക്ഷ. മായാവി നായകനായ 'മഞ്ഞുകട്ട രഹസ്യം' ആണ് ആദ്യം വായിച്ച മുഴുനീള മലയാളം കോമിക്. ഗോപിയേട്ടന്റെ കോമിക് ശേഖരത്തില്‍ നിന്ന് ഫാന്റത്തേയും മാന്‍ഡ്രേക്കിനേയും ഫ്‌ലാഷ് ഗോര്‍ഡനേയും ലോണ്‍ റേഞ്ചറെയും ഒക്കെ നേരത്തെ തന്നെ വായിച്ച് പുളകമണിഞ്ഞിട്ടുണ്ടെങ്കിലും മലയാളത്തില്‍ സംസാരിക്കുന്ന വീരസാഹസിക ശിങ്കമായ മായാവിയോടുള്ള സ്‌നേഹം ഒന്ന് വേറെ. വെടിയൊച്ച പോലും മലയാളത്തിലാണ് എന്നതാണ് മായാവിക്കഥകളുടെ ഹൈലൈറ്റ് ടമാര്‍, പടാര്‍ എന്നിങ്ങനെ. ഫാന്റത്തിന്റെ ഡെവിള്‍ എന്ന ചെന്നായ 'റൂഫ് റൂഫ് ' എന്നും 'ബൗ ബൗ' എന്നും കുരയ്ക്കുമ്പോള്‍ മായാവിക്കഥയിലെ നായ കുരയ്ക്കുക 'ഗുര്‍ ഗുര്‍ ഗുര്‍' എന്ന്. ഇടിയില്‍ പോലുമുണ്ട് മലയാളിത്തം; ഡിഷും ഡിഷും ഇല്ല. പകരം ടും ടും ഠിം ഠിം.
തീര്‍ന്നില്ല. മായാവിയുടെ കഥകളില്‍ ആത്മഗതത്തിന് വലിയ പ്രാധാന്യമുണ്ട്. കൂലങ്കഷമായി ചിന്തിക്കാതെ ഒരു പ്രവൃത്തിയും ചെയ്യില്ല അദ്ദേഹം. 'ഒരു വെടിയുണ്ട വരുന്നുണ്ട്, എനിക്ക് നേരെയാണെന്നു തോന്നുന്നു. മാറിക്കളയാം' എന്ന് തീരുമാനിച്ചുറച്ച ശേഷമേ മായാവി തല വെട്ടിക്കൂ. ക്ഷമാശീലനായ വെടിയുണ്ട അതുവരെ കാത്തിരിക്കാന്‍ തയ്യാര്‍. 'മഞ്ഞുകട്ട രഹസ്യം' എത്ര തവണ വായിച്ചുവെന്നറിയില്ല. ഓരോ വായനയും പുതുമയാര്‍ന്ന അനുഭവമായിരുന്നു. ബ്രിട്ടീഷ് കോമിക് ആയ 'സ്റ്റീല്‍ ക്ലോ'യുടെ ഈച്ചപ്പകര്‍പ്പായതിനാല്‍ ചിത്രങ്ങള്‍ ഒന്നാന്തരം. തര്‍ജ്ജമയില്‍ മാത്രമേ ഉള്ളൂ കണ്ണാടി വിശ്വനാഥന്റെ ഇടപെടല്‍. മനോധര്‍മ്മ പ്രകടനത്തിന്റെ അയ്യരുകളിയാണവിടെ. പന്ത്രണ്ടുകാരന് സങ്കല്പവായുവിമാനത്തിലേറി പറക്കാന്‍ ധാരാളം സ്‌കോപ്പുള്ള കഥാഗതി.
തോന്നുംപടി പുകയായി ശൂന്യതയില്‍ മറയാനാവില്ല മായാവിക്ക്. അതിന് വിദ്യുച്ഛക്തിയുടെ സഹായം വേണം. വല്ല പ്ലഗ് പോയിന്റോ, പൊട്ടിയ വയറോ, 110 കെ വി വൈദ്യുതി ലൈനോ അടുത്തുണ്ടെങ്കില്‍ മൂപ്പര് ഹാപ്പി. കമ്പിമേല്‍ ഒന്ന് വിരല്‍ വച്ചുകൊടുത്താല്‍ മതി ആള്‍ അപ്പടി 'ശൂ'ന്ന് മാഞ്ഞുപോകും; ഇരുമ്പുകൈ ഒഴിച്ച്. പിന്നെ കാണുക ആ ആളില്ലാക്കൈ അങ്ങനെ വായുവില്‍ ഒഴുകിനടക്കുന്നതാണ്. പക്ഷേ പവര്‍ കുറഞ്ഞു തുടങ്ങിയാല്‍ പ്രശ്നമാവും. കണ്ണ്, മൂക്ക്, തല, കൈകാലുകള്‍ എന്നിങ്ങനെ ഓരോ ഭാഗമായി തെളിഞ്ഞുവരും. ഏറ്റവും വലിയ പ്രശ്‌നം ടിയാന് അത് ചിലപ്പോള്‍ മനസ്സിലാക്കാന്‍ പറ്റില്ല എന്നതാണ്. നമ്മള്‍ അദൃശ്യനോ അല്ലയോ എന്ന് സ്വയം മനസ്സിലാവില്ലല്ലോ. മറ്റുള്ളവരുടെ പ്രതികരണത്തില്‍ നിന്ന് വേണം അതുറപ്പാക്കാന്‍.
മറ്റൊന്നുകൂടിയുണ്ട്. വെറും കയ്യല്ല ഈ ഇരുമ്പു കൈ. ഒരു ചെറുകിട ആയുധപ്പുരയാണ്. വെടിയുണ്ട തൊടുക്കാം; തീജ്വാലകളുതിര്‍ക്കാം; മിസൈലുകള്‍ വര്‍ഷിക്കാം; കത്തിയെറിയാം. അത്യാവശ്യത്തിന് ഫോണായും ഉപയോഗിക്കാം. പുറം ചൊറിയല്‍ ഒഴിച്ച് ബാക്കി എന്ത് പണിയും ചെയ്യാം അതുകൊണ്ട്. ഇരുമ്പുകൈ മായാവി സമ്മാനിച്ച ആ ഭ്രമാത്മകലോകത്തിലൂടെ സ്വപ്നത്തിലെന്നോണം യാത്ര ചെയ്ത ബാല്യമായിരുന്നു എന്റേത്. സ്വപ്നങ്ങളില്‍ പോലും വന്നുചിരിച്ചുനിന്നു അക്കാലത്ത് മായാവി. കണക്ക് പരീക്ഷയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വന്ന ഘട്ടങ്ങളില്‍ മായാവിയെപ്പോലെ അദൃശ്യനായി മാറി കോപ്പിയടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നുവരെ ചിന്തിച്ചു.
കണ്ണാടി വിശ്വനാഥന് നന്ദി. ഒന്നരപ്പതിറ്റാണ്ട് ചെന്നൈയില്‍ തുന്നല്‍പ്പണി ചെയ്തു ജീവിച്ച ശേഷം ജന്മനാടായ പാലക്കാട്ടെ കണ്ണാടിയില്‍ തിരിച്ചെത്തി സുഹൃത്തായ അച്യുതന്റെ സഹായത്തോടെ വിദേശ ചിത്രകഥകള്‍ തേടിപ്പിടിച്ചു മലയാളീകരിച്ച് ആ കഥാപത്രങ്ങളെ എന്റെ തലമുറയിലെ കുട്ടികള്‍ക്കിടയിലേക്ക് പറഞ്ഞയച്ചത് അദ്ദേഹമാണല്ലോ. ഇരുമ്പുകൈ മായാവിയും സി.ഐ.ഡി മൂസയും റിവോള്‍വര്‍ റിങ്കോയുമൊക്കെ അങ്ങനെ ഞങ്ങളുടെ ആവേശമായി, ലഹരിയായി. വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നയിച്ച ആ വീരശൂര പരാക്രമികളെ എങ്ങനെ മറക്കാന്‍?
Content Highlights: Reading day 2023, Ravi Menon, Childhood memories, Reading Mayavi CID Moosa malayalam comics