ഓര്‍മകളില്‍ ചിറകടിക്കുന്നു, ആ പ്രിയപുസ്തകം

#കെ. രേഖ
കെ. രേഖ | ഫോട്ടോ: മാതൃഭൂമി
കെ. രേഖ | ഫോട്ടോ: മാതൃഭൂമി

വായനയെക്കുറിച്ചോര്‍ക്കുമ്പോള്‍, ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ടോ ബൊലാനോയെ ഓര്‍ത്തുപോകുന്നു. കവിതയായിരുന്നു ബൊലാനോയുടെ ഇഷ്ടക്കാരി. പക്ഷേ, മരണമടുത്തു എന്ന തോന്നല്‍ വന്നപ്പോള്‍ മക്കള്‍ക്കും ഭാര്യക്കും തുടര്‍ജീവിതത്തിനുവേണ്ട പണത്തിനായി ബൊലാനോ ഫിക്ഷന്‍ എഴുതാന്‍തുടങ്ങി. 2666 ഉള്‍പ്പെടെയുള്ള മികച്ച കൃതികള്‍.

ബൊലാനോയെപ്പോലെ മക്കള്‍ക്കു പണത്തിനു വേണ്ടി, ഷെഹറസാദിനെപ്പോലെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍വേണ്ടി, വിഷ്ണുശര്‍മനെപ്പോലെ, ശിഷ്യരെ സമര്‍ഥരും സന്മാര്‍ഗികളുമാക്കാന്‍വേണ്ടി, കാട്ടാളജന്മത്തില്‍നിന്നു മുക്തിനേടാന്‍വേണ്ടി, ജീവിച്ചിരുന്നു എന്നതിനു തെളിവുണ്ടാക്കാന്‍വേണ്ടി, ആത്മാവിനെ സ്വതന്ത്രമാക്കാന്‍വേണ്ടി, മനുഷ്യന്‍ പലകാലങ്ങളില്‍ പല കാരണങ്ങളാല്‍ കഥ പറഞ്ഞുകൊണ്ടേയിരുന്നു. കഥയുള്ളവയെ കാലം കൈവശംവെച്ചു. അല്ലാത്തവയെ ചേറ്റിക്കൊഴിച്ചുകളഞ്ഞു.

വായനക്കാരുടെ സങ്കല്പവായുവിമാനത്തില്‍ കയറിയിരിക്കാനുള്ള ആദ്യടിക്കറ്റ് തന്നത് അറബിക്കഥകളാണെങ്കിലും അടിമുടി അദ്ഭുതവും കൗതുകവും ഉള്ളില്‍നിറച്ചത് മറ്റൊരു പുസ്തകമാണ്. ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍.' കെ.കെ. നീലകണ്ഠന്‍ എന്ന ഇംഗ്ലീഷ് പ്രൊഫസര്‍ പക്ഷികളോട് ഇഷ്ടം തുടങ്ങിയപ്പോള്‍ ഇന്ദുചൂഡന്‍ എന്ന മറ്റൊരാളായി അവതാരമെടുത്ത്, അവയുടെ കഥ പറഞ്ഞുതുടങ്ങി. അറുപതാണ്ടത്തെ അധ്വാനം ലളിതമായ വാക്കും കാഴ്ചയുമായി. 

ഈ ഭൂമിയില്‍ ഒരു ചെറുപക്ഷിപോലും വെറുതേ പിറവിയെടുക്കുന്നില്ല എന്ന വലിയ ദര്‍ശനം പറയാതെപറഞ്ഞുതന്ന പുസ്തകമാണത്. അതെന്നെ കൂടുതല്‍ മനുഷ്യപ്പറ്റുള്ള ഒരാളാക്കി. എന്റെ മുറ്റത്തെ കാക്കയ്ക്കും മൈനയ്ക്കുമെല്ലാം ഒരു കഥയുണ്ട്, ശാസ്ത്രമുണ്ട് എന്ന തിരിച്ചറിവുതന്ന പുസ്തകമാണത്. ഒരുകാലത്ത് വനത്തില്‍ മാത്രം കഴിഞ്ഞിരുന്ന മയിലുകള്‍ ഇപ്പോള്‍ കേരളത്തിലെ പല ഗ്രാമങ്ങളിലും സന്ദര്‍ശകരാണ്. തൃശ്ശൂരിലെ എന്റെ ഗ്രാമത്തിലും പ്രഭാതങ്ങളില്‍ സുന്ദരന്മാര്‍ പീലിവിരിച്ചുനില്‍ക്കുന്നതുകാണാം.

കൂടുണ്ടാക്കുക, അടയിരിക്കുക, കുഞ്ഞുങ്ങളെ നോക്കുക തുടങ്ങിയ ജോലിയെല്ലാം ഭാര്യയെ ഏല്‍പ്പിച്ച് സുന്ദരനായി വിലസിനടക്കാനാണ് ആണ്‍ മയിലിനിഷ്ടം. പക്ഷേ, വേഴാമ്പലോ? മരപ്പൊത്തുകളില്‍ മുട്ടയിടുന്ന ഭാര്യ അതിന്റെ കവാടം സ്വയം അടച്ച് സുരക്ഷാകാരണങ്ങളാല്‍ കാരാഗൃഹവാസം തിരഞ്ഞെടുക്കും. പാവം ഭര്‍ത്താവ്- ഭാര്യക്കും മക്കള്‍ക്കും ഭക്ഷണം കൊണ്ടുകൊടുത്ത് ഒരുവഴിക്കാകും. ഭാര്യ നല്ലതടിച്ചിയും ഭര്‍ത്താവ് ക്ഷീണിതനുമാകും. വേഴാമ്പലിന്റെ പൂര്‍വജന്മപാപകഥയും കട്ടോടം ചാത്തനെന്നു പേരുവീണതും ഇതോടു ചേര്‍ത്തുപറയുന്നു.

വൈലോപ്പിള്ളിയുടെ പ്രിയപ്പെട്ടവനാണ് കാക്ക. പക്ഷേ, എം.ടി. കഥാപാത്രംപോലെ പ്രതികാരദാഹിയാണ് കാക്ക. വെള്ളിക്കണ്ണടഫ്രെയിമുകള്‍ പതിവായി കട്ടെടുത്ത് കൊണ്ടുവന്ന് കൂടൊരുക്കിയ കാക്കകളുടെ കഥ വായിച്ചുചിരിച്ചിട്ടുണ്ട്. പക്ഷേ, കുയില്‍, മുട്ടയിടാറായ കാക്കയുടെ കൂട് അന്വേഷിച്ചുകണ്ടെത്തി വന്ന് മുട്ടയിട്ടുപോകുന്നതും കുയില്‍ക്കുഞ്ഞിനെ, സ്വയമറിയാതെ അടയിരുന്ന് വിരിയിക്കുന്നതും അതിബുദ്ധിമതിയായ കാക്ക അറിയാതെപോകും.

കാക്കയില്‍ നിന്നുതുടങ്ങി തുന്നാരന്‍പക്ഷിവരെ എത്രയോ കിളികളുടെ കഥയുടെ വായനതന്ന അദ്ഭുതം ഇപ്പോഴും കൂടെയുണ്ട്. കടത്തനാടന്‍ ചേകവന്മാര്‍ അങ്കത്തിനു പോകുമ്പോള്‍ കണികാണാനിഷ്ടപ്പെട്ടിരുന്ന ചെമ്പോത്തിന്, വസന്തകാലത്ത് ഭാര്യ വേണം, കൂട്ടിന്. ചന്ദ്രികയുള്ള രാത്രി അത് ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കും.

പൂത്താങ്കീരി പിന്നെ ഗ്രൂപ്പിസത്തിന്റെ ആളുകളാണ്. പത്തുപന്ത്രണ്ടു പേരുള്ള, സ്വന്തം ഗ്രൂപ്പിനു പുറത്തുള്ളവരെ ഓടിക്കും. ഒരു ഹൈക്കമാന്‍ഡിനും ഇടപെടാനാകില്ല. തക്കംനോക്കി കാക്കയുടെ കൂട്ടില്‍ക്കയറി മുട്ടയിടുന്ന കുയിലിന്റെ കുഞ്ഞും മോശമല്ല. ജനിച്ചയുടന്‍ മറ്റു മുട്ടകള്‍ പുറത്തേക്ക് തള്ളിയിട്ടാണ് കുയില്‍ക്കുഞ്ഞന്റെ പിറവി. കുംഭോദരന്‍ ആണത്രേ. ഭക്ഷണം പങ്കുവെക്കാനിഷ്ടമല്ല.

രാത്രി ഭക്ഷണം തേടാനിറങ്ങുന്നവയാണ് പാതിരാക്കൊക്ക്. അവയുടെ കുട്ടികള്‍ക്ക്, അച്ഛനമ്മമാരുടെ ഗ്ലാമറില്ല. മൂങ്ങ വിഴുങ്ങുന്ന ഇരയുടെ, ബാക്കിവരുന്ന ഫുഡ് വേസ്റ്റ് ഗുളിക രൂപത്തില്‍ പുറന്തള്ളുന്നു. ഒരു സ്ത്രീയുടെ മുറവിളി പോലെയാണ് കാട്ടുമൂങ്ങയുടെ കരച്ചില്‍. ആ കഥയോര്‍മയില്‍, ആ മുറവിളികേള്‍ക്കാന്‍ പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ അതു തിരഞ്ഞുനടന്ന യൗവനകാലഓര്‍മകള്‍ക്കുപോലുമുണ്ട് ആവേശം.

സാലിം അലിയും കേരളത്തിലെ പക്ഷികളെക്കുറിച്ച് 'ബേഡ്‌സ് ഓഫ് കേരള' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരളത്തിലെ പക്ഷിക്കൂട്ടം ആരെയും ലഹരിപിടിപ്പിക്കും. കീരി, പാമ്പ്, കൂമന്‍ എന്നിവയെ സൗണ്ട് സിസ്റ്റം കൊണ്ട് പേടിപ്പിച്ച് ഓടിക്കുന്ന, ഉച്ചനേരത്ത് ചൂളംവിളിക്കുന്ന മൈനസംഘം, ഒരുനിമിഷം അടങ്ങിയിരിക്കാത്ത വാലുകുലുക്കിപ്പക്ഷി, വീട്ടില്‍ തീരെ വൃത്തിയും വെടിപ്പുമില്ലാത്ത, എന്നാല്‍ വേഷത്തില്‍ അലങ്കാരം കൂടുതലായതുകൊണ്ട് പുയ്യാപ്‌ള എന്ന പേരുവീണ ഉപ്പൂപ്പന്‍, ഇങ്ങനെ ഇങ്ങനെ മനുഷ്യരെക്കാള്‍ വൈവിധ്യമുണ്ട്, പക്ഷിലോകത്തിന്.

പനയെ വിടാതെ പിടികൂടിയ പനങ്കൂളനും ഇത്തിക്കണ്ണിയെ കൈവിടാത്ത ഇത്തിക്കണ്ണിക്കുരുവിയും പരസ്പരം സ്‌നേഹമുള്ളവയാണ്. പനയ്ക്ക് പനങ്കൂളനെക്കൊണ്ട് ഒരു ഉപകാരവുമില്ല. ഇത്തിക്കണ്ണിക്കുരുവി വിത്തുവിതരണ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഉപകാരിയാണത്രേ... ഇങ്ങനെ എന്തുമാത്രം കഥകള്‍.

ഒരു പുസ്തകം ജീവിതത്തിന് ദര്‍ശനമാകുക, കാഴ്ചകാണാനും അറിവുനേടാനും തേടിപ്പോകാനും പ്രേരിപ്പിക്കുക, കഥകളുടെ അദ്ഭുതസഞ്ചയം കൈമാറുക, അനുഭവങ്ങളുടെ പാഠപുസ്തകമാകുക -ഇതെല്ലാം 'കേരളത്തിലെ പക്ഷികള്‍' നിര്‍വഹിക്കുന്നു. അതുകൊണ്ട് അതെന്റെ പ്രിയപുസ്തകം മാത്രമല്ല, വേദപുസ്തകവുമാണ്!

Content Highlights: Reading day 2023, K. Rekha, Writer, Memory on reading experience, Induchoodan