രാഷ്ട്രീയനേതാവില്‍നിന്നും 'മൂലധനം' തിരിച്ചുപിടിച്ചു; ജഗന് ജീവനാണ് വായന

പുസ്തകശേഖരത്തിന് മുന്നില്‍ ജഗജീവനും മകന്‍ സിദ്ധാര്‍ഥന്‍ ചതുര്‍വേദയും | ഫോട്ടോ: സി.ആര്‍. ഗിരീഷ്‌കുമാര്‍
പുസ്തകശേഖരത്തിന് മുന്നില്‍ ജഗജീവനും മകന്‍ സിദ്ധാര്‍ഥന്‍ ചതുര്‍വേദയും | ഫോട്ടോ: സി.ആര്‍. ഗിരീഷ്‌കുമാര്‍

കൊല്ലം: പൂപ്പലുപിടിച്ച മേല്‍ക്കൂര, ചെത്തിത്തേക്കാത്ത ചുമരുകള്‍, മഴപെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്ന പരിസരം... പക്ഷേ അകത്തുകടന്നാല്‍ കഥമാറും. അക്ഷരങ്ങള്‍കൊണ്ട് സമ്പന്നമാണവിടം. കിടപ്പുമുറിയുടെ ചാരേയുള്ള സൗകര്യത്തില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് വന്‍ പുസ്തകശേഖരം. വായനയ്ക്കായി ജീവിതം സമര്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍ ആണ്ടാമുക്കം താമരക്കുളം പുല്‍ത്തോട്ടത്തിലെ ജഗജീവന്റെ വീടാണിത്.

അമ്മ ഓമനയില്‍നിന്നാണ് വായനശീലം പകര്‍ന്നതെന്ന് ജഗന്‍ പറയുന്നു. അമ്മ വാരികകളായിരുന്നു വായിക്കാറ്. അതില്‍നിന്ന് ചിലത് തിരഞ്ഞെടുത്ത് വായിക്കാന്‍ പറയും. കോട്ടയം പുഷ്പനാഥും മറ്റും. പക്ഷേ ജഗന്‍ കഥയും നോവലുമൊക്കെ വിട്ട് ആത്മകഥകള്‍, ലേഖനങ്ങള്‍, ജീവചരിത്രം തുടങ്ങിയവയിലേക്ക് പോയി. വിവേകാനന്ദ സാഹിത്യ സര്‍വസ്വം വായിച്ചാണ് ഗൗരവമായ വായനയിലേക്ക് കടക്കുന്നത്. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ കൊണ്ടുവരുന്ന പേപ്പറുകള്‍ ശേഖരിച്ച് സൂക്ഷിച്ചുവെച്ച് അത് തൂക്കിവിറ്റുകിട്ടുന്ന കാശുകൊണ്ട് പുസ്തകം വാങ്ങും.

ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ദിവസവും കിട്ടുന്നതില്‍നിന്ന് 30 രൂപവീതം മാറ്റിവെക്കും. അതിനും പുസ്തകം വാങ്ങും. അപൂര്‍വം ചില പുസ്തകങ്ങള്‍ സമ്മാനമായി കിട്ടിയിട്ടുമുണ്ട്. ഇവിടെനിന്ന് എടുത്തുകൊണ്ടുപോയിട്ട് തിരിച്ചുകിട്ടാത്ത പുസ്തകങ്ങളുമുണ്ട്. 'പക്ഷേ ഒരുപുസ്തകം ഞാന്‍ പിന്നാലെ നടന്ന് തിരികെ വാങ്ങി. കാള്‍ മാര്‍ക്‌സിന്റെ 'മൂലധന'മായിരുന്നു അത്. ഒരു രാഷ്ട്രീയനേതാവാണ് കൊണ്ടുപോയത്. പഴയ കോപ്പിയാണ്. കിട്ടാതായപ്പോള്‍ രണ്ടാമതൊന്ന് വാങ്ങാന്‍ ശ്രമിച്ചു. കോട്ടയംവരെ പോയിനോക്കി. പക്ഷേ എങ്ങുമില്ല. അവസാനം നിരന്തരം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി തിരിച്ചുപിടിച്ചു'- ജഗന്‍ പറഞ്ഞു.

സര്‍വവിജ്ഞാനകോശം, ലോകരാഷ്ട്രങ്ങള്‍, സസ്യശാസ്ത്രം, വാത്മീകിരാമായണം... ജഗന്റെ പുസ്തകശേഖരം ഇവയൊക്കെയാണ്. ജോലിക്കു പോകുമ്പോള്‍ ചെറിയ പുസ്തകങ്ങള്‍ കൊണ്ടുപോകും. യാത്രക്കാരെ കാത്തിരിക്കുന്ന സമയത്ത് വായിക്കും. വലിയ പുസ്തകങ്ങള്‍ എന്നും രാവിലെ അരമണിക്കൂറും. രാത്രി എട്ടിന് വീട്ടിലെത്തിയാല്‍ 12 മണിവരെ വായനയാണ്. ജഗന്റെ വാട്സാപ് സ്റ്റാറ്റസ് സുഹൃത്തുക്കള്‍ ശ്രദ്ധിക്കും. വായനയില്‍നിന്നുള്ള അറിവുകള്‍ അതിലുണ്ടാകും.

ഭാര്യ ശ്രീകലയ്ക്കും മകള്‍ സിദ്ധിത്രയയ്ക്കും വായനയില്‍ വലിയ താത്പര്യമില്ല. പക്ഷേ അഞ്ചാംക്ലാസ് വിദ്യാര്‍ഥി മകന്‍ സിദ്ധാര്‍ഥന്‍ ചതുര്‍വേദ അച്ഛന്റെ പാതയിലാണ്. 'കെ.പി. കേശവമോനോന്റെ 'ജവഹര്‍ലാല്‍ നെഹ്റു' എന്ന പുസ്തകം അവനുവേണ്ടി വാങ്ങിയതാണ്'- ജഗന്‍ പറഞ്ഞു.

Content Highlights: Reading day 2023, Jagajeevan auto rikshaw driver who collect and keep books at his home, Kollam