അകത്തുണ്ട് കഥാപാത്രങ്ങള്‍, കുഞ്ഞല്ല ഈ പുസ്തകപ്പുര

#കെ. ഉണ്ണികൃഷ്ണന്‍
പി.കെ. കുഞ്ഞന്‍ പുസ്തകങ്ങളുമായി | ഫോട്ടോ: മാതൃഭൂമി
പി.കെ. കുഞ്ഞന്‍ പുസ്തകങ്ങളുമായി | ഫോട്ടോ: മാതൃഭൂമി

കൊച്ചി: അപ്പുക്കിളിയും ആനവാരിയും ദാസനും സേതുവും വിമലയുമൊക്കെയാണ് ഈ മുറികളിലെ താമസക്കാര്‍. ഒപ്പം മാര്‍കേസ് നൂറു വര്‍ഷങ്ങളുടെ ഏകാന്തതയിലുണ്ട്. അമ്പലമണിയും അമാവാസിയും വീട്ടിലേക്കുള്ള വഴിയും ഭൂമിക്കൊരു ചരമഗീതവുമെല്ലാം സ്പന്ദിക്കുന്ന അക്ഷരങ്ങളാണ്. അപൂര്‍വമായ ഒരു പുസ്തകപ്പുരയാണ് കിഴക്കമ്പലത്തെ നിശാന്തം. അവിടെ പുസ്തകക്കൂട്ടത്തിനു നടുവിലാണ് പി.കെ. കുഞ്ഞന്‍.

വീണ്ടും ഒരു വായനദിനമെത്തുമ്പോള്‍ താഴത്തെ മുറികളില്‍ മാത്രമല്ല പുസ്തകങ്ങള്‍. മുകളില്‍ രണ്ടു മുറികള്‍ മാറ്റിവെച്ചിട്ടുണ്ട്. ഒരു സാധാരണ വായനക്കാരനെന്ന് പരിചയപ്പെടുത്തുമ്പോഴും അസാധാരണത്വമുള്ള സാഹിത്യാസ്വാദകനാണ് കുഞ്ഞന്‍. കേന്ദ്രവിനോദസഞ്ചാരവകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ ഇന്ത്യയില്‍ പലയിടത്തുമുണ്ടായിരുന്നുവെങ്കിലും വായനയും പുസ്തകങ്ങളും ഒപ്പം കൊണ്ടുപോയി. കിഴക്കമ്പലം വിലങ്ങില്‍ അടുത്തിടെ വാങ്ങിയ വീട് പുതുക്കിയപ്പോള്‍ മുകള്‍നില പുസ്തകങ്ങള്‍ക്കായി മാറ്റിവെച്ചു. കുറേ കെട്ടുപൊട്ടിച്ച് വെയ്ക്കാനുണ്ട്.

1865-ല്‍ പുറത്തിറങ്ങിയ ആദ്യ മലയാള നിഘണ്ടു ഉള്‍പ്പെടെ 170 നിഘണ്ടുക്കള്‍, എം.ടി.യുടെ പുസ്തകങ്ങളും പഠനങ്ങളുമായി 120 പുസ്തകങ്ങള്‍, മഹാഭാരതത്തെ ആധാരമാക്കി പുറത്തിറങ്ങിയ 30 കൃതികള്‍, എഴുത്തുകാരുടെ ഓട്ടോഗ്രാഫുള്ള നൂറു കണക്കിന് പുസ്തകങ്ങള്‍ എന്നിവ ഗ്രന്ഥശേഖരത്തിലുണ്ട്. യു.ആര്‍. അനന്തമൂര്‍ത്തി, എല്‍.കെ. അദ്വാനി, അഴീക്കോട്. 

അന്നൊക്കെ ഒപ്പിട്ട് പുസ്തകം വാങ്ങിക്കാന്‍ എഴുത്തുകാരുടെ അടുത്തുതന്നെ പോകണം. 'അത്തരം യാത്രകളുടെ ഓര്‍മകളുണ്ട്. അവരുടെ ഓട്ടോഗ്രാഫുള്ള പുസ്തകം വായിക്കാനെടുക്കുമ്പോള്‍ അവരുടെ സാന്നിധ്യം എവിടെയോ ഉണ്ടെന്ന് തോന്നും.' 

ഇംഗ്ലീഷിലും മലയാളത്തിലുമായി വൈവിധ്യമുള്ള വിഷയങ്ങളില്‍ പതിനായിരത്തിലേറെ പുസ്തകങ്ങള്‍. വായനക്കാരന്‍ എന്ന നിലയില്‍ ഒരോ പുസ്തകത്തിനും എ പ്ലസ് വരെയുള്ള ഗ്രേഡുമിട്ടിട്ടുണ്ട്. അത് സാധാരണ വായനക്കാരനായിരിക്കുന്നതിന്റെ സ്വാതന്ത്ര്യമാണെന്ന് കുഞ്ഞന്‍. കുട്ടിക്കാലത്തേ കൂടെക്കൂടിയതാണ് വായനാശീലം. 

നാടായ മേഴത്തൂരില്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ തറവാടിനടുത്തുള്ള ഗ്രന്ഥശാലയില്‍ സെക്രട്ടറിയായപ്പോള്‍ പ്രായം 17 മാത്രം. സ്ഥാനമല്ല, ഒരുപാട് പുസ്തകങ്ങള്‍ വായിക്കാമെന്നതായിരുന്നു അതിന്റെ ഗുണമായി തോന്നിയത്. ഭാര്യ മല്ലികയും ഏകമകന്‍ കാക്കനാട് ടി.സി.എസിലെ ഉദ്യോഗസ്ഥന്‍ നിശാന്തും കുഞ്ഞന്റെ വായനയ്ക്ക് കൂട്ടായുണ്ട്. ടി.വി.യില്ലാത്ത വീട്ടില്‍ പക്ഷേ, ഗ്രാമഫോണും ഗൃഹാതുരത പാടിക്കേള്‍പ്പിക്കുന്ന രണ്ടായിരത്തോളം റെക്കോഡുകളുമുണ്ട്.

Content Highlights: Reading day 2023, Home library of P.K. Kunjan, Kizhakkambalam, Ernakulam