ടേസ്റ്റി ഇഫ്താര്‍: കൊതിയൂറും കസവ മട്ടണ്‍ ഡംപ്ലിംഗ്സും കാന്താരി കോഴി പെരട്ടും

ഇഫ്താറിന്റെ സ്നേഹം നിറഞ്ഞ തീന്‍മേശയിലേക്ക് എത്രയോ വിഭവങ്ങളാണ് നിരന്നുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വയറും മനസും ഒരുപോലെ നിറക്കുന്ന രുചികരമായ വിഭവങ്ങള്‍. ടേസ്റ്റി ഇഫ്താറില്‍ ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് കസവ മട്ടണ്‍ ഡംപ്ലിംഗ്സും കാന്താരി കോഴി പെരട്ടുമാണ്. ചെറിയ നോമ്പുതുറക്ക് ഒരുക്കാവുന്ന രുചികരമായ വിഭവമാണ് കസവ മട്ടണ്‍ ഡംപ്ലിംഗ്സ് എങ്കില്‍ വലിയ നോമ്പ് തുറക്ക് വിളമ്പാവുന്നതാണ് കാന്താരി കോഴി പെരട്ട്. രുചികരമായ ഈ വിഭവങ്ങള്‍ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തുന്നത് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലെ ഷെഫ് മുഹമ്മദ് ഫൈസല്‍.
കസവ മട്ടണ്‍ ഡംപ്ലിംഗ്സ്
ആവശ്യമായ ചേരുവകള്‍
മരച്ചീനി (വേവിച്ചത്) - 200 ഗ്രാം
മട്ടണ്‍ (അരിഞ്ഞത്) - 200 ഗ്രാം
സവാള - 1 എണ്ണം
ഇഞ്ചി - 10 ഗ്രാം
പച്ചമുളക് - 1 എണ്ണം
കറിവേപ്പില - 1 തണ്ട്
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
ഗരംമസാല - 1/2 ടീസ്പൂണ്‍
പെരുംജീരകം പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
പാചക എണ്ണ - 200 മില്ലി
ഉപ്പ് - ആവശ്യത്തിന്
വെള്ളം
ബ്രെഡ് പൊടി - 100 ഗ്രാം
മുട്ട - 1 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. തുടര്‍ന്ന് മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാല, പെരുംജീരകം, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം വളരെ ചെറുതായ് അരിഞ്ഞ മട്ടണും അല്‍പം വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. അതിനുശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക. ഇത് വെന്ത് വറ്റുന്നതുവരെ വരെ വേവിക്കുക. മട്ടണ്‍ മിശ്രിതത്തിലേക്ക് നന്നായി ഉടച്ച മരച്ചീനി ചേര്‍ത്ത് ഇളക്കുക. തീ ഓഫ് ചെയ്ത് മിശ്രിതം പൂര്‍ണ്ണമായും തണുക്കാന്‍ അനുവദിക്കുക. മിശ്രിതം തണുത്തു കഴിഞ്ഞാല്‍ ചെറിയ ഉരുളകളാക്കി മാറ്റുക. ഓരോ ഉരുളകളും മുട്ടയില്‍ മുക്കി ബ്രെഡ് പൊടിയില്‍ ഇട്ടെടുക്കുക ഒരു പാനില്‍ എണ്ണ ചൂടാക്കി ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ വറുത്തെടുക്കുക. നല്ല മൊരിഞ്ഞ കസവ മട്ടണ്‍ ഡംപ്‌ളിംഗ്‌സ് തയ്യാര്‍! ടൊമാറ്റോ കെച്ചപ്പിനൊപ്പം ചെറിയ നോമ്പ് തുറക്ക് ലഘുഭക്ഷണമായി ആസ്വദിക്കാം.
കാന്താരി കോഴി പെരട്ട്
ആവശ്യമായ ചേരുവകള്‍:
ചിക്കന്‍ (കറി കട്ട്) - 500 ഗ്രാം
കാന്താരി മുളക് - 25 ഗ്രാം
ഇഞ്ചി - 20 ഗ്രാം
വെളുത്തുള്ളി - 20 ഗ്രാം
ചെറിയുള്ളി - 100 ഗ്രാം
മല്ലിയില - 20 ഗ്രാം
കറിവേപ്പില - 15 ഗ്രാം
വെളിച്ചെണ്ണ - 100 മില്ലി
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഗരംമസാലപ്പൊടി - 1 ടീസ്പൂണ്‍
പെരുംജീരകം പൊടി - 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - 100 മില്ലി
നാരങ്ങ - 1 എണ്ണം
കടുക് - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി മുറിച്ചു കഷ്ണങ്ങളാക്കിയ ചിക്കന്‍ ഒരു പാത്രത്തില്‍ വയ്ക്കുക.
ചിക്കന്‍ മാരിനേഷന്‍ തയ്യാറാക്കുക: കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ നീര്, വറുത്ത കറിവേപ്പില, ചൂടുവെള്ളത്തില്‍ ഇട്ട് എടുത്ത മല്ലിയില, ഉപ്പ് എന്നിവ ഒരു പേസ്റ്റ് രൂപത്തിലാക്കുക.
ചിക്കന്‍ മാരിനേറ്റ് ചെയ്യുക: ചിക്കന്‍ കഷ്ണങ്ങളാക്കി മുറിച്ചതില്‍ 2 സ്പൂണ്‍ മാരിനേഷന്‍ നന്നായി പുരട്ടി അര മണിക്കൂര്‍ വക്കുക. ഒരു നോണ്‍-സ്റ്റിക്ക് പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. മാരിനേറ്റ് ചെയ്ത ചിക്കന്‍ ചെറിയ രീതിയില്‍ ഫ്രൈ ചെയിതു മാറ്റി വെക്കുക. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക അതിലേക്ക് ചെറുതായി അരിഞ്ഞ ചെറുള്ളി ചേര്‍ത്ത് നന്നായി വഴറ്റി ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ ബാക്കിയുള്ള മാരിനേഷന്‍ ചേര്‍ക്കുക, നന്നായി വഴറ്റുക.തീ കുറച്ച്, മഞ്ഞള്‍ പൊടി പെരുംജീരക പൊടി ഗരംമസാല പൊടി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.അതിലേക്ക് വറുത്ത ചിക്കന്‍, കുറച്ച് വെള്ളം ചേര്‍ത്ത് 3 മിനിറ്റ് തിളപ്പിച്ച് വറ്റിച്ചശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കുക,ഉപ്പ് പാകത്തിന് ഇടുക എന്നിട്ട് തീ ഓഫ് ചെയ്യുക.
താളിപ്പ് തയ്യാറാക്കുക: ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക.അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞ ചെറുള്ളിയും ചേര്‍ത്ത് ഗോള്‍ഡന്‍ കളര്‍ ആകും വരെ വഴറ്റുക.ഇത് നേരത്തെ തയ്യാറാക്കിയ ചിക്കന്‍ പെരട്ടിനു മുകളില്‍ താളിപ്പ് ഒഴിച്ച് ഇളക്കിയോചിപ്പിക്കുക. കാന്താരി ചിക്കന്‍ പെരട്ട് വിളമ്പാന്‍ തയ്യാര്‍! ഈ ലളിതവുംഎരിവുള്ളതുമായ വിഭവം, അപ്പവും,പൊറോട്ടയുമായി കഴിക്കാന്‍ വളരെ അനുയോജ്യമാണ്.
Content Highlights: cassava mutton dumplings kanthari chicken perattu recipe