ടേസ്റ്റി ഇഫ്താര്‍: എളുപ്പത്തില്‍ തയ്യാറാക്കാം പോക്കറ്റ് ഷവര്‍മയും പിന്‍വീല്‍ ചീസ് ചിക്കന്‍ റോളും

പ്രിയപ്പെട്ടവര്‍ക്കായി രുചിയുടെ സ്നേഹം വിളമ്പുന്ന തീന്‍മേശകള്‍ ഒരുക്കുന്നതും റംസാനിന്റെ സന്തോഷ ചിത്രങ്ങളിലൊന്നാണ്. കുടുബാംഗങ്ങളും ബന്ധുക്കളും സ്നേഹിതരുമൊക്കെയായി ഇഫ്താറിന്റെ സന്തോഷത്തിലേക്ക് ഓരോരുത്തരെയും ചേര്‍ത്തുനിര്‍ത്താന്‍ മനസ് കൊതിക്കുന്ന നേരം. ഇഫ്താറിന്റെ സന്തോഷം പങ്കിട്ട് നോമ്പ് തുറക്കുന്ന നേരത്ത് വിളമ്പാവുന്ന രുചികരമായ രണ്ട് വിഭവങ്ങളാണ് ഇന്നത്തെ ടേസ്റ്റി ഇഫ്താറില്‍ നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. രുചികരമായ പിന്‍വീല്‍ ചീസ് ചിക്കന്‍ റോളും പോക്കറ്റ് ഷവര്‍മയും പരിചയപ്പെടുത്തുന്നത് ഷാജിത റഷീദ്, പാനായിക്കുളം
പിന്‍വീല്‍ ചീസ് ചിക്കന്‍ റോള്‍
ആവശ്യമായ ചേരുവകള്‍
കോഴി എല്ലില്ലാതെ വേവിച്ച് പിച്ചിയെടുത്തത് - അര കിലോ
കുരുമുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഓയില്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
ക്യാരറ്റ് - ഒന്ന്
ബീന്‍സ് - നാല്
കാപ്സിക്കം - ഒന്ന്
ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
പച്ചമുളക് - 3
സവാള പൊടിയായി അരിഞ്ഞത് - 3
മല്ലി ഇല - ഒരു പിടി
ഗരംമസാല പൗഡര്‍ - ഒരു സ്പൂണ്‍
വൈറ്റ് സോസ് - ആവശ്യത്തിന്
ചീസ് - ആവശ്യത്തിന്
മൈദ - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
മൈദ ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ച് അര മണിക്കൂര്‍ വെക്കുക. കോഴി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേര്‍ത്ത് വഴറ്റി അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ കുറച്ച് കുരുമുളക് പൊടി ചേര്‍ക്കുക ഇതില്‍ വൈറ്റ് സോസ് മിക്സ് ചെയ്തു മല്ലി ഇല അരിഞ്ഞതും ഗരംമസാല പൊടിയും ചേര്‍ത്ത് ഇറക്കി വയ്ക്കുക. കുഴച്ച് വെച്ച മൈദ രണ്ടു ബോള്‍ ആക്കി നല്ല പോലെ കനം കുറച്ച് പരത്തി അതില്‍ ചിക്കന്‍ മിക്സ് നന്നായി പരത്തി മുകളില്‍ ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടു നല്ല ടൈറ്റ് ആക്കി നീളത്തില്‍ ചുരുട്ടി എടുത്ത് ഒരു സില്‍വര്‍ ഫോയില്‍ പൊതിഞ്ഞു അര മണിക്കൂര്‍ ഫ്രീസറില്‍ വെച്ച് റൗണ്ട് ആയി മുറിച്ചെടുത്ത് അതിനു മുകളിലും സൈഡിലും ഒരു മുട്ട നന്നായി അടിച്ചെടുത്തത് ബ്രഷ് ചെയ്തു ബേക്ക് ചെയ്ത് എടുക്കുക.
പോക്കറ്റ് ഷവര്‍മ
ആവശ്യമായ ചേരുവകള്‍
ബ്രഡ് - അഞ്ചെണ്ണം
ക്യാരറ്റ് - ഒരെണ്ണം നീളത്തില്‍ അരിഞ്ഞത്
കാബേജ് അരിഞ്ഞത് - ഒരു കപ്പ്
ചിക്കന്‍ ഫ്രൈ ചെയ്ത് പിച്ചി എടുത്തത് - ഒരു കപ്പ്
മയോനൈസ് - ആവശ്യത്തിന്
മുട്ട - 3
പാല് - അര കപ്പ്
കുരുമുളക് പൊടി - ആവശ്യത്തിന്
ഓയില്‍ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പാലും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചു വെക്കുക അരിഞ്ഞ വെജിസ് ഫ്രൈ ചെയ്ത ചിക്കന്‍ മയോനിസില്‍ മിക്സ് ആക്കി വെക്കുക. ബ്രഡ് രണ്ടായി മുറിച്ച് ഒന്നിച്ചു ചേര്‍ത്ത് മുട്ട മിക്സില്‍ മുക്കി ബ്രെഡ് പൊടിയില്‍ മുക്കി ഓയില്‍ ഫ്രൈ ചെയ്തു എടുക്കുക ഇത് രണ്ടായി മുറിച്ച് പോക്കറ്റ് ആക്കി ഉള്ളില്‍ മയോനിസ് നന്നായി തേച്ചു ചിക്കന്‍ മിക്സ് വെച്ച് മുകളില്‍ കുറച്ച് ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കുക.
Content Highlights: pocket shawarma pinwheel cheese chicken roll recipe malayalam