അഭിഷേകഭംഗം | രാമകഥാസാരം

#എം.കെ.എന്‍. പോറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീ രാമചന്ദ്രന്റെ അഭിഷേകം കാണാന്‍ പ്രഭാതത്തില്‍ത്തന്നെ രാജധാനി ജനനിബിഡമായി. രാജാവ് ഉണര്‍ന്ന് സിംഹാസനത്തിലെത്തിയില്ല. കൈകേയീഭവനത്തിലെത്തിയ സുമന്ത്രര്‍ കണ്ടത് വെറുംനിലത്ത് നെടുവീര്‍പ്പിട്ടു തേങ്ങുന്ന ദശരഥനെയാണ്.

''രാമനെ കാണാത്തതു കൊണ്ടാണ് ദുഃഖം. രാമനെ വരുത്തൂ'' - കൈകേയി പറഞ്ഞു.

''എനിക്ക് ഉടന്‍ കുമാരനെ കാണണം'' -ദശരഥന്‍

പറഞ്ഞു.

കൗസല്യ, രാമന്‍, ലക്ഷ്മണന്‍ എന്നിവര്‍ ദശരഥന്റെ അടുത്തെത്തി.

അച്ഛന്റെ ദുഃഖത്തിനു കാരണമാരാഞ്ഞ രാമനോട് കൈകേയി പറഞ്ഞു:

''ദുഃഖകാരണം നീ തന്നെ, നീ ചെയ്യേണ്ടതായി ചിലതുണ്ട്. മൂത്തപുത്രനല്ലേ?''

''അച്ഛന്റെ ദുഃഖം ഇല്ലാതാക്കുന്നതിന് ഞാനെന്തുംചെയ്യും. എന്തും ഉപേക്ഷിക്കും. സത്യം സത്യം സത്യം'' -രാമന്‍ പറഞ്ഞു.

''നിനക്ക് അഭിഷേകത്തിനൊരുക്കിയവകൊണ്ടു ഭരതന് അഭിഷേകം ചെയ്യണം. നീ പതിന്നാലു വര്‍ഷം വനവാസം ചെയ്യണം. എനിക്കുതന്ന രണ്ടുവരങ്ങള്‍ അങ്ങനെ നടപ്പാക്കണമെന്ന് നിന്നോടുപറയാന്‍ കഴിയാത്തതുകൊണ്ടാണ് അച്ഛന് ദുഃഖം.'' -കൈകേയി പറഞ്ഞു.

രാമന്‍ പറഞ്ഞു: ''അതിനെന്താണു വിഷമം. ഞാന്‍ ഉടന്‍ വനത്തിലേക്കു പോകാം.''

ഇതുകേട്ട് അതിദുഃഖത്തോടെ ദശരഥന്‍ പറഞ്ഞു: ''സ്ത്രീജിതനായ എന്നെ ബന്ധിച്ചിട്ട് നീ രാജ്യം ഏറ്റെടുക്കുക. ഇല്ലെങ്കില്‍ എനിക്ക് സത്യഭംഗമുണ്ടാകും.''

കരഞ്ഞും നെടുവീര്‍പ്പിട്ടും മോഹാലസ്യപ്പെട്ടും നിലത്തുവീണ അച്ഛന്റെ മുഖം കുളിര്‍ജലം തളിച്ചു തലോടിക്കൊണ്ട് രാമന്‍ തുടര്‍ന്നു: ''അച്ഛന്റെ സത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.''

പൂജകള്‍ക്കുശേഷം ദക്ഷിണയും ദാനങ്ങളും നല്‍കി മകന് മംഗളം നേര്‍ന്നു നമസ്‌കരിക്കുമ്പോഴാണ് കൗസല്യ അഭിഷേകഭംഗത്തിന്റെ വിവരമറിയുന്നത്.

'നീ പോയാല്‍ ഞാന്‍ ജീവന്‍ ഉപേക്ഷിക്കും' എന്നു പറഞ്ഞപ്പോഴേക്കും അവര്‍ തളര്‍ന്നുവീണു.

ലക്ഷ്മണന്‍ കടന്നുവന്നു. തീക്കണ്ണുകളോടെ ഉറച്ചുപറഞ്ഞു: ''സ്ത്രീക്ക് അടിമപ്പെട്ടു ഭ്രാന്തുപറയുന്ന വൃദ്ധനെ തടവിലാക്കി എതിരാളികളെ വധിച്ചുകൊണ്ടു ഞാന്‍ ജ്യേഷ്ഠനെ രാജാവാക്കും.'' അനുജനെ കെട്ടിപ്പിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടു രാമന്‍ പറഞ്ഞു:

''അനുജാ ഇപ്പറഞ്ഞതൊക്കെ ചെയ്യാമായിരുന്നു, ഇക്കാണുന്ന രാജ്യം, അധികാരം, ആയുസ്സ് സുഖാനുഭവങ്ങള്‍, ഭാര്യ, ധനസമൃദ്ധി, സ്‌നേഹം ഇതൊക്കെ നിത്യമാണെങ്കില്‍.

മായയില്‍ മയങ്ങിയതിനാല്‍ ഇവ നിത്യമല്ല എന്ന് നാം അറിയുന്നില്ല എന്നേയുള്ളൂ.''

Content Highlights: ramayanam story