സുഗ്രീവസഖ്യം | രാമകഥാസാരം

#പി.ആർ. നാഥൻ
വര: ബിഎസ് പ്രദീപ്
വര: ബിഎസ് പ്രദീപ്

കിഷ്‌കിന്ധാകാണ്ഡത്തിലേക്ക് പ്രവേശിക്കുമ്പോൾ രാമായണകഥ കൂടുതൽ പ്രകാശമാനമാകുകയാണ്.

ശബരീദർശനത്തിനുശേഷം രാമലക്ഷ്മണന്മാർ പമ്പാനദിയുടെ കരയിലെത്തി. പ്രാകൃതഭക്തിയിൽനിന്ന്‌ വിവേകമെന്ന ഉത്തമഭക്തിയിലേക്ക് പ്രവേശിച്ചു എന്നുപറയാം.

പമ്പാസരസ്സ് കണ്ടപ്പോൾത്തന്നെ രാമന് സന്തോഷംതോന്നി. ചിത്തത്തെ കുറെക്കൂടി ശുദ്ധീകരിക്കലാണ് പമ്പാസ്നാനം. ആ നദി സജീവമായിരുന്നു. പൂർണമായ ചേതനയുടെ തത്‌സ്വരൂപം. തെക്കുദിശനോക്കിയാണ് രാമലക്ഷ്മണന്മാർ നടക്കുന്നത്.

പർവതമുകളിലിരുന്ന് സുഗ്രീവനും മന്ത്രിമാരും ഈ കാഴ്ച കാണുന്നു. വന്നുകൊണ്ടിരിക്കുന്നത് ശത്രുക്കളാണോ അതോ മിത്രങ്ങളാണോ?

ബാലിയിൽനിന്ന്‌ രക്ഷപ്പെടാൻവേണ്ടിയാണ് സുഗ്രീവൻ ഋശ്യമൂകാചലത്തിൽ അഭയംതേടിയിരിക്കുന്നത്. ഈ പർവതത്തിലേക്കുവന്നാൽ ബാലിയുടെ ശിരസ്സ് പൊട്ടിത്തെറിക്കും. മാതംഗമഹർഷി തപസ്സുചെയ്യുന്ന സ്ഥലത്തേക്ക് അഹങ്കാരിയായ ബാലി, ദുന്ദുഭി എന്നൊരു രാക്ഷസന്റെ ശിരസ്സ് വലിച്ചെറിഞ്ഞതോടെയാണ് മഹർഷിയുടെ ശാപംകിട്ടിയത്.

ബാലി പ്രതിനിധാനംചെയ്യുന്നത് പ്രലോഭനങ്ങളെയാണ്. അവ പ്രാരാബ്ധകർമങ്ങളായി നമ്മെ ആക്രമിക്കുന്നു. പ്രലോഭനങ്ങൾ കീഴടക്കും.

ഈ അവസരത്തിൽ ഋഷിവചനങ്ങളാകുന്ന ഋശ്യമൂകാചലത്തിലേക്ക് രക്ഷപ്പെടുകയല്ലാതെ മറ്റു മാർഗമില്ല. തത്ത്വചിന്തയെ മുറുകെപ്പിടിക്കുക എന്ന ആശയം സുഗ്രീവൻ നമ്മെ പഠിപ്പിക്കുന്നു. നടന്നുവരുന്നത് ആരെന്നറിയാൻ സുഗ്രീവൻ ഹനുമാനെ നിയോഗിച്ചു. ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽ ഹനുമാൻ രാമലക്ഷ്മണന്മാരെ കണ്ടു.

സീതാന്വേഷണത്തിനായി ഇറങ്ങിത്തിരിച്ച കഥകൾ ഹനുമാൻ ശ്രവിച്ചു. അങ്ങനെ രാമലക്ഷ്മണന്മാർ സുഗ്രീവനെ കണ്ടുമുട്ടുന്നു. അതൊരു മഹാസഖ്യത്തിലേക്കുള്ള വഴികാട്ടിയായി. സുഗ്രീവനും ഭാര്യാവിരഹത്തിലാണ്. ഇരുവരും പരസ്പരം സഹായിക്കാമെന്ന പ്രതിജ്ഞയെടുക്കുന്നത് അഗ്നിയെ സാക്ഷിനിർത്തിയാണ്.

നീതിയുടെ ദേവതയാണ് അഗ്നി. അഗ്നിക്ക് അറിയാത്ത വിഷയങ്ങളില്ല. ബാലി നിരപരാധിയായ സുഗ്രീവനെ തെറ്റിദ്ധരിച്ച സ്ഥിതിക്ക് നേരിട്ട് ഏറ്റുമുട്ടുകയല്ലാതെ മറ്റുമാർഗങ്ങളില്ല.

Content Highlights: ramayanam story