ഗുഹസംഗമം | രാമകഥാസാരം

#എം.കെ.എന്‍. പോറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാമലക്ഷ്മണന്മാരും സീതാദേവിയും ദശരഥനെ വന്ദിച്ച് നഗ്‌നപാദരായി മടങ്ങി. ഇതുകണ്ട് പ്രയാസപ്പെട്ട പ്രജകള്‍ക്ക് വാമദേവ മഹര്‍ഷി സീതാരാമരഹസ്യം വെളിപ്പെടുത്തി.

രാമലക്ഷ്മണന്മാരും സീതാദേവിയും കൈകേയിയുടെ അന്തഃപുരത്തിലെത്തി നമസ്‌കരിച്ചു. കൈകേയി മൂന്നു മരവുരികള്‍ കൊടുത്തു. രാമലക്ഷ്മണന്മാര്‍ അതണിഞ്ഞു. രാമന്റെ ഇംഗിതമറിയാന്‍ സീതാദേവി സംശയിച്ചുനിന്നപ്പോള്‍ രാമന്‍ അത് സീതയുടെ വസ്ത്രത്തിനുമേല്‍ ചുറ്റിക്കൊടുത്തു. അമ്മറാണിമാരും തോഴിമാരും വാവിട്ടുകരഞ്ഞുപോയി.

കൈകേയി വരം നേടിയത് രാമനെ വനത്തിലയക്കാനാണ്. സീതയ്ക്ക് മരവുരി നല്‍കിയത് ക്രൂരതയും അന്യായവുമാണെന്ന് വസിഷ്ഠന്‍ ശാസിച്ചു.

രാമാദികള്‍ കാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ ദശരഥന്‍ വീണ്ടും വീണുപോയി. ദശരഥന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ കൗസല്യയുടെ ഗൃഹത്തിലെത്തിച്ചു.

സന്ധ്യയോടടുത്ത് രഥം തമസാതീരത്തിലെത്തി. നിരാഹാരരായി ഒരു മരച്ചുവട്ടില്‍ സീതാരാമന്മാര്‍ കിടന്നു. കുലച്ച വില്ലുമമ്പുമായി ലക്ഷ്മണന്‍ കാവല്‍നിന്നു.

തന്റെ പ്രിയ സുഹൃത്തായ ശ്രീരാമന്‍ വന്നതറിഞ്ഞ് ശൃംഗിവേരപുരത്തുനിന്ന് ഗുഹനെത്തി. സര്‍വസ്വവും സമര്‍പ്പിച്ചുകൊണ്ട് ദാസനായി പ്രവര്‍ത്തിക്കാന്‍ അനുവാദം ചോദിച്ചു. അത് രാമന്‍ വിലക്കി. തലമുടി ജടയായി പിരിക്കാനുള്ള പേരാല്‍ക്കറയും ഭസ്മവും സ്വീകരിച്ചു.

പ്രഭാതത്തില്‍ തോണിവരുത്താന്‍ അനുജ്ഞ നല്‍കി. ഗുഹന്‍ തുഴയുന്ന തോണിയില്‍ മൂന്നുപേരും കയറി. മറുകര എത്തിയപ്പോള്‍ ഞാനും കൂടെ വരട്ടെയെന്ന് ഗുഹന്‍ ചോദിച്ചെങ്കിലും രാമന്‍ സമ്മതിച്ചില്ല. മൂവരും നടന്നകന്നു.

പിറ്റേന്ന് ഒരു മുനികുമാരനോട് ഭരദ്വാജമഹര്‍ഷിയെ വിവരമറിയിക്കാന്‍ താത്പര്യപ്പെട്ടു.

അര്‍ഘ്യാദികളുമായി മഹര്‍ഷി എതിരേറ്റ് കൊണ്ടുപോയി.

പിറ്റേന്ന് ചിത്രകൂടത്തിന്റെ താഴ്വരയിലെ വാല്മീകി ആശ്രമത്തിലെത്തി. ആതിഥ്യം സ്വീകരിച്ചതിനുശേഷം വനവാസത്തിന് ഉചിതമായ സ്ഥലമേതെന്ന് ആരാഞ്ഞു.

Content Highlights: ramayanam story