അഹല്യാമോക്ഷം | രാമകഥാസാരം

വിശ്വാമിത്രനോടൊപ്പം രാമലക്ഷ്മണന്മാര്‍ സിദ്ധാശ്രമത്തില്‍ പ്രവേശിച്ചു. മുനിമാര്‍ അവരെ സ്വീകരിച്ചു.
''താപസോത്തമ, അങ്ങ് ഇനി യാഗം ചെയ്തുകൊള്ളുക. ശത്രുക്കളെ ഞാന്‍ നോക്കിക്കൊള്ളാം'' - രാമന്‍ പറഞ്ഞു.
മാരീചനും സുബാഹുവും യാഗം മുടക്കാന്‍ വന്നു. രാമന്‍ രണ്ട് അമ്പ് പ്രയോഗിച്ചു. അമ്പേറ്റ് സുബാഹു മരിച്ചു. മാരീചന്‍ ഓടി; അസ്ത്രം പിന്നാലെയും. മാരീചന്‍ രാമനെ അഭയംപ്രാപിച്ചു.
വിശ്വാമിത്രന്‍ ആശീര്‍വദിച്ചു. 'മൂന്നുദിവസം ആനന്ദത്തോടെ കഴിഞ്ഞതിനുശേഷം നമുക്ക് ജനകന്റെ മഹായജ്ഞം കാണാന്‍ പോകാമെന്നും' പറഞ്ഞു.
ത്രൈയംബകമെന്ന ശിവന്റെ വില്ലുണ്ടവിടെ. കുമാരന്മാരുമായി മുനി അവിടേക്ക് പുറപ്പെട്ടു.
ഗംഗാതീരത്ത് ഗൗതമന്റെ ആശ്രമത്തില്‍ പ്രവേശിച്ചു.
നയനമനോഹരമായ ഗൗതമാശ്രമത്തിന്റെ കാര്യം വിശദീകരിക്കാന്‍ ശ്രീരാമന്‍ വിശ്വാമിത്രനോട് അപേക്ഷിച്ചു. അവിടെ മൃഗങ്ങളില്ല. വളരെ ശാന്തമാണ്. വിശ്വാമിത്രന്‍ ആ കഥപറഞ്ഞു: 'താപസനായ ഗൗതമന്‍ ഭാര്യ അഹല്യയോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു. സൗന്ദര്യത്തില്‍ ആകൃഷ്ടനായ ദേവേന്ദ്രന്‍, പ്രാപിക്കാന്‍വേണ്ടി രാത്രിയുടെ അന്ത്യയാമത്തില്‍ ഗൗതമന്റെ രൂപംപ്രാപിച്ച് അഹല്യയെ സമീപിച്ചു. പ്രഭാതവന്ദനത്തിന് ഗൗതമന്‍പോയ നേരത്തില്‍ അഹല്യയെ പ്രാപിച്ചു. നേരംപുലര്‍ന്നില്ലെന്ന് മനസ്സിലാക്കി തിരിച്ചുവരുകയായിരുന്ന ഗൗതമന്‍ തന്റെ രൂപത്തിലുള്ള ആളെ കണ്ടു. 'നീയാരാണെന്ന്' കോപിഷ്ഠനായി ചോദിച്ചു. വിറച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ദേവേന്ദ്രനോട് ''സത്യംപറഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ ശപിച്ച് നിന്നെ ഞാന്‍ ഭസ്മമാക്കും'' എന്നുപറഞ്ഞു.
''സ്വര്‍ലോകാധിപനായ കാമകിങ്കരനാണ് ഞാന്‍. മൂഢത്വംകൊണ്ട് തെറ്റുപറ്റിപ്പോയി. ക്ഷമിക്കണം'' -ദേവേന്ദ്രന്‍ പറഞ്ഞു.
''ആയിരം ജനനേന്ദ്രിയമുള്ളവനായി നീ മാറട്ടെ'' -എന്നായിരുന്നു ശാപം.
അഹല്യയെയും ഗൗതമന്‍ ശപിച്ചു. ''ശിലാരൂപം പ്രാപിച്ച് രാമപാദങ്ങളെ ധ്യാനിച്ചുകൊണ്ട് ഇവിടെ കഴിയുക'' എന്നായിരുന്നു ശാപം. ''മഞ്ഞും മഴയും വേനലും സഹിക്കുക. ഒരിക്കല്‍ ശ്രീരാമന്‍ ഇവിടെ വരും. അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റാല്‍ പൂര്‍വസ്ഥിതി പ്രാപിക്കാം''.
''അഹല്യയുടെ ദുഃഖം അങ്ങിന്ന് തീര്‍ക്കണ''മെന്ന് വിശ്വാമിത്രന്‍ രാമനോട് പറഞ്ഞു.
അതുപ്രകാരം പാറയില്‍ കാല്‍വെച്ച് ''ഞാന്‍ രാമനാണ്'' എന്നുപറഞ്ഞു.
മുനിപത്‌നിയെ വണങ്ങി. പെട്ടെന്നുതന്നെ പൂര്‍വ രൂപംപ്രാപിച്ച അഹല്യ രാമന്റെ പാദങ്ങളില്‍ വണങ്ങി. സ്തുതിക്കാന്‍ തുടങ്ങി.
Content Highlights: ramayana masam