'ഹനുമാന്‍ ലങ്കയിലേക്ക് പണിത പാലമെവിടെ?'; രാമായണ കഥകളിലേക്ക് പാലം തീര്‍ക്കുന്ന രാമേശ്വരത്ത്...

#അശ്വതി ഉത്തമൻ
രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം | ഫോട്ടോ: മാതൃഭൂമി
രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം | ഫോട്ടോ: മാതൃഭൂമി

'അമ്മമ്മേ, ഇങ്ങളിപ്പോ എന്ത് ധൈര്യത്തിലാ ഈ സാഹസത്തിന് ഇറങ്ങിയത്?'
'എന്തു സാഹസം?'
'ഇന്റെ ഒപ്പം വരാ എന്നു പറയുന്ന സാഹസം തന്നെ!'

ഉത്തരം ഒരു ചെറുചിരിയില്‍ ഒതുക്കി അമ്മമ്മ എന്നെ നോക്കി. ഞങ്ങള്‍ ബസിനായി കാത്തിരുന്നു.
രാമേശ്വരത്തേക്കുള്ള യാത്രയാണ്. കുറേക്കാലമായി അമ്മമ്മ പറയുന്നു 'നമുക്ക് രാമേശ്വരത്ത് പോയാലോ' എന്ന്. അല്പം ബുദ്ധിമുട്ടേറിയ യാത്രയായതിനാല്‍ പലപ്പോഴും മാറ്റിവെച്ചതാണ്. പെട്ടന്ന് രണ്ടുദിവസം ഒന്നിച്ച് അവധി കിട്ടിയപ്പോള്‍ വീണ്ടും പൊടിതട്ടിയെടുത്തു. ട്രെയില്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ബസ് തപ്പി. കോഴിക്കോട് നിന്നും മധുരയിലേക്കുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്തു.

കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് യാത്രയാരംഭിക്കുന്ന ബസാണ്. രാത്രി 8.30-ന് കോഴിക്കോട് നിന്ന് പുറപ്പെടും എന്നാണ് അറിയിപ്പ്. എട്ടുമണി കഴിഞ്ഞപ്പോള്‍ കണ്ടക്ടറെ ഫോണില്‍വിളിച്ചു, എവിടെയെത്തി എന്നറിയാന്‍. 'ഞങ്ങള്‍ ബ്ലോക്കിലാണ്. ബസ് കോഴിക്കോട് എത്താന്‍ രണ്ടുമണിക്കൂര്‍ കഴിയും' എന്ന മറുപടി. 7.30 ആയപ്പോഴേ ബസ് സ്റ്റാന്‍ഡില്‍ വന്നുനില്‍ക്കുന്ന ഞാന്‍ ആരായി? കാത്തിരിക്കുക തന്നെ.

ബസ് എത്തുമ്പോള്‍ 10.30 ആയി. യാത്ര പുറപ്പെട്ടു. സെമിസ്ലീപ്പര്‍ ആയിരുന്നു. അമ്മമ്മ വേഗംതന്നെ ഉറക്കത്തിലേക്ക് ഊളിയിട്ടു. പിറ്റേന്ന് പുലര്‍ച്ചെ 4.50 ആണ് ബസ് മധുരയില്‍ എത്തേണ്ട സമയം. എന്നാല്‍ ആ സമയമായപ്പോഴേക്ക് പളനിയിലാണ് എത്തിയത്. പിന്നേയും രണ്ട് മണിക്കൂറുകള്‍ക്കു ശേഷം വണ്ടി മധുരയില്‍ എത്തി. ജസ്റ്റ് ഫ്രഷ് അപ്പായി ചായയും കുടിച്ച് വേഗം രാമേശ്വരം ബസ് പിടിച്ചു.

ഗന്ധമാദന പര്‍വതത്തിന്‍ ചാരേ സുന്ദരമായ രാമേശ്വരം നഗരം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഈ പട്ടണത്തിലേക്കുള്ള യാത്ര ഇതിഹാസത്തിലേക്കുള്ള യാത്രപോലെ മനസിനെ മദിപ്പിക്കും. പള്ളിവേലായുധമാക്കിയ പളനിയാണ്ടവന്റെ ദേശം കടന്ന് വേദസൂക്തങ്ങളുടെയും ദേവീസ്തുതികളുടെയും ഇമ്പം നിറഞ്ഞ മധുരയും പിന്നിട്ട് രാമേശ്വരത്തേക്ക്.

രാമേശ്വരം കണ്‍മുന്നില്‍...
മധുരയില്‍ നിന്നും ഏകദേശം നാലു മണിക്കൂറോളം സമയമെടുക്കുന്ന ഒരു ദീര്‍ഘ ബസ് യാത്രയാണ് രാമേശ്വരത്തേക്ക്. ഇടയ്ക്ക് കഴിക്കാന്‍ ഓരോ സാധനങ്ങളും വാങ്ങി. യാതൊരുവിധ പ്ലാനിങ്ങുകളും ഇല്ലാത്തതിനാല്‍ ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു. അവിടെച്ചെന്നാല്‍ എന്തു ചെയ്യും? എവിടെ റൂം എടുക്കും? എന്നൊക്കെ ആലോചിച്ച് ചിലപ്പോഴൊക്കെ ഞാന്‍ ആശങ്കാകുലയായി. എന്നാല്‍ എന്റെ യാത്രയെക്കുറിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ തന്ന ഊര്‍ജം ചെറുതൊന്നുമല്ലായിരുന്നു. അമ്മമ്മയുടെ കാര്യത്തില്‍ എനിക്ക് വലിയ ടെന്‍ഷന്‍ ഇല്ലാതിരുന്നതും മറ്റൊരു കാര്യം. കാരണം, പ്രായമുണ്ടെങ്കിലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ അമ്മമ്മയ്ക്ക് പെട്ടെന്ന് കഴിയുമായിരുന്നു.

എന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ബസ് മുന്നോട്ടുപാഞ്ഞു. നീലാകാശവും പച്ചപുതച്ച പാടങ്ങളും മാത്രം കാഴ്ചയില്‍. അവിടവിടെയായി ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനകള്‍. രാമേശ്വരത്തേക്കുള്ള യാത്ര ഒട്ടും മടുപ്പുളവാക്കുന്നതല്ല. അതിനുള്ള പ്രധാന കാരണം നല്ല റോഡ് തന്നെ. കുറേസമയം പുറത്തെ കാഴ്ചകള്‍ കണ്ടിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി. കണ്ണുതുറക്കുന്നത് ബസ് പാമ്പന്‍പാലം പിന്നിടാനായപ്പോഴാണ്. ഒരു ചരിത്രനിര്‍മിതിയുടെ മുകളിലൂടെ ആദ്യമായി യാത്ര ചെയ്തപ്പോള്‍ അറിഞ്ഞില്ലല്ലോ എന്ന ചിന്ത മനസില്‍ ഉണ്ടായി. സാരമില്ല, നാളെ മടങ്ങുമ്പോള്‍ പാമ്പന്‍പാലം കാണാമല്ലോ എന്നതൊരാശ്വാസം.

ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. ചുറ്റും ഓട്ടോറിക്ഷക്കാരുടെ ബഹളമാണ്. നമ്മളെ അങ്ങ് ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് അവര്‍. കാണേണ്ട കാഴ്ചകള്‍, താമസിക്കാന്‍ പറ്റിയ ഹോട്ടലുകള്‍ എല്ലാം അവരുടെ സംസാരത്തില്‍ നിറയുന്നു. ഹോട്ടല്‍ ബുക്കിങ്ങ് ഒന്നും എടുത്തിട്ടില്ലാത്ത ഞാന്‍ ഒരു ഓട്ടോക്കാരനോടുതന്നെ നല്ല ഹോട്ടല്‍ അന്വേഷിച്ചു. മഹാനവമി, വിജയദശമി അവധിദിവസങ്ങളായിരുന്നു. എല്ലായിടത്തും നല്ല തിരക്ക്. രാമനാഥസ്വാമി ക്ഷേത്രത്തിനടുത്ത് ഒരു ചെറിയ ഹോട്ടലിനു മുന്നിലാണ് ഓട്ടോ നിന്നത്. കുഴപ്പമില്ലാത്ത സൗകര്യങ്ങളുള്ള റൂം. ഉച്ചയ്ക്കാണ് എത്തിയത്. അതേ ഓട്ടോക്കാരനെത്തന്നെ ധനുഷ്‌കോടിയിലേക്ക് ഞങ്ങള്‍ക്കൊപ്പം വരാനും ഏല്‍പ്പിച്ച് സമയവും പറഞ്ഞ് റൂമിലേക്ക് കയറി.

കടലിനെ സാക്ഷിയാക്കിയ പ്രേതനഗരം
ഏകദേശം രണ്ടരയായപ്പോഴേക്ക് ഓട്ടോക്കാരന്റെ വിളിയെത്തി. രാമേശ്വരവും ധനുഷ്‌കോടിയുമടങ്ങുന്ന ഈ പാക്കേജ് ആയിരം രൂപയ്ക്കാണ് ആശാന്‍ ഡീലുറപ്പിച്ചത്. കാര്യം നടക്കട്ടെ എന്നു കരുതി ഇനിയും വിലപേശാതെ ഞങ്ങളും നിന്നു. പോകുന്ന വഴിയില്‍ നല്ല വെജിറ്റേറിയന്‍ ഹോട്ടലിനു മുന്നില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി. അവിടുന്ന് ഭക്ഷണവും കഴിച്ച് മൂന്നു മണിയോടെ ധനുഷ്‌കോടിയിലേക്ക്. 20 കിലോമീറ്ററാണ് രാമേശ്വരത്തുനിന്നുള്ള ദൂരം. പൊരിവെയിലാണ്. വെയിലത്ത് പോകുന്നത് എനിക്കുതന്നെ പണികിട്ടുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. എന്നാലും മാറ്റിവെക്കാന്‍ വേറെ സമയമില്ല. വരണ്ട ഭൂമിക്കിടയിലൂടെ നിവര്‍ത്തിവിരിച്ച കരിമ്പടം പോലെയുള്ള റോഡിലൂടെ ഓട്ടോ നീങ്ങി. കുറേസമയം കഴിഞ്ഞപ്പോള്‍ രണ്ടുവശങ്ങളിലും കടല്‍ കാണാനായി. ശാന്തമായ ബംഗാള്‍ ഉള്‍ക്കടല്‍ അനുസരണയുള്ള ഒരു കുട്ടിയെ അനുസ്മരിപ്പിക്കുംവിധമായിരുന്നു. തിരയിളക്കമുള്ള ഇന്ത്യന്‍ മഹാസമുദ്രമോ, പടുവികൃതിയെപ്പോലെ മറുവശത്ത്.

1964 ഡിസംബര്‍ 22-നുണ്ടായ ചുഴലിക്കാറ്റില്‍ ആലംബമറ്റ പട്ടണമാണ് ധനുഷ്‌കോടി. റെയില്‍വേ സ്റ്റേഷനും പോസ്റ്റ് ഓഫീസും പള്ളിയുമെല്ലാം പൊലിമയോടെ തലയുയര്‍ത്തിനിന്ന ഈ പട്ടണത്തെ പ്രേതനഗരമാക്കി മാറ്റാന്‍ വീശിയടിച്ച ചുഴലിക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. രണ്ടായിരത്തോളം പേരുടെ മരണത്തിന് കാരണമായ ഈ സംഭവത്തിനു ശേഷം മനുഷ്യവാസയോഗ്യമല്ലാത്ത നഗരമായി ധനുഷ്‌കോടിയെ എഴുതിത്തള്ളി. ഇന്നും തലയുയര്‍ത്തി നില്‍പ്പുണ്ട് ചുഴലിക്കാറ്റിന്റെ അവശേഷിപ്പുകള്‍ അങ്ങിങ്ങായി. പോയകാലത്തിന്റെ സ്മരണകള്‍ പേറി ഇന്നും ഒരുപാട് മത്സ്യത്തൊഴിലാളിക്കുടുംബങ്ങള്‍ കടലോരത്തെ കുടിലുകളില്‍ പാര്‍ക്കുന്നുണ്ട്.

അയല്‍രാജ്യമായ ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ധനുഷ്‌കോടി തീരത്തുനിന്നുള്ള ദൂരം വെറും 29 കിലോമീറ്ററാണ്. ഒരുകാലത്ത് ഇന്ത്യയെയും ശ്രീലങ്കയെയും കൂട്ടിയോജിപ്പിച്ചിരുന്ന ഒരു കണ്ണിയായിരുന്നു ഇവിടം. കച്ചവടക്കാരും ആളുകളുമെല്ലാം തിങ്ങിനിറഞ്ഞ ധനുഷ്‌കോടിയുടെ പ്രൗഢി വീണ്ടെടുക്കാന്‍ പിന്നീട് സാധിച്ചിട്ടില്ല.

കൊടുംചൂടായിരുന്നു ധനുഷ്‌കോടിയില്‍. അരിച്ചല്‍മുനയിലാണ് ദേശീയപാത അവസാനിക്കുന്നത്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഒരറ്റം. നല്ല തിരക്കായിരുന്നു ഞങ്ങള്‍ എത്തിയപ്പോള്‍. ഒരുപാട് കേരള രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. ഇന്ത്യയുടെ തെക്കേയറ്റത്ത്, ഒരു സ്വപ്നയാത്രയുടെ സാഫല്യവുമായി നിന്നപ്പോള്‍ എനിക്ക് എന്നോടുതന്നെ മതിപ്പുതോന്നി എന്ന് പ്രത്യേകം പറയണ്ടല്ലോ. അതിനപ്പുറം സന്തോഷവതിയായിരുന്നു അമ്മമ്മ. ഓട്ടോക്കാരന് അറിയാത്ത തമിഴില്‍ 'ഇവിടെനിന്ന് ഹനുമാന്‍ ലങ്കയിലേക്ക് പണിത പാലമെവിടെ?' എന്നൊക്കെ ചോദിക്കുന്നത് കേട്ട് ഞാനും നിന്നു.

രാമായണത്തിലെ സേതു
സീതയെ വീണ്ടെടുക്കാന്‍ രാവണസാമ്രാജ്യമായ ലങ്കയിലേക്ക് സേതുബന്ധനം നടത്താനുള്ള സ്ഥലമായി രാമന്‍ ഇടംകാട്ടിയത് ഇവിടെയാണത്രേ. തന്റെ ധനുസ്സിന്റെ ചുവടൂന്നിയാണ് രാമന്‍ സ്ഥലം കാണിച്ചു നല്‍കിയത്. ധനുസിന്റെ ചുവടൂന്നിയതുകൊണ്ടാവാം ഈ ദേശത്തിന് 'ധനുസിന്റെ അറ്റം' എന്നര്‍ഥം വരുന്ന ധനുഷ്‌കോടി എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.

രാവണസഹോദരനും രാമഭക്തനുമായ വിഭീഷണന്‍ ശ്രീരാമന്റെ ആശ്രിതനായത് ഇവിടെവെച്ചാണെന്ന് കഥകള്‍ പറയുന്നു. സീതയെ കണ്ടെത്തി മടങ്ങിയപ്പോള്‍ രാമന് വിഭീഷണന്‍ ഒരു മുന്നറിയിപ്പ് കൊടുത്തു. ലങ്കയിലേക്കുള്ള സേതു അങ്ങനെ തന്നെ അവശേഷിപ്പിച്ചാല്‍ ലങ്കയില്‍നിന്ന് രാക്ഷസര്‍ ഇക്കരെ കടക്കാനിടയുണ്ടെന്നായിരുന്നു ആ മുന്നറിയിപ്പ്. അതിനാല്‍ പാലത്തിന്റെ ഒരറ്റം രാമന്‍ തന്റെ ധനുസിനാല്‍ മുറിച്ചുകളയഞ്ഞെന്നാണ് വിശ്വാസം. ഇന്നും ഈ പാലത്തിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയിലായി ഉണ്ടത്രേ. ഇതില്‍ കഴിയുന്നില്ല രാമായണ കഥകള്‍. വിഭീഷണന്റെ പട്ടാഭിഷേകം രാമന്‍ നടത്തിയത് കോദണ്ഡരാമര്‍ കോവിലിലാണ് എന്നാണ് വിശ്വാസം. ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി വാഴിച്ചത് ഇവിടെ വെച്ചാണെന്ന് വിശ്വാസം.

അവശേഷിപ്പുകളുടെ ധനുഷ്‌കോടി
റെയില്‍വേ സ്റ്റേഷന്‍, ആശുപത്രി, പഞ്ചായത്ത് ഡിസ്പെന്‍സറി, പോസ്റ്റ് ഓഫീസ്, ചര്‍ച്ച്, വാട്ടര്‍ ടാങ്ക് തുടങ്ങി ഒരു നഗരത്തില്‍ കടല്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍ അതിന്റെ അവശേഷിപ്പുകളായി തലയുയര്‍ത്തിനില്‍ക്കുന്നുണ്ട് ഇവിടെ. ഒരുപാട് ചിത്രങ്ങളിലൂടെ കണ്ട് സുപരിചിതമാണെങ്കിലും ഇവിടെയെത്തുമ്പോള്‍ നമ്മുടെ മനസ് അറിയാതെ തേങ്ങും. കൂറ്റന്‍ തിരമാലകള്‍ക്കും ചുഴലിക്കും ഇടയില്‍ നിസ്സഹായരായി നിന്ന ഒരുകൂട്ടം മനുഷ്യമുഖങ്ങള്‍ മനസിലേക്ക് ഓടിയെത്തും. ജീവന്‍ തിരികെപ്പിടിക്കാനുള്ള വെപ്രാളത്തില്‍ അവരെല്ലാം ഓടിയ വഴികളല്ലേ ഇന്ന് ആളും ആരവവുമില്ലാതെ എനിക്കുമുന്നില്‍ നീണ്ടുകിടക്കുന്നത്.

മുത്തുകളും ചിപ്പികളും കൊണ്ട് അലങ്കരിച്ച കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന ധാരാളം ചെറിയ കടകള്‍ കാണാം. മാലകളും വളകളുമെല്ലാം ഇവിടെ വാങ്ങാന്‍ കിട്ടും. മാത്രമല്ല, ചെറിയ തട്ടുകടകളില്‍ ലഭ്യമായ മീനുകളില്‍ നമുക്ക് ഇഷ്ടമുള്ളത് വിലപറഞ്ഞെടുത്താല്‍ അത് വറുത്തെടുത്ത് കഴിക്കാനും കിട്ടും.

സ്വപ്നം കാണാന്‍ പഠിപ്പിച്ച കലാമിന്റെ വീട്ടില്‍
വിഭീഷണ ക്ഷേത്രത്തില്‍നിന്നിറങ്ങി ധനുഷ്‌കോടിയില്‍നിന്ന് മടങ്ങി. ഇനി പോയത് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന വീട്ടിലേക്കാണ്. ഓരോ ഇന്ത്യക്കാരനേയും സ്വപ്നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യയുടെ മിസൈല്‍ മാന്‍. ഇന്ത്യന്‍ യുവത്വത്തിന് സ്വപ്നങ്ങളുടെ അഗ്‌നിച്ചിറക് സമ്മാനിച്ച മഹാനായ ധിഷണാശാലി. പത്രം വില്‍ക്കുന്ന കൊച്ചുപയ്യനായി രാമേശ്വരത്തെ തെരുവുകളിലൂടെ കലാം ഓടിക്കയറിയത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടേയും മനസിലേക്കായിരുന്നു. ഇന്നും കലാമിന്റെ നിരവധി ഓര്‍മകളുണര്‍ത്തുന്ന ഒരു മ്യൂസിയമായി അദ്ദേഹത്തിന്റെ വീട് തലയുയര്‍ത്തി നില്‍ക്കുന്നു. കൂടാതെ കലാം സ്മാരകവും രാമേശ്വരത്തുണ്ട്.

തമിഴ് കോവിലുകളില്‍
കോവിലുകളുടെ ഭൂമി കൂടിയാണ് രാമേശ്വരം. രാമതീര്‍ഥം, ലക്ഷ്മണ തീര്‍ഥം, പഞ്ചമുഖി ഹനുമാന്‍ കോവില്‍ എന്നീ കോവിലുകളിലെല്ലാം കയറി. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ ആഞ്ജനേയ കോവിലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ കല്ലുകളാണത്രേ സേതുബന്ധനത്തിനായി ഉപയോഗിച്ചത്.

രാമനാഥസ്വാമി ക്ഷേത്രത്തിനുമുന്നില്‍ എത്തി. ആ സമയത്ത് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവിടമാകെ ഒന്നു നടന്ന് പിറ്റേന്ന് രാവിലെ തന്നെ വരാം എന്നു തീരുമാനിച്ച് റൂമിലേക്ക് നടന്നു, ഭക്ഷണവും കഴിച്ച്.

'പാപ മോചനം'
ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴിയുള്ള ക്ഷേത്രമാണ് രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം. രാമ- രാവണ യുദ്ധത്തില്‍ രാമന്‍, താന്‍ ചെയ്ത പാപങ്ങള്‍ക്കുള്ള പരിഹാരത്തിനു വേണ്ടി ശിവപ്രതിഷ്ഠ നടത്തി ഭഗവാനോട് പ്രാര്‍ഥിച്ചത് ഇവിടെ വെച്ചാണെന്ന് ഐതിഹ്യം. 'ചാര്‍ധാം' എന്നറിയപ്പെടുന്ന ഇന്ത്യയിലെ മഹത്തായ നാല് ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രം അറിയപ്പെടുന്നു.

രാമേശ്വരം നഗരമധ്യത്തിലായി ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തില്‍ 22 തീര്‍ഥ കിണറുകളുണ്ട്. ക്ഷേത്ര ജീവനക്കാര്‍ ഓരോ തീര്‍ഥത്തില്‍നിന്ന് ജലം കോരി ഭക്തരുടെ ശിരസിലൊഴിച്ച് സ്നാനം ചെയ്യിക്കും. തങ്ങളുടെ മുന്‍കാല പാപങ്ങള്‍ പരിഹരിക്കാന്‍ ഈ വെള്ളത്തില്‍ കുളിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പുലര്‍ച്ചെതന്നെ പോയതിനാല്‍ നന്നായി ഭഗവാനെ കണ്ട് തൊഴാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അമ്മമ്മ.

ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങി ഭക്ഷണം കഴിച്ച് തിരികെ റൂമിലെത്തി ഞങ്ങള്‍ മടങ്ങാനുള്ള പുറപ്പെടലുകളിലായി. രാമേശ്വരം ബസ്സ്റ്റാന്‍ഡില്‍നിന്ന് മധുര ബസ് കയറി. പാമ്പന്‍ പാലത്തിനു മുകളിലൂടെ, കടലും ഭൂമിയും കണ്ടുള്ള യാത്ര അതിശയകരമാണ്. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമാണ് ഈയടുത്ത് ഉദ്ഘാടനം കഴിഞ്ഞ പുതിയ പാമ്പന്‍ പാലം. നാലു മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കു ശേഷം വീണ്ടും മധുരയില്‍ കാലുകുത്തി.

വൈകുന്നേരം നാലു മണിക്കാണ് മധുരയില്‍ നിന്നും പാലക്കാടേക്ക് ട്രെയിന്‍. ഉച്ചയ്ക്ക് മധുരയില്‍ എത്തിയ ഞങ്ങള്‍ക്കുമുന്നില്‍ സമയം ഇനിയും ബാക്കി. TNSC (Tamil Nadu State Transport Corporation) ബസില്‍ കയറി നേരെ മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് വെച്ചുപിടിച്ചു. ദര്‍ശനസമയമല്ലാത്തതിനാല്‍ ക്ഷേത്രത്തിനുളളില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാലും ക്ഷേത്രത്തിനു പുറത്തുകൂടെ നടന്നു. ഭക്ഷണം കഴിച്ചു. മധുരയില്‍ പ്രശസ്തമായ ജിഗര്‍തണ്ടയുടെ തണുപ്പറിഞ്ഞു. കുറേ സമയം മധുരയിലെ തെരുവുകളിലൂടെ നടന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചു. ഏകദേശം രണ്ടുകിലോമീറ്റാണ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദൂരം. കൗതുകം മൂത്തപ്പോള്‍ അവിടെകണ്ട സൈക്കിള്‍ റിക്ഷയില്‍ കയറി റെയില്‍വേ സ്റ്റേഷനിലേക്ക് പോകാമെന്നുവെച്ചു. കയറിക്കഴിഞ്ഞപ്പോള്‍ പൊരിവെയിലത്ത് വണ്ടി ചവിട്ടുന്ന സൈക്കിള്‍ റിക്ഷക്കാരനോട് സഹതാപവും സങ്കടവും തോന്നി. ജീവിക്കാനായി മനുഷ്യരുടെ ഓരോ പെടാപാടുകള്‍.

മുന്‍കൂര്‍ ടിക്കറ്റ് എടുത്തിട്ടില്ലായിരുന്നു. ജനറല്‍ ടിക്കറ്റ് എടുത്തു. പക്ഷേ കോച്ചില്‍ കയറാന്‍ കഴിയാത്തത്ര തിരക്ക്. കറന്റ് ടിക്കറ്റ് അവൈലബിലിറ്റി നോക്കി. ഞങ്ങള്‍ക്കായി കാത്തുവെച്ചപോലെ രണ്ട് തേഡ് എസി ടിക്കറ്റുകള്‍ പാലക്കാട് വരെ. അങ്ങനെ സാഹസികമായി തീരുമാനിച്ച ഒരു യാത്രയ്ക്ക് വിരാമമിടാന്‍ സമയമായി. തന്റെ ആഗ്രഹം സാധിച്ച സന്തോഷത്തോടെ അമ്മമ്മയും അതിനു സഹായിച്ച ചാരിതാര്‍ഥ്യത്തില്‍ ഞാനും.

Content Highlights: Kozhikode to Rameshwaram travel ecperiance