സീതയെന്ന ഭൂമീപുത്രി; രാമായണം, ഇടിമുഴക്കമുണ്ടാക്കിയ ഇതിഹാസം-ഭാഗം 6

#ജി.വേണുഗോപാല്‍
സീത നിർമിതബുദ്ധിയുടെ ഭാവനയിൽ
സീത നിർമിതബുദ്ധിയുടെ ഭാവനയിൽ

ജനക മഹാരാജാവിന്റെ പുത്രിയും, ശ്രീരാമന്റെ പത്‌നിയുമായ സീതാദേവിയാണ് വാത്മീകി മഹര്‍ഷി രചിച്ച രാമായണത്തിലെ മുഖ്യ സ്ത്രീ കഥാപാത്രം. സൗഭാഗ്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അവതാരമായി സീതയെ കണക്കാക്കുന്നു. എന്നിട്ടും സീതാദേവിക്ക് 14 വര്‍ഷം വനവാസം നടത്തേണ്ടി വന്നു. തന്റെ ഭര്‍ത്താവിനെ പിന്തുടര്‍ന്നുള്ള യാത്ര സീതാദേവിയുടെ ലോകത്തോടുള്ള വിശ്വസ്തതയുടെയും സഹിഷ്ണുതയുടെയും ഉദാഹരണമാണ്. പരിശുദ്ധി, വിശ്വസ്തത, നന്മ, ഭക്തി എന്നിവയും ഒരു മകള്‍, ഭാര്യ, അമ്മ എന്നീ നിലകളില്‍ ഒരു സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളും ഉള്ള ആളായിരുന്നു സീതാദേവി. കാര്യമില്ലാതെ കാരണം സംഭവിക്കില്ല എന്ന ഭാരതീയ ദര്‍ശനത്തിന്റെ കാതല്‍ സീതാദേവിയുടെ കഥയില്‍ കാണാം.രാവണന് നാശഹേതുവായിത്തീരുന്നത് സീതാപഹരണമാണ്.

സീത എന്ന വാക്കിന്റെ ഉത്ഭവം തന്നെ ഉഴവുചാല്‍ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ്. യാഗഭൂമിയായ പാടം ഉഴുതുമറിക്കുന്നതിനിടെയിലാണ് ജനക മഹാരാജാവിന് സീതാദേവിയെ ലഭിച്ചത് എന്നാണ് കഥ. കലപ്പ കൊടിയടയാളമായുള്ള കാര്‍ഷിക രാജ്യമാണ് ജനകന്റെ മിഥില. കൃഷിചെയ്തപ്പോള്‍ കൂടുതല്‍ വിളവു ലഭിച്ചു എന്നൊരു അര്‍ത്ഥതലം കൂടി ഈ കഥയ്ക്കുണ്ട്. സീത ഭൂമിദേവിയുടെ മകളാണെും പറയപ്പെടുന്നു. ഭര്‍ത്താവായ രാമനൊപ്പമുള്ള വനത്തിലെ ജീവിത കാലത്ത് വൈദേഹി എന്നും സീത അറിയപ്പെട്ടു.

സീതാദേവിയുടെ ജനനസ്ഥലം ഒരു തര്‍ക്ക വിഷയമാണ്. ദക്ഷിണ നേപ്പാളിലെ മിഥിലയിലുള്ള ജനക്പൂരാണെന്ന് ചിലര്‍ പറയുമ്പോള്‍, ബിഹാറിലെ സീതാമര്‍ഹിയാണെന്ന് ചിലര്‍ പറയുന്നു. തപസ്സ് ചെയ്യുന്ന അവസരത്തില്‍ രാവണനാല്‍ പീഡിപ്പിക്കപ്പെട്ട വേദവതിയുടെ അവതാരമാണ് സീതയെന്നും ഒരു വിശ്വാസമുണ്ട്. വിഷ്ണുഭഗവാന്റെ ഭാര്യയാകാന്‍ വേണ്ടിയായിരുന്നു വേദവതിയുടെ തപസ്സ്. അടുത്ത ജന്മത്തില്‍ താന്‍ രാവണന്റെ മരണകാരണമാകുമെന്ന് വേദവതി ശപിച്ചു.

പുരാണങ്ങള്‍ പ്രകാരം രാവണനും, മണ്ഡോദരിക്കും ജനിച്ച ആദ്യ സന്താനമാണ് സീത. മണ്ഡോദരിക്ക് ജനിക്കുന്ന ആദ്യത്തെ കുട്ടി രാവണന്റെ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. ഇക്കാരണത്താല്‍ രാവണന്‍ സീതയെ അകലെ കൊണ്ടുപോയി കളയാന്‍ ആവശ്യപ്പെടുകയും ചെയ്തു. സീതയെ കണ്ടെടുത്ത ജനകരാജാവും ഭാര്യയും അവളെ മിഥിലയിലെ രാജകുമാരിയാക്കി വളര്‍ത്തി. രാമായണത്തിന്റെ ചില പതിപ്പുകളില്‍ മായ സീത(സീതാദേവിയുടെ മായാരൂപം)യെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇതനുസരിച്ച് രാവണന്‍ മായാ സീതയെയാണ് തട്ടിക്കൊണ്ട് പോയതെന്നും യഥാര്‍ത്ഥ സീത അഗ്‌നി ദേവനൊപ്പം പാര്‍വ്വതി ദേവിയുടെ അടുക്കലേക്ക് പോയി എന്നും പറയുന്നു. പിന്നീട് യുദ്ധം അവസാനിച്ചപ്പോള്‍ ശ്രീരാമന് അഗ്നി സീതയെ മടക്കികൊടുക്കുകയും  മായാസീത അടുത്ത ജന്മത്തില്‍ ദ്രൗപദിയായി പുനര്‍ജനിക്കുകയും ചെയ്തു എന്നാണ് ഒരു ഭാഷ്യം.

സീതാദേവിയുടെ ജന്മം തന്നെ അമാനുഷികമായിട്ടാണ് കരുതിപോരുന്നത്. യജ്ഞ സങ്കല്‍പ്പവും അതിനു വേണ്ടിയുള്ള വിശുദ്ധിയും സീതയുടെ ജീവിതത്തോട് ബന്ധപ്പെട്ടതാണ് .തന്റെ ജീവിതം മുഴുവന്‍ കര്‍ത്തവ്യങ്ങളെ യജ്ഞമായി സ്വീകരിച്ചവളാണ് സീതാദേവി എന്ന് നിരൂപക മതം. പരിപാവനതയുടെ സങ്കല്പം ആ ജീവിതത്തില്‍ ഉടനീളം ബന്ധപ്പെട്ടു നിന്നിരുന്നു .മണ്ണിനടിയില്‍ എങ്ങനെ ഒരു മനുഷ്യ രൂപം മരണം സംഭവിക്കാതെ കഴിഞ്ഞുകൂടി , ആ ഉല്‍പ്പത്തിയുടെ തുടക്കമെങ്ങനെ , എന്ത് കാരണത്താല്‍ ആണ് അങ്ങനെ സംഭവിച്ചത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ കഴിയാത്ത സ്വഭാവം സീതാദേവിയുടെ ജന്മത്തിനുണ്ട്.

രാമായണത്തിലെ സീത ആത്മവിശുദ്ധിയുടെയും ദുഃഖത്തിന്റെയും പരിത്യാഗത്തിന്റെയും പ്രതീകമാണ്. ഭൂമി സഹനത്തിന്റെ മാതാവ്; ഭൂമീപുത്രിയാണ് സീത. രാമനുമൊത്ത് പതിനാലുവര്‍ഷം വനവാസം; ലങ്കയില്‍ രാവണന്റെ തടവില്‍. പിന്നീട് രാജ്യഭാരമേറ്റ രാമന്റെ പട്ടമഹിഷിയായി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും തിരസ്‌കൃതയായി വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തിലേക്ക്. ഇത്തരത്തില്‍ ദുഃഖത്തിലൂടെയുള്ള അയനമാണ് സീതയുടേത്. രാമായണം രാമന്റെ അയനം മാത്രമല്ല; അത് സീതായനവുമാണ്. രാജധര്‍മവും പുത്രധര്‍മവും നിര്‍വഹിച്ച് മര്യാദരാമന്‍ സീതയോട് നീതിപുലര്‍ത്തിയെന്ന് പറയാനാവില്ല എന്ന് ചില നിരൂപകര്‍ വാദിക്കുന്നു. 'രാമോ വിഗ്രഹവാന്‍ ധര്‍മഃ'-ധര്‍മത്തിന്റെ ആള്‍രൂപമാണ് രാമന്‍. 'ധര്‍മോ രക്ഷതി രക്ഷിതഃ' ധര്‍മത്തെ രക്ഷിക്കുന്നവരെ ധര്‍മം രക്ഷിക്കുന്നു. ധര്‍മത്തിനുവേണ്ടി എന്തും ത്യജിക്കുവാന്‍ രാമന്‍ തയ്യാറായിരുന്നു എന്നതാണ് രാമായണത്തിന്റെ കാതല്‍. ആ ധര്‍മസംരക്ഷണമാണ് പതിനാലുവര്‍ഷം ശ്രീരാമന് വനവാസം വിധിച്ചത്. കൈകേയിക്ക് ദശരഥന്‍ നല്‍കിയ വാഗ്ദാനപാലനത്തിനുമാത്രം. കൈകേയിയുടെ സ്വാര്‍ഥത്തിന് കേവലം വാഗ്ദാനത്തിന്റെ പേരില്‍ രാജാവ് ഇത്രയും വില കൊടുത്തതിന്റെ യുക്തിയെന്താണ് എന്ന് ആദികവി പറയുന്നില്ല. എന്നാല്‍ ലോകത്തിന് ഗുണകരമായി ചില കാര്യങ്ങള്‍ നടക്കാന്‍ ചില സംഭവങ്ങള്‍ ഉണ്ടായേ പറ്റൂ.
തന്റെ രാജധര്‍മം പാലിക്കാന്‍ ഒരു വെളുത്തേടന്റെ ശകാരപദം പൊതുജനാഭിപ്രായമായി സ്വീകരിച്ച രാമന്‍ സീതയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ, ദുഃഖം മൂലം അത് നേരിട്ട് സീതയോട് പറയാന്‍  ധൈര്യവും രാമനില്ല. ഗര്‍ഭിണിയായ സീതയെ അവരുടെ ആഗ്രഹനിവൃത്തിക്കെന്ന പേരില്‍ ലക്ഷ്മണനെ ചുമതലപ്പെടുത്തി വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് അയയ്ക്കുകയാണ്.
ഇതും പോരാതെ 'ദേവദേവേശന്‍ മഹാദേവനും വിരിഞ്ചനും' ഉള്‍പ്പെടെ സീത പരിശുദ്ധയാണെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് സീതയെ സ്വീകരിച്ചതെന്നാണ് രാമന്‍ പറയുന്നത്. അങ്ങനെയുള്ള സീതയെയാണ് ചാരന്മാരുടെ വാക്കുകള്‍ കേട്ട് ജനാഭിപ്രായത്തെ മാനിക്കാന്‍ രാമന്‍ ഉപേക്ഷിച്ചത്.
തന്നെ വനത്തില്‍ ഉപേക്ഷിച്ച ലക്ഷ്മണനോട്
'ലോകാപവാദം ശങ്കിച്ചെന്നെ ത്യജിച്ചിതു
ലോകനായകന്‍ മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.
എന്നെ വേറിട്ട കാലമേതുമേ ദുഃഖിയാതെ
നന്നായി രക്ഷിക്ക ഭൂമണ്ഡലം ധര്‍മത്തോടെ'
എന്നാണ് പറയുന്നത്.ഇവിടെ രാമനേക്കാള്‍ മഹത്വം സീതാദേവിക്കാണെന്നു പറയാം.

ജ്യോതിഷികളുടെ അഭിപ്രായത്തില്‍ സീതയുടെ കൗമാരപ്രായം ശുക്രദശയിലൂടെ കടന്നുപോയി. എല്ലാ രാജകീയ സുഖങ്ങളും അനുഭവിച്ച സീത, ശുക്രദശയുടെ ഉത്തരകാലങ്ങളില്‍ വിവാഹിതയായി. പിന്നീട് അങ്ങോട്ട് ഭര്‍തൃഗൃഹത്തില്‍ കാലെടുത്തുവച്ച നാള്‍തൊട്ട് ദുരിതങ്ങളുടെ ഘോഷയാത്ര സീതയെ പിന്തുടര്‍ന്നു.ധാരാളം രാജയോഗങ്ങള്‍ നിറഞ്ഞ ശ്രീരാമന്റെ ജാതക ഗുണങ്ങള്‍ക്കുപോലും സീതയെ രക്ഷിക്കാനായില്ല. ശ്രീരാമന്റെ ജാതകത്തില്‍ നാലുഗ്രഹങ്ങള്‍ ഉച്ചം ഭവിച്ചു നില്‍ക്കുന്നുണ്ടെങ്കിലും അവ അന്യോന്യം ദൃഷ്ടി ചെയ്യുന്നതുമൂലം വിപരീത ഫലങ്ങളായിരുന്നു സംഭവിച്ചതത്രെ.  രാമായണം സീതായനം കൂടിയാണ്. രാമനില്ലാതെ സീതയില്ല. സീതയില്ലാതെ രാമനും. രാമസീതമാരില്ലാതെ രാമായണവുമില്ല.

Content Highlights: ramayana masam 2025