കൈകേയി എന്ന അമ്മ; രാമായണം, ഇടിമുഴക്കമുണ്ടാക്കിയ ഇതിഹാസം | ഭാഗം-19

ഭാരതീയ ഇതിഹാസമായ രാമായണത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന കഥാപാത്രമാണ് കൈകേയി. കൈകേയിയുടെ ജന്മദേശം കേകയ രാജ്യമാണ്. കേകയത്തില്‍ നിന്നുള്ളവള്‍ എന്ന അര്‍ത്ഥമാണ് കൈകേയി എന്ന പദത്തിനുള്ളത്.സ്വഭാവസവിശേഷതകൊണ്ട് രാമായണത്തില്‍ കൈകേയി ഒറ്റപ്പെട്ടു നില്‍ക്കുന്നു. ആര്‍ക്കുവേണ്ടിയാണോ താന്‍ രാജ്യം സമ്പാദിച്ചതും ദുഷ്ടയെന്ന പേരു കേട്ടതും ആ പുത്രന്‍ തന്നെ നീചയെന്ന് വിളിക്കുന്നതു കേള്‍ക്കേണ്ടി വരുന്നുണ്ട് കൈകേയിക്ക്.രാമായണത്തില്‍ കൈകേയിയെ കുറ്റം പറയാത്ത ഒരാളേയുള്ളൂ. അതു രാമനാണ്.
അതിസുന്ദരിയും തന്റേടക്കാരിയുമായ കൈകേയിയോടായിരുന്നു ദശരഥന് ഏറെ ഇഷ്ടം. തെറ്റിദ്ധരിക്കപ്പെട്ട കൈകേയി അവരുടെ മേല്‍ ആരോപിക്കപ്പെട്ട ഗുണങ്ങളുടെ വിപരീത ഗുണങ്ങള്‍ ഉള്ളവളായിരുന്നു. കാന്തനെ ഏറെ സ്‌നേഹിച്ചവളും, ഭര്‍ത്താവിനൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്ത് വിജയം നേടിക്കൊടുത്തവളും ആയിരുന്നു.
ഒരിക്കല്‍ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തില്‍ തന്റെ ജീവന്‍ രക്ഷിച്ചതിന് ദശരഥന്‍ കൈകേയിക്ക് രണ്ടു വരങ്ങള്‍ കൊടുക്കാന്‍ തയ്യാറായപ്പോള്‍ ആവശ്യമുള്ളപ്പോള്‍ ആ വരങ്ങള്‍ചോദിച്ചുകൊള്ളാമെന്ന് കൈകേയി പരഞ്ഞു. അനുവദിച്ചു. മന്ഥരയുടെ ഉപദേശങ്ങള്‍ കേട്ട്, പണ്ട് തനിക്കു തന്ന രണ്ടു വരങ്ങളെക്കുറിച്ച് കൈകേയി ദശരഥനെ ഓര്‍മിപ്പിച്ചു. ഭരതനെ അയോധ്യയുടെ രാജാവാക്കണമെന്നും രാമനെ പതിനാലുവര്‍ഷത്തേക്ക് കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പിതാവിന്റെ വാക്ക് പാലിക്കപ്പെടാന്‍ ശ്രീരാമന്‍ വനവാസം തിരഞ്ഞെടുത്തു.
എന്നാല്‍ കൈകേയിയുടെ മോഹവും അഹങ്കാരവുമെല്ലാം ഭരതന്റെ വലിയ മനസ്സിനു മുന്നില്‍ തകര്‍ന്നടിഞ്ഞുപോയി. അവള്‍ പശ്ചാത്താപവിവശയായി. പിന്നീട് മറ്റു സ്ത്രീകളെപ്പോലെ, അമ്മമാരെപ്പോലെ, അതീവ സൗമ്യമായിട്ടാണ് കൈകേയി കഴിയുന്നത്.രാമനെ അയോദ്ധ്യയിലേയ്ക്കു തിരിച്ചു വിളിക്കാന്‍പോയ ഭരതന്റെ സംഘത്തില്‍ കൈകേയിയും ഉള്‍പ്പട്ടിരുന്നു.
ഭാര്യയും അമ്മയുമെന്ന നിലയില്‍ ഒരു സ്ര്തീയുടെ ഭിന്നമുഖങ്ങള്‍ നമുക്കു കൈകേകിയിയില്‍ കാണാം. കൈകേയിയുടെ ന്യായവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നാം. ഇവയ്ക്കു മറുവശവുമുണ്ട്. അര്‍ഹതയില്ലാത്ത സ്ഥാനം പിടിച്ചുവാങ്ങിയാല്‍ പിന്നെ ദുഃഖിക്കേണ്ടിവരും. മറ്റൊരു തരത്തില്‍ കൈകേയി ഇല്ലായിരുന്നുവെങ്കില്‍ രാമാവതാരം പൂര്‍ണമാകുമായിരുന്നില്ല...
ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുകുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്നിയായി കോസലത്തില്‍നിന്നെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി ഉണ്ടായിരുന്നു. ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി.
ദശരഥന് ഏറ്റവും പ്രിയമേറിയ പത്നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്നു ദശരഥന്‍. രാമായണേതിഹാസത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമല്ലെങ്കിലും, കഥാഗതിയെ പൊടുന്നനെ വഴിതിരിച്ചുവിട്ട കഥാപാത്രമായിട്ടാണ് കൈകേയി അറിയപ്പെടുന്നത്.
അയോദ്ധ്യയില്‍ നിന്ന് ഏഴുദിവസത്തെ വഴിദൂരമുണ്ടായിരുന്ന കേകയരാജ്യത്തിന്റെ അധിപതിയായ അശ്വപതിയുടെ പുത്രിയും വില്ലാളിവീരനായ യുധാജിത്തിന്റെ സഹോദരിയും അയോദ്ധ്യാധിപതിയായ ദശരഥന്റെ മൂന്ന് പത്നിമാരിലൊരുവളും ഭരതമാതാവുമായ കൈകേയി, ആകാരസൗഷ്ഠവം കൊണ്ടും വാക്ചാതുര്യം കൊണ്ടും ബുദ്ധിശക്തികൊണ്ടും ആരിലും മതിപ്പുളവാക്കാന്‍ പോന്ന ദീപ്തവ്യക്തിത്വത്തിനുടമയായിരുന്നു.
വിദര്‍ഭരാജപുത്രിയെ വൈദേഹിയെന്നും പാഞ്ചാലരാജപുത്രിയെ പാഞ്ചാലിയെന്നും മിഥിലാരാജപുത്രിയെ മൈഥിലിയെന്നും മറ്റും രാജ്യനാമവുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്ന പതിവ് പ്രാചീനകാലത്തുണ്ടായിരുന്നു. ഈ പതിവനുസരിച്ചാണത്രേ കേകയരാജപുത്രിക്ക് കൈകേയി എന്ന നാമം സിദ്ധിച്ചത്.
പട്ടമഹിഷിയായ കൗസല്യയേക്കാള്‍, രാജാവിന്റെ മനസ്സിലും കൊട്ടാരത്തിനുള്ളിലും കൊട്ടാരത്തിന് പുറത്തും അധികാരകേന്ദ്രമെന്ന നിലയില്‍ സ്വാധീനശക്തിയായി വര്‍ത്തിക്കുവാന്‍ സാധിച്ചതും കൈകേയിക്കായിരുന്നു. കാമകലയില്‍ അതിവിദഗ്ദ്ധയായ കൈകേയിയുടെ ശാഠ്യങ്ങള്‍ക്ക് എന്നും വഴങ്ങിക്കൊടുത്തിരുന്നു ദശരഥന്‍. ദേവാസുരയുദ്ധവേളയില്‍ പോലും കൈകേയിയെ കൂടെക്കൊണ്ടുപോകുവാന്‍ ദശരഥന്‍ തയ്യാറായത് ഇതിന് തെളിവാണ്. ആപത്തിന്റെ ചിറകടിയൊച്ചകളാല്‍ മുഖരിതമായ യുദ്ധഭൂമിയില്‍ തനിക്കൊപ്പം അനുഗമിക്കാന്‍ സര്‍വഥാ യോഗ്യ, പത്നിമാരുടെ നിരയില്‍ കൈകേയി മാത്രമാണെന്ന് ദശരഥന് അറിയാം.
ദേവാസുര യുദ്ധത്തില്‍ ദേവപക്ഷത്തെ സഹായിക്കാനായി എത്തിയ ദശരഥ മഹാരാജാവ് ഒരേ സമയം പത്തുദിക്കുകളിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് അസുരന്മാരോട് അടരാടിയതും ഇങ്ങനെ സര്‍വാഭിമുഖമായി തേരുപയോഗപ്പെടുത്തിയതിന്റെ ഉലച്ചില്‍ നിമിത്തം തേര്‍ച്ചക്രത്തിന്റെ നടുവിലെ കീലമിളകി രഥം തകര്‍ന്നു വീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ രാജാവിനെ അതുകാട്ടി പരിഭ്രമിപ്പിക്കാതെ സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കും വരെ തേരിന്റെ കോട്ടം തീര്‍ത്തതും കൈകേയിയായിരുന്നു. കൈവിരല്‍ ചതഞ്ഞ് രക്തമൊഴുകുമ്പോഴും വേദന കടിച്ചമര്‍ത്തിക്കൊണ്ട് തളരാതെ നിലകൊണ്ടുവെന്നുമാത്രമല്ല, അതുവഴി ധര്‍മപക്ഷത്തിന് വിജയം സിദ്ധിക്കുവാനും സ്വജീവന്‍ തൃണവത്ഗണിച്ചും ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുവാനും രാജ്യസുരക്ഷ ഉറപ്പുവരുത്താനും കൈകേയിക്ക് സാധിച്ചു.
വിപദിധൈര്യം, പ്രത്യുല്പന്നമതിത്വം, വിവേകം, കര്‍മധീരത, പതിഭക്തി തുടങ്ങിയ സദ്ഗുണങ്ങളുടെ വിളനിലമായിരുന്നു കൈകേയി എന്നു വ്യക്തമാകുന്ന കഥാസന്ദര്‍ഭമാണ് ദേവാസുരയുദ്ധവേളയിലെ അവരുടെ സാിദ്ധ്യവും ഇടപെടലുകളും. മായായുദ്ധപടുവായ ശംബരാസുരനെ വധിച്ച് വിജയശ്രീലാളിതനായ ദശരഥന്‍ കൈകേയിയുടെ ആത്മധൈര്യം നിറഞ്ഞ പ്രവൃത്തിയറിഞ്ഞ് സന്തുഷ്ടചിത്തനായി അഭിനന്ദനപൂര്‍വ്വം രണ്ടു വരങ്ങള്‍ ചോദിച്ചു കൊള്ളാന്‍ ആവശ്യപ്പെട്ടതും ഇഷ്ടമുള്ളതെന്തും താന്‍ സാധിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയതും തനിക്കിപ്പോള്‍ വരങ്ങളൊന്നുമാവശ്യമില്ലെന്നും പിന്നീട് ഉചിത സന്ദര്‍ഭത്തില്‍ രണ്ടുവരങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളാമെന്ന് കൈകേയി മറുപടി നല്‍കിയതും വിഖ്യാതമാണ്. വരം പിന്നീടാവശ്യപ്പെട്ട് കൊള്ളാമെന്ന് കൈകേയി പറഞ്ഞതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് ന്യായമായി സംശയിക്കാനാവും. ആ സംശയം അസ്ഥാനത്തല്ലെന്ന് വിച്ഛിന്നാഭിഷേക സന്ദര്‍ഭത്തിലുണ്ടായ സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഉന്നതമായ മാതൃഭാവത്തില്‍ നിന്ന് കൈകേയി അധഃപതിച്ചത് മന്ഥരയുടെ ഏഷണിയുടെ വിഷദംശനമേറ്റതിനാലാണ്. എന്തും തന്നോടാലോചിച്ച ശേഷമേ ഭര്‍ത്താവ് നാളിതുവരെ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. വളരെ പ്രധാനപ്പെട്ട രാജ്യാഭിഷേകം മാത്രം തന്നില്‍ നി്ന്ന രാജാവ് മറച്ചുവെച്ചതെന്തുകൊണ്ടാണെന്ന ചോദ്യം അവളുടെ അന്തരംഗത്തില്‍ അഗ്‌നിജ്വാല പോലെ പടര്‍ന്നു കത്തിയിരിക്കണം. പണ്ട് തരാമെന്നേറ്റ വരം ഉടനടി ദശരഥനോടാവശ്യപ്പെടണമെന്ന മന്ഥരയുടെ നിര്‍ദ്ദേശം ശിരസ്സാ വഹിക്കുവാന്‍ ഇതോടെ കൈകേയിയുടെ മനസ്സ് പാകപ്പെടുകയായിരുന്നു.
സ്വപുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും ശ്രീരാമചന്ദ്രനെ പതിനാലുവര്‍ഷക്കാലത്തേക്ക് വനവാസത്തിനയക്കണമെന്നും ദശരഥനോട് ആവശ്യപ്പെടാന്‍ മാത്രം കഠിനഹൃദയയായി പരിണമിക്കുകയാണ് ഇതോടെ കൈകേയി. ഒരിക്കല്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ച അതേ കൈകേയി തന്നെയാണ് നിരന്തരമായ സമ്മര്‍ദ്ദങ്ങളിലൂടെ ഭര്‍ത്താവിന്റെ ഹൃദയത്തെ ശകലീകരിച്ച് മരണത്തിലേക്ക് തള്ളിവിടുന്നത്. ലോകം മുഴുവന്‍ എതിരു നിന്നിട്ടും മുന്നോട്ടുവെച്ച കാല്‍ പിന്നാക്കം വെക്കുവാന്‍ അവള്‍ തയ്യാറായില്ല എന്ന വസ്തുതയും നാം കാണാതിരുന്നുകൂടാ.
സുമന്ത്രരും എന്തിന് വസിഷ്ഠര്‍ഷി പോലും 'ദുഷ്ടേ, നിശാചരീ, ദുര്‍വൃത്തമാനസേ, കഠോരശീലേ' എന്നു വിളിച്ച് കൈകേയിയെ വിമര്‍ശിക്കുന്നുണ്ട്. കേകയത്തില്‍ നിന്ന് മടങ്ങിയെത്തിയ ഭരതനും സ്വമാതാവിനെ കുറ്റപ്പെടുത്തുന്നുണ്ട്. പിതാവിന്റെ മരണത്തിന് കാരണക്കാരിയായും കുലം നശിപ്പിക്കുവാന്‍ വന്ന കാളരാത്രിയായും ദുരമൂത്ത കറുത്ത മനസ്സിനുടമയായും നരകവാസമുറപ്പിച്ചവളായും കൈകേയിയെ ഭരതന്‍ ആക്ഷേപിക്കുന്ന സന്ദര്‍ഭം രാമായണത്തിലെ വികാരഭരിതമായ ഏടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. 'നിന്റെ വയറ്റില്‍ പിറക്കേണ്ടിവ മഹാപാപിയാണ് ഞാന്‍' എന്നുവരെ ഭരതന്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഭരതന്റെ ക്രൂരഭര്‍ത്സനങ്ങളേറ്റ് ആ മാതൃഹൃദയം വിങ്ങിവിങ്ങിക്കരഞ്ഞിരിക്കണം. രാജകൊട്ടാരത്തിലുള്ള സകലരും രാജ്യനിവാസികളൊന്നടങ്കവും ശാപവചസ്സുകള്‍ ചൊരിഞ്ഞ് കൈകേയിയെ മുറിപ്പെടുത്തുന്നുണ്ട്.
പ്രശംസകളും നല്ലവാക്കുകളും മാത്രം കേട്ടു ശീലിച്ച അവരുടെ കാതുകളിലേക്ക് ശാപവചസ്സുകള്‍ കഠോരമായി പതിച്ചത് വിധിവൈപരീത്യമെന്നേ പറയാവൂ. ആര്‍ക്കുവേണ്ടിയാണോ താന്‍ ഈ സാഹസപ്രവൃത്തി ചെയ്തത് അവനില്‍ നിന്ന് ഭരതനില്‍ നിന്ന്- വിപരീത പ്രതികരണമുണ്ടാവുമെന്ന് സ്വപ്നേപി കൈകേയി ചിന്തിച്ചിരുന്നില്ല. സിംഹത്തെപോലെ ഗര്‍ജിച്ചും പാമ്പിനെപ്പോലെ ചീറ്റിയും ഭരതന്‍ തന്നോട് കയര്‍ത്തു സംസാരിച്ചതോടെ കൈകേയി പൂര്‍ണമായും ഒറ്റപ്പെട്ടുപോകുന്നുണ്ട്. സ്വപുത്രനായ ഭരതന് രാജകിരീടം ഉറപ്പാക്കാനായി കഠിനമായി പ്രയത്നിച്ചെങ്കിലും കൈകേയിക്ക് ലക്ഷ്യം നേടാനാവുന്നില്ല. സകലരുടെയും വെറുപ്പ് സമ്പാദിക്കുവാനേ അവള്‍ക്കായുള്ളൂ. ഇതോടെ രാമായണത്തിലെ ഒരു ദുരന്ത കഥാപാത്രമായി കൈകേയി മാറിത്തീരുകയായിരുന്നു. എന്നാല്‍ ഇവിടം കൊണ്ടവസാനിക്കുതല്ല കൈകേയീ ചരിതം.
രാമനും സീതക്കും മരവുരിയും വത്കലവും നല്‍കി വനവാസത്തിനയക്കാന്‍ മാത്രം കഠിനചിത്തയായിത്തീര്‍ന്ന കൈകേയി പിന്നീട് സൗമ്യഭാവത്തിലേക്ക് പരിണമിക്കുന്നതും വാത്മീകി കാട്ടിത്തരുന്നുണ്ട്. ഭരതന്റെ ഭര്‍ത്സനങ്ങളേറ്റു തളര്‍ന്നുപോയ കൈകേയിയുടെ അന്തര്‍നേത്രങ്ങള്‍ ക്രമേണ ധര്‍മനിഷ്ഠയിലേക്ക് നീളുന്നതും അനര്‍ഹമായ സ്ഥാനലബ്ധി കൊടിയ പാപമാണെന്ന ബോധം അവളില്‍ അങ്കുരിക്കുന്നതും രാമായണത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും കരഞ്ഞുകലങ്ങിയ കണ്ണുകളും കണ്ണീരിറ്റിറ്റുവീണ് കണ്‍മഷി പടര്‍ന്നൊഴുകിയ മുഖവുമായി ക്രോധാലയത്തില്‍ പാര്‍ത്ത പ്രതിനായികാഭാവമാര്‍ന്ന കൈകേയിയുടെ ചിത്രം ഇതോടെ മാഞ്ഞുപോവുകയാണ്.
സ്വാര്‍ത്ഥതയുടെ തമസ്സകന്നും രാമതത്വം ശരിയായി ഗ്രഹിച്ചും ധര്‍മദീപമായി അയോദ്ധ്യയില്‍ വസിക്കുന്ന കൈകേയിയെ നാം കാണാതിരുന്നുകൂടാ എന്ന് പണ്ഠിതര്‍ പറയുന്നു. . പശ്ചാത്താപമാണ് യഥാര്‍ത്ഥ പ്രായശ്ചിത്തമെന്നു തിരിച്ചറിഞ്ഞ വിവേകമതിയായ ഈ പുതിയ കൈകേയിയില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.
മന്ഥരയുടെ സംസര്‍ഗമാണ് കൈകേയിയുടെ ധാര്‍മികാധപതനത്തിന് വഴിതെളിയിച്ചത്. ദുഷ്ടജനങ്ങളുമായുള്ള സഹവാസവും സമ്പര്‍ക്കവും വര്‍ജിക്കേണ്ടതുണ്ടെന്ന ജീവിതപാഠമാണ് കൈകേയീ ചരിതത്തില്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ടത്. രാമനെ തിരികെ അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി ഭരതനൊപ്പം വനത്തിലേക്ക് പുറപ്പെടുന്ന സംഘത്തില്‍ കൈകേയിയുണ്ടായിരുന്നു എന്നതുതന്നെ അവര്‍ക്കുണ്ടായ മനഃപരിവര്‍ത്തനത്തിന്റെ നേര്‍തെളിവാണ്. യോഗിനിയുടെ തലത്തിലേക്ക് ഉയരന്നു ഈ പുതിയ കൈകേയി, വന്നുപോയ പിഴവുകള്‍ തിരുത്തി ആത്മതത്വത്തിലേക്ക് വളരാന്‍ ഇച്ഛിക്കുന്ന ജീവാത്മാവിന്റെ പ്രതീകമത്രേ.
രാവണവധത്തിനുശേഷം അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്ന ശ്രീരാമനെ സ്വീകരിക്കാന്‍ കൈകേയി മുന്‍നിരയില്‍ ഉണ്ടായിരുന്നു. രാമന്‍ അവിടെ ആദ്യം നമസ്‌ക്കരിക്കുന്നത് കൈകേയീ മാതാവിനെ യാണ്. കൈകേയിക്ക് കൈവന്ന മഹാസൗഭാഗ്യവും അംഗീകാരവുമായി രാമന്റെ ഈ പ്രവൃത്തിയെ നിരൂപകര്‍ വിലയിരുത്തുന്നു. ധര്‍മ്മപക്ഷത്തിന്റെ വിജയത്തിന് വഴിയൊരുക്കും വിധം രാവണനെ നിഗ്രഹിക്കാന്‍ ശ്രീരാമചന്ദ്രന് സാധിച്ചതിന് പരോക്ഷമായാണെങ്കിലും കാരണമായിത്തീര്‍ന്നത് കൈകേയിയുടെ പിടിവാശിയും ദുരാഗ്രഹവുമായിരുന്നു. അറിയാതെയാണെങ്കിലും അവതാര കൃത്യനിര്‍വഹണത്തിന് പാത തെളിച്ചത് കൈകേയിയാണ്. അതിനാല്‍ തന്നെ കൈകേയിയെ ദുഷ്ടയായി കാണരുതെന്നും പറയുന്നുണ്ട്.
Content Highlights: ramayana masam 2025