വാത്മീകിയുടെ സീതായനം; രാമായണം, ഇടിമുഴക്കമുണ്ടാക്കിയ ഇതിഹാസം- ഭാഗം-5

#ജി.വേണുഗോപാല്‍
വര: മദനന്‍
വര: മദനന്‍

യോധ്യയിലെ മഹാരാജാവായ ശ്രീരാമന്റെ ധര്‍മ്മപത്‌നിയായ സീത രാമായണത്തിലെ നായികയാണ്. മിഥിലിയിലെ രാജാവായ ജനകന്‍ നിലമുഴുമ്പോള്‍ ഉഴവുചാലില്‍ നിന്ന് കിട്ടിയതിനാല്‍ സീത എന്നുപേരിട്ടു. ഐതിഹ്യപ്രകാരം ഭൂമീദേവിയുടെ മകളാണ് സീത. വിദേഹ രാജകുമാരിയായതിനാല്‍ വൈദേഹിയെന്നും, ജനകന്റെ വളര്‍ത്തുപുത്രിയായതിനാല്‍ ജാനകിയെന്നും, മിഥിലാപുരിയിലെ രാജകുമാരിയായതിനാല്‍ മൈഥിലിയെന്നും സീതയ്ക്കു പേരുണ്ട്. പിതാവ് ദശരഥന്റെ നിര്‍ദ്ദേശത്താല്‍ രാമന്‍ പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുമ്പോള്‍ സീതയും അനുഗമിച്ചിരുന്നു.

ഞാനും കൂടി വരുന്നു എന്നല്ല രാമായണത്തില്‍ സീത രാമനോടു പറയുന്നത്. 'രാമായണങ്ങള്‍ പലതും കവിവരര്‍ ആമോദമോടു പറഞ്ഞുകേല്‍പ്പുണ്ടു ഞാന്‍, ജാനകിയോടു കൂടാതെ രഘുവരന്‍ കാനനവാസത്തിനെന്തുപോയിട്ടുള്ളൂ' എന്നാണ്. വനത്തില്‍ പഞ്ചവടിയെന്ന സ്ഥലത്ത് താമസിക്കുമ്പോള്‍ ലങ്കാധിപതിയായ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ രാമന്‍ രാവണനെ വധിക്കുകയും ചെയ്യുന്നു. രാമ-രാവണ യുദ്ധാനന്തരം സീതാ-രാമന്മാര്‍ അയോധ്യയില്‍ മടങ്ങിയെത്തി. രാമന്‍ അയോധ്യാധിപതിയായി രാജാഭിഷേകം ചെയ്തു രാജഭാരമേറ്റു. പക്ഷേ, പ്രജാതാല്പര്യം മുന്‍നിര്‍ത്തി രാമന്‍ സീതയെ കാട്ടില്‍ ഉപേക്ഷിക്കുകയും പിന്നീട് അയോധ്യയിലേക്ക് കൂട്ടികൊണ്ടുവരുകയും ചെയ്തു. പക്ഷേ, സീതാ തന്റെ മാതാവായ ഭൂമിദേവിയെ പ്രാര്‍ത്ഥിക്കുകയും ഭൂമി പിളര്‍ന്ന് അതിനുള്ളിലേക്ക് അപ്രത്യക്ഷയാവുകയും ചെയ്തു. ഭൂമിയില്‍ നിന്നു പിറന്ന സീത ഭൂമിയിലേക്കു തന്നെ മടങ്ങി. രാമനില്‍ സീതയ്ക്ക് ജനിച്ച ഇരട്ടകുട്ടികളാണ് ലവനും, കുശനും.

ജനകമഹാരാജാവിന്റെ പുത്രിയായ തന്റെ സ്വഭാവസ്ഥൈര്യം ശ്രീരാമന്‍ പരിഗണിച്ചില്ല എന്നു പറഞ്ഞുകൊണ്ടാണ് തനിക്കുവേണ്ടി ചിതയൊരുക്കാന്‍ രാവണവധാനന്തരം ലക്ഷ്മണനോട് സീത ആജ്ഞാപിച്ചത്. രാജാവായ രാമന്‍ തന്നെ നിസ്സാരയായി കരുതി അപമാനിച്ചുവെന്നും, തന്റെ സ്വഭാവ ശുദ്ധിയെ സംശയിച്ചുകൊണ്ടു രാമന്‍ തന്നെ ഉപേക്ഷിച്ചു എന്നും സീത പറയുന്നു.. ശ്രീരാമന്റെ മോശമായ വാക്കുകളാല്‍ അവഹേളിക്കപ്പെട്ട സീതയ്ക്ക് താന്‍ തന്റെ ശരീരത്തില്‍ തന്നെ ഒതുങ്ങുന്നതായി തോന്നി എന്നാണ് വാല്മീകി എഴുതിയത്. ഹീനനായ ഒരുവന്‍ ഹീനയായ ഒരുവളോട് സംസാരിക്കുതുപോലെ രാമന്റെ വാക്കുകള്‍ പ്രാകൃതങ്ങളായിരുന്നു എന്നും സീത വാത്മീകി രാമായണത്തില്‍ നിരീക്ഷിക്കുന്നു.

താന്‍ കഴിവു കൊണ്ട് ചെയ്യേണ്ടതു ചെയ്തു എന്നാണ് രാവണനെ വധിച്ച് സീതയെ വീണ്ടെടുത്തതിനെക്കുറിച്ചുള്ള രാമന്റെ പ്രതികരണം. ദൈവം തന്ന ആപത്തിനെ മനുഷ്യന്റെ ധീരത കൊണ്ട് നേരിട്ട് ഇല്ലാതാക്കി. അഗസ്ത്യമുനി തെക്കന്‍ ദിക്കുകളെ വീണ്ടെടുത്തുപോലെയാണ് താന്‍ സീതയെ വീണ്ടെടുത്തതെന്ന് രാമന്‍ സീതയോട് പറയുന്നു. രാവണന്റെ സീതാപഹരണം തന്റെ വംശത്തിനു കളങ്കം ചാര്‍ത്തി. തന്റെ വംശത്തിന് ഏറ്റ ദുഷ്പേര് ഇല്ലാതാക്കാനും രാജനീതി പരിപാലിക്കാനുമാണ് താന്‍ സീതയെ വീണ്ടെടുത്തതെന്നും സീതക്ക് വേണ്ടിയായിരുന്നില്ല എന്നും വാത്മീകി രാമായണത്തിലെ രാമന്‍ പറയുന്നു.

സീതയുടെ ചാരിത്ര്യത്തില്‍ സംശയങ്ങള്‍ ഉണ്ട് എന്ന ധ്വനിയാണ് രാമന്റെ വാക്കുകളില്‍ തെളിയുന്നത്. സൗന്ദര്യധാമമായ സീതയെ നോക്കിക്കൊണ്ട് മനസ്സിനെ നിയന്ത്രിക്കാന്‍ രാവണന് എങ്ങനെ കഴിഞ്ഞു എന്നതില്‍ തനിക്ക് സംശയമുണ്ടെന്നും രാമന്‍ പറയുന്നു. അതുകൊണ്ട് യഥേഷ്ടം എങ്ങോട്ടു വേണമെങ്കിലും സീതയ്ക്ക് പോകാമെന്നും രാജാവായ രാമന്‍ തന്റെ വംശമഹിമ സംരക്ഷിച്ചു കൊണ്ട് അനുവാദം നല്കുകയും ചെയ്തു. നേത്രരോഗിക്ക് ദീപം പോലെ സീതയുടെ സാന്നിദ്ധ്യം തന്നെ അസ്വസ്ഥനാക്കുന്നു എന്നും രാമന്‍ പറയുന്നുണ്ട്.

തന്റെ ശരീരത്തില്‍ രാവണന്‍ സ്പര്‍ശിച്ചത്. തന്റെ ആഗ്രഹത്താലോ സമ്മതത്താലോ അല്ലെന്നും തന്റെ അധീനതയിലുള്ള മനസ് സ്ഥിരമായി നില്ക്കുന്നു എന്നും സീത പറയുന്നു. ആത്മാവ് ഭേദിച്ചു നിന്നുകൊണ്ടാണ് രാമന്റെ ക്രൂരവാക്കുകള്‍ സീത കേട്ടതെന്നാണ് രാമായണ നിരൂപകര്‍ പറയുന്നത്. അതിനു മുന്‍പ് അശോകവനിയില്‍ ശിംശിപാ വൃക്ഷച്ചുവട്ടില്‍ രാവണന്റെയും രാക്ഷസികളുടെയും അധീനതയില്‍ ഇരുന്നപ്പോള്‍ രാവണന്‍ ശ്രീരാമനെ നിന്ദിച്ചപ്പോഴാണ് സീത ആത്മാവ് ഭേദിച്ചിരുന്നത്. രാവണന്റെ മുന്‍പിലും രാമന്റെ മുന്‍പിലും അപമാനഭാരത്തോട് സീതയ്ക്ക് നിൽക്കേണ്ടിവന്നു. സത്യത്തിന്റെ നിത്യസാക്ഷ്യമായ സീത ചാരിത്ര്യം സംരക്ഷിച്ചത് രാമന് വേണ്ടിയായിരുന്നില്ല. ജനകമഹാരാജാവിന്റെ മകള്‍ക്ക് സത്യവും ധര്‍മ്മവും ഹൃദിസ്ഥമായിരുന്നു. പാപത്തില്‍ ചരിക്കാത്ത തനിക്ക് താന്‍ തന്നെയാണ് സാക്ഷിയെന്നു സീത കരുതുകയും പറയുകയും ചെയ്തിട്ടുണ്ട്.

അയോധ്യയിലെ സുഖഭോഗങ്ങള്‍ അനുഭവിച്ചു കഴിയുന്നതാണ് സീതയ്ക്ക് നല്ലതെന്നും ആഹാരം പോലും ലഭിക്കാനിടയില്ലാത്ത ആരണ്യവാസം ജനകജയ്ക്ക് താങ്ങാനാവില്ല എന്നും പറഞ്ഞ് രാമന്‍ സീതയെ പിന്‍തിരിപ്പിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടും സീത രാമനെ അനുഗമിച്ചു. അക്കാര്യത്തില്‍ രാമന്റെ ഉപദേശം ജനകജ സ്വീകരിക്കാതിരുന്നത് അവളുടെ കൈ പിടിച്ച് രാമന് കൊടുക്കുമ്പോള്‍ രാമനെ അവള്‍ നിഴല്‍പോലെ പിന്തുടരുമെന്നു ജനകന്‍ പറഞ്ഞിരുതുകൊണ്ടാണ്. ഭര്‍ത്താവിനെ സുഖദുഃഖങ്ങളില്‍ പിരിയാതെ പിന്തുടരുന്നതാണ് ഭാര്യാധര്‍മ്മമെന്ന് സീതയ്ക്ക് അറിയാമായിരുന്നു. സീത ചാരിത്രധര്‍മ്മം പരിപാലിച്ചത് രാമന് വേണ്ടിയായിരുന്നില്ല, സീതയ്ക്ക് വേണ്ടിയായിരുന്നു. തനിക്ക് ഉത്തമബോദ്ധ്യമുള്ള സത്യം മാത്രം ആചരിച്ചു ജീവിച്ച സീതയ്ക്ക് ഏതൊരു കാര്യവും തന്നെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. ജാനകിക്ക് സാക്ഷി ജാനകി തയൊയിരുന്നു. അതില്‍ അവര്‍ തൃപ്തയുമായിരുന്നു.

രാമന്‍ ത്രയംബകം വില്ലൊടിച്ചപ്പോള്‍ മൈഥിലി മയില്‍പേടയെപ്പോലെ സന്തോഷിച്ചു. ഇക്ഷ്വാകുവംശ പരമ്പരയിലെ മഹാനായ രാജകുമാരന്റെ ഭാര്യാപദവി ജനകജ അന്ന് ഏറ്റെടുത്തു. നിഴല്‍പോലെ രാമനെ സീത പിന്തുടരുമെന്ന ഉറപ്പ് സീതയുടെ കൈപിടിച്ച് രാമനെ ഏല്പിക്കുമ്പോള്‍ പിതാവായ ജനകന്‍ നല്കിയിരുന്നു. സീത അത് അക്ഷരംപ്രതി പാലിച്ചു. ബാലകാണ്ഡത്തില്‍ കണ്ട അതിസുന്ദരിയും ലജ്ജാവതിയുമായ പെണ്‍കുട്ടിയേ അല്ല അയോധ്യ കാണ്ഡത്തില്‍ കാണാന്‍ കഴിയുന്നത്. പിതൃഹിതം നിറവേറ്റുന്നതിനു വേണ്ടി ചെങ്കോലും കിരീടവും ഉപേക്ഷിച്ച് കാനനവാസം വരിച്ച ഭര്‍ത്താവിനെ പിന്‍തുടരാന്‍ രാമന്റെ നിഴലായിമാറിയ സീതയുടെ സ്ഥൈര്യം ആദ്യം കാണുന്നതും അയോധ്യാകാണ്ഡത്തിലാണ്. കൊട്ടാരത്തില്‍ നിന്നും കൊടുങ്കാട്ടിലേക്കുള്ള മാറ്റത്തില്‍ സീത അനിഷ്ടം പറഞ്ഞില്ല. ഭര്‍തൃകര്‍മ്മാനുസരണം നിര്‍വ്വഹിക്കുന്ന പതിവ്രതയായ ഭാര്യയായ സീത നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു.

ആരണ്യത്തിലെ ജീവിതവുമായി ജനകപുത്രി ആയാസരഹിതമായി ഇണങ്ങിച്ചേര്‍ന്നു. കിട്ടുന്നത് എന്തോ അത് തിന്നു ജീവിക്കാന്‍ കൊട്ടാര സുഖഭോഗങ്ങളില്‍ ജീവിച്ചുശീലിച്ച ജനകപുത്രിക്ക് മടിയുണ്ടായിരുന്നില്ല. ഭര്‍ത്താവൊത്ത് കാനനവാസം ഭര്‍ത്താവില്ലാത്ത കൊട്ടാരജീവിതത്തെക്കാള്‍ ശ്രേഷ്ഠമാണെന്നു കണ്ടെത്താന്‍ ജീവിതധര്‍മ്മബോധം ജാനകിയെ സഹായിച്ചു. ദണ്ഡകവനവാസം അതികഠിനമായിരുന്നു. മൃഗങ്ങളെക്കാള്‍ ക്രൂരരും നരഭോജികളുമായ രാക്ഷസവംശജരുടെ അപ്രതീക്ഷിതമായ ആക്രമണത്തെ ഭയന്നായിരുന്നു ജീവിതം. രാക്ഷസചക്രവര്‍ത്തിയായ രാവണന്റെ അധീനതയിലുള്ള സ്ഥലമായിരുന്നു ദണ്ഡകവനം. പതിനാലായിരം രാക്ഷസസൈന്യത്തിന്റെ ഖരദൂഷണന്മാര്‍ ശൂര്‍പ്പണഖ എന്ന രാവണസഹോദരിയുടെ സൈ്വര്യസഞ്ചാരം ഉറപ്പുവരുത്തി ഭരിച്ചിരുന്ന പ്രദേശമായിരുന്നു ദണ്ഡകവനം. ഖരഭൂഷന്മാരും സൈന്യവും രാമസായകമേറ്റു മരിച്ചു. മനസ്സിനും ശരീരത്തിനും മുറിവേറ്റ ശൂര്‍പ്പണഖ രാവണ രാജാവിനെ കണ്ട് അലമുറയിട്ട് കരഞ്ഞു പറഞ്ഞു. ഇതിന്റെ ഫലമായിരുന്നു രാവണനാല്‍ സീത മോഷ്ടിക്കപ്പെട്ടത്. ഒരു രാക്ഷസ ചക്രവര്‍ത്തി ചന്ദ്രഹാസവും മായാവിദ്യയും കാപട്യവും പ്രയോഗിച്ചാണ് സീതയെ മോഷ്ടിച്ചതെന്നും ഓര്‍ക്കണം. സീത ലങ്കയിലെ അശോകവനിയിലെ ശിംശിപാവൃക്ഷച്ചുവട്ടില്‍ ഭര്‍ത്തൃവിരഹത്താല്‍ ശോകഗ്രസ്തയായും രാവണന്റെയും രാക്ഷസികളുടെയും അതിക്രമങ്ങളാല്‍ പീഡിതയായും ഇരുന്നു ദുഃഖിച്ചപ്പോള്‍ വനാന്തരങ്ങളിലൂടെയും കിഷ്‌കിന്ധാ രാജ്യത്തിലൂടെയും സീതാവിരഹ ദുഃഖം സഹിക്കാന്‍ കഴിയാതെ വാവിട്ടുകരഞ്ഞ് രാമന്‍ സീതാന്വേഷണം നടത്തി. രാവണമാര്‍ഗ്ഗം കേട്ടറിഞ്ഞ് സീതയിരിക്കുന്നിടം കണ്ടെത്തി. സുന്ദര കാണ്ഡത്തില്‍ മാരുതി സമദ്രം കടന്ന് ലങ്കയിലെത്തി. സീതയെ കണ്ട് മുദ്രാംഗുലീയം നല്കി. ലങ്ക ദഹിപ്പിച്ചു. രാവണനെ വിറപ്പിച്ചു തിരിച്ചത്തി. പിന്നെ സേതുബന്ധനവും രാവണവധവും സീതയെ വീണ്ടെടുക്കലും. സീതയെ വീണ്ടെടുത്തു തന്റെ മുന്നിലെത്തിക്കുന്നതുവരെ രാമന്‍ സീതാവിരഹ വിവശനായിരുന്നു.

സീത മുന്നിലെത്തിയപ്പോള്‍ രാമന്റെ മട്ടുമാറി. രാവണന്റെ അധീനതയില്‍ കഴിഞ്ഞവളും ചാരിത്ര്യശുദ്ധിയില്‍ സംശയമുണ്ടെന്നും അതുകൊണ്ട് സീത അസ്വീകാര്യയാണെന്നും ബഹുജന മദ്ധ്യത്തില്‍ വെച്ച് വിളിച്ചുപറഞ്ഞ് രാമന്‍ സീതയെ അധിക്ഷേപിച്ചു. ആത്മാവില്‍ മുറിവേറ്റ സീതയ്ക്ക് ജനകമഹാരാജാവിന്റെ ധാര്‍മ്മിക വംശമഹിമയും സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അഗ്‌നിപരീക്ഷയിലൂടെ ജനകജ രാമനേയും ലോകത്തെയും വിസ്മയിപ്പിച്ചു. പരീക്ഷിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്ത ചാരിത്ര്യശുദ്ധിയോടെയല്ലാതെ സീതയെ സ്വീകരിച്ചിരുന്നു എങ്കില്‍തന്നെ ലോകം തെറ്റിദ്ധരിക്കുമായിരുന്നു എന്ന് പറഞ്ഞ് രാമന്‍ ന്യായം കണ്ടെത്തി. തനിക്ക് ഒരിക്കലും ജാനകിയില്‍ സംശയമേ ഉണ്ടായിരുന്നില്ല എന്നും രാമന്‍ വിശദീകരിച്ചു. സീതയുടെ അപാരമായ ആത്മവിശ്വാസം, ആത്മശക്തി, ആത്മശുദ്ധി എന്നിവ ലോകസമക്ഷം തെളിയുന്ന സന്ദര്‍ഭവും അഗ്‌നിപരീക്ഷ തയൊയിരുന്നു. അഗ്‌നിപരീക്ഷയ്ക്ക് ശേഷം സീതയെ അത്ഭുതത്തോടെയാണ് മാനവസമൂഹവും അയോധ്യാവാസികളും മാത്രമല്ല വായനയക്കാരും കാണുന്നത്.

ചക്രവര്‍ത്തിയായ രാമന്റെ രാജ്യഭാരയശസ്സ് നാടാകെ പരന്നിരുന്നു. മനുഷ്യന്റെ മാത്രമല്ല, മണല്‍ത്തരിയുടെപോലും ധാര്‍മ്മികാവകാശം രാമരാജ്യത്തില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. സീത ഗര്‍ഭവതിയായി. ഗര്‍ഭകാലാവശ്യമായി സീത പറഞ്ഞത് തനിക്ക് മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നാണ്. അത് ചെയ്തുതരാമെന്നു രാമന്‍ സമ്മതിക്കുകകയും ചെയ്തു. അതിനിടയിലാണ് സീതയുടെ ചാരിത്ര്യശുദ്ധിയില്‍ ജനത്തിന് സംശയമുണ്ടെന്ന അപവാദം രാമന്‍ കേട്ടത്. രാവണന്റെ അധീനതയില്‍ കഴിഞ്ഞവളെ രാജാവായ രാമന്‍ സ്വീകരിച്ചതുകൊണ്ട് പൗരജനങ്ങളുടെ ഭാര്യമാര്‍ മറ്റൊരുവന്റെ അധീനതയിലിരുന്നാല്‍ അവരും രാജപാത പിന്‍തുടര്‍ന്ന് അത്തരക്കാരെ സ്വീകരിക്കേണ്ടിവരും. കാരണം, രാജാവ് ചെയ്യുന്നത് എന്തോ അത് പ്രജകളും ചെയ്യേണ്ടിവരും. അന്യന്റെ അധീനതയില്‍ കഴിഞ്ഞ സ്വഭാര്യയെ ഓരോരുത്തരും സ്വീകരിക്കേണ്ടി വന്നാല്‍ അത് രാജ്യത്ത് ധാര്‍മ്മികമായ അസ്ഥിരത ഉണ്ടാക്കും.

രാജാവായ രാമന്‍ ഉടന്‍ അനുജന്മാരെ വിളിച്ചുവരുത്തി. സീത പതിവ്രതാരത്നവും യശസ്വിനിയുമാണെന്ന് തന്റെ അന്തരാത്മാവിന് അറിയാമെന്നും അതുകൊണ്ടാണ് സര്‍വ്വസാക്ഷിയായ അഗ്‌നിദേവനും സര്‍വ്വഗാമിയായ വായുദേവനും സീത പരിശുദ്ധയാണെന്നു പറയുകയും ദേവേന്ദ്രന്‍ സീതയെ തന്നെ ഏല്പിക്കുകയും ചെയ്തപ്പോള്‍ താന്‍ സീതയെ സ്വീകരിച്ചത് എന്നും രാമന്‍ പറഞ്ഞു. എന്നാല്‍ അയോധ്യാവാസികള്‍ ' സീതയെ സംശയിക്കുന്നു' എന്നു നെഞ്ചുപൊട്ടി രാമന്‍ പറഞ്ഞു. എന്നാല്‍ ഈ അകീര്‍ത്തി തനിക്ക് അസഹ്യമാണെന്നും അകീര്‍ത്തി മാറ്റാന്‍ രാജാവ് ബാദ്ധ്യസ്ഥനാണെന്നും അതുകൊണ്ട് ഗംഗാനദിയുടെ അക്കരെ തമസാ നദിയുടെ തീരത്ത് വാല്മീകി മുനീന്ദ്രന്റെ ആശ്രമപരിസരത്ത് സീതയെ ഉപേക്ഷിക്കണമെന്ന് ഉഗ്രമായ ആജ്ഞ രാമന്‍ ലക്ഷ്മണന് നല്കി.

ഇത്രയും പറഞ്ഞ് കണ്ണീരൊഴുകുന്ന മുഖവുമായി നെടുവീര്‍പ്പിട്ടു കരഞ്ഞുകൊണ്ട് രാമന്‍ അന്തപ്പുരത്തിലേക്ക് പോയി. സീതയെ ലക്ഷ്മണന്‍ ആശ്രമ പരിസരത്ത് ഉപേക്ഷിച്ചു. വിധിവാക്യം കേട്ട സീത ബോധമറ്റുവീണു. പിന്നെ എഴുന്നേറ്റ് കരഞ്ഞുകൊണ്ട് സീത പറഞ്ഞു. അകീര്‍ത്തി ഭയത്തിലാണ് രാമന്‍ തന്നെ വെടിഞ്ഞത്. രാമന്റെ കീര്‍ത്തി സംരക്ഷിക്കേണ്ടത് തന്റെയും കടമയാണ്. ധാര്‍മ്മികമായ ജീവിതംകൊണ്ട് പ്രജകള്‍ നേടുന്നതാണ് രാജധനം. പൗരാപവാദത്തെക്കുറിച്ചു കേട്ടപ്പോള്‍ ഉള്ളത്ര വ്യസനം തന്റെ ശരീരത്തിന്റെ നിലനില്പിനെപ്പറ്റി തനിക്കില്ല എന്നും സീത പറഞ്ഞു. സീതയുടെ പാദങ്ങളില്‍ ഒഴുകി വീഴുന്ന കണ്ണീരോടെ നമസ്‌കരിച്ച് ഹൃദയം പൊട്ടി ലക്ഷ്മണന്‍ മടങ്ങി.

രാജാവായ രാമന്‍ അശ്വമേധം നടത്തുവാന്‍ തീരുമാനിച്ചു. മൂന്നു അനുജന്മാരോടും പത്നീസമേതരായി യാഗത്തില്‍ എത്താന്‍ ആജ്ഞ കൊടുത്തു. തന്റെ അടുത്ത് കാഞ്ചനസീത മതി എന്നും തീരുമാനിച്ചു. നൈമിശാരണ്യത്തിലെ യാഗശാലയുടെ പരിസരത്ത് ഋഷിമണ്ഡലം മുഴുവന്‍ എത്തി പര്‍ണശാലയിട്ടു താമസിച്ചു. ആക്കൂട്ടത്തില്‍ വാല്മീകിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഉണ്ടായിരുന്നു. തന്ത്രീലയസമായുക്തമായും സമതാളസമന്വിതമായും സത്യയുക്തമായും വാല്മീകി രചിച്ച രാമായണ കാവ്യം അവിടെ മുഴുവന്‍ നിര്‍ത്താതെ പാടിനടക്കാന്‍ തന്റെ ശിഷ്യന്മാര്‍ കൂടിയായ ലവകുശന്മാരെ വാല്മീകി ചുമതലപ്പെടുത്തി. രാമായണ കാവ്യാലാപനം രാമന്റെ ചെവിയിലുമെത്തി. രാജസദസ്സില്‍ കുട്ടികള്‍ പാടി. വാല്മീകിയും രാമന്റെ രാജധാനിയില്‍ എത്തി.

രാമന്‍ രാമായണകാവ്യം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഋഷിമാര്‍ ഇരുന്നതിനു ശേഷമേ പാടാന്‍ പാടുള്ളു എന്നു വാല്മീകി പറഞ്ഞിരുന്നു. സീത സംശുദ്ധയാണെങ്കില്‍ അവള്‍ തെളിയിക്കട്ടെ എന്നു രാമന്‍ പറഞ്ഞു. രാമന്റെ രാജസഭാമദ്ധ്യത്തില്‍ ശപഥം ചെയ്യാനായി സീത എത്തി. വസിഷ്ഠന്‍, വിശ്വാമിത്രന്‍, കാശ്യപന്‍, മാര്‍ക്കണ്ഡേയന്‍ എന്നിവരടങ്ങു ഋഷിമണ്ഡലം സദസ്സിലുണ്ടായിരുന്നു. സീത തലകുനിച്ച് സദസ്സിലെത്തി. അനൃതം ഓര്‍ക്കാന്‍ പോലും കഴിയാത്തവനും പ്രചേതസ്സിന്റെ പത്താം പുത്രനുമായ വാല്മീകി പറഞ്ഞു, സുവ്രതയും ധര്‍മ്മചാരിണിയും പതിവ്രതയുമാണ് സീത. സീത അവ്വിധമല്ലെങ്കില്‍ ആയിരത്താണ്ടുകള്‍ തപം ചെയ്തു താന്‍ നേടിയ തപഃസിദ്ധികളുടെ ഫലം നിഷ്ഫലമായിത്തീരട്ടെ എന്നു വാല്മീകി സീതയ്ക്കു വേണ്ടി സാക്ഷ്യം പറഞ്ഞു. അപവാദഭയം മൂലം സീതയെ ഉപേക്ഷിച്ച രാജാധിരാജനായ ചക്രവര്‍ത്തിയോട് അരുത് എന്ന് ആജ്ഞാപിക്കുകയായിരുന്നു വാല്മീകി. ജനമദ്ധ്യത്തില്‍ വിശുദ്ധി തെളിയിച്ച സീതയ്ക്ക് തന്നില്‍ പ്രീതി തോന്നട്ടെ എന്നായി രാജാവായ രാമന്‍. രാഘവനൊഴികെ ആരെയും താന്‍ മനസ്സുകൊണ്ട് ചിന്തിക്കാറില്ലെങ്കില്‍, മനോവാക്കര്‍മ്മം കൊണ്ട് രാമനെ ആരാധിക്കുന്നു എങ്കില്‍ രാമനെയല്ലാതെ മറ്റാരെയും താന്‍ അറിഞ്ഞില്ല എങ്കില്‍ ഭൂമീദേവി തനിക്ക് ഇടം തരണമെന്ന് സീത പ്രാര്‍ത്ഥിച്ചു. ഭൂമിദേവി രണ്ടുകയ്യും നീട്ടി അവരുടെ മകളെ സ്വീകരിച്ചുകൊണ്ട് രസാതലത്തില്‍ മറഞ്ഞു. ദേവന്മാര്‍ സീതയുടെ മേല്‍ പുഷ്പവൃഷ്ടി നടത്തി.

Content Highlights: ramayana masam 2025