രാമായണം: അറിഞ്ഞതും അറിയേണ്ടതും

ബ്രഹ്മാവിൽനിന്നാരംഭിച്ച, നൂറുകോടി ഗ്രന്ഥങ്ങളടങ്ങിയ രാമായണം നാരദമഹർഷിയിലൂടെയാണ് ഇന്നത്തെ മനുഷ്യരാശിക്ക് ലഭിച്ചത്. ഈ ലോകത്തിൽ ഏതൊരാളാണ് ഗുണവാനും വീര്യവാനുമായിട്ടുള്ളത് എന്നചോദ്യത്തിനുള്ള മറുപടിയായിട്ടാണ് വാല്മീകിമഹർഷിയോട് നാരദമഹർഷി രാമചരിതം ഉണർത്തിക്കുന്നത്. വാല്മീകിമഹർഷി ഇത് ചോദിച്ചറിയാൻകാരണം തന്റെ പൂർവകാല ജീവിതത്തിൽ സമഗ്രമാറ്റം സാധ്യമായത് രാമമന്ത്രത്താലാണെന്നതുതന്നെ. സത്യവാക്കും ദൃഢവ്രതനുമായ ഏതൊരാളെ സ്മരിച്ചാലും മാറ്റങ്ങൾ സുനിശ്ചിതമാണ്. ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിൽ അങ്ങനെയൊരു മാർഗദർശിയെ കണ്ടെത്തണം. അത് അച്ഛനാവാം, അമ്മയാവാം, ആരുമാവാം... അവരാണ് ഗുരു.
ബ്രഹ്മാവിൽനിന്ന് അനുഗ്രഹംനേടിയ വാല്മീകി, രാമനാമത്തിലൂടെ ആദികവിയായി എന്നകഥ പഠിച്ചാൽ നാംചെന്നെത്തുക സ്വയം പോരായ്മകളെക്കണ്ടെത്തി പരിഹരിക്കുന്ന വ്യക്തിസ്വരൂപത്തിലാണ്. കേവലമൊരു നാമജപമല്ല ഇവിടെ പരിവർത്തനഹേതു. കൗൺസലിങ്ങിന് തുല്യമായി, സപ്തർഷികൾ നൽകിയ ചിന്ത ഒരുവനെ ബോധവാനാക്കി എന്നതാണ്.
ഏകാഗ്രമായ ധ്യാനത്തിലൂടെ തന്റെ ആസക്തികളിൽനിന്ന് സ്വയംമോചിതനാകുമ്പോഴേ ഒരുവ്യക്തി അറിവില്ലായ്മയുടെ ചിതൽപ്പുറ്റിൽനിന്ന് ഉയിർകൊള്ളൂ. അയാൾക്കുമാത്രമേ മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാനും മാറ്റാനും സാധിക്കൂ. ക്രൗഞ്ചമിഥുനങ്ങളുടെ ദുഃഖം ശ്ലോകമായി പരിണമിക്കുന്നത് കാടത്തത്തിൽനിന്നുള്ള മോചനമാണ്, ഇതാണ് ഋഷിത്വം.
രാമൻ ഈശ്വരാവതാരമാണെന്ന് ചിന്തിക്കുമ്പോൾത്തന്നെ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിക്കാണാനും പറ്റണം. വാല്മീകിയുടെ രാമൻ സാധാരണനായൊരു മനുഷ്യനാണ്. എല്ലാ സുഖദുഃഖങ്ങളും അനുഭവിക്കുന്ന പച്ചമനുഷ്യൻ. ആ പച്ചമനുഷ്യൻ കുടുംബകലഹത്തെ സ്വജീവിതംകൊണ്ട് എത്ര മനോഹരമായി അതിജീവിച്ചു, എത്ര മഹത്തരമായി ജീവിച്ചു എന്ന് പഠിക്കേണ്ടതാണ്. സുഖങ്ങളെ സ്വയം പരിത്യജിക്കാൻ കരുത്തുള്ള മനസ്സിനുമാത്രമേ നാടിനുവേണ്ടി കുടുംബത്തെ പരിത്യജിക്കാൻ സാധിക്കൂ. കേവലമായ വ്യക്തിധർമത്തിൽനിന്നുയർന്ന് കുടുംബധർമവും രാഷ്ട്രധർമ്മവും സംരക്ഷിക്കുമ്പോഴാണ് മനുഷ്യജീവിതത്തിന്റെ മഹത്ത്വം വെളിപ്പെടുകയെന്ന് രാമൻ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഭരതലക്ഷ്മണന്മാർ രാമനെ അനുഗമിക്കുന്നത്. ഈ ഋഷിചിന്ത വായിച്ചെടുക്കണം രാമായണത്തിലൂടെ നാം.
Content Highlights: ramayana masam 2025