നാം മറന്നുകളഞ്ഞ ഊര്‍മിള; രാമായണം, ഇടിമുഴക്കമുണ്ടാക്കിയ ഇതിഹാസം | ഭാഗം-11

സ്ത്രീകളോട് എന്നും ഉന്നതമായ ആദരം പ്രകടിപ്പിച്ച നാടാണ് ഭാരതം. യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവത അഥവാ എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നു എന്ന് സ്മൃതി വാക്യം ഓതിയവരാണ് നമ്മള്‍. ഭൂമി നമുക്ക് ഭൂമീദേവിയാണ്. കടല്‍ നമുക്ക് കടലമ്മയാണ്. ശക്തിയുടെ അവതാരമായ സ്ത്രീയെ വേണ്ട രീതിയില്‍ നയിക്കേണ്ടത് സമൂഹത്തിന്റെ കര്‍ത്തവ്യം കൂടിയാണ്. രാമായണത്തിലെ തിളങ്ങുന്ന ഏടുകളില്‍ ഒന്നാണ് ഊര്‍മ്മിളയുടെ ചരിത്രം.
പേരു പോലെ തന്നെ നിര്‍മ്മല സൗന്ദര്യത്തിന്റെ നേര്‍ത്ത ഹിമകണമാണ് ഊര്‍മ്മിള. രാമലഷ്മണന്‍മാരും സീതയും പതിനാലുവര്‍ഷം വനത്തിലേക്ക് പോയപ്പോള്‍ അന്ധകാരത്തിലാണ്ടു പോയേക്കാവുന്ന അയോധ്യയിലെ രാജകൊട്ടാരത്തെ ആത്മത്യാഗം കൊണ്ട് പ്രകാശഗോപുരമാക്കിയ നിത്യ തപസ്വിനിയാണ് ഊര്‍മ്മിള. ജാഗ്രത്തില്‍ മാത്രമല്ല നിദ്രയിലും കാവല്‍ വിളക്കായവള്‍.ലക്ഷ്മണന്‍ ജേഷ്ഠനു വേണ്ടി ചെയ്ത ത്യാഗം വാത്മീകിയാല്‍ വാഴ്ത്തപ്പെട്ടപ്പോള്‍ സീതക്കു വേണ്ടി ഊര്‍മ്മിള ചെയ്ത ത്യാഗത്തെക്കുറിച്ച് ആദികവി ഗുരു വളരെയൊന്നും വാചാലമാകുന്നില്ല. ചെയ്ത മഹാത്യാഗത്തെ ഏറെയൊന്നും പറയാതെ മറഞ്ഞവള്‍. നിത്യതപസ്വിനിയായ വധൂരത്നം എന്ന് ഊര്‍മ്മിളയെ നിസംശയം പറയാം. ജനകന്റെ യഥാര്‍ഥ മകള്‍ ഊര്‍മ്മിളയാണ്. അതായത് യഥാര്‍ത്ഥ ജനകജ. സീത വളര്‍ത്തുപുത്രിയായിരുന്നല്ലോ.
ആദികാവ്യമാണ് രാമായണം. വാത്മീകി ആദി കവിയും. എത്രവായിച്ചാലും കാലദേശങ്ങളേയും ജനപഥസഹസ്രങ്ങളേയും കടന്ന് പുതിയപുതിയ മാനങ്ങള്‍ നല്‍കുന്ന സാഹിത്യകൃതി. ധര്‍മ്മാധര്‍മ്മങ്ങളുടെ ആവിഷ്‌ക്കാരം കൊണ്ടും കഥാപാത്രങ്ങളുടെ സംപൂര്‍ണതകൊണ്ടും കാവ്യം നമ്മെ വിസ്മയം കൊള്ളിക്കുന്നു. രാമായണത്തിലെ അനവധിയായ സ്ത്രീ കഥാപാത്രങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ ആര്‍ദ്രതയുടെ അംശങ്ങള്‍ ശേഷിപ്പിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു.അവരില്‍ ഒരു പ്രധാനകധാപാത്രം ഊര്‍മ്മിള തന്നെ.
രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീരാമനും സീതയും ലക്ഷ്മണനും അവരുടെ ജീവിതയാത്രയില്‍ ഉടനീളം നേരിടേണ്ടിവന്ന ദുരന്തങ്ങളും പ്രശ്നങ്ങളും കൊണ്ട് ആദികവിയുടെ തൂലികയില്‍ ശ്രദ്ധേയമാകുമ്പോഴും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ സ്ത്രീ കഥാപാത്രമാണ് ഊര്‍മ്മിള. മിഥിലാപുരിയിലെ യഥാര്‍ത്ഥ രാജകുമാരി. ജനകന് സ്വന്തം രക്തത്തില്‍ പിറന്ന ഒരേ ഒരു മകള്‍. കാവ്യത്തിലുടനീളം സീതയുടെ ഇളയ സഹോദരി ഊര്‍മ്മിള എന്നല്ലാതെ ജനകമഹാരാജാവിന്റെ ഏകമകള്‍ ഊര്‍മ്മിള എന്ന് ആരും പറഞ്ഞില്ല. അത് ജനകമഹാരാജാവിന്റെ മഹാമനസ്‌കത.അനാഥയായി ലഭിച്ച മകളെ സനാഥയാക്കിയ ധര്‍മ്മം.
ജനകന്റെ നാല് പുത്രിമാരില്‍ ഒരാളായും, ദശരഥന്റെ നാല് മരുമക്കളില്‍ ഒരാളായും മാത്രം ഊര്‍മിളയുടെ വര്‍ണന ചുരുങ്ങി. രാമനും ലക്ഷ്മണനും അയോദ്ധ്യയില്‍ എങ്ങനെയോ, അങ്ങനെ തന്നെയായിരുന്നു മിഥിലയില്‍ സീതയും ഊര്‍മിളയും. കാവ്യഭാവനയില്‍ ആലോചിച്ചാല്‍ സ്വയംവരപന്തലില്‍ വരണമാല്യം അണിയവേ സീതയെ പോലെ ഊര്‍മിളയും മോഹിച്ചു കാണില്ലേ ചിരകാലപ്രണയവും ഭര്‍ത്താവിന്റെ സാമീപ്യവും. എന്നാല്‍, തന്റേതല്ലാത്ത കാര്യത്തിനു വേണ്ടി ആ പതിവ്രതയ്ക്ക് സംവത്സരങ്ങളുടെ വിരഹവും, മോഹഭംഗവും, ഏകാന്തതയും മാത്രമാണ് വിധി കരുതിവെച്ചത്. രാമായണത്തിലെ തുടര്‍ന്നുള്ള ഒരു കാണ്ഡത്തിലും ഊര്‍മിള തന്റെ കര്‍തവ്യതിനു അഭംഗം വരുത്തിയെന്ന് സൂചനയില്ല. മറിച്ച്, ശോകമൂകമായ അയോദ്ധ്യാരാജധാനിയില്‍ ദശരഥപത്‌നിമാരെ ഭയഭക്തിബഹുമാനപുരസ്സരം ശുശ്രൂഷിച്ചത് ഊര്‍മ്മിളയായിരുന്നു. ഭരത-ശത്രുഘ്‌ന പത്‌നിമാരുടെ സാമീപ്യം അന്തപ്പുരത്തിന്റെ അകത്തളങ്ങളില്‍ അവള്‍ക്കൊരു നേരിയ ആശ്വാസം പകര്‍ന്നിട്ടുണ്ടാകാം എന്ന് നിരൂപകര്‍ പറയുന്നു. എന്നാല്‍ അവയൊന്നും പതിനാലുവര്‍ഷത്തെ അവളുടെ വിരഹത്തിന് പര്യാപ്തമാകില്ലല്ലോ. നിരൂപക ഭാഷയില്‍ പറഞ്ഞാല്‍ കാലം തെറ്റി വന്ന വേനലില്‍, കരിയില മാത്രം പറക്കുന്ന മേടയില്‍ ഊര്‍മിളയ്ക്ക് നഷ്ടമായത് അവളുടെ പ്രണയശിശിരമാണ്. മനുഷ്യായുസ്സില്‍ ഭംഗിയേറുന്ന ദാമ്പത്യത്തിന്റെ കുളിരേറുന്ന സംവത്സരങ്ങള്‍.
'ദുഃഖിപ്പതില്ലീ നേരമെനിക്ക്
മംഗളം നേര്‍ന്നീടുവാന്‍ കാമിച്ചീടുന്നു..'- എന്ന് രാമായണത്തില്‍ പറയുന്നത് വാത്മീകി ആവോളം വര്‍ണിച്ച ജാനകിയോ, മാരുതിയോ, രാഘവനോ അല്ല. പകരം, ഇരുപത്തിനാലായിരം ശീലുകളുള്ള രാമായണത്തിലെ പരിമിതമായ വരികളില്‍ മാത്രം വര്‍ണന ചുരുങ്ങിയ ഊര്‍മിള എന്ന കഥാപാത്രമാണ്. അയോധ്യാകാണ്ഡത്തില്‍ പിതൃഹിതം നിറവേറ്റാന്‍ യാത്ര പുറപ്പെടുന്നു ശ്രീരാമനെ ഓര്‍ത്തു വിലപിക്കുന്ന നാരീജനത്തെ നമുക്കറിയാം. എന്നാല്‍, പതിനാലു വര്‍ഷം തന്നെ വിട്ടുപിരിയുന്ന ഭര്‍ത്താവിനോട് മംഗളം നേരുന്ന ഊര്‍മിളയെ ആദികവിപോലും വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന നിരൂപകമതം ഏറെക്കുറെ ശരിയാണ്. കൂടെ വരട്ടെ എന്ന അവളുടെ ചോദ്യത്തിന്, വേണ്ട, കൃത്യനിര്‍വഹണഭംഗമാകുമത്' എന്ന് ലക്ഷ്മണന്‍ പറയുമ്പോള്‍ നിസ്സഹായയായി ഉള്ളില്‍ കേഴുന്ന ഒരു സ്ത്രീഹൃദയവും നാം ഗൗനിചിട്ടുണ്ടാവില്ല.
അയോധ്യാകാണ്ഡത്തില്‍ പതിനാലു വര്‍ഷം തന്നെ വിട്ടുപിരിയുന്ന ഭര്‍ത്താവിനോട് മംഗളം നേരുന്ന ഊര്‍മിളയെ വാത്മീകി കാട്ടിതന്നിരുന്നു എങ്കില്‍ അവിടെ മുതല്‍ കഥാഗതി മാറിയേനേമെന്നും ഒരു പക്ഷെ അത് ഊര്‍മ്മിളായനം ആയിത്തീരുമോയെന്നു ആദികവി ഭയപ്പെട്ടിട്ടുണ്ടാകണം എന്നും ചിലര്‍ വാദിക്കുന്നു. മരവുരി ധരിച്ചു പതിക്കൊപ്പം കാനനവാസം പൂകുന്ന സീതയ്ക്ക് സ്‌നേഹവും സംരക്ഷണവും നല്കാന്‍ രാമനുണ്ട്. ഏതാവശ്യവും നടത്തിത്തരാന്‍ ലക്ഷ്മണനും കൂടെയുണ്ട്.' എന്നാല്‍ ഊര്‍മ്മിളയുടെ വേദനയെ കാലത്തിനു കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല എന്ന് പറയപ്പെടുന്നു. വനത്തിലേക്ക് പോകാനുള്ള സീതയുടെ അഭ്യര്‍ത്ഥന മാനിക്കപെടുമ്പോള്‍,പുഞ്ചിരിക്കൊണ്ടു രാമന്‍ യാത്രാനുമതി നല്‍കുമ്പോള്‍ ,മറുപക്ഷത്ത് അതേ അഭ്യര്‍ത്ഥനലഷ്മണന്‍ ചെവിക്കൊള്ളാതെ പോകുന്നു.
ഇവിടെ വാത്മീകിയെ ന്യായീകരിക്കുന്നുണ്ട് ചില നിരൂപകര്‍ അവരുടെ അഭിപ്രായ പ്രകാരം ഇവിടെ കാണാന്‍ കഴിയുന്നത് വാത്മീകിയുടെ സ്ത്രീപാത്രനിര്‍മ്മിതിയിലെ പക്ഷപാതമാണ് എന്നാണ്. കഥാഗതിയില്‍ സീതയുടെ വനയാത്ര അനിവാര്യമാണ്. ജാനകിക്കൊപ്പം ഊര്‍മ്മിളയും കാട്ടിലേക്ക് പോയിരുന്നുവെങ്കില്‍ രാമായണകഥ മറ്റൊന്നാവുമായിരുന്നു. ഊര്‍മ്മിളയോടൊപ്പമുള്ള ലക്ഷ്മണനെ ശൂര്‍പ്പണഖയൊരിക്കലും കാമിക്കില്ലായിരുന്നു. ശൂര്‍പ്പണഖയുടെ കഥയില്ലെങ്കില്‍ രാവണന്‍ ഒരിക്കലും സീതയെ കാണില്ലായിരുന്നു.അങ്ങനെ വരുമ്പോള്‍ ഊര്‍മ്മിളയുടെ യാത്ര വാല്മീകിക്ക് തടഞ്ഞേ മതിയാകൂ എന്നാണ് നിരൂപകര്‍ വാത്മീകിയെ പിന്‍തുണക്കുന്നത്.
വിരഹത്തിനു അമിത പ്രാധാന്യം രാമായണത്തില്‍ വാത്മീകി നല്‍കുന്നുണ്ട് ഇവിടെയും ഊര്‍മ്മിള തഴയപ്പെടുന്നു. സീതയെ കാണാതെ വിലപിക്കുന്ന രാമനെ രാമായണത്തില്‍ അതിതീവ്രതയോടെ വരച്ചുകാട്ടുന്ന വാത്മീകി ഊര്‍മ്മിളയുടെ പതിനാലുകൊല്ലത്തെ വിരഹദുഖം കണ്ടില്ലെന്നു നടിക്കുന്നു. യൗവനാരംഭത്തില്‍ തന്നെ പതിയുടെ സാമിപ്യം കിട്ടാതെ അകാലവൈധവ്യം അനുഭവിക്കുന്നവളാണ് ഊര്‍മ്മിള. മര്യാധാപുരുഷോത്തമനമായ രാമന് അത്രമേല്‍ വിരഹതാപം അനുഭവപ്പെട്ടെങ്കില്‍ മനുഷ്യജന്മം മാത്രമായ ഊര്‍മ്മിള വിരഹാഗ്‌നിയില്‍ എത്രമാത്രം ചുട്ടുപൊള്ളിയിട്ടുണ്ടാകും.
നിറമുള്ള ഒരു ജീവിതം കൊട്ടാരക്കെട്ടിനുള്ളില്‍ ഭിത്തികള്‍ക്കിടയില്‍ വെറും തേങ്ങലായോതുങ്ങുമ്പോള്‍ സീതയെ മാത്രം നമ്മളെല്ലാവരും കാണുന്നു. വിധിവൈപരീതങ്ങളുടെ ചക്രവ്യൂഹത്തില്‍ പെട്ട'് ഉടര്‍ന്നുലഞ്ഞുപോയ ജീവിതം പിന്നെയൊരിക്കലും ചേര്‍ത്തു വയ്ക്കാന്‍ കഴിയാത്ത ഊര്‍മ്മിളയുടെ ത്യാഗം സീതയുടെ ത്യാഗത്തേക്കാള്‍ മുന്നിലാണെന്ന് ഊര്‍മ്മിളാ ചരിതം പഠിപ്പിക്കുന്നു. രാവണനിഗ്രഹത്തിനു ശേഷം സീതയെ കാട്ടിലുപേക്ഷിച്ചു ബ്രഹ്മചര്യജീവിതം നയിക്കുന്ന രാമന് കൂട്ടായി ഭൗതികസുഖങ്ങള്‍ ത്യജിച്ചു ലക്ഷ്മണന്‍ കൂട്ടിരുന്നപ്പോള്‍ ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെടുന്നത് ഊര്‍മ്മിളയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മോഹങ്ങളുമാണ്. ആരാലും അറിയപെടാതെ പോയത് അവരുടെ വിഹ്വലതകളും വിഷമങ്ങളും വിങ്ങലുകളുമാണ് .
നിരൂപകര്‍ പറയുന്നതുപോലെ പാതിവ്രത്യം തപസ്സായനുഷ്ടിച്ചിട്ടും പതിവ്രതയുടെ പരിവേഷമില്ലാതെ ഭൂമിപുത്രിയുടെ നിഴലാട്ടത്തില്‍ നിറംമങ്ങി പോയൊരു ജന്മമായിരുന്നു ഊര്‍മ്മിളയെന്നു കരുതുവാന്‍ വയ്യ..കാലത്തിന് ഒരിക്കലും മായ്ക്കാന്‍ കഴിയാത്തൊരു മണിമുത്താണ് ഊര്‍മ്മിള ..ഒരുപക്ഷേ അവളുടെ മനശക്തിയെ .വര്‍ണ്ണിക്കാന്‍ അതിവിശിഷ്ടമായ പദാവലികളാല്‍ അവളുടെ കഥനം നടത്താന്‍ കവി പരാജയപ്പെട്ടത് കൊണ്ടാവാം അവള്‍ക്കു മൗനം ആഭരണമായി നല്‍കി അന്തപുരത്തിന്റെ ഇടനാഴികളില്‍ അവളെ ഒളിപ്പിക്കാന്‍ വാല്മീകി ശ്രമിച്ചത്.രാമായണത്തില്‍ ശ്രീരാമന്‍ ധ്വജം ആകുമ്പോള്‍ ധ്വജസ്തംഭമാകുന്നത് ലക്ഷ്മണനാണ്..അങ്ങനെ വരുമ്പോള്‍ ആ സ്തംഭത്തിന്റെ അടിത്തറ കാലാതിവര്‍ത്തിയായ സ്ത്രീരത്‌നം ഊര്‍മിള മാത്രമാണ്.
Content Highlights: ramayana masam 2025