ലക്ഷണമൊത്ത ലക്ഷ്മണന്‍; രാമായണം, ഇടിമുഴക്കമുണ്ടാക്കിയ ഇതിഹാസം

സാഹോദര്യസ്‌നേഹത്തിന്റെ മൂര്‍ത്തിമത്ഭാവമാണ് രാമ ലക്ഷ്മണന്‍മാരില്‍ കാണുന്നത്. ജേഷ്ഠന്‍ പറയുന്ന കാര്യങ്ങളെ അക്ഷരംപ്രതി അനുസരിക്കുന്ന അനുജന്‍. സീതയെ വനത്തില്‍ ഉപേക്ഷിക്കാന്‍ രാമന്‍ ഏല്‍പ്പിക്കുന്നത് ലക്ഷ്മണനെയാണ്. രാമായണത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗമാണിത്. സീതയെ വാല്മീകിയുടെ ആശ്രമപരിസരത്ത് ഉപേക്ഷിച്ചതിനുശേഷം കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ലക്ഷ്മണന്‍ കാണുന്നത് ദുഃഖിനായി കണ്ണീര്‍ പൊഴിച്ചിരിക്കുന്ന രാമനെയാണ്.
സീതാപരിത്യാഗം രാമന് ഹൃദയഭേദകമാണെന്നു മറ്റാരേക്കാളും നന്നായി ലക്ഷ്മണനറിയാം. രാമന്റെ മനസ്സ് അറിയുന്ന ആളാണ് ലക്ഷ്മണന്‍.രാമന് യുവരാജ അഭിഷേക വിഘ്‌നം സംഭവിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കോപാക്രാന്തനാകുന്നത് ലക്ഷ്മണനാണ്. ഇവിടെ രാമനാണ് ലക്ഷ്മണോപദേശത്തിലൂടെ ലക്ഷ്മണനെ ശാന്തനാക്കുന്നത്.
രാവണന്‍ സീതയെ അപഹരിച്ചതിനുശേഷം രാമലക്ഷ്മണന്‍മാര്‍ പഞ്ചവടിയില്‍ തിരിച്ചെത്തിയ സന്ദര്‍ഭം ലക്ഷ്മണന്റെ ഓര്‍മ്മയിലുണ്ട്. 'എന്റെ സീതേ' എന്നു വിളിച്ചുകൊണ്ട് തരുപക്ഷിമൃഗാദികളോടു സീതയെ അന്വേഷിച്ച് അലമുറയിട്ടു കരഞ്ഞ രാമന്റെ രൂപം ലക്ഷ്മണന് മറക്കാനാകില്ല. അയോദ്ധ്യയെ ത്യജിച്ചുകൊണ്ട് അടവിയിലെത്തിയപ്പോഴൊന്നും കരയാത്ത രാമനാണ് സീതയെ കാണാതായപ്പോള്‍ വലിയവായില്‍ കരഞ്ഞത്. രാമന് സീതയോടുള്ള ഇഷ്ടത്തിന്റെ ആഴവും പരപ്പും ലക്ഷ്മണനറിയാം.
സീതയെ ഓര്‍ത്തുകൊണ്ട് ആരണ്യകാണ്ഡത്തില്‍ തുടങ്ങിയ രാമന്റെ കരച്ചില്‍ യുദ്ധകാണ്ഡത്തിലും തുടരുന്നത് ലക്ഷ്മണന് ഓര്‍മ്മയുണ്ട്. അപ്പോഴെല്ലാം രാമന് ആശ്വാസവാക്കുകള്‍ പകര്‍ന്നു നല്കിയത് ലക്ഷ്മണനായിരുന്നു. രാമലക്ഷ്മണന്മാര്‍ ഒരമ്മപെറ്റ മക്കളല്ലാതിരുന്നിട്ടും ഒരമ്മപെറ്റ മക്കള്‍ക്ക് അവര്‍ മാതൃകകളായി. രാമനെ അനുസരിക്കാന്‍ മാത്രം അറിയാവുന്ന അനുജന്‍. കാനനവാസക്കാലത്ത് എന്നും രാവിലെ കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് സീതയടെ പാദങ്ങളില്‍ നമസ്‌കരിച്ചിരുന്ന ലക്ഷ്മണന്‍. രാമനെ ദശരഥനായും വനത്തെ അയോദ്ധ്യയായും സീതയെ മാതാവായും കരുതണമെന്ന അമ്മയായ സുമിത്രയുടെ ഉപദേശം മനസ്സിലും ശിരസ്സിലും വഹിച്ച ലക്ഷ്മണന്‍. രാവണന്‍ സീതയെ തട്ടികൊണ്ടുപോയതിനുശേഷം പഞ്ചവടിയിലേക്ക് എത്തുന്ന രാമന്‍ തന്നോടൊപ്പം ഉണ്ടായിരുന്ന ലക്ഷ്മണനോട് നീ എന്നെതേടിവരുമ്പോള്‍ സീതയുടെ മുഖഭാവം എങ്ങനെയായിരുന്നു എന്ന് ചോദിക്കുമ്പോള്‍ ലക്ഷ്മണന്‍ പറയുന്ന മറുപടിയുണ്ട്. അങ്ങ് വിവാഹം കഴിച്ചതിനുശേഷം ഞാന്‍ സീതാദേവിയുടെ മുഖത്തു നോക്കിയിട്ടില്ല എന്ന്. പിന്നീട് സീതയുടെ ആഭരണങ്ങള്‍ കണ്ടു തിരിച്ചറിയുന്ന സന്ദര്‍ഭം രാമായണത്തിലുണ്ട്. അവിടെയും തനിക്കു സീതയുടെ പാദസരം മാത്രമെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത് എന്ന് ലക്ഷ്മണന്‍ പറയുന്നു. എല്ലാദിവസവും പാദനമസ്‌കാരം ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട്. മറ്റൊന്നും തനിക്ക് അറിയില്ല.
രാമനുവേണ്ടി പ്രയാസമേറിയ കാര്യങ്ങള്‍ മറുത്തൊരു അക്ഷരം പറയാതെ അനുസരിക്കുക മാത്രം ചെയ്ത ലക്ഷ്മണന്‍.
യുദ്ധകാണ്ഡത്തില്‍ അഗ്‌നിശുദ്ധി തെളിയിക്കുന്നതിനായി ചിതയൊരുക്കാന്‍ സീത ആജ്ഞാപിക്കുന്നതും ലക്ഷ്മണനോടാണ്. തന്റെ ഏത് ആജ്ഞയും അനുസരിക്കുമെന്നു സീതയ്ക്ക് ഉറപ്പും വിശ്വാസവുമുള്ള ബന്ധുവും ലക്ഷ്മണനായിരുന്നു. വാല്മീകിയുടെ ആശ്രമത്തില്‍ സീതയെ ത്യജിക്കാനുള്ള രാമന്റെ ആജ്ഞ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വവും ലക്ഷ്മണനാണ് നിറവേറ്റാന്‍ വിധിയുണ്ടായത്. താന്‍ ഉപേക്ഷിക്കപ്പെട്ട വൃത്താന്തം അവസാനം അറിഞ്ഞതിനുശേഷം താന്‍ ഗര്‍ഭിണിയാണെന്നും അത് തന്റെ വയറ് നോക്കി ഉറപ്പുവരുത്തണമെും സീത ലക്ഷ്മണനോട് പറയുന്നുണ്ട്. അപ്പോഴും താന്‍ ദേവിയുടെ പാദങ്ങളല്ലാതെ മറ്റൊരു അവയവവും കണ്ടിട്ടില്ല എന്നും കാണാന്‍ തനിക്കു കഴിയുന്നില്ല എന്നും ആത്മനൊമ്പരത്തോടെ പറയുന്ന ലക്ഷ്മണനെ മറക്കാനാകില്ല.
രാമനോട് ലക്ഷ്മണന്‍ ഒന്നും ചോദിച്ചിട്ടില്ല. രാമനുവേണ്ടി രാമന്‍ ആജ്ഞാപിക്കുന്നതല്ലാതെ യാതൊന്നും ലക്ഷ്മണന്‍ ചെയ്തിട്ടുമില്ല. രാമന്‍ ആഗ്രഹിക്കാതെയും ആജ്ഞ നല്കാതെയും ലക്ഷ്മണന്‍ ചെയ്ത ഏക കാര്യം ആരണ്യവാസത്തിനിറങ്ങിയ രാമനെ അനുഗമിക്കുക എന്നത് മാത്രമാണ്.
പക്ഷേ, സിംഹാസനത്തിലിരുന്ന് സീതാത്യാഗത്തിന്റെ ദുഃഖം താങ്ങാനാവാതെ കരയുന്ന രാമനെ ലക്ഷ്മണന്‍ സാന്ത്വനപ്പെടുത്തി. മാത്രമല്ല, ഉപദേശിക്കുകയും ചെയ്തു.
കാലത്തിന്റെ വിപരീത ഫലങ്ങളെ ഓര്‍ത്ത് രാമനെ പോലുള്ള ഒരാള്‍ ദുഃഖിക്കരുത് എന്നും ലക്ഷ്മണന്‍ പറഞ്ഞു. മനസ്സ് ചഞ്ചലമാകരുതെന്നും സുഖദുഃഖങ്ങളില്‍ ബുദ്ധിമാന്‍ന്മാര്‍ കുലുങ്ങാറില്ല എന്നംു പറഞ്ഞ ലക്ഷ്മണന്‍ ഏത് നേട്ടവും നാശത്തിലേയ്ക്കും ഏത് ഉയര്‍ച്ചയും പതനത്തിലേക്കും സംയോഗങ്ങളെല്ലാം വിയോഗത്തിലേക്കും ജീവിതം മരണത്തിലേക്കും നീങ്ങുന്നു എന്ന് രാമനെ ഓര്‍മ്മിപ്പിച്ചു.
മനസ്സിനെ അടക്കി മൂന്നു ലോകങ്ങളെയും കീഴടക്കാന്‍ കഴിയുന്ന ഇത്തരം കാര്യങ്ങളില്‍ ദുഃഖിക്കരുതെന്നും ലക്ഷ്മണന്‍ സമാശ്വസിപ്പിച്ചു. അകീര്‍ത്തിയെ ഭയന്നാണ് രാമന്‍ സീതയെ ഉപേക്ഷിച്ചതെന്നും ഉപേക്ഷിച്ച സീതയെ ഓര്‍ത്തു കരയുന്ന രാജാവാണ് രാമന്‍ എന്ന് പ്രജകള്‍ അറിയുന്നത് അകീര്‍ത്തികരമാകുമെന്നും ലക്ഷ്മണന്‍ രാമനെ ഓര്‍മ്മിപ്പിച്ചു. രാമന്‍ ധൈര്യം സംഭരിക്കണമെന്നും സ്ഥിരചിത്തനാകണമെന്നും മനോദൗര്‍ബ്ബല്യം വെടിയണമെന്നും ലക്ഷ്മണന്‍ രാമനെ ഓര്‍മ്മപ്പെടുത്തി. ലക്ഷ്മണന്റെ സാരവത്തായ വാക്കുകള്‍ തന്റെ പരിതാപം അകറ്റിയെന്നും ശരിയായി നിര്‍വ്വഹിച്ച കാര്യത്തില്‍ താന്‍ സന്തുഷ്ടനായി തീര്‍ന്നു എന്നും രാമന്‍ പറയുകയും ചെയ്തു.
ഒരു തത്ത്വം വിശദീകരിച്ചുകൊണ്ട് രാമനെ ലക്ഷ്മണന്‍ ഉപദേശിക്കുന്ന ഏക സന്ദര്‍ഭം ഇതുതന്നെയാണ്.
സാധാരണ ഗതിയില്‍ രാമനാണ് ലക്ഷ്മണനെ ഉപദേശിക്കാറുള്ളത്. അയോദ്ധ്യാകാണ്ഡത്തില്‍ അഭിഷേകം മുടങ്ങിയ കാര്യം അറിഞ്ഞ് രാമനെ കാണാന്‍ എത്തുന്ന ലക്ഷ്മണന്‍ രോഷാകുലനായിരുന്നു. രാജാവും പിതാവുമായ ദശരഥന്‍ അനീതിയും അധര്‍മ്മവുമാണ് ചെയ്തതെന്നും അതികാമിയും പെണ്‍കോന്തനുമായ ദശരഥനെ ബന്ധനസ്ഥനാക്കിയും എതിര്‍ക്കാന്‍ വരുന്നവരെ അരിഞ്ഞു വീഴ്ത്തിയും രാമന് വേണ്ടി താന്‍ അയോദ്ധ്യ നേടാമെന്നും പറയുന്ന ലക്ഷ്മണനെ രാമന്‍ സമാധാനിപ്പിക്കുന്ന രംഗം വളരെ പ്രസിദ്ധമാണ്. പിതാവായ ദശരഥന്‍ കാമലോലുപനല്ല എന്നും അസത്യം പറയാന്‍ ഭയമുള്ള ധര്‍മ്മനിഷ്ഠനാണെന്നും അതുകൊണ്ട് പിതാവിനെക്കുറിച്ച് അശുഭചിന്തകളൊന്നും മനസ്സില്‍ സൂക്ഷിക്കരുത് എന്നും പറഞ്ഞ് ലക്ഷ്മണനെ കോപതാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത് രാമനാണ്.
ആരണ്യകാണ്ഡത്തില്‍ പല സന്ദര്‍ഭങ്ങളിലും ധര്‍മ്മവിചാരത്തിന്റെ തത്ത്വവും യുക്തിവിചാരവും സരസമായും ലളിതമായും രാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്നുമുണ്ട്. തീര്‍ച്ചയായും, ധര്‍മ്മവിഗ്രഹമെ്ന്ന വാല്മീകി വിശേഷിപ്പിച്ച രാമന്‍ തന്നെയാണ് ധര്‍മ്മതത്ത്വത്തിന് സര്‍വ്വഥായോഗ്യന്‍.
പക്ഷേ, രാമനെ നിഴല്‍ പോലെ പിന്‍തുടര്‍പ്പോള്‍ മാനവ ജീവിതത്തിന്റെ പരിമിതി ലക്ഷ്മണന് ബോധ്യമായിരുന്നു. അതുകൊണ്ടാണ് നേട്ടകോട്ടങ്ങളിലൂടെയും സംയോഗവിയോഗങ്ങളിലൂടെയും മരണത്തിലേക്ക് നീങ്ങുന്ന ജീവിതത്തില്‍ പുത്രമിത്രാര്‍ത്ഥകളത്രാദികളെ ഓര്‍ത്തു സന്തോഷിക്കാനോ ദുഃഖിക്കാനോ ഒന്നും തന്നെയില്ല എന്ന് ലക്ഷ്മണന്‍ ഗ്രഹിച്ചിരുന്നു.
കാലം കരുതിവെക്കുന്ന അനുഭവങ്ങളെ നിര്‍മ്മമനായി നേരിടുന്നതാണ് ശരിയെന്നും ലക്ഷ്മണന് അറിയാമായിരുന്നു. ലോകത്തെ സൃഷ്ടിച്ച് നിലനിര്‍ത്തി സംഹരിക്കുകയും വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്ന കാലത്തിന് അതിന്റേതായ യുക്തിയുണ്ടെന്നും അതൊന്നും മനുഷ്യന് മാറ്റി മറിക്കാനാകില്ലെന്നും സ്വാനുഭവത്തിലൂടെ ലക്ഷ്മണന്‍ ഗ്രഹിച്ചിരുന്നു. അതുകൊണ്ട് കാലം നല്കുന്ന ഏത് അനുഭവത്തേയും നിര്‍മ്മമതയോടെ സ്വീകരിക്കാന്‍ ലക്ഷ്മണന്‍ മാനസികമായി പാകപ്പെട്ടിരുന്നു. ജീവിതാനുഭവം നല്കിയ തീക്ഷ്ണവും സുദൃഢവുമായ പാഠങ്ങളില്‍ നിന്നു സ്വാംശീകരിച്ച തത്ത്വങ്ങളുടെ പിന്‍ബലത്തിലാണ് ദാര്‍ശനികമായ ഗരിമയോടെ ലക്ഷ്മണന്‍ രാമനെ വാക്കുകള്‍ കൊണ്ട് സമാശ്വസിപ്പിച്ചത്.
അതുകൊണ്ട് രാമന്‍ തന്നെ ത്യജിക്കുമ്പോഴും ലക്ഷ്മണന്‍ പതറിയില്ല. 'സൗമിേ്രത, കുമാരാ, ലക്ഷ്മണാ ഞാന്‍ നിന്നെ പരിത്യജിക്കുന്നു; ലോകത്തെ ധര്‍മ്മത്തില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, ത്യാഗം വധത്തിന് തുല്യം തന്നെ' എന്നു പറഞ്ഞുകൊണ്ട് രാമന്‍ ലക്ഷ്മണനെ ത്യജിച്ചു. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി സത്യനിഷ്ഠനായ കര്‍മ്മം ചെയ്യുന്ന താന്‍ രാജ്യത്തെയും സീതയേയും മാത്രമല്ല, ലക്ഷ്മണനെ തന്നെയും ത്യജിക്കാന്‍ മടിക്കില്ല എന്ന് രാമന്‍ പറയാറുള്ളതും ലക്ഷ്മണന്‍ ഓര്‍ത്തിരിക്കണം.
ഉഗ്രമായ വിധിവാക്യം കേട്ടപ്പോള്‍ ലക്ഷ്മണന്റെ നേത്രങ്ങളില്‍ കണ്ണീര്‍ നിറഞ്ഞു. സ്വന്തം വീട്ടില്‍ ചെന്ന് ഭാര്യയോട് യാത്ര പറയാതെ ഒന്ന് പിന്നാക്കം തിരിഞ്ഞു നോക്കാതെ നിശ്ശബ്ദനായി സരയൂനദിക്കരയിലെത്തി. യോഗീശ്വരനെപ്പോലെ ശരീര സ്രോതസ്സുകളെ അടക്കി പ്രാണവായുവിനെ നിരോധിച്ച് ശ്വാസമടക്കിനിന്ന് ഇഹലോകവാസം വെടിഞ്ഞു എന്നാണ് വാല്മീകി ഉത്തരരാമായണത്തില്‍ എഴുതിയിരിക്കുന്നത്.
ലക്ഷ്മണ ത്യാഗത്തോടെ രാമന്‍ രാജ്യഭാരം ഒഴിയാന്‍ തീരുമാനിച്ചു. ധര്‍മ്മസംരക്ഷണത്തിനുവേണ്ടി താന്‍ ധരിച്ച കോദണ്ഡത്തെ താഴെവെക്കാനും തീരുമാനിച്ചു. രാമന്‍ രാജ്യഭാരത്തെ ത്യജിക്കുന്നു എന്ന് കേട്ടറിഞ്ഞ പ്രജകള്‍ ഭൂമിയില്‍ വീണുകിടന്നു.രാമന്‍ എവിടെ പോയാലും അവിടേക്ക് രാമനെ പിന്‍തുടരാന്‍ അവരെ അനുവദിക്കണമെന്ന ഒരു ആവശ്യമേ അവര്‍ക്കുണ്ടായിരുുള്ളൂ. രാമന്‍ അതിനു സമ്മതിച്ചു. ഒരു രാജാവിനോടൊപ്പം രാജ്യത്തെ പ്രജകളും മഹാപ്രസ്ഥാനത്തിനിറങ്ങിയ സംഭവം കേട്ടു കേള്‍വി പോലുമില്ല. ആ മഹാപ്രസ്ഥാന യാത്രയ്ക്ക് മുന്‍പേ സീതയേയും ലക്ഷ്മണനേയും രാമന്‍ ത്യജിച്ചു കഴിഞ്ഞിരുന്നു. സത്യഗ്രഹിയായ ധര്‍മ്മം ആചരിച്ചു മനുഷ്യലോകത്ത് കര്‍മ്മം ചെയ്യുക എന്നത് വാള്‍ത്തല മേല്‍ കൂടി സഞ്ചരിക്കുതുന്ന പോലെ ശ്രമകരമാണെന്ന് രാമന് മാത്രമല്ല ലക്ഷ്മണനും അറിയാമായിരുന്നു. അതുകൊണ്ടാണ് രാമനാല്‍ ത്യജിക്കപ്പെട്ടപ്പോള്‍ പുത്രകളത്രമിത്രാദികളെ ഒന്നും കാണാതെ യോഗസമാധിയില്‍ ലയിക്കാനായി ലക്ഷ്മണന്‍ പോയത്. ലക്ഷ്മണന് സമാനമായി ലക്ഷ്മണന്‍ മാത്രമേയുള്ളൂ.
Content Highlights: ramayana masam 2025